2020, മേയ് 1, വെള്ളിയാഴ്‌ച

ഗോശ്രീ ദ്വീപുകളിൽ നിന്നുള്ള ബസ്സുകൾക്കു കൊച്ചി നഗരപ്രവേശനത്തിന് ഇനിയെത്രനാൾ ...........?

ഗോശ്രീ പാലം aption

 ഗോശ്രീ ദ്വീപുകളിൽ നിന്നുള്ള ബസ്സുകൾക്കു കൊച്ചി  നഗരപ്രവേശനത്തിന്  ഇനിയെത്രനാൾ ...........?

ഗോശ്രീ ദ്വീപുകളിൽ നിന്നുള്ള ബസ്സുകൾക്കു കൊച്ചി  നഗരപ്രവേശം ലഭിക്കുവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം.
പതിറ്റാണ്ടുകളായിട്ടുള്ള വൈപ്പിൻദ്വീപസമൂഹങ്ങളിലെ ജനങ്ങളുടെ ഒരാവശ്യമായിരുന്നു എറണാകുളം പട്ടണവുമായി ബന്ധിപ്പിക്കുന്ന  വൈപ്പിൻ -വല്ലാർപാടം,വല്ലാർപാടം-മുളവുകാട്,മുളവുകാട്-എറണാകുളം പാലങ്ങൾ.
കൊച്ചി രാജ്യത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പൻ ദ്വീപസമൂഹങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ പണിയുവാനുള്ള ആലോചനയ്ക്കു നേതൃത്വം നൽകിയ അവസരത്തിലാണ് തിരുകൊച്ചി സംയോജനവും കേരളസംസ്ഥാന രൂപീകരണവും.അതോടുകൂടി പാലമെന്ന ആശയത്തിന് വിരാമമായി.
പിന്നീട് പാലം  പണിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ ബഹുജനപ്രക്ഷോഭങ്ങൾ അരങ്ങേറി. അവസാനം കായൽ നികത്തിലഭിക്കുന്ന പണമുപയോഗിച്ചു പാലം പണിയുവാൻ തീരുമാനമായി.കായൽ നികത്തി പണം കണ്ടെത്തിയതുകാരണം ടോൾ നൽകാതെ യാത്രചെയ്യാം. അതൊരു മെച്ചം.

2000  ഡിസംബർ 29 ന് തറക്കല്ലിട്ട പാലം 2004 ജൂൺ 5 ന് പണിപൂർത്തിയാക്കി ഉത്‌ഘാടനം നടത്തുകയും ചെയ്തു.
പാലത്തിലൂടെ ബസ് സർവീസ് ആരംഭിക്കുവാൻ പിന്നെയും മാസങ്ങൾ കാത്തിരിക്കേണ്ടിവന്നു.ഒട്ടേറെ വൈതരണികൾ കടന്ന് അവസാനം ഹൈക്കോർട്ട് വരെ ബസ്സുകൾക്ക്  ഓടുവാനുള്ള അനുവാദം ലഭിച്ചു.
പാലങ്ങൾ തുറന്നിട്ട് പതിനാറുവര്ഷങ്ങളായെങ്കിലും നഗരപ്രവേശാനുമതിക്കുവേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണ്,വേഴാമ്പലിനെപ്പോലെ....
വൈപ്പിൻ ബസ്സുകളെ നഗരത്തിൽ പ്രവേശിപ്പിച്ചാൽ എറണാകുളത്ത് ഗതാഗതകുരുക്ക് അതിരൂക്ഷമാകുമെന്നാണ് ബന്ധപ്പെട്ടവരുടെ ന്യായം.അപ്പോൾ ഈ പതിനാറു വർഷങ്ങൾക്കിടയിൽ നിരവധി ബസ്സുകൾക്ക് സിറ്റി പെർമിറ്റും മറ്റുപ്രദേശങ്ങളിലെ ബസ്സുകൾക്ക് നഗര പ്രവേശനാനുമതിയും കൊടുത്തതിന് എന്ത് ന്യായമാണ് പറയുവാനുള്ളത്? ആയിരത്തോളം ഓട്ടോ റിക്ഷകൾക്കു സിറ്റി പെര്മിറ്റ് കൊടുത്തതിനെക്കുറിച്ചും എന്താണ് പറയുവാനുള്ളത്?
അപ്പോൾ ഇതൊന്നുമല്ല കാരണം,
വൈപ്പിൻ ബസ്സുകൾക്ക് നഗരപ്രേവശനാനുമതി കൊടുത്താൽ ഹൈക്കോർട്ട് ജംഗ്ഷനിലെയും സമീപപ്രദേശത്തെയും ബിസിനസ്സിനു ഗണ്യമായ ക്ഷീണം സംഭവിക്കും.എറണാകുളത്തെ ബിസിനസ്സ് ലോബി ഉണർന്നുപ്രവർത്തിച്ചു,അതിന്റെ ഫലം അവർക്കും കിട്ടി.
ഗതാഗതക്കുരുക്ക് പറയുന്നവരുടെ ഉദ്ദേശം മറ്റൊന്നാണ്.എറണാകുളം ബസ്സുകളുടെ കളക്ടഷനിൽ ഭീമമായ ചോർച്ച അനുഭവപ്പെടും.നേരിട്ട് പോകുവാൻ സാധിച്ചാൽ രണ്ട് ബസ്സുകൾ മാറിക്കയറുമ്പോഴുള്ള രണ്ട് മിനിമം ചാർജ് ഒഴിവാകും.വൈപ്പിൻകാർക്ക് സാമ്പത്തിക ലാഭമുണ്ടാകും.അതിനെതിരെ ബസ്സുടമാലോബിയുംഉണർന്നു,അവരും ജയംനേടി.

സാമൂഹ്യമായി പിന്നോക്കാവസ്ഥയിലുള്ള ഈ ദ്വീപസമൂഹങ്ങളിലെ ഭൂരിഭാഗവും ജനങ്ങളും എറണാകുളം നഗരവുമായി ബന്ധപ്പെട്ടുള്ള തൊഴിൽ ചെയ്താണ് ജീവിക്കുന്നത്.പണ്ട് ബോട്ടുസർവീസിലൂടെ യാത്രചെയ്തിരുന്നപ്പോൾ എറണാകുളത്തുവന്നിറങ്ങിയതിനുശേഷം മറ്റു ബസ്സുകളിൽ കയറിയാണ് എല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്.അതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല ഇപ്പോഴത്തെ യാത്രയും.

പാലം ഉത്‌ഘാടനത്തോടനുബന്ധിച്ചു ജനപ്രതിനിധികളേയും പ്രമുഖ വ്യക്തികളേയു മാധ്യമപ്രവർത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിൽ ഉണ്ടായ ധാരണ പ്രകാരം ഹൈക്കോർട്ട് ജംക്ഷനു വടക്കുവശം നികത്തിയെടുത്തഭൂമിയിൽ വൈറ്റില ഹബ് പോലെ ഒരു സ്റ്റാൻഡ് പണിയും,  വൈപ്പിൻ ബസ്സുകൾ അവിടെ ഹാൾട്ട് ചെയ്യുമ്പോൾ അതിലൂടെ   
എറണാകുളത്തോടുന്ന ബസ്സുകൾ  കടന്നുപോകുമെന്നും മറ്റും പറഞ്ഞു വൈപ്പിൻകാരെ സമർത്ഥമായി കബളിപ്പിച്ചു.സാവധാനത്തിൽ എറണാകുളത്തേക്കുള്ള പ്രേവേശനം സാധ്യമാകും.
നഗരപ്രവേശനാനുമതി നല്കണമെന്ന് സർക്കാരിനോടഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു പ്രേമേയവും പാസ്സാക്കി.അതോടെ എല്ലാവരും  തൃപ്തരായി.
ഞങ്ങൾക്കിനി സ്റ്റാൻഡൊന്നും വേണ്ട,നഗരത്തിലേക്ക് ബസ്സുകളെ കടത്തിവിട്ടാൽ മാത്രം മതി.
അതിനിനി എത്രനാൾ ...........?

ദോഷം പറയരുതല്ലോ,ഇടയ്ക്കിടയ്ക്കു സർക്കാർ വിലാസം ബസ്സുകൾ തിരുക്കൊച്ചി ,ചെയിൻ അങ്ങിനെ പല പേര് പറഞ്ഞുകൊണ്ട് ഓട്ടം തുടങ്ങും,ഏതാനും നാൾ കഴിയുമ്പോൾ ഓരോന്നായി അപ്രത്യക്ഷപ്പെടുകയും ചെയ്യും.കിട്ടുന്ന സർവീസുകൾ എങ്ങിനെ നഷ്ടത്തിലാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണല്ലോ സർക്കാർവിലാസത്തിന്റെ മേലാളന്മാർ.











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ