2020, മേയ് 17, ഞായറാഴ്‌ച

സിനിമാകൊട്ടക


സിനിമാകൊട്ടക

ടങ്ഠം ടങ്ഠം ടങ്ഠം ടങ്ഠം
ടങ്ഠം ടങ്ഠം ടങ്ഠം ടങ്ഠം
എഴുപതുകളുടെ അവസാനംവരെ നാട്ടിൻപുറങ്ങളിലെ തെരുവോരങ്ങളിൽ വെള്ളിയാഴ്ചകളിൽ മുഴങ്ങിക്കേട്ടിരുന്ന ഒരു ചെണ്ടകൊട്ടിൻറെ ശബ്ദമാണിത്.
ഇത്തരം ചെണ്ട കൊട്ട് കേൾക്കുമ്പോളറിയാം
അടുത്തുള്ള സിനിമ കൊട്ടകയിൽ നിന്നുള്ള വിളംബര ജാഥയാണ് തെരുവിലൂടെ വരുന്നതെന്ന്.
ജാഥയുടെ മുൻപിൽ ഒരാൾ കളിക്കുന്ന പടത്തിൻറെ പോസ്റ്റർ ഒട്ടിച്ച ഒരു ബോർഡ് പിടിച്ചു നടക്കുന്നുണ്ടാവും . അക്കാലത്ത് നടുവേ പൊളിക്കാത്ത മെടഞ്ഞ ഒരു ചെറിയഓലക്കീറിൽ പോസ്റ്റർ പതിപ്പിച്ചായിരുന്നു പോസ്റ്റർ ബോർഡ് ഉണ്ടാക്കിയിരുന്നത്.പിന്നീട് അത് കനം കുറഞ്ഞ പട്ടിക കൊണ്ടുള്ള ബോർഡ് ആയി.തൊട്ടു പിറകെ ചെണ്ടകൊട്ടുന്ന ഒരാൾ,ഒപ്പം ഇലത്താളം അടിച്ചുകൊണ്ട് മറ്റൊരാൾ.ഇനിയൊരാൾ കൂടിയുണ്ട്.സിനിമ നോട്ടീസ് വിതരണം ചെയ്യുന്നയാൾ.     അയാൾക്കായിരിക്കും ഇത്തിരി ഗമയുള്ളത്.
കൊട്ടു കേട്ടോടിക്കൊണ്ടുവരുന്ന എല്ലാ കുട്ടികൾക്കൊന്നും  ഇയാൾ നോട്ടീസ്സ്   കൊടുക്കുകയില്ല.മുതിർന്നവരുടെ കയ്യിലെത്തുമെന്നുറപ്പുണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക്  നോട്ടീസ് കൊടുക്കുകയുള്ളൂ.എന്തായാലും ചെണ്ട കൊട്ട് കേൾക്കുമ്പോൾ വഴിയരുകിൽ ആളുകൾ ജിജ്ഞാസയോടെ കാത്തുനിൽക്കും.അടുത്ത പടമെന്താണെന്നറിയുവാൻ.
വെള്ളിയാഴ്ചകളിലാണ് സാധാരണയായി പടം മാറിയിരുന്നത് .ചില പടങ്ങൾ ഒരാഴ്ച തികച്ച് ഓടാതെ വരുമ്പോൾ രണ്ട് ദിവസത്തേക്കോ മൂന്നു ദിവസത്തേക്കോ ഏതെങ്കിലും പഴയ പടങ്ങളോ അല്ലെങ്കിൽ അന്യ ഭാഷാചിത്രങ്ങളോ മറ്റും ഓടിച്ചു ആഴ്ച വട്ടമെത്തിക്കും.ഇങ്ങനെ ഓടിക്കുന്ന പടത്തിനെ  ഗ്യാപ്  പടങ്ങളെന്നാണ് പറയുന്നത്.
നോട്ടീസിൽ പരസ്യം ചെയ്യുന്ന സിനിമയുടെ കഥയുടെ രത്നച്ചുരുക്കം കഥാസാരമെന്ന പേരിൽ അച്ചടിച്ചിട്ടുണ്ടാവും.കഥയുടെ ചുരുക്കം സസ്പെൻസോടെ പറഞ്ഞു നിറുത്തിക്കൊണ്ട് ...ശേഷം വെള്ളിത്തിരയിൽ,എന്നവസാനിപ്പിക്കും.കാൽനടയായി വിളംബരം ചെയ്യുന്നതിന് പരിമിതികളുണ്ടല്ലോ.കൂടുതൽ പരസ്യം നല്കുന്നതിനുവേണ്ടി
 ബസ്റ്റോപ്പുകളിലും പ്രധാനപ്പെട്ട ജംഗ്ഷനുകളിലുമുള്ള കടകളുടെ മുൻപിൽ സിനിമാപരസ്യബോർഡ് സ്ഥാപിക്കാറുണ്ട്.ഇങ്ങനെ ബോർഡ് വയ്ക്കുന്ന കടകക്കാരന് വെള്ളി,ശനി, ഞായറാഴിച്ചുള്ള ദിവസങ്ങളിൽ കൊട്ടകയിൽ വന്നു സിനിമ കാണുന്നതിനുള്ള പാസ്സ് കൊടുക്കാറുണ്ട്.
പിൽക്കാലത്ത് ഓട്ടോറിക്ഷാ അനൗൺസ്‌മെൻറ് വന്നതോടെ ചെണ്ടകൊട്ടിയുള്ള വിളംബരം ചരിത്രത്തിൻറെഭാഗമായി.
സിനിമാകൊട്ടകയിൽ തറ ബെഞ്ച് ബാക്‌ബെഞ്ച്‌ കസേര എന്ന നാലു തരത്തിലുള്ള ടിക്കറ്റുകളാണ് വില്പന നടത്തിയിരുന്നത്.തറ ടിക്കറ്റ് എടുത്തവർക്ക് തിരശീലയ്ക്കു തൊട്ടടുത്തതായിട്ട് മണ്ണിലായിരുന്നു ഇരിക്കുവാനുള്ളയിടം.പിന്നീട് തറടിക്കറ്റ് എടുത്തുകളയുകയും ആ സ്ഥാനത്ത് ബെഞ്ച് വരുകയും ചെയ്തു.‌ പടം നാല് റീലായിട്ടായിരിക്കും പ്രോജെക്ടറിൽനിന്ന് പ്രക്ഷേപണം ചെയ്യുക.ഓരോ റീല് കഴിയുമ്പോളും ചെറിയൊരു ഇടവേളയുണ്ടാകും.ഈയിടവേളകളിലും പ്രധാനയിടവേളകളിലും കപ്പലണ്ടിയും പാട്ടുപുസ്തകവുമായും കച്ചവടക്കാർ പ്രേക്ഷകരുടെയടുത്തെത്തും.
പടം തുടങ്ങുന്നതിനു അര മണിക്കൂറിനുമുമ്പ് ആദ്യ ബെല്ലടിക്കും,അതോടെ കോളാമ്പി മൈക്കിലൂടെ ഉച്ചത്തിലുള്ള പാട്ട് കേൾക്കുവാൻ തുടങ്ങും.രണ്ടാമത്തെ ബെല്ലടിക്കുമ്പോൾ പാട്ടുകോട്ടകയ്ക്കകത്തുമാത്രമാകും.അല്പം കഴിയുമ്പോൾത്തന്നെ മൂന്നാം ബെല്ലടിക്കുകയും സിനിമ ആരംഭിക്കുകയും ചെയ്യും.ഓല മേഞ്ഞ കൊട്ടകയായതിനാൽ
മഴക്കാലമാകുമ്പോൾ  മേൽക്കൂര ചോർന്ന് വെള്ളം പ്രേക്ഷകരുടെ തലയിൽ വീഴുമ്പോൾ ചിലപ്പോഴൊക്കെ ചില്ലറ കശപിശകളൊക്കെയും ഉണ്ടാകാറുണ്ട്.കാലം മാറിയപ്പോൾ ഒട്ടനവധി പരിഷ്‌കാരങ്ങൾ വന്നകൂട്ടത്തിൽ കൊട്ടകൾക്കും പരിഷ്‌കാരം വന്നു,പ്രേക്ഷകർക്കും മാറ്റം വന്നു.മൾട്ടിപ്ലക്സ് തീയറ്ററുകൾവരെയായി. ഇനി കോവിഡ് രോഗാനന്തരകാലം സിനിമ കാണൽ തിയറ്ററുകളിലായിരിക്കുമോ അതോ ഓരോരുത്തരുടെയും വീടുകളിൽത്തന്നെയാകുമോ ..............?. ശേഷം വെള്ളിത്തിരയിൽ




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ