ആഘോഷങ്ങളില്ലാതെ ഒരു തൊഴിലാളി ദിനം കൂടി കടന്നുപോയി .എട്ടു മണിക്കൂർ ജോലി ,എട്ടു മണിക്കൂർ വിനോദം ,എട്ടു മണിക്കൂർ വിശ്രമം എന്ന തൊഴിലാളിയുടെ അവകാശം സ്ഥാപിച്ചെടുത്തതിൻറെ ഓർമ്മദിനം .
കോവിഡ് 19 രോഗത്തിൻറെ പശ്ചാലത്തിൽ ഇന്ന് തൊഴിലാളികൾ നിർബന്ധപൂർവ്വം ഇരുപത്തിനാലു മണിക്കൂറും ലോക് ഡൌൺ വിശ്രമത്തിലാണ് .അതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ വൈഷമ്യത്തിലാക്കിയിരിക്കുകയാണ്.
അതോടൊപ്പം പ്രവാസികളുടെ കൂട്ടത്തെയോടെയുള്ള വരവും മുന്നിലുണ്ട്. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറുമ്പോൾ ഇതിൽ എത്രപേർക്ക് തിരിച്ചുപോകുവാനുള്ള സാഹചര്യമുണ്ടാകുമെന്നും ചിന്തിക്കേണ്ട വിഷയമാണ്.കൊറോണയെക്കുറിച്ച് അമിത ഉൽക്കണ്ഠ പ്രവാസികൾക്ക് ഉണ്ടാകുവാനുള്ള സാഹചര്യം നാട്ടിലുള്ളവർ സൃഷ്ടിക്കരുത്.
കേരളത്തിൽ വന്നാലേ നല്ല ചികിത്സ ലഭിക്കുകയുള്ളൂവെന്ന തെറ്റിദ്ധാരണ സ്വന്തം കുടുംബത്തിൽ നിന്നും ബന്ധുക്കളിൽനിന്നും ഉണ്ടായിക്കൂടാ. കൂടെക്കൂടെ വിളിച്ചു് ആശ്വാസവാക്കുകൾ പറയുക.ഒറ്റയ്ക്കായതിൻറെ സങ്കീർണ്ണതകൾ അവരിലുണ്ടാകാം.അതിനെ പെരുപ്പിക്കരുത് . പ്രായമുള്ളവരും രോഗഭീതിയിൽ അമിത ടെൻഷനനുഭവിക്കുന്നവരും മടങ്ങിവരണെങ്കിൽ വന്നോട്ടെ.ആരോഗ്യമുള്ളവർ സ്വന്തം തൊഴിലുപേക്ഷിച്ചു മടങ്ങിപ്പോരരുത്.
ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഏറെയും മലയാളികളാണ്.
എല്ലാവർക്കും നല്ല ചികിത്സയാണ് അവിടെ നല്കുന്നതെന്നാണ് അവരിൽ നിന്നും മനസ്സിലാകുന്നത്.അവരുടെ സേവനങ്ങൾക്കു മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രചാരണം നമ്മുടെ നാട്ടിൽനിന്നും ഒരിക്കലും വരരുത്.
യൂ കെ യിലെ ശാസ്ത്രജ്ഞർ കൊറോണയ്ക്കു വാക്‌സിൻ കണ്ടുപിടിച്ചതിൻറെ അവസാനഘട്ട പരീക്ഷണത്തിലാണിപ്പോൾ.
ഏതാനും ആഴ്ചകൾക്കുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കുവാൻ ഒരു ഇന്ത്യൻ കമ്പനി തയ്യാറായിട്ടുണ്ടെന്നുമുള്ള ശുഭവാർത്തയും വന്നിട്ടുണ്ട്.
ഇപ്പോഴത്തെ ഈ പ്രതിസന്ധി അധികം താമസിയാതെ കടന്നുപോകും.പുതിയൊരു പ്രഭാതം ഉദയം ചെയ്യും.ശുഭപ്രതീക്ഷയോടെ ...
എല്ലാവര്ക്കും മെയ്ദിനാശംസകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ