2020, മേയ് 1, വെള്ളിയാഴ്‌ച

വൈപ്പിന്കരയിലെ ശുദ്ധജലക്ഷാമം :ഓർമ്മ

ദുരിതകാലത്ത്




Addപഴയകാല കിണർ  caption

ദുരിതകാലത്ത്
കുടിവെള്ളക്ഷാമത്തിൻറെപേരിൽ ഒട്ടേറെ സമരങ്ങൾക്ക്‌സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു പ്രദേശമാണ് നമ്മുടെ വൈപ്പിൻകര.ആലുവയിൽ നിന്നു മാത്രമായിരുന്നു വൈപ്പിന്കരയിൽ ശുദ്ധജലമെത്തിയിരുന്നത്. .വിതരണ ശ്രുംഖലയുടെ അവസാന ഭാഗമായ വൈപ്പിനിലെത്തുമ്പോൾ വെള്ളം  തീർന്നു തീർന്നു ഇല്ലാതെയാവുകയാണ് ചെയ്യുന്നത്.  നമ്മുടെ ലൈനിൽ നിന്ന് K W A യുടെ അറിവോടെതന്നെ മറ്റിടങ്ങളിലേക്കു വെള്ളം ചോർത്തി നൽകുന്നുവെന്നും പരാതിയുയർന്നിരുന്നു.വൈപ്പിന്കരയിലെ സമരം എറണാകുളം ഒരുദിവസം സ്തംഭിക്കുന്നരീതിയിലേക്കു മാറി.എം എൽ എ ഡോ എം എ കുട്ടപ്പനടക്കം എല്ലാരാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തകരും നേതാക്കളും നടുറോഡിൽ കുത്തിയിരുന്നു.ബാർജിലൂടെ വെള്ളം വിവിധ കേന്ദ്രങ്ങളിൽകൊണ്ടുവന്നു പൈപ്പിലൂടെ വിതരണം ചെയ്യാമെന്ന് അന്നത്തെ കളക്ടർ വി പി ജോയി വന്നു ഉറപ്പുനല്കിയതിനുശേഷമാണ് സമരക്കാർ പിരിഞ്ഞുപോയത്.
അവസാനം ചൊവ്വരയിൽനിന്നു വെള്ളം ശുദ്ധീകരിച്ചെത്തുന്ന ഹഡ്‌കോ പദ്ധതിയെന്നറിയപ്പെടുന്ന വിശാലകൊച്ചി ശുദ്ധജലവിതരണ പദ്ധതിയും വന്നു.ഒരുപരിധിവരെ കുടിവെള്ളപ്രശ്നത്തിന് അത് പരിഹാരമായി.
ഓച്ചന്തുരുത്തിലെ പമ്പ്ഹൗസിൽ എത്തുന്ന ഹഡ്‌കോ പദ്ധതിയിലെ വെള്ളം മുരിക്കുംപാടം,മാലിപ്പുറം ഞാറക്കൽ ,നായരമ്പലം എന്നിവടങ്ങളിൽ ഓരോ ഓവർഹെഡ് ടാങ്കുകൾ പണിത് അതുവഴി വിതരണം ചെയ്യുകയാണെങ്കിൽ ശുദ്ധജലക്ഷാമം മുഴുവൻതീരുമെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിൽനാലു സ്ഥലത്തും ടാങ്കുകൾ പണിയാരംഭിച്ചെങ്കിലും ഇതുവരെ കമ്മീഷൻ ചെയ്യാനായിട്ടില്ല.
മാലിപ്പുറത്ത് ടാങ്കിനടിയിൽ വാട്ടർ അതോറിറ്റി ഓഫിസ് വന്നു. കോടികൾ ചെലവാക്കിയതിൻറെ ആകെയുള്ള നേട്ടം.
വൈപ്പിന്കരയുടെ സ്വന്തം ചാമ്പ്  പൈപ്പ്.വൈപ്പിന്കരയിലെ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോൾ ലളിതമായരീതിയിൽ നിർമ്മിച്ചത്.പിന്നീട് ഇത് സാർവത്രികമായി

ആലുവയിൽനിന്നുള്ള ശുദ്ധജലം എത്തുന്നതിനുമുമ്പും ഇവിടെ ജനവാസമുണ്ടായിരുന്നതല്ലേ.ഇരുപത്തിയാറു കിലോ മീറ്റർ നീളമുള്ള ഈ പ്രദേശത്ത് എവിടെ കുഴിച്ചാലും ഉപ്പുവെള്ളമായിരുന്നില്ല അന്ന് ലഭിച്ചിരുന്നത് .
ധാരാളം കുളങ്ങളും കിണറുകളും അക്കാലത്ത്  വൈപ്പിൻകരയിലുണ്ടായിരുന്നു.അവയിലൊക്കെ മഴക്കാലത്തു ലഭിച്ചിരുന്ന വെള്ളം പാഴാകാതെ ശേഖരിക്കപ്പെട്ടിരുന്നു .വേനല്ക്കാലമാകുമ്പോഴേക്കും ഈ ജലം നമുക്ക് തിരിച്ചുപയോഗിക്കുവാൻ ലഭിക്കുകയും ചെയ്തു.
പഞ്ചായത്തു കിണറുകളും ചാമ്പ് പൈപ്പുകളും അന്ന് ഓരോ പ്രദേശത്തും സ്ഥാപിച്ചിരുന്നു.
ആലുവയിൽനിന്നും ശുദ്ധജലമെത്തിത്തുടങ്ങിയപ്പോൾ കുളങ്ങളും കിണറുകളും സംരക്ഷിക്കാതായി.മഴവെള്ളം ഭൂമിയിലേക്കിറങ്ങാനുള്ള സാഹചര്യമില്ലാതായി.
എല്ലാവീട്ടിലും വൈദ്യുതിയെത്തിയപ്പോൾ അര ഹോഴ്സ് പവർ പമ്പും വ്യാപകമായി.ഓരോ വീട്ടിലും ആയിരക്കണക്കിന് ലിറ്റർ വെള്ളം വലിച്ചെടുക്കുകയുംകൂടി ചെയ്തതോടെ ഭൂഗർഭജലവിതാനം താഴ്ന്നു.വൈപ്പിന്കരയ്ക്കു ആകെ വീതി അരകിലോമീറ്റർ മുതൽ രണ്ടര മൂന്നു കിലോമീറ്ററാണ്.ഭൂഗർഭജലവിതാനം താഴുമ്പോൾ അത് ബാലൻസ് ചെയ്യുവാൻ ദ്വീപിന്റെ ചുറ്റുപാടും കിടക്കുന്ന ഉപ്പുവെള്ളം ശക്തിയോടെ ഊറിവരുന്നു.എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രമാകുവാൻ ഇതൊക്കെത്തന്നെയാണ് കാരണങ്ങൾ.
പഴയതുപോലെ കിണറുകളും കുളങ്ങളും സ്ഥാപിക്കുകയെന്നത് ഇപ്പോൾ പ്രായോഗികമല്ല.ഇതിനൊരു പരിഹാരം വേണ്ടേ?
പഴയ കാല ചാമ്പ് പൈപ്പ്
കേരളത്തിൽ ശരാശരി 300 സെ മി മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്കു.100 ച കി മി വിസ്തീർണ്ണമുള്ള വൈപ്പിൻകരയിൽ ഒരാണ്ടിൽ 30000 ദശലക്ഷം ലി വെള്ളമാണ് മഴയിലൂടെ ലഭിക്കുന്നത്.രണ്ട് ലക്ഷം ജനങ്ങൾ താമസിക്കുന്ന ഇവിടെ 20 ദശലക്ഷം ലി വെള്ളമുണ്ടെങ്കിൽ ജലസമൃദ്ധിയായി.അപ്പോൾ പ്രതിവർഷം 7300 ദശലക്ഷം ലി വെള്ളം ശേഖരിക്കുവാൻ ശ്രമിക്കാതെ നമ്മൾ നെട്ടോട്ടമോടുകയാണ്.
ശാസ്ത്രീയമായരീതിയിൽ മഴവെള്ളം  ശേഖരിച്ചാൽ പ്രാഥമികാവശ്യങ്ങൾക്കത്  മതിയാകും.

വീടിൻറെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം പൈപ്പിലൂടെ ഒരു സ്ഥലത്തേക്ക് എത്താവുന്നരീതിയിൽ ക്രമീകരിക്കുക.

  താഴെ ഭൂമിയിൽ രണ്ട് മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും ഒന്നര രണ്ട് മീറ്റർ ആഴത്തിലും കുഴിയെടുത്ത് അതിൽ ആറ്റുമണൽ നിറയ്ക്കുക. (വെള്ളം ഊർന്നുപോകുവാൻ പറ്റുന്നരീതിയിലുള്ള മണലാണ് ഉദ്ദേശിച്ചതു )മണൽ നിറയ്ക്കുന്നതിനു മുൻപ് കുഴിയിൽ ബോർവെല്ലിനുള്ള കുഴൽ സ്ഥാപിച്ചിരിക്കണം.മുകളിൽ ഗ്രൗണ്ടിനു നിരപ്പായി വരുന്നരീതിയിൽ കിണറിൻറെ മുകൾ ഭാഗത്ത് വയ്ക്കുന്ന റിങ് കമഴ്ത്തി വയ്ക്കുക.റിങ്ങിനു വെളിയിലുള്ള ഭാഗം ആദ്യം നീക്കം ചെയ്ത മേല്മണ്ണുകൊണ്ട് മൂടുക.മേൽക്കൂരയിൽനിന്നു മഴവെള്ളം ശേഖരിക്കുവാൻതയ്യാറാക്കിയ പൈപ്പ് റിങ്ങിനുമുകളിൽകൊണ്ടുവന്നു വെള്ളം റിങിൽ വീഴുവാൻ പറ്റുന്ന രീതിയിൽ  സ്ഥാപിക്കുക.കുഴിയിൽ സ്ഥാപിച്ച ബോർവെല്ലിൽ നിന്ന് ചാമ്പ് പൈപ്പുകൾ,മോട്ടോർ പമ്പുകൾ എന്നിവയുമായി  ബന്ധിപ്പിച്ചു അതിൽനിന്നുള്ള വെള്ളം ശേഖരിക്കുക..വേനൽക്കാലത്ത് ഇതിലൂടെ ലഭിക്കുന്ന വെള്ളത്തിനു മഞ്ഞകളർ ഉണ്ടാകുകയില്ലെന്നത് വലിയൊരു നേട്ടമാണ്.
വെള്ളത്തിൻറെ  സാന്ദ്രത ഓരോ വർഷവും കുറഞ്ഞു കുറഞ്ഞു മൂന്നുനാലു വർഷങ്ങൾ  കൊണ്ട് നല്ല തെളിഞ്ഞ വെള്ളം ലഭിക്കുകയും ചെയ്യും.

ഇതല്ലെങ്കിൽ മറ്റേതു രീതിയിലായാലും മഴവെള്ളം പരമാവധി മണ്ണിലാഴ്ന്നിറങ്ങുവാനോ ശേഖരിക്കുവാനോ ഈ വരുന്ന മഴക്കാലം ഉപയോഗപ്പെടുത്തുക.

മഴവെള്ളം നേരിട്ട് ശേഖരിച്ചുപയോഗിക്കുന്നതിനുള്ള മഴവെള്ള ടാങ്ക്



























അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ