2020, മേയ് 16, ശനിയാഴ്‌ച

മാറുന്ന കാലം മായുന്ന വിനോദങ്ങൾ .......2 ടീച്ചറും കുട്ടികളും


ടീച്ചറും കുട്ടികളും

നമസ്തേ ടീച്ചർ ,               ടീച്ചർ ക്‌ളാസ്സിലേക്കു കടന്നുവരുന്നു.
നമസ്തേ , സിറ്റ് ഡൌൺ.ടീച്ചറുടെ പ്രത്യഭിവാദ്യം .
എല്ലാവരും നിശ്ശബ്ദരായിരിക്കുവിൻ
ഹാജർ വിളിക്കുവാൻപോകുകയാണ് ,
ഹാജർ പുസ്തകമെടുത്ത് ടീച്ചർ താളുകൾ മറിക്കുന്നു.
 ടീച്ചർ :  ശ്രീദേവി
കുട്ടി   :ഹാജർ.
................ടീച്ചർ ഹാജർ വിളി തുടരുന്നു .....
ഈയടുത്ത കാലം വരെ കേരളത്തിലെ വീടുകളിൽ അവധി ദിവസങ്ങളിൽ പെൺകുട്ടികളുടെ ഒരു വിനോദമായിരുന്നു ടീച്ചറും കുട്ടികളും കളി.ഏതെങ്കിലുമൊരുതവണയെങ്കിലും ഈ കളി കളിക്കാത്ത പെൺകുട്ടികൾ ഉണ്ടാകുമെന്നു തോന്നുന്നില്ല.

ഇന്നത്തെപ്പോലെയുള്ള  അണുകുടുംബങ്ങളായിരുന്നില്ലല്ലോ അക്കാലത്ത്.
അതിനാൽ തന്നെ എല്ലാവീട്ടിലും ഏതെങ്കിലുമൊക്കെ കളികൾ കളിക്കുവാനുള്ള  കുട്ടികളെ അന്വേഷിച്ചു മറ്റെങ്ങും പോകേണ്ടിവരില്ല.  തൊട്ടടുത്ത വീടുകളിൽനിന്നുമൊക്കെ കുട്ടികൾ ഏതെങ്കിലും വീടുകൾ കേന്ദ്രീകരിച്ചെത്തും.മുതിർന്നവരുടെ ശ്രദ്ധയിൽനിന്നു അല്പം മാറിയായിരിക്കും ക്ലാസ്സ് മുറിയായി സങ്കല്പിക്കുന്ന സ്ഥലം കണ്ടെത്തുക.
മറ്റുകുട്ടികളെയൊക്കെ വിളിച്ചുകൊണ്ട് വന്നിരുത്തും.ഒരു കയ്യിലൊരു പുസ്തകവും മറ്റേ കയ്യിൽ ഒരു വടിയും പിടിച്ചുകൊണ്ടായിരിക്കും ടീച്ചർ കടന്നുവരുന്നത്.തലയിലൂടെ ഒരു ഷാളോ മറ്റേതെങ്കിലും തുണിക്കഷണമോ ഇട്ടു അതിന്റെ അറ്റം പിരിച്ച് ഹെയർ ബുഷ് സ്ലൈഡ് തുടങ്ങിയ പണിത്തരങ്ങളൊക്കെ വച്ച് അലങ്കരിച്ചായിരിക്കും ടീച്ചറുടെ വരവ്.
ടീച്ചർ വരുമ്പോൾ കുട്ടികളൊക്കെ എഴുന്നേറ്റ് നിന്ന് നമസ്തേ യെന്ന് പറയണമെന്ന് കളിയാരംഭിക്കുന്നതിനു മുൻപുതന്നെ പറഞ്ഞുകൊടുത്തിട്ടുണ്ടാവും.അതനുസരിച്ച് കുട്ടികളെഴുന്നേറ്റുനിന്ന് നമസ്തേ പറയും.ആരും ഇല്ലെങ്കിലും ഒറ്റയ്ക്കും ഈ കളി  കളിച്ചിരുന്ന കുട്ടികളുണ്ട്.മുൻവശത്ത് കുട്ടികളുണ്ടെന്നു സങ്കല്പിച്ചുകൊണ്ടായിരിക്കും കളി നടത്തുന്നത്.
അന്നൊക്കെ മലയാളം മീഡിയം സ്കൂളുകളിലാണല്ലോ കുട്ടികൾ പഠിക്കുന്നത്,ഇംഗ്ലീഷ് മീഡിയം പ്രചാരത്തിലായപ്പോൾ  അഭിവാദ്യം ഗുഡ് മോർണിംഗ് ആയി.
എല്ലാവരും പാഠപുസ്തകം തുറക്കൂ,,, ടീച്ചർ .
കുട്ടികൾ പാഠപുസ്തകം തുറക്കുന്നു
ഹാജർ വിളിയുടെ നേരത്തും പഠിപ്പിക്കുന്ന സമയത്തിനിടയ്ക്കും കുട്ടികൾ ശ്രദ്ധിക്കാതെ വരുമ്പോൾ നിശ്ശബ്ദരായിരിക്കുവാൻ ടീച്ചർ കുട്ടികളോട് ദേഷ്യപ്പെടുന്നത് ഇതിലെ ഒരു പതിവാണ്.

സ്കൂളിൽ ടീച്ചർമാരുടെ പെരുമാറ്റമെങ്ങിനെയായിരുന്നോ അതുപോലെ അനുകരിച്ചായിരിക്കും കളിയിലെ ടീച്ചർ കുട്ടികളോട് പെരുമാറുന്നത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് ഇത്തരം കളികൾ ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ട്.മാറുന്ന കാലത്ത് ഇത്തരം പലവിനോദങ്ങളും  അസ്തമിക്കുന്നതിൻറെ കൂട്ടത്തിൽ ടീച്ചറും കുട്ടികളും യവനികയ്ക്കുള്ളിലായി.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ