കേരളത്തിൻറെ കാർഷിക സമ്പത്ത് വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്ന ഭക്ഷ്യേതര വിളയാണ് തെങ്ങ്. തെങ്ങിൽനിന്ന് തേങ്ങ മാത്രമല്ല,അതിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഉപയോഗപ്രദമാണ്.വെളിച്ചെണ്ണ,കള്ള്,കയർ തുടങ്ങിയ വ്യവസായങ്ങൾക്കുവേണ്ട അസംസ്കൃത വസ്ത്തുക്കൾ തെങ്ങിൽനിന്ന് ലഭിക്കുന്നു.ഓലയും മടലും ചിരട്ടയും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ പറ്റുന്നു.തീരപ്രദേശങ്ങളിലാണ് തെങ്ങു സമൃദ്ധിയായി വളരുന്നത്.തീരദേശത്ത് നീർവാഴ്ചയുള്ള മണ്ണുള്ളതുകൊണ്ടാണ് തെങ്ങു തഴച്ചു വളരുന്നത്.
തെങ്ങിന് വേനൽക്കാലത്ത് നനയ്ക്കുകയാണെങ്കിൽ എല്ലാവർഷവും അതേസമയത്ത് നനച്ചിരിക്കണം.വെള്ളത്തതിന്റെ ലഭ്യതയനുസരിച്ചു വളരുവാൻ കഴിവുള്ള ഒരു വൃക്ഷമാണ് തെങ്ങ്.
തെങ്ങിൻ തോപ്പുകളിൽ പച്ചിലച്ചെടികൾവളർത്തി അതിനുതന്നെ വളമായി ഉപയോഗിക്കുന്നു. മഴക്കാലത്തു തെങ്ങിൻ ചുവട്ടിൽ വെള്ളം സംഭരിക്കുവാൻ തടമെടുത്തു കൊടുക്കണം.വലിയ പരിചരണം കൊടുത്തില്ലെങ്കിലും അത്യാവശ്യം കൃഷിപ്പണികൾ ചെയ്താൽ തെങ്ങിൽനിന്നും നല്ല രീതിയിൽ ഫലം ലഭ്യമാകും.
കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കുന്നത് കേരളത്തിൽ സർവ്വസാധാരണമാണ്.പഴയ കാലത്ത് നാടൻ ചക്കുകളിലാണ് കൊപ്ര ആട്ടിയിരുന്നത്.എന്നാലിപ്പോൾ യന്ത്രമില്ലുകൾ കിട്ടാവുന്നത്ര വെളിച്ചെണ്ണ കൊപ്രയിൽനിന്നു ആട്ടിയെടുക്കുവാൻ സഹായിക്കുന്നു. പിണ്ണാക്ക് കാലിത്തീറ്റയായും വളമായും ഉപയോഗിക്കാറുണ്ട്. തേങ്ങയുടെ മടലിൽനിന്നു ലഭിക്കുന്ന ചകിരി,കയറും കയറുല്പന്നങ്ങളുടെയും വ്യവസായത്തിൻറെ പ്രധാന അസംസ്കൃത വസ്തുവാണ്.ചിരട്ട ഇന്ധനമായും വ്യവസായികാവശ്യത്തിനായും ഉപയോഗിക്കുന്നു.കള്ളുവ്യവസായവും തെങ്ങിനെ ആശ്രയിച്ചു നിൽക്കുന്നു. തെങ്ങിൽനിന്നും കരിക്ക് എടുക്കുകയാണെങ്കിൽ നല്ലവിലയും കിട്ടും ഉത്പാദനശേഷിയും കൂടും.കരിക്കും കരിക്കുകൊണ്ടുള്ള വിഭവങ്ങൾക്കും ഇപ്പോൾ നല്ല വിപണിയുള്ളതിനാൽ കരിക്കുവില്പന വളരെ ലാഭകരമാണ്.
നല്ലഉൽപ്പാദനശേഷിയുള്ള തെങ്ങിനെ മാതൃ വൃക്ഷമായി തെരഞ്ഞെടുത്ത് അതിൽനിന്നുള്ള തേങ്ങകളായിരിക്കണം വിത്തിനായി തെരഞ്ഞെടുക്കേണ്ടത്.ഇരുപതു വർഷത്തിൽ കുറവ് പ്രായമുള്ള തെങ്ങിൽനിന്നും വിത്തുതേങ്ങയെടുക്കരുത്.ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് വിത്ത് തേങ്ങ ശേഖരിക്കേണ്ടത്.പ്രതിവർഷം 80-85 തേങ്ങയിൽ കുറവ് ലഭിക്കുന്ന തെങ്ങിനെയും വിത്തുസംഭരണത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്.600 ഗ്രാമിൽ കുറവ് തൂക്കമുള്ള തേങ്ങയും എടുക്കരുത്.നട്ടു മൂന്നുമാസം കഴിഞ്ഞാൽ തേങ്ങാ മുളച്ചുതുടങ്ങും.
നല്ല ലക്ഷണമൊത്ത തെങ്ങിൻ തൈകളായിരിക്കണം നടുന്നതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്.തെങ്ങിൻതോപ്പുകളുടെ കാലം കഴിഞ്ഞെങ്കിലും ഓരോ വീട്ടിലും ലഭ്യമായ സ്ഥലത്ത് തെങ്ങ് നട്ടുപിടിപ്പിച്ചാൽ വീട്ടാവശ്യത്തിനുള്ള നാളികേരം നമുക്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കാം.നല്ലരീതിയിൽ പരിചരിച്ചാൽ നല്ലവിളനൽകുന്ന കല്പവൃക്ഷമാണ് തെങ്ങ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ