![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7uP0szqg3hQ2tI7yabK__21vpj4mSWpy8m2vRdQ1M87Kt4UjzrjuO08Vy8b6TTQa8VFDxeUC9bagswKv4mnvnFoeiYn7gW772c1Dg_Qo3XGW9LCS6u_udLNVLBY8YPB9tt0-WWAFEFFE/s1600/download.jpg)
ഈ കോവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?
ഓരോ ദിവസത്തെയും കോവിഡ് രോഗ വാർത്തകൾ ഭയാനകമായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്ലസ്റ്ററുകളും കണ്ടൈൻമെൻറ് സോണുകളും നിത്യവും വർധിച്ചുകൊണ്ടിരിക്കുകയാണ്.സാമൂഹ്യ വ്യാപനം പലയിടത്തും കൂടിക്കൊണ്ടിരിക്കുകയാണ്.ഇത്തരം ഒരു സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?
കേരളത്തിൽ ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന രീതിയിലാണ് കമ്മീഷൻറെ പ്രവർത്തനങ്ങൾമുന്നോട്ടു പോകുന്നത് .സാധാരണ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പായതിനാൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടാകുമെന്നത് തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഒരു പ്രത്യേകതയാണ്.
മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഒരോ വോട്ടുവീതമാണ് സമ്മതിദായകനുള്ളതെങ്കിൽ ഗ്രാമപഞ്ചായത്തുകളിലെ സമ്മതിദായകർക്ക് മൂന്ന് വോട്ടുവീതമുണ്ട് .മൂന്നു വോട്ടുകളും ചെയ്യുവാൻ ഓരോരുത്തർക്കും കുറഞ്ഞത് അഞ്ചുമിനുട്ടെങ്കിലും ബൂത്തിൽ ചെലവഴിക്കേണ്ടതായിവരും.തുലാമഴ ശക്തിപ്പെടുന്ന സമയമാണ് ഒക്ടോബർ അവസാനം.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിയുമോയെന്ന ശക്തമായ ഭയം നിലനിൽക്കുന്നതോടൊപ്പം വോട്ടർമാർ മുഴുവനും തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുമോയെന്ന ആശങ്കയും പരക്കുന്നു. കോവിഡ് ഭീതി ഒക്ടോബറിനുമുൻപ് ഒഴിഞ്ഞില്ലെങ്കിൽ (അതിനുള്ള സാധ്യത വിരളം)സാമൂഹ്യവ്യാപനം കൂട്ടുവാനെ ഈ തെരഞ്ഞെടുപ്പ് ഇടയാക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ യോഗം യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ ആരാഞ്ഞ് യുക്തമായ തീരുമാനമെടുക്കുവാൻ ഇനിയും വൈകിക്കൂടാ.കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുകൊള്ളുവാനുള്ള മാനസികാവസ്ഥയിലല്ലെന്ന വസ്തുത കമ്മീഷനെ ബോധ്യപ്പെടുത്തുവാൻ രാഷ്ട്രീയ നേതാക്കൾക്കും ഗവണ്മെന്റിനും കഴിയണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ