2020, മേയ് 1, വെള്ളിയാഴ്‌ച

എവിടേയാണെൻറെ ആ മാലാഖ .....







ടക്...... ടക്  ..വാതിലിൽ ആരോ മുട്ടുന്നു ,.......പോന്നോളൂ ,
ഒരു നഴ്‌സ്‌ ആയിരുന്നു വാതിൽ തുറന്നകത്തുവന്നത് .
ഇന്നലെയാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയതു,
.ശക്തിയായ പനിയും ചുമയും ശ്വാസതടസ്സവുമായിരുന്നുരോഗം.

മരുന്നിന്റെ കുറിപ്പടി വല്ലതുമായിട്ടായിരിക്കും വന്നതല്ലേ,ഞാൻ ചോദിച്ചു.
സാധാരണ റൗണ്ടസ് കഴിഞ്ഞാൽ അടുത്ത നടപടി ഇത്തരം കുറിപ്പടിയായിരിക്കും.
ഏയ് അതൊന്നുമല്ല..
.
പിന്നെ ,,,,,,,,
അടുത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് അവർ വീട്ടുവിശേഷങ്ങൾ ചോദിച്ചു.
ആട്ടെ ,,സിസ്റ്റർ വന്നകാര്യം പറഞ്ഞില്ലല്ലോ ...ഞാൻ വിഷയത്തിലിടപെട്ടു.
അത്,, ഡോക്ടർ റൗണ്ട്സിൻറെ സമയത്ത് പറഞ്ഞതിന് മറുപടി പറഞില്ല.
ഓ അതാണോ കാര്യം,,,,

എടോ ,ഇത് സാധാരണ ചികിത്സകൊണ്ട് മാറുന്നരോഗമല്ല,ഒരു സർജറി വേണ്ടിവരും.ഒരു ഓപ്പൺ ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കണം.അതിനു തിരുവനതപുരത്ത് പോകേണ്ടിവരും .റൗണ്ട്സിനു വന്നപ്പോൾ ഡോക്ടർ പറഞ്ഞു.
ജീവിതത്തിൽ ഇന്നുവരെ ശരീരത്തിലൊരിടത്തും  ഒരു സ്റ്റിച് പോലും  ഇടേണ്ടിവന്നിട്ടില്ല
അപ്പോൾ ഒരു സർജറി, അതും ഓപ്പൺ ഹാർട്ട് സർജറി.
ഡോക്ടറിൽനിന്നു ഇത്തരം ഒരു വാക്ക് കേൾക്കേണ്ടിവരുമ്പോൾ ആരാണ് പകച്ചുപോകാത്തത്.

ഏയ്,അത് നടക്കാത്ത കാര്യമാണെന്ന് ഞാൻ അപ്പോൾത്തന്നെ പറഞ്ഞതല്ലേ.
...........സിസ്റ്ററിനോട് ഞാൻ.
അതുകൊണ്ടാണ് ഞാൻ വന്നത് ....ചേട്ടനങ്ങനെ പറയല്ലേ .....ചെറിയ കുട്ടികളല്ലേ ഉള്ളത്.........സിസ്റ്റർ തുടർന്നു
ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ ......സിസ്റ്റർ പൂർത്തിയാക്കിയില്ല.

അതെനിക്കറിയാം .സിസ്റ്ററെ ... ഓപ്പറേഷനാണ് അവസാനവഴിയെന്നു .....അല്ലെങ്കിൽ മരണം .....
എന്തായാലും ഒരു സർജറിക്ക്‌ ഞാനില്ല.... മരണമെങ്കിൽ മരണം .
ഞാൻ കട്ടായം പറഞ്ഞു .
ചേട്ടനൊന്നുകൂടി ആലോചിക്കൂ ...ഞാൻ പ്രാർത്ഥിക്കാം.
ശരി ,ഞാൻ പോകുന്നു .
ആ  കണ്ണുകൾ ഒന്നുകൂടി നോക്കി,,,,

എന്നെക്കുറിച്ചെന്തിനാണ് ഇവരിങ്ങനെ വിഷമിക്കുന്നത് ,,കട്ടിലിൽ കിടന്നുകൊണ്ട് ഞാൻ ആലോചിച്ചു,ഇതിനുമുൻപൊരിക്കലും ഞാൻ ഇവരെ കണ്ടിട്ടില്ല......എനിക്കൊരു പിടിയും കിട്ടിയില്ല......
എല്ലാ ദിവസവും സിസ്റ്ററിൻറെ തിരക്ക് കഴിഞ്ഞതിനുശേഷം എന്റെ റൂമിൽ വരും.
കാണുമ്പൊൾ തന്നെ ഞാൻ പറയും .
സിസ്റ്ററെ ,എന്റെ തീരുമാനത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലട്ടൊ....
അതങ്ങോട്ട് മറന്നേക്കൂ .....
പതിനഞ്ചുദിവസം ഞാൻ ആശുപത്രിയിൽ കിടന്നു.
എന്റെ തീരുമാനത്തിന് യാതൊരു മാറ്റവും വന്നില്ല .
ആശുപത്രികൾ മാറിമാറി ചികിൽസിച്ചു.
എല്ലാവര്ക്കും ഒരേ അഭിപ്രായം .ഓപ്പറേഷനല്ലാതെ വേറെ വഴിയില്ല.
അപ്പോഴും ആ സിസ്റ്ററിൻറെ വാക്കുകളാണ് ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നത്.......
വാടിയ  ആ  മുഖവും......
ഇടയ്ക്കിടയ്ക്കു  ഞാൻ ആശുപത്രിയിൽ ചെല്ലുമ്പോൾ സിസ്റ്റർ ഓടിവരും,എന്തൊക്കെയാണ് വിശേഷങ്ങളെന്നു തിരക്കുവാൻ....
പിന്നീടൊരിക്കലും ഓപ്പറേഷൻ ചെയ്യണമെന്ന് അവർ പറഞ്ഞിട്ടില്ല,പക്ഷെ ആ മുഖഭാവം കണുമ്പോൾ മനസ്സിലാകും ,
മൂകഭാഷയിലുള്ള യാചന........                                                                                      തീരുമാനം പുനഃപരിശോധിക്കുവാൻ സമയമായി........ മുജ്ജന്മത്തിലെ ആത്മബന്ധംപോലെ ...
ഞാൻ ആലോചിച്ചു ,,,,ഞാൻ എന്തിനാണ് പേടിക്കുന്നത്.ഓപ്പറേഷൻ ചെയ്‌താൽ മരിക്കുമെന്ന ഭയം കൊണ്ടാണോ?
അങ്ങനെയാണെങ്കിൽ അതിനു സമയമായി ......
അപ്പോൾ പിന്നെ .....

ഓപ്പറേഷൻ ചെയ്‌താൽ ഒരുപക്ഷെ ജീവിതം തിരിച്ചു കിട്ടിയാലോ ?
അല്ലെങ്കിൽ മരണം ഉറപ്പാണ് .

അവസാനം ഞാൻ തീരുമാനിച്ചു...
ഓപ്പറേഷൻ ചെയ്തു.
2001 ജനുവരിയിൽ എൻ്റെ ജീവിതത്തിൽ ഒരു നഴ്‌സ്‌ ശക്തമായി ഇടപെട്ടതിന്റെ ഓർമ്മകളാണ് ഇന്നിവിടെ പങ്കുവച്ചത്.

ആരോഗ്യപ്രവർത്തകരായ ഡോക്ടർമാർ നഴ്സുമാർ മറ്റു ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനം എത്രമാത്രം വിലപ്പെട്ടതാണെന്ന് ചിന്തിക്കുവാൻ  കൊറോണ വൈറസ് നമ്മളെ പ്രേരിപ്പിച്ചു.
അവരുടെയൊക്കെ സേവനങ്ങൾ കൊറോണക്കാലത്തിനുമുമ്പും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.ചില പതിരുകളുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
എന്നാൽ ഇപ്പോഴാണ് അവരുടെ സേവനങ്ങൾ ഇത്രമാത്രം വിലയേറിയതാണെന്നു എല്ലാവര്ക്കും ബോധ്യപ്പെടുന്നത്.
രോഗഭീതിയിൽനിന്നു നമ്മൾ എപ്പോൾ മോചിതരാകുമെന്ന് ആർക്കും പറയുവാൻപറ്റാത്ത അവസ്ഥ.

രോഗം ഭേദമായതിനുശേഷം സിസ്റ്ററിനെക്കണ്ട് നന്ദിപറയുവാൻ ഞാൻ ആശുപത്രിയിൽ ചെന്നെങ്കിലും  എനിക്കവരെ കാണുവാൻ കഴിഞ്ഞില്ല,
അവരവിടെനിന്നു പോയെന്നാണ്‌ അറിയാൻ കഴിഞ്ഞത് ........
എന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ് .എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ ....





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ