കുറച്ചു വർഷങ്ങൾക്കുമുൻപുള്ള ഒരു സ്വാതന്ത്ര്യദിനപ്പുലരി....
സമയം രാവിലെ 10 മണി കഴിഞ്ഞു കാണും.
ഉത്തർപ്രദേശിലെ ഒരു റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ കേരളത്തിൽ നിന്നുള്ള ഒരു ട്രെയിൻ മെല്ലെ നിറുത്തുന്നു. ആളുകൾഇറങ്ങുന്നതിനിടയിൽകൂടി ട്രെയിനിലെ എസി കോച്ചിലേക്കു ഒന്ന് രണ്ട് തെരുവ് കുട്ടികൾ ഇരച്ചുകയറി.
അവരുടെ ലക്‌ഷ്യം വാഷ്‌ബേസിനു കീഴെയുള്ള വേസ്റ്റ് ബോക്സ് ആയിരുന്നു.ട്രെയിൻ യാത്രികർ പ്രാതൽ കഴിച്ചതിനു ശേഷം അതിൽ കൊണ്ടുകളഞ്ഞിരുന്ന വേസ്റ്റ് പൊതികൾ കുറച്ചു എടുത്തുകൊണ്ട് കുട്ടികൾ ചാടിയിറങ്ങി പ്ലാറ്റഫോമിൽ ഒരിടത്തിരുന്നു.
പൊതികൾ ഓരോന്നായി അഴിച്ച് അതിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ മറ്റുകുട്ടികളോടൊപ്പം കഴിക്കുവാൻ തുടങ്ങി.
വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇത്തരം കാഴ്ചകൾ സർവ്വസാധാരണമായിരുന്നു..ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ ഇന്നും നമ്മുടെ രാജ്യത്തുണ്ടെന്നത് ഒരു യാഥാർഥ്യം തന്നെയാണ്.
ഭാരതത്തിന്റെ എഴുപത്തിനാലാമതു സ്വാതന്ത്ര്യ ദിനാഘോഷം ഇന്നലെ നാം ആചരിച്ചു.കോവിഡിന്റെ പശ്ചാലത്തിൽ ആഘോഷങ്ങൾ പലയിടത്തും പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വളരെ ലളിതമായാണ് സംഘടിപ്പിച്ചത്.
ഒരു സ്വാതന്ത്ര്യദിനത്തിലെ ഡൽഹിയിലേക്കുള്ള എന്റെ ഒരു യാത്രയിൽ കണ്ട അനുഭവമാണ് മുകളിൽ കുറിച്ചിരിക്കുന്നത്.
ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്ഥിതി ഒരുപാട് മെച്ചമാണെന്ന് നമുക്കവകാശപ്പെടാം. എന്നാൽ കല്യാണപ്പന്തലിൽ നിന്നുള്ള എച്ചിലിലകൾ പെറുക്കിയെടുത്ത് വിശപ്പടക്കുന്നവർ പഴയകാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.എഴുപതുകൾ വരെ ഇത്തരം കാഴ്ചകൾ കേരളത്തിലുണ്ടായിരുന്നത് മുതിർന്നവർ ഓർക്കുന്നുണ്ടാവും.കാലം മാറി,നമ്മുടെയൊക്കെ സ്ഥിതി മാറി...വിദ്യാഭ്യാസ നിലവാരവും മാറി.പലകാര്യങ്ങളിലും നമ്മൾ ഒന്നാം സ്ഥാനത്തെത്തി.അതുപോലെ ഇപ്പോൾ ഭക്ഷണം വേസ്റ്റാക്കുന്നവരിലും നമ്മൾ ഒന്നാം സ്ഥാനത്തായി.
കോവിഡ് രോഗ വ്യാപനത്തിന് മുൻപുവരെ നമ്മൾ നടത്തിയിരുന്ന എല്ലാ ആഘോഷങ്ങളും ചടങ്ങുകളും വളരെ ആർഭാടമായിട്ടായിരുന്നില്ലേ കൊണ്ടാടിയിരുന്നത്.ഒരാൾക്ക് കഴിക്കുവാൻ എത്ര വേണം എന്ന രീതിയിലല്ല മറിച്ച് എത്ര ആർഭാടം കാണിക്കുവാൻ കഴിയും എന്ന രീതിയിലായിരുന്നില്ലേ നമ്മുടെ ഭക്ഷണ മെനു. കോവിഡ് മഹാമാരി നിയന്ത്രണവിധേയമായിക്കഴിയുമ്പോൾ നമ്മുടെ സമീപനങ്ങളിലും ഒട്ടേറെ മാറ്റം വരണം. സഹജീവികളോടുള്ള നമ്മുടെ കരുണയും വാത്സല്യവും കരുതലും ഒരുപാട് മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.
കുറെനാൾമുമ്പ് ഒരു ചാരിറ്റി പ്രവർത്തകൻ സംഭാവനയ്ക്കായി വന്നപ്പോൾ തന്ന നോട്ടീസിലുള്ള ചിത്രവും വാക്യങ്ങളും ഓർത്തുപോകുകയാണ്,ഒരു തെരുവ് കുട്ടിയുടെ ചിത്രത്തിന് കീഴിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
അച്ഛനുണ്ടോയെന്നു എല്ലാരും ചോദിക്കും
എന്നാൽ ഞാനുണ്ടോയെന്നു ആരും ചോദിക്കുകയില്ല...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ