2020, മേയ് 27, ബുധനാഴ്‌ച

നമ്മളൊക്കെ കാഴ്ചക്കാരോ...... ?

നമ്മളൊക്കെ കാഴ്ചക്കാരോ.....


?
അല്ലാ ,ഈ അടിപ്പൻ പദ്ധതികളൊക്കെ നമ്മുടെ വൈപ്പിൻകരയിൽ വന്നതുകൊണ്ട് നമുക്കെന്താ പ്രയോജനം?.

"പ്രകൃതിവാതകം അടുപ്പിലെത്താൻ വൈകും " എന്ന ശീർഷകത്തൊടെ ഇന്നലത്തെ പത്രത്തിൽ വന്ന വാർത്ത വായിച്ചുകൊണ്ടിരുന്ന ആൻറണി ചേട്ടൻ വായന നിറുത്തി ചോദിച്ച ചോദ്യമായിരുന്നു അത്.
ആദ്യം ഞാനത് ഗൗനിച്ചില്ല.
അൽപ്പം കഴിഞ്ഞപ്പോൾ അതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ചോദ്യത്തിൽ കഴമ്പില്ലേയെന്ന് എനിക്കും തോന്നി.
ഗോശ്രീ പാലത്തിൻറെ വരവോടുകൂടി വൈപ്പിൻകരയുടേയും അനുബന്ധ ദ്വീപുകളുടേയും യാത്രയക്ലേശത്തിന് കുറെ പരിഹാരമായി.
അതോടൊപ്പം ദ്വീപുകളിലേക്ക് വിവിധ പദ്ധതികളുടെ ഘോഷയാത്രതന്നെയായിരുന്നു,ദ്വീപുകൾക്ക് വൻ വികസന പദ്ധതികളാണ് വന്നുകൊണ്ടിരിക്കുന്നത്,മുഖച്ഛായതന്നെ മാറും,ഗോശ്രീ ദ്വീപുകൾ ന്യൂ കൊച്ചിയെന്നറിയപ്പെടും എന്നൊക്കെ മാധ്യമങ്ങളുൾപ്പെടെ എല്ലാവരും വാനോളം പുകഴ്ത്തി. ഇനി വൈപ്പിൻകാർക്കു തൊഴിൽ തേടി മറ്റെങ്ങും പോകേണ്ടതായി വരില്ല,ഇവിടെ ധാരാളം തൊഴിൽ സാധ്യതകളാണ് ഭാവിയിൽ ഉണ്ടാകുവാൻ പോകുന്നത്........
ഒന്നും സംഭവിച്ചില്ല.ഇവിടത്തുകാർക്കു കുടുംബം പോറ്റണമെങ്കിൽ വൻകരയുമായി ബന്ധപ്പെടണം.
ഗോശ്രീ പാലം പണിതപ്പോൾ ദ്വീപു നിവാസികളായ നിർമ്മാണ തൊഴിലാളികൾ തൊഴിൽവേണമെന്ന ആവശ്യം ആദ്യമേ ഉന്നയിച്ചു, തൊഴിൽ ആവശ്യമുള്ളവർ പേര് രെജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ നിർദേശിച്ചു. പണി ആർക്കുംതന്നെ കിട്ടിയില്ല,കാത്തിരുന്നത് മിച്ചം.
കണ്ടൈനർ ടെർമിനൽ വന്നു,ദ്വീപിലെ എത്ര പേർക്ക് തൊഴിൽ കിട്ടിയെന്ന് ആർക്കറിയാം.ദുബായ് പോർട്ട് പ്രവർത്തനം തുടങ്ങുമ്പോൾ നല്ല തൊഴിൽ സാധ്യതയാണെന്നാണ് അന്നത്തെ പ്രഖ്യാപനം. അതും പാഴ്വാക്കായി.
പിന്നീട് കെ എം ആർ എൽ വന്നു,എൽ എൻ ജി വന്നു,ഇപ്പോൾ വിവാദമായ ഐ ഒ സി യും വരുന്നു.
എൽ എൻ ജി യുടെ നിർമ്മാണഘട്ടത്തിൽ കുറെ നാട്ടുകാർക്ക് തൊഴിൽ ലഭിച്ചെങ്കിലും അത് പ്രവർത്തനം തുടങ്ങിയപ്പോൾ നാട്ടുകാരെ തഴഞ്ഞു.
രാഷ്ട്രീയപ്പാർട്ടികൾ സംയുക്തമായി സമരങ്ങളൊക്കെ നടത്തി.ഫലം തഥൈവ.
എൽ എൻ ജി വന്നുകഴിഞ്ഞാൽ വീട്ടിനകത്തു പൈപ്പിലൂടെ പാചകവാതകം വരുമെന്നും എൽ പി ജി യേക്കാൾ ചെലവ് കുറവായിരിക്കും എൽ എൻ ജി യ്ക്കെന്നൊക്കെ പറഞ്ഞു സുഖിപ്പിച്ചു. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലും തൃക്കാക്കരയിലുമാണ് കുറച്ചുപേർക്ക് ഗ്യാസ് കണക്ഷൻ കൊടുത്തത്.അവിടെയാകട്ടെ കണൿഷൻ തരാമെന്ന് പറഞ്ഞപ്പോൾ വേണ്ടെന്നു പറഞ്ഞവരാണ് അധികവും.ആദ്യം കണക്ഷൻ നൽകേണ്ടത് ഇവിടത്തുകാർക്കാണെന്നാണ് അന്ന് പറഞ്ഞിരുന്നത്.444 കി മീറ്റർ ദൈർഘ്യമുള്ള കൊച്ചി മംഗലാപുരം പൈപ്പ്‌ലൈൻ ഏറെക്കുറെ പൂർത്തിയായി അടുത്ത ടെണ്ടറിൽ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി.എന്നാൽ ഒരിടത്തും ഗോശ്രീ ദ്വീപുകളെയുൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞിട്ടില്ല.നമ്മളൊക്കെ എല്ലാത്തിന്റെയും കാഴ്‌ചക്കാർ.
ഈ പദ്ധതികളൊക്കെയും അപകടസാധ്യതയേറെയുള്ളതാണ്.
എന്തെങ്കിലും സംഭവിച്ചാൽ,അങ്ങനെയുണ്ടാകാതിരിക്കട്ടെയെന്ന് പ്രാർത്‌ഥിക്കാം,അതിൻറെ തിക്ത ഫലങ്ങൾ മുഴുവനും അനുഭവിക്കാനുള്ളത് പ്രദേശവാസികളാണ്.
അപ്പോൾ അതിന്റെ ഗുണഭോക്താക്കളാകുവാനും പ്രദേശവാസികൾക്ക് അര്ഹതയില്ലേ.ഗോശ്രീ നിവാസികൾ ഓരോരുത്തരും ഒന്ന് പിന്നോട്ട് തിരിഞ്ഞുനോക്കുക,ഘോഷയാത്രയായി വന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകുവാൻ നമ്മളിൽ എത്രപേർക്ക് കഴിഞ്ഞു.
ഇങ്ങനെ മതിയോ......... ?














അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ