കോവിഡ് പശ്ചാത്തലത്തിലുള്ള ഒരു ഓണം ആഘോഷമാണല്ലോ ഈ വർഷം നമ്മൾ നടത്തുന്നത്. പൊതുവായ കൂട്ടായ്മകളോ ആഘോഷങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരോണഘോഷം. .കുറേയാളുകൾ e ഓണമായും ആഘോഷിക്കുന്നു.
ഈയവസരത്തിൽ അമ്പതു വർഷം മുൻപുള്ള ഓണാഘോഷത്തെക്കുറിച്ചു ഓർത്തുപോകുകയാണ്.പ്രേത്യേകിച്ചും വൈപ്പിൻകരയിലെ ജനങ്ങളുടെ ഓണാഘോഷം .
1341 ലെ ഒരു മഹാപ്രളയത്തിൽ പെരിയാറിന്റെ ഗതിമാറിയൊള്ളു ഒഴുക്ക് കൊച്ചി തുറമുഖത്തിന്റെ ആവിർഭാവത്തിനു കരണമായതോടോപ്പം കൊച്ചിക്കും കൊടുങ്ങല്ലൂരിനുമിടയിൽ നെടുനീളത്തിലുള ഒരു കരയുണ്ടാവുകയും ചെയ്തു.വയ്പ് ഭൂമിയായതിനാൽ ഈ കരയെ "വയ്പുകര"എന്നു വിളിച്ചു.അതാണ് നമ്മുടെ വൈപ്പിൻകര.നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ഇവിടെ ജീവിച്ചിരുന്നവർ ഭൂരിഭാഗവും കടൽ കായൽ മത്സ്യത്തൊഴിലാളികളായിരുന്നു.അതുപോലെ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളികളുമുൾപ്പെട്ട അടിസ്ഥാന തൊഴിലാളി സമൂഹമായിരുന്നു ഇവിടത്തുകാർ.ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവിടെ സമാധാനമായി ജീവിച്ചിരുന്നു.
അത്തം മുതൽ പൂക്കളമിടുന്നതിനുള്ള വിവിധയിനം പൂവുകൾ ചുറ്റുപാടുമുള്ള വിശാലമായ പറമ്പുകളിൽനിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. തുമ്പപ്പൂവ്,കാക്കപ്പൂവ്,കോളാമ്പിപ്പൂവ്,ചെത്തിപ്പൂവ്,ചെമ്പരത്തിപ്പൂവ്എന്നിങ്ങനെ ഒട്ടനവധി പൂക്കൾ നമ്മുടെ പ്രദേശത്തു തന്നെ സമൃദ്ധമായുണ്ടായിരുന്നു.
ഇന്നത്തെ പോലെ എല്ലാ സമുദായങ്ങളും ഓണമാഘോഷിക്കുന്ന പതിവ് അന്നുണ്ടായിരുന്നില്ല.ഹിന്ദു സമൂഹമായിരുന്നു അക്കാലത്തു ഓണം ആഘോഷിച്ചിരുന്നത്.എങ്കിലും മറ്റു സമുദായത്തിലുള്ള കുറേയാളുകൾ വീട്ടുമുറ്റത്തു പൂക്കളമൊരുക്കുകയും ഓണസദ്യ തയ്യാറാക്കുകയും ചെയ്തിരുന്നു.
ഓണക്കോടിയും മറ്റും വാങ്ങിയിരുന്നത് ഹിന്ദുക്കൾ മാത്രമായിരുന്നു.തുണിക്കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിച്ചാണ് ഉടുത്തിരുന്നത്.ഓണത്തിനും വിഷുവിനും ഹിന്ദുക്കളും ക്രിസ്തുമസ്സിനും ഈസ്റ്ററിനുംക്രിസ്ത്യാനികളും റംസാനും ബക്രീദിനും മുസ്ലീങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും പുതു വസ്ത്രങ്ങൾ വാങ്ങുമായിരുന്നു.ആഘോഷങ്ങൾ വരുമ്പോൾ കുട്ടികൾക്ക് വളരെ സന്തോഷമായിരുന്നു.പുത്തനുടുപ്പും നല്ലഭക്ഷണവും കിട്ടുമല്ലോയെന്ന സന്തോഷം.എന്നാൽ മാതാപിതാക്കൾക്ക് ഉള്ളിൽ തീയും. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന അന്നത്തെ തലമുറ പണം കണ്ടെത്തുവാൻ നെട്ടോട്ടമോടുന്ന ഒരു സാഹചര്യമാണ് അക്കാലത്തുണ്ടായിരുന്നത്.എങ്കിലും ആഘോഷങ്ങൾ മാന്യമായിത്തന്നെ എല്ലാവരും കൊണ്ടാടിയിരുന്നു.
ഉത്രാടരാത്രിയിൽ ഉറക്കമൊഴിച്ചു ഉപ്പേരിയും മറ്റു വറപലഹാരങ്ങളും കുടുംബത്തിലെ സ്ത്രീകൾ തയ്യാറാക്കും.തിരുവോണപ്പുലരിയിൽ കുട്ടികളും മുതിർന്നവരുമൊരുമിച്ചു ഓണത്തപ്പനെ "ആർപ്പോ ർറോ"വിളിച്ചു വരവേൽക്കും.അത്തം മുതൽ എല്ലാദിവസവും സന്ധ്യയോടെ ഏതെങ്കിലും ഒരു വീട്ടിൽ ആളുകൾ ഒരുമിച്ചുകൂടി ഓണക്കളി (കൈകൊട്ടിക്കളി)നടത്താറുണ്ട്. ജാതി മത ഭേദമെന്യേ കൈകൊട്ടിക്കളി കാണുവാൻ സമീപവാസികൾ കാഴ്ചക്കാരായും എത്താറുണ്ട്.
ഓണക്കാലത്തെ മുതിർന്നവരുടെ മറ്റു വിനോദങ്ങളായിരുന്നു തലപ്പന്തുകളി, കുടു കുടു കളി,ചൊട്ടക്കേറുകളി. അങ്ങിനെ ഒട്ടനവധി നാടൻ കളികൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു.ആൺകുട്ടികളാകട്ടെ കുട്ടിയും കോലും കളി,ഗോലികൊണ്ടുള്ള രാശിക്കളി,അഞ്ഞൂറ് കളി,തുടങ്ങിയവയും പെൺകുട്ടികൾ കല്ലു മുകളിലേക്കിട്ടുകൊണ്ട് കൈപ്പത്തിയുടെ പുറത്തു പതിപ്പിച്ചുകൊണ്ടുള്ള ഒരു തരം കളിയും തൊങ്കിതൊട്ടുകൊണ്ടുള്ള കളിയും അത് പോലെ തന്നെ മറ്റു നാടന്കളികളും നടത്താറുണ്ട്.
ഊഞ്ഞാലാട്ടം ഓണക്കാലത്തെ ഒരു പ്രധാന വിനോദമായിരുന്നു .ഒഴിഞ്ഞ പറമ്പുകളും ധാരാളം വൃക്ഷങ്ങളും അന്ന് സുലഭമായിരുന്നതിനാൽ ഊഞ്ഞാലുകെട്ടുവാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.നാട്ടിന്പുറത്തു പലയിടങ്ങളിലും കൈകൊട്ടിക്കളി മത്സരവും മറ്റും നടത്താറുണ്ടായിരുന്നു.ഓണക്കാലത്തെ ഓണത്തല്ല് വൈപ്പിന്കരയിൽ ഉണ്ടായിരുന്നില്ല.പിന്നെ, അല്പം ലഹരിയുള്ളിൽ ചെല്ലുമ്പോൾ അവസാനം ഓണത്തല്ലായി മാറാറുണ്ടെങ്കിലും "ഓണത്തല്ല്" വിനോദം ഇവിടെ ഉണ്ടായിരുന്നില്ല.
പാവപ്പെട്ടവരാണെങ്കിലും ഓണാഘോഷം കേമമായിത്തന്നെ അക്കാലത്തു നടത്താറുണ്ടായിരുന്നു.നാലോണം സമൃദ്ധിയായി ഭക്ഷണം കഴിക്കുമെങ്കിലും തൊട്ടടുത്ത ദിവസം പട്ടിണിയെന്ന യാഥാർഥ്യം മുന്നിലുണ്ടായിരുന്നു.
വിശപ്പിൻറെവിളി വയറ്റിൽ നിന്നുയരുമ്പോൾ അക്കാലത്തെ കാരണവന്മാർ പറയുന്ന ഒരു തമാശയുണ്ട് "ഓണമുണ്ട വയറെ ചൂളയും പാടി കിട" ..........
ഓണത്തെ ക്കുറിച്ചുള്ള പഴയ ഓർമ്മകുളുണ്ടെങ്കിൽ പങ്കുവയ്ക്കുവാൻ മടിക്കേണ്ട ....