2020, മേയ് 6, ബുധനാഴ്‌ച

കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമ.........






കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമ.........

അറുപതിലധികം വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഞങ്ങളുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയാണ്.ഒരു നിർവ്വികാരാവസ്ഥ.
പതിനഞ്ചു  വയസുമുതലാണ് ഞാൻ ഈ തൊഴിൽ ചെയ്യുന്നത്. ഇനിയെത്രകാലം ഇത് തുടരുമെന്നറിയില്ല. ഞങ്ങളുടെ കാലശേഷം ഈ നിർമ്മാണരീതിതന്നെ ഇല്ലാതാകും.നിർമ്മിച്ചുവച്ചിരിക്കുന്ന മൺപാത്രങ്ങളെ  നോക്കി ഭാനുമതിയമ്മ നെടുവീർപ്പിട്ടു.
ഭാനുമതിയമ്മ (77 ) തങ്കമ്മ(74 )തങ്കമ്മ (64)എന്നിവർ തത്തപ്പിള്ളിയിലെ ബാലകൃഷ്ണന്റെ കളിമൺ പത്രയൂണിറ്റിലെ ജീവനക്കാരാണ്.
ഇവരുടെ പാത്രനിർമ്മാണരീതി സാധാരണയിൽനിന്നും വ്യത്യസ്തമാണ്.


നിർമ്മിക്കുവാനുദ്ദേശിക്കുന്ന പാത്രത്തിനെ മേൽഭാഗം കീഴ്‌ഭാഗം എന്ന രണ്ട് ഭാഗങ്ങളായി തിരിച്ചു രണ്ട് മോൾഡുകളുണ്ടാക്കുന്നു.ഓരോ മോൾഡുമുപയോഗിച്ചു ഓരോ ഭാഗവും നിർമ്മിക്കുന്നു.തുടർന്ന് രണ്ടും കൂടി ഒരുമിച്ചു കൂട്ടിയോജിപ്പിക്കുന്നു.പാത്രത്തിൻറെ യുള്ളിൽ ഒരു ചെറിയ കല്ലുവച്ച് പുറം ഭാഗത്ത് ചെറിയ ചുറ്റികകൊണ്ട് അടിച്ചു കൂട്ടുന്നു.


അതുപോലെതന്നെ വക്കും വേറെ നിർമ്മിച്ചതിനുശേഷം ഇങ്ങനെ കൂട്ടിയോജിപ്പിക്കുന്നു.
പിന്നീട് ഡിസൈൻ മോൾഡുകൊണ്ട് ഡിസൈനും വരുത്തുന്നു.
ഉയർന്ന താപത്തിൽ ചൂളയിൽവച്ച് ചുട്ടെടുത്തുകഴിയുമ്പോൾ  വില്പനയ്ക്ക് തയ്യാർ.


ഇത്തരത്തിലുള്ള പാത്രം നിർർമ്മാണരീതി അവലംബിക്കുന്നവരിൽ ജീവിച്ചിരിക്കുന്നവരിലെ  അവസാനത്തെ കണ്ണികളാണിവർ.




പ്രസാദാണ് തത്തപ്പിള്ളിയിലെ രണ്ടാമത്തെ യൂണിറ്റിൻറെയുടമ.ചക്രം കറക്കിയാണ് ഇദ്ദേഹംപാത്രം നിർമ്മിക്കുന്നത്.പാത്രനിർമ്മാണ ജോലി വൻ പ്രതിസന്ധിയിലാണെന്നാണ് പ്രസാദ് പറയുന്നത്.
ഇവിടെത്തന്നെയുള്ള പാടങ്ങളിൽനിന്നായിരുന്നു നേരത്തെ കളിമണ്ണ് ശേഖരിച്ചിരുന്നത്.മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണങ്ങളായപ്പോൾ ഷൊർണ്ണൂരിൽ നിന്നും തമിഴ്‌നാട്ടിൽനിന്നുമാണ് അസംകൃതവസ്തുവായ കളിമണ്ണ് കൊണ്ടുവരുന്നത്.നിർമാണച്ചെലവ് ക്രമാതീതമായി ഉയരുവാനിതിടയാക്കുന്നു.ഉപഭോക്താവിനും  നിർമ്മാതാവിനുമിടയിലെ ഇടനിലക്കാരുടെ ചൂഷണം  മതിയായ വില ലഭിക്കുന്നതിന് തടസ്സമാകുന്നു.


കളിമണ്ണുകൊണ്ടുള്ള പാത്രങ്ങൾക്കു ആവശ്യക്കാരേറെയുണ്ടെങ്കിലും അത്തരം ആളുകളുടെ കയ്യിൽ ഇവയെത്തുന്നതിനുള്ള ക്രമീകരണങ്ങളില്ലാത്തത് ഒരു പ്രശനം തന്നെയാണെന്നാണ് പ്രസാദിൻറെ  കണ്ടെത്തൽ.
 പറവൂർ തത്തപ്പിള്ളിയിൽ മാത്രമാണ് എറണാകുളം ജില്ലയിൽ ഇപ്പോൾ  പ്രവർത്തിക്കുന്നമൺപാത്ര യൂണിറ്റുകളുള്ളത്.പറവൂർ ആലുവ റോഡിൽ വെടിമറ ജംക്ഷനിൽനിന്നു വലത്തോട്ട് രണ്ട് കി മി ചെല്ലുമ്പോഴാണ് തത്തപ്പിള്ളി ഗ്രാമം.
ഒരുകാലത്ത് മണ്പാത്രനിർമ്മാണത്തിനു പേരുകേട്ട ഒരു ഗ്രാമമായിരുന്നു തത്തപ്പിള്ളി.ഏകദേശം നൂറോളം കുടുംബങ്ങൾ ഈ തൊഴിലിൽ അന്ന് ഏർപ്പെട്ടിരുന്നു.
മൺപാത്രനിർമ്മാണത്തിൽ കുശവൻ, കുലവൻ, കൂമ്പാരൻ , ഓടൻ, ആന്തൂർനായർ, ആന്ധ്രാനായർ,ആംഗ്ലോ ഇന്ത്യൻ ഒ ഇ സി തുടങ്ങിയ ഏഴ് വിഭാഗം സമുദായങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്.

അതിൽ മൂലമ്പിള്ളിയിൽ മാത്രമാണ് ആംഗ്ലോഇന്ത്യൻ സമുദായം ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നത്.വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഒരു  കറിച്ചട്ടി നിർമ്മാണ സഹകരണ സംഘമായിരുന്നു അവിടത്തേത്.

യൂണിറ്റാണ് മൂലമ്പിള്ളിയിൽ പ്രവർത്തിച്ചിരുന്നത്.നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സഹകരണ പ്രസ്ഥാനമായിരുന്നു മൂലമ്പിള്ളിയിലേത്. കളിമണ്ണിന്റെ ലഭ്യതക്കുറവ്,പുതുതലമുറയ്ക്കു ഈ തൊഴിലിനോടുള്ള വിമുഖത തുടങ്ങിയവയാൽ സൊസൈറ്റിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

മറ്റൊരു കളിമണ്പാത്രനിർമ്മാണമേഖലയാണ് നിലമ്പുരിലേത്. കെ എസ ആർ ടി സി ബസ് സ്റ്റാൻഡിനു  തൊട്ടടുത്തുതന്നെയാണ്  മൺപാത്ര തൊഴിലാളികളുടെ  സമൂഹമായിട്ടുള്ള താമസസ്ഥലവും തൊഴിലിടവും..കലവും ചട്ടിയും മാത്രമല്ല മറ്റു പല നിത്യോപയോഗ സാധനങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്.അലുമിനിയ പാത്രങ്ങളും മറ്റുപയോഗിക്കുമ്പോഴുള്ള പാർശ്വഫലങ്ങളൊന്നും മൺപാത്രത്തിനില്ലെന്ന തിരിച്ചറിവ് കുറേപേർക്കെങ്കിലും ഉണ്ടായതുകാരണമായിരിക്കാം വിവിധങ്ങളായ ഓർഡറുകൾ തങ്ങൾക്കു ലഭിക്കുന്നതെന്ന് കുമാരനെന്ന തൊഴിലാളി പറയുന്നു.
വേണ്ടരീതിയിൽ പ്രചാരണവും പ്രോത്സാഹനവും ലഭിക്കുകയാണെങ്കിൽ അന്യം നിന്നുപോകുന്ന ഒരു കുലത്തൊഴിലിനെ നിലനിറുത്തനാകും.കളിമൺ പാത്രനിർമ്മാണം മാന്യമായ തൊഴിലാണെന്നും മാന്യമായ വരുമാനം അതിൽനിന്നു ലഭിക്കുമെന്ന ഉറപ്പും യുവതലമുറയ്ക്കുണ്ടാകണം. .ഒപ്പം യഥാർത്ഥ ഉപഭോക്താവിൻറെ പക്കൽ ഉത്പന്നങ്ങൾ അധികം കൈമറിയാതെ എത്തുവാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണം.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ