2026 ജനുവരി 1, വ്യാഴാഴ്‌ച

മദർ ഏലീശ്വ: നവോത്ഥാന നായിക.

മദർ ഏലീശ്വ: നവോത്ഥാന നായിക

"നിങ്ങൾ അറിയാത്തൊരുവൻ നിങ്ങളുടെയിടയിൽ നില്പുണ്ട്" യേശു നാഥനെക്കുറിച്ച് സ്നാപക യോഹന്നാൻ പറഞ്ഞ വാക്കുകളാണിത്. ഏലീശ്വായ്ക്ക് 16ാം വയസ്സിൽ വിവാഹം നടക്കുമ്പോൾ ദൈവം അരുളിച്ചെയ്തിട്ടുണ്ടാകും

"ഇവൾ ക്രിസ്തുവിന്റെ മണവാട്ടിയാകേണ്ടവളാണെന്ന്" 

   പിന്നീട് ദൈവ നിശ്ചയത്തിന്റെ പൂർത്തീകരണമാണ്   ഏലീശ്വായുടെ ജീവിതത്തിലൂടെ കടന്നുപോയത്.

കേരളത്തിൽ നവോത്ഥാനം ആരംഭിച്ച കാലഘട്ടമെന്ന്

ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിനുമുമ്പേ കേരളത്തിൽ നവോത്ഥാനത്തിന്  നേതൃത്വം കൊടുത്ത ഒരു മഹിളാരത്നമുണ്ടായിരുന്നു:മദർ ഏലീശ്വ.

കേരളത്തിലെ സ്തീകളുടെ ഉന്നമനത്തിനു വേണ്ടി നിശ്ശബ്ദ വിപ്ലവം നയിച്ച സൗമ്യ വനിത, വിദ്യാഭ്യാസവും സ്വയം പര്യാപ്തതയും നേടിയാലേ ഉയർച്ചയും പുരോഗതിയുമുണ്ടാകൂ എന്ന് തിരിച്ചറിഞ്ഞ വ്യക്തിത്വം, പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും കൈത്തൊഴിൽ പരിശീലനവും നൽകി അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ മഹതി.

മദർ ഏലീശ്വാ യെക്കുറിച്ച് പറയുമ്പോൾ എണ്ണിയാലൊടുങ്ങാത്ത ഒട്ടേറെ വിശേഷണങ്ങളുണ്ട്. പക്ഷേ . കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഒരിടത്തു പോലും മദർ ഏലീശ്വായുടെ നാമധേയം എഴുതപ്പെട്ടതായി കാണുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ചരിത്രകാരന്മാർ ഏലീശ്വായുടെ പ്രവർത്തനങ്ങളെ പൂർണ്ണമായും തമസ്കരിക്കുകയാണുണ്ടായതു്.

  എന്തിനേറെ,കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഇടയിൽപ്പോലും മദർ ഏലീശ്വായുടെ നാമധേയം പരിചിതമായിരുന്നില്ല.

പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ദൈവദാസിയായി പ്രഖ്യാപിച്ചതിനു ശേഷമാണ് ജന്മനാടായ ഓച്ചന്തുരുത്തുൾപ്പെടുന്ന വൈപ്പിൻ കരയിലെ ഭൂരിപക്ഷം ജനങ്ങൾ പോലും മദർ ഏലീശ്വയുടെ മഹത്വം തിരിച്ചറിഞ്ഞത്.

19ാം നൂററാണ്ടിന്റെ അന്ത്യ പാദവും 20-ാം നൂറ്റാണ്ടിന്റെ ആരംഭവുമാണ് കേരള നവോത്ഥാനകാലലട്ടമെന്ന് ചരിത്ര രേഖ. ചുരുക്കി പറഞ്ഞാൽ ശ്രീ നാരായണ ഗുരുവിന്റെ പ്രവർത്തന കാലമാണ് നവോത്ഥാനാരംഭമായി നിർവ്വചിക്കുന്നത്.

നവോത്ഥാന നായകർ എന്ന് പരക്കെ അറിയപ്പെടുന്ന ശ്രീനാരായണ ഗുരുവിന്റേയും ചട്ടമ്പിസ്വാമിയുടേയും അയ്യങ്കാളിയുടേയും പേരുകൾ ചരിത്രത്തിൽ എഴുതപ്പെട്ടപ്പോൾ അവരെക്കാൾ മുൻപ് ജനിച്ച്, അവരൊക്കെ സാമൂഹിക പ്രവർത്തനം തുടങ്ങുന്നതിനു ഏറെ മുൻപ് തന്നെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തനങ്ങൾ തുടങ്ങിയ മദർ ഏലിശ്വായുടെ പേരു് കേരള നവോത്ഥാന ചരിത്രത്തിൽ ഒരിടത്തും രേഖപ്പെടുത്താതെപോയത് നിർഭാഗ്യകരമാണ്.

1856ൽ ജനിച്ച ഗുരുദേവനും 1853 ൽ ജനിച്ച ചട്ടമ്പി സ്വാമിയും 1863 ൽ ജനിച്ച അയ്യങ്കാളിയും വളരെ ചെറു പ്രായത്തിലായിരിക്കുമ്പോൾത്തന്നെ 1866 ഫെ 13 ന് സ്തീകൾക്കായുള്ള ഭാരതത്തിലെ ആദ്യ കർമ്മലീത്ത സന്യാസിനി സഭ സ്ഥാപിച്ച മദർ ഏലിശ്വ തന്റെ വിദ്യാഭ്യാസ സാമൂഹിക പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ട് പോയിരുന്നു.

      എന്തുകൊണ്ടായിരിക്കാം ഏലീശ്വാമ്മയുടെ പ്രവർത്തനങ്ങൾ ചരിത്രത്തിൽ ഇടം നേടാതെ പോയതെന്ന് ഈയവസരത്തിൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും.

  അതിനു മുൻപ് മദർഏലീശ്വാ ആരായിരുന്നെന്നും ഏതു സാഹചര്യത്തിലാണ് അവർ ജീവിച്ചിരുന്നതെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

 വരാപ്പുഴ അതിരൂപതയിലെ ഓച്ചന്തുരുത്ത് കുരിശിങ്കൽ ഇടവകയിലെ വൈപ്പിശ്ശേരി കുടുംബത്തിൽ തൊമ്മൻ താണ്ട ദമ്പതികളുടെ മൂത്ത മകളായി 1831 ഒക്ടോബർ 15 ന് ജനനം.

  അക്കാലത്ത് വ്യവസായം, കൃഷി മുതലായ തൊഴിലുകൾക്ക് പുറമേ സൈനിക സേവനവും ലത്തീൻ കത്തോലിക്കരുടെ ഇടയിൽ പതിവുണ്ടായിരുന്നു. സൈനികസേവനം നടത്തിയിരുന്നവരുടെ കുടുംബങ്ങൾ കപ്പിത്താൻ കുടുംബമെന്നാണ് അറിയപ്പെട്ടിരുന്നത്.

അത്തരത്തിലൊരു കപ്പിത്താൻ കുടുംബമായിരുന്നു വൈപ്പിശേരി തൊമ്മന്റെ കുടുംബം.

സൈന്യത്തിലെ സർവ്വസൈന്യാധിപനെ മുന്തിരിക്കപ്പിത്താൻ എന്നാണ് വിളിച്ചിരുന്നത്. ഏലീശ്വായുടെ അമ്മ താണ്ട മുന്തിരി കപ്പിത്താന്റെ അടുത്ത ബന്ധുവായിരുന്നു.

   പുരാതന ലത്തീൻ കത്തോലിക്കരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും കൂലി വേലക്കാരുമായിരുന്നു. അതിൽ കുറച്ച് ധനികരായ കുടുംബങ്ങളുമുണ്ടായിരുന്നു. അത്തരം കുടുംബങ്ങളുടെ പ്രധാന ധനാഗമ മാർഗ്ഗം നാളികേര കൃഷിയിൽനിന്നും നെൽകൃഷിയിൽ നിന്നുമുള്ള വരുമാനമായിരുന്നു. വിസ്തൃതമായ ഭൂസ്വത്തുക്കളും മറ്റുമുണ്ടായിരുന്ന ഓച്ചന്തുരുത്തെ ഒരു ജന്മി പ്രമാണിയായിരുന്നു വൈപ്പിശ്ശേരി തൊമ്മൻ.

  ഇത്രയും വസ്തുവും ധനവുമുണ്ടായിരുന്നെങ്കിലും സാധുക്കളെ കയ്യഴിച്ച് സഹായിക്കുന്ന ഒരു വ്യക്തിയായിരുന്നു തൊമ്മനും താണ്ടിയും.

      അശരണരോടും ദരിദ്രരോടുമുള സ്നേഹവും കരുതലും വേദനയും ദുഃഖവുമനുഭവിക്കുന്നവരെ ചേർത്തു നിർത്തുന്നതിനും ഏലീശ്വ നന്നേ ചെറുപ്പത്തിൽത്തന്നെ തല്പരയായിരുന്നു.                കുടുംബത്തിൽ  വരുന്ന  സാധാരണക്കാരായ നാട്ടുകാരെ സഹായിക്കുവാൻ മാതാപിതാക്കളുടെ കൂടെ ഏലീശ്വായും എപ്പോഴുമുണ്ടായിരുക്കുമെന്ന് പിൻ തലമുറക്കാർ പറഞ്ഞിരുന്നു. മാതാപിതാക്കളുടെ ഇത്തരം നല്ല ശീലങ്ങൾ കണ്ടാണ് ഏലീശ്വാമ്മ വളർന്നത്.

  അക്കാലത്തു പെൺകുട്ടികളുടെ വിദ്യാഭ്യാസം സാധാരണമല്ലാതിരുന്നതിനാൽ  അദ്ധ്യാപകനെ വീട്ടിൽ വിളിച്ചു വരുത്തിയാണ് ഏലീശ്വാമ്മയ്ക്ക് വിദ്യാഭ്യാസം നൽകിയതു്.

   പിൽക്കാലത്ത് സാമൂഹ്യസേവനത്തിനും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും മുൻകയ്യെടുക്കുവാൻ ഏലീശ്വാമ്മയ്ക്ക് പ്രചോദനമായതു് കുടുംബത്തിൽ നിന്നുള്ള ഈ നല്ല ശീലങ്ങളായിരിക്കണം.

   കൂനമ്മാവ് സെന്റ് ഫിലോമിനാസ് ഇടവകയിലെ വാകയിൽ വറീത് വത്തരുവിനെയാണ് ഏലീശ്വ 16-ാം വയസ്സിൽ വിവാഹം കഴിച്ചത്.  മകൾ അന്നയ്ക്ക് ഒന്നര വയസ്സുള്ളപ്പോൾ ഭർത്താവ് മരണമടഞ്ഞു.

   വിധവയായതിനുശേഷം ഏലീശ്വ ജീവിതം പൂർണ്ണമായും ദൈവസേവനം ചെയ്യുന്നതിന് തീരുമാനിക്കുകയും സമർപ്പിക്കുകയും ചെയ്തു.

    പുനർവിവാഹം ചെയ്യണമെന്ന മാതാപിതാക്കളുടെയും ബന്ധുജനങ്ങളുടേയും സമ്മർദ്ദത്തെ അതിജീവിച്ച് നിരന്തരമായ പ്രാർത്ഥനയും ധ്യാനവും നടത്തിക്കൊണ്ട് ഏകാന്തജീവിതമാണ് പിന്നീട് നയിച്ചത്. 

    അക്കാലത്ത് ഒരു സ്ത്രീക്ക്, പ്രതേകിച്ചും വിധവയുമായ ഒരു സ്ത്രീക്ക് ഇത്തരം ഒരു തീരുമാനത്തിലെത്തുവാൻ കഴിയുക അപൂർവ്വമാണ്.

  സ്തീകൾക്ക് സ്കൂൾ വിദ്യാഭ്യാസം  നിഷേധിക്കപ്പെട്ട അക്കാലത്ത് ഏലീശ്വ തന്റെ  ഏകാന്ത ജീവിതത്തിൽ സമീപ പ്രദേശത്തുള്ള പാവപ്പെട്ട സ്ത്രീകൾക്കും പെൺകുട്ടികൾക്കും അറിവ് പകരുവാനും സമയം കണ്ടെത്തി.

   പരേതനായ ഭർത്താവ് വറീത് വത്തരുവിന്റെ കുടുംബത്തിനും വലിയ ഭൂസ്വത്ത് ഉണ്ടായിരുന്നു. മകൾ അന്നയ്ക്ക് അവകാശമായി ലഭിച്ച വസ്തുവിൽ മുളയും പനമ്പുംകൊണ്ട്സ്ഥാപിച്ച പനമ്പു മഠത്തിലേക്ക് ഏലീശ്വാമ്മയുടെ പ്രവർത്തനം മാറ്റിയതോടെ കൂടുതൽ സ്ത്രീകളും പെൺകുട്ടികളും വിദ്യാഭ്യാസം തേടിയെത്തി.

    വരാപ്പുഴ വികാരിയത്ത് മെത്രാപ്പോലീത്തയായിരുന്ന ഡോ. ബർണ്ണാർഡ് ബെച്ചനെല്ലിയുടെ പ്രതിനിധിയായിരുന്ന ഫാ.ലെയപ്പോൾഡ് മിഷണറിയുടെ യടുത്ത് 1862 ൽ നടത്തിയ കുമ്പസാരമാണ് ഏലീശ്വായുടെ ജീവിതത്തിന്റെ ഒരു വലിയ വഴിത്തിരുവായതു്. 

    മെത്രാപ്പോലീത്തയുടെ നിർദ്ദേശപ്രകാരം ഫാ. ലിയോപ്പോൾഡ് ജനോവയിലെ കർമ്മലീത്ത രണ്ടാം സഭയുടെ നിയമാവലിയനുസരിച്ച് ഏലീശ്വായേയും സഹോദരിമാരേയും പരിശീലിപ്പിച്ചു,വൃതവാഗ്ദാനം നടത്തി.

  കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭ എന്ന പേരിൽ പുതിയ സഭയും സ്ഥാപിച്ചു. സ്ത്രീകൾക്കു വേണ്ടിയുള്ള ഇൻഡ്യയിലെ ആദ്യ ഏതദ്ദേശീയ കർമ്മലീത്താ സഭയായിരുന്നു ഇത്.

   മഠത്തിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ പെൺകുട്ടികൾക്ക് താമസിച്ചു പഠിക്കുവാനുള്ള പള്ളിക്കൂടം സ്ഥാപിച്ചു. കേരളത്തിലെ വിവിധസ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ഇവിടെ താമസിച്ച് ഭാഷയും വിശ്വാസവുംകൈത്തൊഴിലും പരിശീലിച്ചു. ഒരനാഥാലയവും കൂടി ഇവിടെ സ്ഥാപിക്കുകയുണ്ടായി.

     19ാം നൂറ്റാണ്ടിന്റെ മദ്ധ്യംവരെ കേരളത്തിൽ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥ താഴ്ന്ന ജാതിക്കാരായ സ്ത്രീകൾ മാറു മറയ്ക്കുവാൻ പാടില്ലെന്നതായിരുന്നു. എന്നാൽ ക്രിസ്തുമതത്തിൽ ചേർന്ന താഴ്ന്ന ജാതിക്കാരായ സ്ത്രീകൾ മാറു മറയ്ക്കുവാൻ തുടങ്ങി. മതപരിവർത്തനം ചെയ്ത സ്ത്രീകൾ മാറു മറയ്ക്കുന്നതിനെ സവർണ്ണർ ശക്തമായി എതിർത്തു. സവർണ്ണരുടെ ഈ നിലപാട് തിരുവിതാംകൂറിൽ പലയിടത്തും  ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ, മാറു മറച്ചു നടക്കുന്ന നാടാർ ക്രിസ്ത്യൻ സ്ത്രീകളെ അക്രമിച്ചു.പിന്നീട് അത് വലിയ ലഹളയായി മാറി. അതാണ് ചാന്നാർ ലഹള. 1859 ജൂലായ് 26 ന് തിരുവിതാംകൂർ ഗവർമെന്റ് മാറുമറയ്ക്കുവാനുള്ള അവകാശം സ്ഥാപിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചതിനു ശേഷമാണ് ലഹള സമാപിച്ചത്.

    കേരളത്തിലെ അക്കാലത്തെ ജീവിത സാഹചര്യം ഇങ്ങനെയൊക്കെയായിരുന്നു എന്ന് പറയുവാനാണ് തിരുവിതാംകൂറിലെ ചാന്നാർ ലഹളയെക്കുറിച്ച് സൂചിപ്പിച്ചത്. 

     അത്തരം ഒരു സാഹചര്യത്തിലാണ് സ്ത്രീകൾക്ക് വിദ്യാഭ്യാസവും കൈത്തൊഴിൽ പരിശീലനവും നൽകുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുവാനും മദർ ഏലിശ്വ പ്രവർത്തിച്ചിരുന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ.

  1890 ലെ റീത്ത് വിഭജനത്തെ ആർന്ന് സീറോ മലബാർ റീത്തുകാർക്ക് ഈ മഠം വിട്ടു കൊടുക്കണമെന്ന് മെത്രാപ്പോലീത്തയിൽ നിന്ന് ഉത്തരവുണ്ടായതിനെതുടർന്ന് ഏലീശ്വായേയും ലത്തീൻ റീത്തുകാരായ മറ്റു സന്യാസിനിമാരേയും മഠത്തിൽ നിന്ന് ഇറക്കി വിട്ടു. 

സ്വപ്രയത്‌നത്താൽ സ്ഥാപിച്ച കൂനമ്മാവിലെ മഠത്തിൽ നിന്നും 1890 സെപ്തംബർ 17 ന് ഇറങ്ങിപ്പോന്ന ഏലീശ്വായും സഹോദരിമാരും എറണാകുളം സെന്റ് തെരേസാസ് മഠത്തിൻറ ഔട്ട് ഹൗസിൽ താത്കാലികമായി താമസിച്ചു. ആ വർഷം തന്നെ നവംബറിൽ രൂപം കൊണ്ട കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമ്മലൈറ്റ്സ് (CTC) എന്ന സഭയുടെ ശ്രേഷ്ഠത്തിയായി പ്രവർത്തനം തുടർന്നു. 1892 മുതൽ നൊവിസ് മിസ്ട്രസ് ആയി. 

  കേരളത്തിലെ ആദ്യ ഏതദ്ദേശ്ശീയ സന്യാസിനി സഭയുടെ സ്ഥാപകയായിരുന്ന മദർ ഏലിശ്വ 82-ാം വയസ്സിൽ നിര്യാതയായി.

    മദർ ഏലീശ്വായുടെ സേവനം എന്തുകൊണ്ടാണ് തമസ്ക്കരിക്കപ്പെടുവാനിടയായതെന്ന കാര്യം ഇനി നമുക്ക് പരിശോധിക്കാം.

     റീത്ത് വിഭജനത്തെ തുടർന്ന് കൂനമ്മാവിലെ മഠം ഉപേക്ഷിക്കണമെന്ന തീരുമാനം മെത്രാപ്പോലീത്തയിൽ നിന്നുണ്ടായതു തന്നെ ദൗർഭാഗ്യകരമായിപ്പോയി.ഒരു പക്ഷേ, അതിനു മതിയായ കാരണങ്ങളണ്ടായിരിക്കാം. കത്തോലിക്കാ സഭയിൽ ഐക്യം നിലനിറുത്തുന്നതിന് മെത്രാപ്പോലീത്ത നിർബ്ബന്ധിതനായതുമാകാം.

     എന്തായാലും മഠത്തിൽനിന്ന് ഇറക്കി വിട്ടവരെ ചരിത്രത്തിൽനിന്നു തന്നെയാണ് ഇറക്കിവിട്ടത്. കൂനമ്മാവ് മഠം പിന്നീട് CMI അധീനതയിലായപ്പോൾ ചരിത്രം തന്നെ വഴിമാറ്റപ്പെട്ടു.ഞാൻ വായിച്ച ഒരു കേരള ചരിത്ര പുസ്തകത്തിൽ ആദ്യത്തെ ഏതദ്ദേശീയ സന്യാസ  സഭയായി ചേർത്തിരിക്കുന്നത് CMI സഭയെയാണ്.

മഠത്തിൽ നിന്ന് ഏലീശ്വയെ ഇറക്കി വിട്ടവർക്ക് അത്രയും സ്വാധീനവും പിന്തുണയും ലഭിച്ചിരുന്നെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത്.

   എന്നാൽ,മദർ ഏലീശ്വ എല്ലാം നിശ്ശബ്ദമായി സഹിച്ചു. അശരണരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും വിദ്യാഭ്യാസവും അനാഥരെ ചേർത്തുപിടിച്ചുമുള്ള അവരുടെ പ്രവർത്തനങ്ങളെല്ലാം പിന്നെയും തുടർന്നു. മദറിന്റെ പ്രവർത്തനങ്ങളെല്ലാം നിശ്ശബ്ദ സേവനങ്ങളായിരുന്നതിനാലായിരിക്കണം ഏറെ കൊട്ടിഘോഷിക്കപ്പെടാതിരുന്നത്.

1888 ൽ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയതോടു കൂടിയാണ് ശ്രീനാരായണ ഗുരു ശ്രദ്ധിക്കപ്പെടുന്നത്. ഈഴവ സമുദായത്തിന്റെ പൂർണ്ണ പ്രോൽസാഹനവും പിൻതുണയും ഗുരുവിനുണ്ടായിരുന്നു. ചട്ടമ്പിസ്വാമികൾക്ക് നായർ സമുദായത്തിന്റെയും അയ്യങ്കാളിക്ക് പുലയരുടേയും പിന്തുണ ലഭിച്ചു.

നയിക്കുവാൻ ഒരു നേതൃത്വമില്ലാതിരുന്ന മേൽ സമുദായങ്ങൾ ഇവർക്കൊക്കെ പിന്തുണ നൽകുന്നത് സ്വാഭാവികം മാത്രം.

മറിച്ച് നമ്മുടെ സമുദായത്തിന് വ്യക്തമായ ആത്മീയനേതൃത്വം അന്നും ഇന്നും ഉണ്ട്.അതിലെ ഒരു സന്യാസ സഭ മാത്രമായിരുന്നു ഏലീശ്വായുടേത്. അതനുസരിച്ചുള്ള പിൻതുണയേ ഏലീശ്വായ്ക്ക്ശ്രീ ലഭിച്ചിരുന്നുള്ളൂ.

റീത്ത് വിഭജനത്തെ തുടർന്ന് വിഘടിച്ചു പോയ സുറിയാനിവിഭാഗം കൂനമ്മാവ് മഠത്തിന്റെ ആധിപത്യം ഏറ്റെടുത്തതോടെ അവിടത്തെ നേട്ടങ്ങളുടെ അവകാശവും ഏലീശ്വായ്ക്ക് നഷ്ടപ്പെട്ടു.

    ആരൊക്കെ തമസ്ക്കരിച്ചാലും സ്വർഗ്ഗത്തിൽ മദറിന്റെ സേവനങ്ങൾ ചേർക്കപ്പെട്ടതിന്റെ അടയാളങ്ങളാണ് നാമകരണ നടപടികളും വാഴ്ത്തപ്പെട്ട പ്രഖ്യാപനവും.

    മദറിന്റെ അവസാന നാളുകളിലെ കയ്യെഴുത്ത് പ്രതികളിലെ വാക്കുകൾ ഇപ്പോൾ അന്വർത്ഥമാവു കയാണ്.

"നാം അനുഭവിക്കുന്ന സങ്കടങ്ങളും രോഗങ്ങളും പാടുകളും വിഷാദങ്ങളും ഭയങ്ങളും എല്ലാം ഒരു ദിവസം തീരും.നാം രക്ഷപെടുന്നെങ്കിൽ ഭാഗ്യപ്പെട്ടവരുടെ രാജ്യത്തിൽ നമ്മുടെ സങ്കടങ്ങളിൽ ആശ്വാസമുണ്ടാകുവാൻവേണ്ടി ഈ തിരുവചനങ്ങളെ അരുളിച്ചെയ്തിരിക്കുന്നു.

നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.അപ്പോഴൊ മോക്ഷഭാഗ്യത്തിൽ നമുക്കുണ്ടാകുന്ന സന്തോഷത്തിൽ നാം ധ്യാനിക്കുക."

ഫ്രാൻസീസ് ചമ്മണി

ചമ്മണി കോടത്ത് (H)

ഓച്ചന്തുരുത്ത് P.O.

9497276897