![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhpkAHLkmCg_7DDceJpIG25ejaR3dl2zpuSiHEvWc4s-nMkuKFDiMp2t5PHwKbiKLvyT1zK4pwESF7d23jO1BNwKIHJ6b1aaAoD3GwJOL8xjggWp1w3OSkvxoXAOOA5Rj4BxyH81iP_8Jo/s640/patta.jpg)
ആയിരത്തിത്തൊള്ളായിരത്തിയെൻപതുകളുടെ അവസാനംവരെ കൊച്ചിയിലെ ഒരു പ്രഭാത കാഴ്ചയായിരുന്നു മലം നിറച്ച പാട്ടവണ്ടിവലിച്ചുകൊണ്ട് റോഡിലൂടെ ഒരാൾ നടന്നു പോയിരുന്നത്.അക്കാലത്ത് വീടുകളിൽ സെപ്റ്റിക് ടാങ്ക് ആയിട്ടില്ലായിരുന്നു. അന്നത്തെ ശൗചാലയം പാട്ടകക്കൂസുകളായിരുന്നു.എല്ലാദിവസവും രാവിലെ ഓരോ വീട്ടിൽനിന്നും ശേഖരിക്കുന്ന മലം പാട്ടവണ്ടിയിൽ നിക്ഷേപിക്കുന്നു.പാട്ടവണ്ടി നിറയുമ്പോൾ അതും വലിച്ചുകൊണ്ട് ഫോട്കൊച്ചി വെളിക്ക് തെക്കുവശത്തുള്ള കടലിനോട് ചേർന്നുള്ള പറമ്പിൽ നിക്ഷേപിക്കുന്നു.മനുഷ്യവിസർജ്യം നിക്ഷേപിച്ചിരുന്ന ഈ സ്ഥലത്തിനെ "തീട്ടപ്പറമ്പ്" എന്നാണു വിളിച്ചിരുന്നത്.
തുരുമ്പിച്ച തീട്ടപാട്ട വണ്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ അതിൻറെ ദ്വാരത്തിലൂടെ മലം ഇറ്റിറ്റു റോഡിൽ വീഴുമായിരുന്നു.
ആദ്യകാലങ്ങളിൽ പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിച്ചിരുന്നതും അത് വെളിയിലെ തീട്ടപറമ്പിൽ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നതും പ്രാദേശികരായിട്ടുള്ള തൊഴിലാളികളായിരുന്നു.
ഒരു ഞായറാഴ്ച രാവിലെ ഫോട്കൊച്ചി സാന്തക്രൂസ് ദേവാലയത്തിൽ ദിവ്യബലി കഴിഞ്ഞു പുറത്തിറങ്ങിയ ചട്ടക്കാരടക്കം(ഫോർട്ട് കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ ചട്ടക്കാർ എന്നാണ് വിളിച്ചിരുന്നത്) ആളുകൾ അസഹ്യമായ മണംകൊണ്ട് ഛർദിക്കുവാൻ തുടങ്ങി. പള്ളിക്കുപുറത്തുള്ള റോഡരികിൽ അന്നുരാവിലെ ശേഖരിച്ച മലം നിറഞ്ഞ തീട്ടപാട്ട വണ്ടികൾ ഓരോന്നായി കൊണ്ടുവന്നിട്ടിരിക്കുകയായിരുന്നു. അതിൽ നിന്നുള്ള ദുർഗന്ധമായിരുന്നു ആളുകളെ അലോസരപ്പെടുത്തിയത്.
ഫോട്കൊച്ചി അന്ന് മുനിസിപ്പാലിറ്റിയായിരുന്നു,ചെയർ മാൻ ശ്രീ കെ ബി ജേക്കബും.പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിക്കുന്നതിനുള്ള കൂലിയിൽ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൻറെ ഭാഗമായിട്ടായിരുന്നു തൊഴിലാളികൾ പാട്ടവണ്ടി റോഡിലുപേക്ഷിച്ചത്.
മുനിസിപ്പൽ ചെയർമാൻ കെ ബി ജേക്കബ് അടിയന്തിരമായി വിഷയത്തിലിടപെട്ടുകൊണ്ട് തമിഴ് നാട്ടിലേക്ക് ഒരാളെ അയച്ച് ആവശ്യത്തിനുള്ള തമിഴ് തൊഴിലാളികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നു,കക്കൂസ് വൃത്തിയാക്കുന്ന ജോലി ഇവരെ ഏല്പിച്ചു.ഇങ്ങനെവന്നവരാണ് കൊച്ചിയിലെ തോട്ടിത്തൊഴിലാളികൾ.ചക്ലിയർ സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവർ.
ഐ എൻ എസ് ദ്രോണാചാര്യ അന്ന് നേവൽ കോസ്റ്റ് ബാറ്ററിയെന്നാണ് അറിയപ്പെട്ടിരുന്നത്.വെളി ബീച്ച് റോഡ് ബസ്റ്റോപ്പായിരുന്നു തെക്കേ അതിർത്തി. അതിനോട് ചേർന്നുള്ള ഫോട്കൊച്ചി പൊതു ശ്മശാനത്തിലേക്കുള്ള വഴിയരികിൽ ചക്ലിയർക്ക് താമസിക്കുവാൻ കെട്ടിടം പണിതു കൊടുത്തു.ചക്ലിയർ കോളനിയുടെ അല്പം കൂടി തെക്കുഭാഗത്തായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്ന തീട്ടപ്പറമ്പ്.എൺപതുകളുടെ അവസാനത്തോടെ എല്ലാവർക്കും സെപ്റ്റിക് ടാങ്കോടുകൂടിയശൗചാലയങ്ങൾ ആയതോടെ തോട്ടിപ്പണിക്കാരെ കോർപറേഷൻ അതിർത്തിയിലെ കാണ ശുചിയാക്കുന്ന തൊഴിലിനും മറ്റുമുപയോഗിച്ചു് അവരുടെ തൊഴിൽ സംരക്ഷിച്ചു.
പിന്നീട് ഐ എൻ എസ് ദ്രോണാചാര്യയുടെ വികസനത്തോടനുബന്ധിച്ചു തെക്കോട്ടുള്ള സ്ഥലം ഏറ്റെടുത്തപ്പോൾ ചക്ലിയർ കോളനിയും തീട്ടപറമ്പും പൊതു ശ്മശാനവും നേവിയുടെ അധീനതയിലായി.ചക്ലിയരെ രാമേശ്വരം കോളനിയിലേക്ക് മാറ്റി താമസിപ്പിച്ചു.നൂറിൽ താഴെ ചക്ലിയർ കുടുംബങ്ങളാണ് ഇപ്പോൾ രാമേശ്വരം കോളനിയിലുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ