പെരിയാറേ പെരിയാറേ പർവ്വതനിരയുടെ പനിനീരെ .......
കുളിരും കൊണ്ട് കുണിങ്ങി നടക്കുന്ന മലയാളി പെണ്ണാണ് നീ ...
ഒരു മലയാളിപ്പെണ്ണാണ് നീ....
ഈ പാട്ടുകേട്ടിട്ടില്ലാത്ത ഒരു മലയാളിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഫോർട്ട് കൊച്ചി ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായ ഒരു സുഹൃത്തിനെ കാണുവാൻ ഞാനും മറ്റൊരു സുഹൃത്തായ ജെയിംസുമൊത്ത് ചെന്നപ്പോൾ രോഗിയായ ആ സുഹൃത്ത് വളരെ സന്തോഷത്തോടെ പാടിക്കൊണ്ടിരുന്ന ഒരു പാട്ടായിരുന്നു ഇത്.പാട്ടുമുറുകുന്തോറും ഞങ്ങളുടെ ഉള്ളു നീറുന്നു.കറയാതിരിക്കുവാൻ നന്നേ പാടുപെട്ടു.
ഇതിലെന്താ ഇത്ര പ്രത്യേകതയെന്ന് ഒരു പക്ഷെ നിങ്ങൾക്ക് തോന്നാം.പക്ഷെ,അതിലൊരു പ്രത്യേകതയുണ്ട്...കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ഹൃദയത്തിന്റെ നൊമ്പരം...
1982 മുതൽ ഫോർട്കൊച്ചിയിലെ ഒരു കേന്ദ്ര ഗവ സ്ഥാപനത്തിലെ ഒരു ജീവനക്കാരനാണ് ഇയാൾ.തൽകാലം ഇയാളെ ആനന്ദ് എന്ന് വിളിക്കാം.തെക്കൻ ജില്ലക്കാരനായ ആനന്ദ് 82 ൽ ഇവിടെ ജോലി ലഭിച്ചതോടെയാണ് കൊച്ചിയിൽ സ്ഥിരതാമസമാക്കിയത് .എസ് എസ് എൽ സി പ്രൈവറ്റായി പഠിച്ചു പരീക്ഷയെഴുതി പാസ്സായി.
കൊച്ചിയുടെ സമീപപ്രദേശത്തുനിന്ന് തന്നെ വിവാഹം കഴിച്ചു.
ഭാര്യക്ക് മറ്റൊരു കേന്ദ്ര ഗവ സ്ഥാപനത്തിൽ ജോലി.
രണ്ട് പെൺകുട്ടികൾ,
രണ്ടുപേരും കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.വളരെ സന്തുഷ്ട കുടുംബം.
മക്കൾ എന്തുപറഞ്ഞാലും ചെയ്തുകൊടുക്കുന്ന അച്ഛൻ.
സ്വന്തമായൊരു ജീപ്പ് വാങ്ങി.
നാട്ടിൽ പോയപ്പോൾ വാങ്ങിയതാണ്.കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതും വരുന്നതും ആനന്ദ് ജോലിക്കു വരുന്നതുമൊക്കെ പിന്നെ ഈ ജീപ്പിലായിരുന്നു.
കുട്ടികൾക്ക് വേണ്ടി വാങ്ങിക്കുന്ന പ്രസിദ്ധീകരണങ്ങളൊക്കെയും ആനന്ദും വായിക്കും, അത് ഹൃദിസ്ഥമാക്കുകയും ചെയ്യും. അങ്ങനെ വളരെ സന്തോഷത്തോടെ കഴിയുമ്പോളാണ് ഒരു കല്ല് വീഴുന്നത്.
ജോലിസ്ഥലത്തുതന്നെയുള്ള ഒരാൾ നടത്തിയിരുന്ന ചിട്ടിയുമായി ബന്ധപ്പെട്ടു കുറച്ചു തുക ആനന്ദിന് നഷ്ടപ്പെട്ടു.ചിട്ടിനടത്തിയിരുന്നയാളുമായി കേസും കശപിശയുമായി.ആകെ സ്വസ്ഥത നഷ്ട്ടപ്പെട്ടു.
ഈ വിഷയം കുടുംബാന്തരീക്ഷത്തിലും വിള്ളലുണ്ടാക്കി. .വീട്ടിൽനിന്ന് ഇറങ്ങിപ്പോന്ന ആനന്ദ് ഓഫീസിനോട് ചേർന്നുള്ള ഒരു കെട്ടിടത്തിൽ കുറച്ചുകാലം താമസിച്ചു.അതോടെ ദിനചര്യകളിലും ഭക്ഷണക്രമത്തിലും ഒട്ടേറെ മാറ്റം വന്നു.
ഒരു ദിവസം ജോലിസ്ഥലത്തുവച്ച് ഒരു തലചുറ്റൽ വന്ന ആനന്ദിനെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.ഒരുവശത്തെ ചലനശേഷി നഷ്ടപ്പെട്ടു.അതോടൊപ്പം സംസാരശേഷിയും പോയി.പരസഹായമില്ലാതെ ഒന്നും ചെയ്യുവാൻപറ്റാത്ത അവസ്ഥ.ആശുപത്രിയിൽനിന്ന് വീട്ടിലേക്കു പോയെങ്കിലും കുടുംബാന്തരീക്ഷം പഴയതുപോലെ ബലപ്പെട്ടില്ല.
അതിനിടെ ഒരുമകൾ അർബുദരോഗത്തിൻറെ പിടിയിലുമായി.ഭർത്താവിനെയും നോക്കണം മകളുമായി ചികിത്സയ്ക്ക് പോകണം പിന്നെ ജോലിക്കും പോകണം,എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ നട്ടംതിരിഞ്ഞു.
ആനന്ദിൻറെ ഒരു സഹോദരി നാട്ടിൽനിന്നു വന്നു,ചികിത്സാകാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ തയ്യാറായി.ചലന ശേഷി വീണ്ടെടുക്കുവാൻ ഫിസിയോ തെറാപ്പിയും ആയുർവേദ ചികിത്സയും തുടങ്ങി.സംസാരശേഷി കിട്ടിയില്ല.പക്ഷെ,പണ്ട് കേട്ട് പഠിച്ച കുറെ പഴയ പാട്ടുകൾ നിറുത്താതെ പാടുവാൻ തുടങ്ങി. ബുദ്ധിഭ്രമം സംഭവിച്ചതുപോലെ.
സംസാരിക്കുമ്പോൾ അക്ഷരങ്ങൾ മുഴുവനാക്കുവാൻ പറ്റുന്നില്ല,പക്ഷെ,പണ്ടെങ്ങാനും കേട്ട പാട്ടുകൾ ഒരുതെറ്റും കൂടാതെ നോൺ സ്റ്റോപ്പായിട്ടു പാടുന്നു....
ഞങ്ങൾ ആശുപത്രിയിൽ ചെല്ലുമ്പോൾ ഇങ്ങനെ നിറുത്താതെ പാടിക്കൊണ്ടിരിക്കുകയായിരുന്നു. അർബുദത്തിന് കീഴടങ്ങി മരണം വരിച്ച മകളുടെ ചിത ശ്മശാനത്തിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന കാര്യം അറിയാതെ അച്ഛൻ പാടുന്നു ...ഉയർന്ന സ്വരത്തിൽ ....സന്തോഷത്തോടെ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ