2020, മാർച്ച് 31, ചൊവ്വാഴ്ച

പിടിയരിയും കെട്ടുതെങ്ങു സമ്പ്രദായവും

കേരളത്തിലെ ലത്തീൻ ക്രിസ്ത്യാനികൾ ധനസമാഹരണം നടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഒരു സമ്പ്രദായമാണ് കെട്ടുതെങ്ങും പിടിയരി ശേഖരണവും.പഴയകാലത്തു ലത്തീൻ  ക്രിസ്ത്യാനികളുടെ ദേവാലയങ്ങങ്ങളും സ്കൂളുകളും  നിർമ്മിക്കുന്നതിനും മറ്റും സാധാരണക്കാരിൽനിന്നും പണം സ്വരൂപിക്കുന്നതിനുള്ള എളുപ്പ വഴിയായിരുന്നു കേട്ട് തെങ്ങ്എടുക്കലും പിടിയരി ശേഖരിക്കലും.
ലത്തീൻ കാത്തോലിക്കാരിൽ ഭൂരിഭാഗവും തീരപ്രദേശവാസികളായിരുന്നതിനാലും അക്കാലത്തു തെങ്ങ് ഒരു പ്രധാന വരുമാനോപാധി ആയിരുന്നതിനാലും ആകെയുള്ള തെങ്ങ്‌കളിൽനിന്നും  ഒന്നോ രണ്ടോ തെങ്ങിൽനിന്നുള്ള വരുമാനം നിശ്ചിതകാലത്തേക്കു അതിൻ്റെ ആദായം എടുക്കുവാനുള്ള അധികാരം നൽകികൊണ്ട് ഒരു കരാർ എഴുതിനൽകുന്നു. 
പിന്നീട് കരാർ കാലവുധി കഴിയുന്നതുവരെ അതിൻ്റെ അനുഭവമെടുക്കുവാൻ കരാർ എഴുതിവാങ്ങിയവരാണ് വന്നിരുന്നത്.
തങ്ങളുടെ പുരയിടത്തിലെ ഏറ്റവും കൂടുതൽ  കായ്ഫലമുള്ള തെങ്ങിനെയാണ് ഇങ്ങനെ കെട്ടുതെങ്ങായിനൽകിയിരുന്നത്.


സംഭാവനയായിട്ടല്ലാതെയും കെട്ടുതെങ്ങുകൊടുക്കൽസമ്പ്രദായം അക്കാലത്ത് നിലവിലുണ്ടായിരുന്നു. പണത്തിനു ആവശ്യം വരുമ്പോഴും പഴയകാലത്ത്  ഈ രീതിയിൽ പണം വായ്പ വാങ്ങിയിരുന്നു. 

ഓരോ ദിവസവും അരിവേവിക്കുന്നതിനുവേണ്ടി അളന്നു മാറ്റുന്നുന്നതിൽനിന്ന് രണ്ട് കയ്യും കൊണ്ട് അല്പം അരിവാരിയെടുത്ത് പ്രെത്യേകംമാറ്റിവച്ചിരിക്കുന്ന കാലത്തിലേക്ക് പ്രാർത്‌ഥനയോടെ മാറ്റുന്നു.ഏതു ആവശ്യത്തിനുവേണ്ടിയാണോ അരി ശേഖരിക്കുന്നത് അതിൻ്റെ വിജയത്തിനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടാണ് മുഴുവൻ വീട്ടമ്മമാരും ഇങ്ങനെ ചെയ്യുന്നത്.മാസത്തിലൊരിക്കലോ നിശ്ചിത കാലയളവിലോ ബന്ധപ്പെട്ടവർ ഇത് ശേഖരിച്ചു പള്ളിയിൽ കൊണ്ടുവരുകയും ഞായറാഴ്ചകളിൽ ദിവ്യബലിക്ക് ശേഷം ലേലം ചെയ്യുകയും ചെയ്യുന്നു.അതിൽനിന്നുകിട്ടുന്ന പണം ദേവാലയ നിർമ്മാണത്തിന് വേണ്ടി വിനിയോഗിക്കുകയും ചെയ്യുന്നു.
 
കർമ്മലീത്ത വൈദീകരായിരുന്നു പിടിയരിയും കെട്ടുതെങ്ങു സമ്പ്രദായവും ആവിഷ്‌ക്കരിച്ചതെന്നാണ് പറയപ്പെടുന്നത്.  

2020, മാർച്ച് 29, ഞായറാഴ്‌ച

യതീഷ് ചന്ദ്രയുടെ നടപടി പ്രാകൃതവും ലജ്ജാകരവും

കണ്ണൂരിൽ ഇന്നലെ( 28 / 03 / 2020 )ലോക് ഡൗണിൽ ഒരു കടയുടെ മുന്നിൽ നിന്നിരുന്ന  മൂന്നു പേരെക്കൊണ്ട് ഏത്തമിടീച്ച യതീഷ് ചന്ദ്രയുടെ നടപടി വിവാദമായിരിക്കുകയാണല്ലോ .
 മൂന്നുപേരെയും  ക്രിമിനൽ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതിയിൽ പരസ്യമായി ഏത്തമിടീച്ചു ശിക്ഷ നടപ്പാക്കിയ രീതി പ്രാകൃതവും ലജ്ജാകരവുമാണ്.
യതീഷ് ചന്ദ്ര എറണാകുളത്തായിരുന്നപ്പോളാണ് പുതുവൈപ്പിൽ സമാധാനമായി സമരം ചെയ്ത സ്ത്രീകളും കുട്ടികളും ഉൾപ്പടെ നൂറുകണക്കിനാളുകളെ ലാത്തിച്ചാർജ് ചെയ്ത്ചോരപ്പുഴയൊഴുക്കിയത്. യാതൊരു പ്രകോപനവുമില്ലാതെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധം നടത്തിയിരുന്നവരുടെ ഇടയിലേക്ക് പോലീസിനെവിട്ട് അടിനടത്തിയത്.
കൊറോണഭീതിയിൽ നാട് വിറങ്ങലിച്ചു നിൽക്കുന്ന ഒരവസരത്തിൽ ,സ്തുത്യർഹമായി സേവനം ചെയ്യുന്നവരാണ്‌  പോലീസ് സേനയിലെ മുഴുവൻ പേരും.എന്നാൽ അത്തരക്കാർക്ക് അപമാനമാണ് യതീഷ്ചന്ദ്ര.
പുറത്തിറങ്ങരുതെന്ന് പറഞ്ഞ സമയത്ത് അവർ പുറത്തിറങ്ങിയത് തെറ്റാണ്.അതിനുള്ള  ശിക്ഷ നടപ്പാക്കേണ്ടത് പോലീസ് ആണോ?
സംഗതി വിവാദമായപ്പോൾ അദ്ദേഹം പറയുന്നു,വ്യായാമം ചെയ്യിച്ചതാണെന്ന്‌.എന്തായാലും കടുപ്പമായിപ്പോയി.
ആളുകളെക്കൊണ്ട് വ്യായാമം ചെയ്യിക്കലാണ് പോലീസി ൻറെ പണിയെങ്കിൽ സംഗതി ജോർ ..... 

1980 കാലഘട്ടത്തിൽ വൈപ്പിന്കരയിലെ ഞാറക്കൽ എസ് ഐ ഇത്തരം രാത്രി റോഡിലൂടെ നടന്നു വരുന്നവരെ ചോദ്യം ചെയ്യുകയും തെക്കോട്ട് പോകേണ്ടവരെ ജീപ്പിൽ കയറ്റി വടക്കോട്ടും വടക്കോട്ടു  പോകേണ്ടവരെ തെക്കോട്ടും കൊണ്ടുപോയി ഇറക്കിവിട്ടിരുന്നു.,പൊതുടാപ്പിൽനിന്നു വെള്ളമെടുത്തു കുളിച്ചുകൊണ്ടിരുന്നവരെ അതെ വേഷത്തിൽമറ്റുസ്ഥലത്തു കൊണ്ടിറക്കുകയും മറ്റും ചെയ്ത് അദ്ദേഹം ആസ്വദിച്ചിരുന്നു.
 ശിക്ഷാരീതികൾ നടപ്പാക്കിയിരുന്നത് ഓർക്കുന്നു.
അക്കാലത്തു കുളച്ചൽ സ്വദേശികളായ മീൻപിടിത്തക്കാർ ധാരാളം ഇവിടെ താമസിച്ചിരുന്നു.
അദ്ദേഹത്തിൻറെ ചെയ്തികൾക്ക് ഇരയായത് കൂടുതലും കുളച്ചലുകാരായ ഇവരായിരുന്നു.
ഇദ്ദേഹത്തിനെ പേടിച്ചു സെക്കൻഡ് ഷോ സിനിമയ്ക്ക് പോകാൻ  വയ്യാത്ത അവസ്ഥയായി. ജനങ്ങളിൽ സമ്മിശ്ര പ്രതികരണമുണ്ടാക്കിയ ഈ നടപടികളിലെ മുറുമുറുപ്പ്   82 ലെ വൈപ്പിൻ മദ്യദുരന്തത്തിലെ  നിസ്വാർത്ഥ സേവനം ജനങ്ങളുടെയിടയിൽഅദ്ദേഹത്തെ സ്വീകാര്യനാക്കി.
എന്നാൽ ഇവിടെ യതീഷ് ചന്ദ്ര ചെയ്തത് കേരളത്തിലെ ഗവണ്മെന്റിനും പോലീസു സേനയ്ക്കും അപമാനമായിപ്പോയി.

2020, മാർച്ച് 27, വെള്ളിയാഴ്‌ച

ലോകജനതയെ നടുക്കിയ മാരക രോഗങ്ങൾ

  കോവിഡ് 19 രോഗം ഭീകരമായി പടർന്നുകൊണ്ട് ലോകജനതയുടെ ഉറക്കം കെടുത്തിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണല്ലോ നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിൽ ഈ രോഗം വിദേശത്തു നിന്ന് വന്നവരിൽനിന്നാണ് പിടിപെട്ടിരിക്കുന്നതിനാൽ സമ്പൂർണ്ണ ലോക് ഡൗണിലൂടെ സാമൂഹ്യ വ്യാപനം തടയുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .
ലോകത്തെ നടുക്കിയ മഹാരോഗങ്ങൾ ഇതിനുമുൻപും പലതവണ ഉണ്ടായിട്ടുണ്ട്.



ആറാം നൂറ്റാണ്ടിൽ ജസ്റ്റീനിയൻ പ്ളേഗ് എന്നും  ,പതിനാലാം നൂറ്റാണ്ടിൽ കറുത്ത മരണം എന്നറിയപ്പെട്ട പ്ളേഗ് രോഗവും വലിയ ലോകദുരന്തമായിരുന്നു.
പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ ആരംഭിച്ച്  ഇരുപതാം നൂറ്റാണ്ടിൽ അമേരിക്കയിൽ എത്തിയ പ്‌ളേഗ് മൂലം ലക്ഷങ്ങൾക്ക് ജീവഹാനിയുണ്ടായി.
1896 ലെ വേനൽക്കാലത്തു ഇന്ത്യൻ തുറമുഖ പട്ടണമായ ബോംബെയിലും പ്ളേഗ് രോഗം പടർന്നു പിടിച്ചു.  പത്തുലക്ഷം പേർക്ക്‌ അന്ന് ജീവഹാനിയുണ്ടായെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. 
1905 ൽ ഇന്ത്യയിൽ രോഗം ശമിച്ചുതുടങ്ങി.
1950 ന് ശേഷമാണ് പ്ളേഗ് രോഗത്തെ ലോകത്തിൽ നിന്ന് ഇല്ലായ്മ ചെയ്യുവാൻ കഴിഞ്ഞത്.


ഒരു നൂറ്റാണ്ടിനിടയിൽ ഏതാണ്ട് ഒരുകോടിയോളം പേർ പ്ളേഗ് രോഗത്തിലൂടെ മരണമടഞ്ഞു.അതിൽ ഭൂരിഭാഗം പേരും ഇന്ത്യയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
പ്ളേഗ് രോഗം എലികൾ വഴി മനുഷ്യരിലേക്ക് പടർന്നു നാശം  വിതച്ചപ്പോൾ പരിസരശുചീകരണം  നടത്തിയും എലികളെ കൊന്നുമാണ് നിയന്ത്രണവിധേയമാക്കിയത്.

ഇന്നത്തെ കൊറോണ വൈറസ് രോഗംപോലെ ലോകത്തെ നടുക്കിയ മറ്റൊരു വൈറസ് രോഗമാണ് ഫ്ലൂ എന്ന് അറിയപ്പെട്ടിരുന്ന ഇൻഫ്ളുവൻസ.
ഒന്നാം ലോകമഹായുദ്ധം അവസാനിച്ച 1918 ൽ ആണ് ഇൻഫ്ളുവൻസ രോഗം ആരംഭിക്കുന്നത്.
മൂന്നു ദിവസത്തെ പനിയോടെ ആരംഭിക്കുന്ന ഇൻഫ്ളുവൻസ രോഗം പിന്നീട്  മൂർച്ഛിച്ചു  ശ്വാസകോശത്തിൽ ദ്രാവകം നിറഞ്ഞു  മരണം സംഭവിക്കുന്നു.17 നും 40 നും ഇടയിലുള്ളവരാണ് രോഗം ബാധിച്ചവരിലധികവും.
സ്പെയിനിലാണ് ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ടതെന്നാണ് കരുതിയിരുന്നത്.എന്നാൽ മാരകമായ ഈ രോഗത്തെക്കുറിച്ചു ഔദ്യോഗികമായി ആദ്യം മനസ്സിലാക്കിയ ഒരു രാജ്യമായിരുന്നുസ്പെയിൻ.
അപ്പോഴേയ്ക്കും  അമേരിക്കയിൽ അതിഭീകരമാംവിധം ഈ രോഗം പടർന്നു മരണം വിതച്ചു തുടങ്ങിയിരുന്നു.
1918 ൻറെആരംഭത്തിൽതന്നെ  അമേരിക്കയിൽ ഈ രോഗം പടർന്നു തുടങ്ങിയിരുന്നു. 
പിന്നീട്  ചൈനയിലും ഫ്ലൂ പടർന്നു.
 അമേരിക്കൻ ജനതയുടെ 25 ശതമാനം ഫ്ലൂ ബാധിച്ചു മരിച്ചു. ഒരു വർഷം കൊണ്ട് അമേരിക്കയുടെ ആയുർ ദൈർഖ്യം 12 വർഷം കുറച്ചു.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞു വിവിധ രാജ്യങ്ങളിലേക്ക് മടങ്ങിയ പട്ടാളക്കാരാണ് ഈ രോഗത്തെ ഇത്രയും പടർത്തിയതെന്നാണ് കരുതുന്നത്. നാട്ടിലെത്തിയ പട്ടാളക്കാർ  സാമൂഹ്യവ്യാപനത്തിലൂടെ രോഗം പരത്തി.
തിങ്ങി നിറഞ്ഞ സൈനിക തീവണ്ടികൾ രോഗികളെയും കൊണ്ട് നാട്ടിൽ വന്നു സാധാരണക്കാരിലേക്ക് രോഗം വ്യാപിപ്പിച്ചു. പട്ടാളക്കാരുമായി വന്ന "നയാഗ്ര" എന്ന കപ്പൽ ന്യൂസീലാന്റിലെ  ഓക്‌ലാൻറ്തുറമുഖത്തെത്തിയപ്പോൾ ക്വാറൻടൈൻ നിയമങ്ങളൊന്നും അന്ന് നൽകിയിരുന്നില്ല
.കപ്പലിൽനിന്ന് കരയ്ക്കിറങ്ങിയവർ ന്യൂസീലാന്റിലെ ജനങ്ങളിലേക്ക് രോഗം പടർത്തി. തുടർന്ന് ഈ രോഗം ബാധിച്ചു 60000 പേർ മരിച്ചു.


സഖ്യ കക്ഷികളുടെ രണ്ട് കപ്പലുകൾ അയർലണ്ട് തീരത്ത് കൂട്ടിയിടിച്ചു അനേകം നാവികർ മരിച്ചു.ഇവരെല്ലാവർക്കും ഫ്ലൂ ഉണ്ടായിരുന്നു.
രോഗം ബാധിച്ച നാവികർക്ക് ശരിയായ ദിശയിൽ കപ്പലോടിക്കുവാൻ കഴിഞ്ഞിരുന്നില്ലെന്നതായിരുന്നതാണ് വാസ്തവം.
രോഗം ബാധിച്ചവർ വഴിയരികിലും മറ്റും വീണു,അവശരായി.പകരുമെന്ന ഭയം നിമിത്തം ആരും തിരിഞ്ഞുനോക്കിയില്ല. രോഗം ബാധിച്ചിരുന്നവർ   ഓടിച്ചിരുന്ന വാഹനങ്ങൾ പലതും അപകടത്തിൽപ്പെട്ട് ഒട്ടേറെ നാശനഷ്ടങ്ങളുണ്ടായി.
 ഓഫീസ് പ്രവർത്തനസമയം കുറച്ചു.
പൊതു സ്ഥലങ്ങളിൽ ചുമച്ചുതുപ്പുന്നതും മൂക്കുചീറ്റുന്നതും നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് ബോർഡുകൾ സ്ഥാപിച്ചു.
പോലീസുകാർക്കെല്ലാം മാസ്‌ക്കുകൾ വിതരണം ചെയ്തു.
രോഗം എങ്ങിനെയെങ്കിലും നിയന്ത്രിക്കുവാൻ അധികൃതർ പെടാപ്പാടുപെട്ടു.
ഫലപ്രദമായചികിത്സ ലഭിക്കാതെ വന്നപ്പോൾ ജനം സ്വയം ചികിത്സ ആരംഭിച്ചു.നാടൻ ചികിത്സ ആരംഭിച്ച പലർക്കും ശക്തിയായ ബ്ലീഡിങ് മൂക്കിലൂടെയുണ്ടായി.രക്തസ്രാവമുണ്ടായ ചിലർക്ക് രോഗശമനമുണ്ടായി.
1919 ആരംഭത്തോടെ  രോഗം കുറഞ്ഞു തുടങ്ങി.


 ലോകജനസംഖ്യയുടെ പകുതിയിലേറെ പേർക്ക്                                ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ രോഗം ബാധിക്കുകയുണ്ടായെന്നു ഇൻറ്റർനാഷണൽ കമ്മീഷൻ ഓഫ് ഹൈജീൻ വിലയിരുത്തി.
രണ്ടുകോടി ജനങ്ങളാണ് ഇൻഫ്ളുവൻസ രോഗം മൂലം മരണമടഞ്ഞത്.
ഒരു കോടി അറുപതു ലക്ഷം പേർ ഏഷ്യയിലും,
 ഇരുപതു ലക്ഷം പേർ യൂറോപ്പിലും,
നോർത്ത് അമേരിക്കയിലും സൗത്ത് അമേരിക്കയിലും കൂടിപതിന്നാല് ലക്ഷം പേരും ഫ്ലൂ മൂലം മരിച്ചുവെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.     


2020, മാർച്ച് 24, ചൊവ്വാഴ്ച

എട്ടിൻറെ പണി..... ഫ്രീ.... ഫ്രീ..... നോട്ടിനൊപ്പം ....കൊറോണ ...ഫ്രീ ....

അല്ലാ.........രണ്ടുപേരുംകൂടി എങ്ങോട്ടാണ് രാവിലെതന്നെ ,
ഓഹ്,,,ബാങ്ക് വരെ പോണ്കുഞ്ഞച്ച,
രാമൻ നായരും വർക്കിച്ചായനും സർക്കാർ സർവീസിൽനിന്ന് വിരമിച്ചവരാണ് .....
കുറച്ചു കാശ് വന്നിട്ടുണ്ട് ,അതെടുക്കാനാ ,,,രണ്ടുദിവസം മുൻപ് മാനേജരെ വിളിച്ചു പറഞ്ഞിട്ടുണ്ട് ,ക്യാഷ് ആയിവേണമെന്ന്.
അപ്പൊ ശരി...  ചെല്ല്നായരേ ...രാമൻ നായരും വർക്കിച്ചായനും നടക്കുന്നു
രണ്ടുപേരും ബാങ്കിലെത്തി .
ഹും, എന്താ......പാറാവ്‌കാരൻ
പണം പിൻവലിക്കുവാനാ...രാമൻ നായർ പ്രതിവചിച്ചു.
എന്നാൽ കയറിക്കോ ...   കോവിഡ്  രോഗത്തിനെതിരെയുള്ള പ്രതിരോധ
 നടപടിയെന്ന നിലയിൽ ബാങ്ക് ഇടപാടുകൾക്ക്‌ ചില  നിയന്ത്രണങ്ങളുണ്ട് പാറാവ്‌കാരൻ വിശദീകരിച്ചു ....
അറിയാം..... വർക്കിച്ചായൻറെ മറുപടി,
രണ്ടുപേരും ബാങ്കിനകത്തു വച്ചിരിക്കുന്ന സാനിറ്ററൈസർ എടുത്തു കൈ വൃത്തിയാക്കിയതിനുശേഷം കൗണ്ടറിലേക്ക് ചെന്ന് ചെക്ക് നൽകുന്നു.
: ഇത്രയും തുകയുണ്ടോ സാറെ......... ?   ചെക്ക്കണ്ടമാത്രയിൽ കൗണ്ടറിൽനിന്നു അപ്പുറത്തേക്ക് നീട്ടിവിളിച്ചു ......
ഏയ്,ഇല്ല.......... അപ്പുറത്തെ കൗണ്ടറിലിരിക്കുന്ന സാർ വിളിച്ചു പറഞ്ഞു.
 :അതെങ്ങിനെ ശരിയാകും ......ഞാൻ മാനേജരെ രണ്ട് ദിവസം മുൻപ് വിളിച്ചുപറഞ്ഞതായിരിന്നു.... ക്യാഷ് ആയിട്ട്  വേണമെന്ന്...                     
തരില്ലെന്നൊന്നും അന്ന്  പറഞ്ഞില്ല........രാമൻ നായർ.
രാമൻ നായർ പറയുന്നതുകേട്ടു അപ്പുറത്തെ കൗണ്ടറിലുണ്ടായിരുന്ന മാനേജർ തലയാട്ടി,എന്നാൽ കീഴ് ജീവനക്കാരോട് പണം കൊടുക്കണമെന്നോ ഒന്നും പറഞ്ഞില്ല ...ഒരു നിസ്സഹായാവസ്ഥ .....
വർക്കിച്ചായനും രാമൻ നായരും സ്തംഭിച്ചു നിന്നു........അതൊന്നും കാണുവാനോ, മാനേജരുമായിട്ടു സംസാരിക്കുവാനോ കൗണ്ടറിലിരിക്കുന്ന  സാർ കൂട്ടാക്കിയില്ല.
.....ഇപ്പൊ ഇത് വല്യ പുകിലായിപ്പോയല്ലോ ...കാശ് കൊടുക്കുവാനുള്ളവർ വീട്ടിൽ വരുമ്പോൾ എന്നാ പറയാനാ ......രാമൻ നായർ .
പഴയകാലത്തു എല്ലാ സർക്കാർ ഓഫിസിലും ഓഫീസ് സൂപ്രണ്ടായിട്ടു ഓരോ  സ്വാമിമാർ ഉണ്ടായിരിക്കും ,ഓഫീസറേക്കാളും അധികാരം ഇത്തരക്കാർക്കായിരിക്കും,അവരാണ് എല്ലാം നിയന്ത്രിക്കുന്നത്,
ഇതിപ്പൊ... അത്പോലെയായല്ലോ....ശരിയാ നായരേ,,,,  .....വർക്കിച്ചായൻ പ്രതിവചിച്ചു, ..............ഈ മാനേജർ എന്താ ഒന്നും മിണ്ടാതിരിക്കുന്നത് ....
 സ്വന്തം കസേരയുടെ മഹത്വം അറിയാഞ്ഞിട്ടോ ,,,അതോ കീഴ്  ജീവനക്കാരെ പേടിച്ചിട്ടോ.....?  നായരുടെ ആത്മഗതം ...
അല്പസമയം കഴിഞ്ഞു കൗണ്ടറിൽനിന്നു വിളിച്ചു പറഞ്ഞു മൂന്നു മണിക്ക് ശേഷം തരാമെന്നു,,,
 അങ്ങനെയെങ്കിൽ മൂന്നുമണിക്ക് വന്നാൽ മതിയെന്ന് പറഞ്ഞിരുന്നെങ്കിൽ ഞങ്ങളിപ്പോൾ വരില്ലായിരുന്നു ... രാമൻ നായർ ....
എന്താ ചെയ്യേണ്ടതെന്ന് ആലോചിച്ചു വർക്കിച്ചായനും രാമൻ നായരും ബാങ്കിൽ നിൽക്കുമ്പോൾ വീണ്ടും അറിയിപ്പുവന്നു ,,,ഇരിക്കൂ അരമണിക്കൂറിനുശേഷം തരാമെന്നു ...
ഹാവൂ ആശ്വാസമായി ,അരമണിക്കൂറല്ല അതിലും അധികമായാലും കുഴപ്പമില്ല,പണം കിട്ടുമല്ലോ ...വർക്കിച്ചായനും നായരും ബാങ്കിലെ കസേരയിലിരിക്കുന്നു........
പത്തു മിനിറ്റുപോലും ആയില്ല,,,കൗണ്ടറിൽനിന്നു വിളിച്ചു പണം തന്നു.
പക്ഷെ ഒരു കുഴപ്പം ,,,,,,ഉപയോഗിച്ചു പഴകിയ കുറെ നോട്ടുകൾ .....രോഗാണു വിമുക്തമാണെന്നു ആർക്കറിയാം .....
കൊറോണ വൈറസ് കാരണം ബാങ്കിൽ വരുന്നവരെക്കൊണ്ട് കൈ കഴുകിച്ചും..... കൗണ്ടറിലിരിക്കുന്നവരുമായി ഒരു മീറ്റർ അകലംപാലിക്കുന്നതിനു വേണ്ടി...... കൗണ്ടറിനുമുന്നിൽ വടം വലിച്ചു കെട്ടിയും.... മാസ്ക് ധരിച്ചും.... അവർ സുരക്ഷിതരാണ് ....കയ്യുറയുമിട്ടു... നോട്ടിൽ സ്പർശിക്കാതെ......വളരെ സൂഷ്മമായി ജോലി ചെയ്യുന്ന ഇവർ ഇടപാടുകാർക്കു രോഗാണുവിമുക്തമാണെന്നു ഉറപ്പുള്ളനോട്ടുകളാണോ നൽകുന്നത് ...വർക്കിച്ചായൻ നായരോട് ചോദിച്ചു...
ആവോ ...ആർക്കറിയാം ....രാമൻ നായർ...
 വർക്കിച്ചാ,,,,ഡിസ്പെൻസറുകളിൽ നറയ്ക്കുന്നതും കൗണ്ടറിൽനിന്നു പൊതുജനങ്ങൾക്ക് നൽകുന്നതും പുതിയ നോട്ടുകളായിരിക്കണമെന്നു ഇന്നത്തെ പത്രത്തിൽ വാർത്തയുണ്ടായിരുന്നതാണല്ലോ ... ...അപ്പോൾ അവർ ഇത് ചെയ്തത് ക്രൂരതയല്ലേ...പൊതുജനങ്ങളുടെ പക്കൽനിന്നു പലിശയായിട്ടും പിഴയായിട്ടും മറ്റു ചാർജുകളായിട്ടും ഈടാക്കുന്ന പണം കൊണ്ടാണ് ഇവന്മാര് കൊഴുക്കുന്നതും കഴിയുന്നതും,,,,,അതെല്ലാം മറന്നുപോകുന്നു ..
നായർക്കു ദേഷ്യവും സങ്കടവും വന്നു.....
കൊറോണവൈറസിനെ പ്രതിരോധിക്കുവാൻ പ്രധാനമന്ത്രിയും.... മുഖ്യമന്ത്രിയും..... പാവം ശൈലജടീച്ചറും..ഭരണ പ്രതിപക്ഷ ഭേദമെന്യേ,, മാധ്യമങ്ങളിലൂടെയും ജനങ്ങളെ ബോധവാന്മാരാക്കുന്നു...കർഫ്യൂ നടത്തി നമ്മൾ വീട്ടിലിരിക്കുന്നു....ജില്ലകൾതമ്മിലും,സംസ്ഥാനങ്ങൾ തമ്മിലും അതിർത്തി  അടച്ചു സുരക്ഷിതത്വം കാക്കുന്നു......അപ്പോൾ ബാങ്കുകാർ ചെയ്യുന്നതോ .....വർക്കിച്ചായൻ  കലിപ്പിലായി ....
അല്ലാ ....ഇപ്പൊ ..എല്ലാത്തിനും ഫ്രീ കൊടുക്കുന്ന കാലമല്ലേ....എന്നാലല്ലേ  കച്ചവടം നടക്കുകയുള്ളൂ .....അപ്പോൾ ഇരിക്കട്ടെ ..ബാങ്കുവക ഒരു വമ്പൻ ഓഫർ ..... ഫ്രീ.... ഫ്രീ..... നോട്ടിനൊപ്പം ....കൊറോണ ...ഫ്രീ ...........
വേഗമാകട്ടെ ,സ്റ്റോക്ക് തീരുന്നതുവരെ മാത്രം ....... 


2020, മാർച്ച് 22, ഞായറാഴ്‌ച

ഭാരതമെമ്പാടും ജനത കർഫ്യൂ ആചരിക്കിക്കുന്നു

  ഇന്ന് 2020 മാർച്ച് 22 ഞായർ,പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനപ്രകാരം
 എല്ലാ സംസ്ഥാനങ്ങളുംരാവിലെ 7  മണിമുതൽ രാത്രി 9 മണിവരെ  ജനത  കർഫ്യൂ ആചരിക്കുകയാണ് .
വൈകുന്നേരം 5 മണിക്ക് കൈമെയ്യ് മറന്നു പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കു പിന്തുണയും പ്രോത്സാഹനവും നൽകുവാൻ എല്ലാവരും ബാൽക്കണിയിൽ കയറിനിന്നുകൊണ്ട് കയ്യടിക്കണമെന്നും പ്രധാനമന്ത്രിയുടെ നിർദേശമുണ്ട്.




  കേരളത്തിലും  ഇന്നത്തെദിവസം കടകമ്പോളങ്ങൾ അടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും എല്ലാവരും വീട്ടിലിരിക്കുകയാണ്.
മെട്രോ ട്രെയ്‌നുൾപ്പെടെയുള്ള പൊതുഗതാഗത സർവീസുകളെല്ലാം തന്നെ നിശ്ചലമാണ്.
സാധാരണ ഹർത്താൽ,ബന്ദ് തുടങ്ങിയ സന്ദർഭങ്ങളിൽ ജനജീവിതം നിശ്ചലമാകുമെങ്കിലും ഭിന്നാഭിപ്രായമുള്ളവർ വാഹനങ്ങൾ പുറത്തിറക്കുകയും മറ്റും ചെയ്യാറുണ്ട്. എന്നാൽ ഇന്ന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കോവിഡ് 19 പടർന്നു  പിടിക്കാതിരിക്കുവാൻ എല്ലാവരും ഒറ്റക്കെട്ടായിപ്രതിരോധിക്കുകയാണ്.
 കോവിഡ് 19 എത്രമാത്രം ഗൗരവതരമാണെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുവെന്നതാണ് കർഫ്യൂവിനോടുള്ള സഹകരണം കൊണ്ട് മനസ്സിലാക്കുന്നത്.
ഇനിയുള്ള ദിവസങ്ങളിൽ രോഗത്തിന്റെ സാമൂഹ്യ  വ്യാപനം തടയുകയെന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം.
വിവിധ മതസ്ഥരുടെ ദേവാലയങ്ങളും അമ്പലങ്ങളും മോസ്‌കുകകളും  വിശ്വാസികളില്ലാതെ ആരാധനയും മറ്റും നടത്തിക്കൊണ്ട് കർഫ്യൂവുമായി സഹകരിച്ചു.
ക്രിസ്ത്യാനികൾ ഇന്ന് ഞായറാഴ്ചത്തെ ദിവ്യബലി ഓൺലൈനിലിൽ കണ്ട് പ്രാർത്ഥിച്ചു.
എന്നിട്ടുംകുറച്ചുപേരെങ്കിലും ഇപ്പോഴത്തെ  അവസ്ഥയെ വേണ്ടത്ര ഗൗരവത്തോടെ കാണുന്നുണ്ടോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ഇനിയുള്ള  ഘട്ടങ്ങളിലാണ്കോവിഡ് 19 പടർന്നുപിടിക്കുവാൻ  ഏറെ സാദ്ധ്യത .  വിദേശരാജ്യങ്ങളിലും മറ്റും ഈ രോഗം  പടർന്നുപിടിച്ചതും ഒട്ടേറെപേരുടേ  ജീവനെടുത്തതും ഇത്തരം  ഘട്ടങ്ങളിലാണെന്നത്‌  സ്മരിക്കേണ്ടതാണ് .
ഇറ്റലി തുടങ്ങിയ വിദേശ രാജ്യങ്ങളെക്കാളും ഇന്ത്യയുടെ,പ്രതേകിച്ചു കേരളത്തിന്റെ  ജനസാന്ദ്രത വളരെ ഉയർന്നതിനാൽ രോഗം പടർന്നുപിടിച്ചാൽ സ്ഥിതി സങ്കീര്ണമാകുമെന്നു പ്രേത്യേകം  പറയേണ്ടതില്ല. .
അതിനാൽ ഇപ്പോഴുണ്ടാകുന്ന ചില അസൗകര്യങ്ങൾ അവഗണിച്ചും സഹിച്ചും  സർക്കാർ അപ്പപ്പോൾ തരുന്ന നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് പൂർണ്ണമായും ബ്രേക്ക് ദി ചെയിൻ പരിപാടിയുമായി നമുക്കോരോരുത്തർക്കും  സഹകരിക്കാം.
ഈ സങ്കീർണ്ണാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ ഓരോ ഭാരതീയരും കൂടുതൽ ഐക്യത്തോടെ 
ഒരുമിക്കട്ടെ ...

2020, മാർച്ച് 19, വ്യാഴാഴ്‌ച

BREAKING THE CHAIN




 ഇന്ന് മാർച്ച് 19  വിശുദ്ധ യൗസേപ്പ് പിതാവിൻറെ മരണതിരുനാൾ. വീടിനടുത്തുതന്നെയുള്ള  ദേവാലയത്തിൽ  ഞാൻ രാവിലെ ആറരയ്ക്കുള്ള കുർബാനയ്ക്കുപോയി .
സാധാരണരീതിയിലുള്ള ഒരു കുർബ്ബാന.
കൊറോണ വൈറസ് രോഗത്തിൻറെ പശ്ചാത്തലത്തിൽ നേരത്തെതന്നെ ആഘോഷങ്ങളൊക്കെ വേണ്ടെന്നുവച്ചിരുന്നു .
കുർബ്ബാനമധ്യേ വരാപ്പുഴ അതിരൂപതയിൽനിന്നു ലഭിച്ച സർക്കുലർ ഡീക്കൻ  വായിച്ചു.
കൊറോണ വൈറസ് രോഗം പടർന്നുപിടിക്കാതിരിക്കുന്നതിനു നാളെ മുതൽ ആരും കുർബ്ബാനയ്ക്ക്  വരേണ്ടന്നും മറ്റുപ്രതിരോധമാർഗ്ഗങ്ങളുമായിരുന്നു സർക്കുലറിൽ .ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ ദേവാലയാതിരുക്കർമ്മങ്ങളിൽ വിശ്വാസികൾ കൂട്ടമായി എത്തേണ്ടതില്ല.
സർക്കാരിൻറെ മറ്റു നിർദ്ദേശ്ശങ്ങളും പ്രധിരോധപ്രവർത്തനങ്ങളിലും എല്ലാവരും സഹകരിക്കണമെന്നും കാർമ്മികരായ പുരോഹിതന്മാർ ആഹ്വാനം ചെയ്തു.
പുറത്തിറങ്ങിയപ്പോൾ ,ദേവാലയത്തിനു പുറത്തു കൈ കഴുകുവാനുള്ള വെള്ളം നിറച്ച ഡ്രമ്മും പൈപ്പ്‌സെറ്റും വച്ചിരിക്കുന്നത്കണ്ടു .ഒരു സന്നദ്ധ സംഘടനയുടെ നേതൃത്വത്തിലാണ് കൈ കഴുകുവാൻ വെള്ളം വച്ചിട്ടുള്ളത്.

മാർച്ച് 19 ദിവസം യൗസേപ്പിതാവിന്റെ നേർച്ച സദ്യദിവസമാണ്.
എന്നാൽ ഇത്തവണ ഒരിടത്തും നേർച്ചസദ്യപോയിട്ടു ഒരു കുർബ്ബാനപോലും ആഘോഷമായിട്ടു നടത്തുവാൻ കഴിഞ്ഞില്ല 

.ആഗോളതലത്തിൽ ഭീകരമായി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ് 19 വൈറസ് രോഗത്തെ കീഴടക്കുവാൻ നമുക്കും കൈകോർക്കാം .


വിദേശത്തുനിന്നും വന്നിട്ടുള്ളവരുടെ വീടുകളിലാണ് ശ്മശാനമൂകത .വീടുകളിൽനിന്നും   ആരും പുറത്തിറങ്ങുന്നില്ല. ഭക്ഷണപദാർത്ഥങ്ങൾ വാങ്ങിക്കുവാൻ പോലും ആർക്കും പുറത്തിറങ്ങുവാൻ പറ്റാത്ത അവസ്ഥ.പുറത്തിറങ്ങുന്നവരെ കാണുമ്പോൾ ആളുകൾ വഴിമാറിപ്പോകുന്നു .
പണ്ട് വസൂരിരോഗം വന്നവരെ ഒറ്റപ്പെടുത്തുന്നതുപൊലെയുള്ള  സ്ഥിതി .
നിരീക്ഷണത്തിൽ കഴിയുന്നവർക്കാണ് ഇത്തരം അനുഭവം ,അപ്പോൾ രോഗം ബാധിച്ചാലോ ?
ഏതായാലും അടുത്ത രണ്ടാഴ്ച അതിപ്രധാനമാണ് .

കോവിഡ് 19 നെ കീഴ്പ്പെടുത്തുവാനുള്ള കേരളസർക്കാരിന്റേയും കേരളജനതയുടെയും പ്രയത്നങ്ങൾക്കു ഫലമുണ്ടാകട്ടെയെന്നു സർവശക്തനായ ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം ഒപ്പം ബ്രേക്ക് ദി ചെയിൻ    പ്രോഗ്രാം വിജയിപ്പിക്കുവാൻ നമുക്ക് അനുദിനം പല ആവർത്തി കൈകൾ  ശുദ്ധമാക്കാം.



Chain Of Infection


2020, മാർച്ച് 14, ശനിയാഴ്‌ച

അസ്തമയ സൂര്യൻ







ഗുജറാത്തിലെ ബുജിൽ നിന്ന് പോരുമ്പോൾ ഗാന്ധിധാം റയിൽവേ സ്റ്റേഷന് സമീപത്തുനിന്നെടുത്തതാണ്  ഈ  ചിത്രങ്ങൾ
അസ്തമയ സൂര്യൻ :
രണ്ട് പശ്ചാത്തലങ്ങളാണ് ഇവിടെയുള്ളത് .
ഒന്ന് ,നോക്കെത്താദൂരത്തിൽ അനന്തമായി നീണ്ടുനിവർന്നു കിടക്കുന്ന റെയിൽ പാളം
,രണ്ടാമത്തേതും അതുപോലെതന്നെ ,അനന്തമായി നെടുനീളത്തിൽ വലിച്ചിട്ടുള്ള ഉയർന്ന വോൾട്ടേജുള്ള വൈദ്യുതക്കമ്പികൾ .
എന്നെങ്കിലും കൂട്ടിമുട്ടണമെന്ന് ആഗ്രഹത്തോടെ തന്റെ ഉത്തരവാദിത്തം നിറവേറ്റുന്ന വൈദ്യുതക്കമ്പികളും പാളങ്ങളും
നിശ്ചിത അകലത്തിൽ പോകുന്ന പാളങ്ങളും വൈദ്യുതകമ്പികളും കൂട്ടിമുട്ടിയാൽ അപകടമാണെന്ന് മനസ്സിലാക്കുന്ന മനുഷ്യൻ ഒരിക്കലും തങ്ങളെ കൂട്ടിമുട്ടിക്കുകയില്ലെന്ന യാഥാർഥ്യം അറിയാതെ ഇരുവരും തങ്ങളുടെ കർത്തവ്യം നിറവേറ്റുന്നു .
തന്റെ ഇരട്ട സഹോദരനായ എതിർവശത്തെ പാളങ്ങളും അതുപോലെതന്നെ വൈദ്യുത കമ്പികളും ഒരു ഹസ്തദാനത്തിനുവേണ്ടിയുള്ള അടങ്ങാത്ത ആഗ്രഹം അടക്കിയൊതുക്കി കഴിയുന്നു .      
 അസ്തമയ സൂര്യന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല ,
ഓരോദിവസവും അനവധി ആഗ്രഹങ്ങളുമായാണ് സൂര്യൻ കിഴക്കുദിക്കുന്നത് . ഉദയസൂര്യന്റെ കിരണങ്ങൾ എല്ലാവരെയും ഉന്മേഷഭരിതമാക്കുന്നു .എല്ലാം വെട്ടിപ്പിടിക്കുമെന്ന വാശിയോടെ ഉദിക്കുന്ന സൂര്യൻ വൈകുന്നേരമാകുമ്പോൾ നിരാശനാകുന്നു .രാവിലത്തെ ഉന്മേഷവും ആഹ്‌ളാദവും  കൈമോശം വന്നു കരഞ്ഞു കലങ്ങിയ മുഖവുമായാണ് വൈകുന്നേരംഅസസ്തമിക്കുന്നത് .
രാവിലത്തെ മൃദുത്വം ഉച്ചയായപ്പോൾപൂർണശോഭയോടും അല്പം രൗദ്രഭാവത്തോടും കൂടി നിലകൊണ്ട പ്രതാപി തൻ്റെ ജോലി മുഴുവനും പൂർത്തിയാക്കിയില്ലെന്ന വിഷമത്തോടെയാണ് വൈകുന്നേരം അസ്തമിക്കുന്നത് .
മനുഷ്യജന്മവും സമാനമാണ് ,
 അവസാനിക്കാത്ത ആഗ്രഹങ്ങളുമായാണ് ഓരോ ദിവസവും ഓരോരുത്തരും                     കർമ്മനിരതരാകുന്നത്  .ഓരോ ആഗ്രഹവും പൂർത്തിയാകുമ്പോൾ പുതിയ ആഗ്രഹത്തിന്റെ പിന്നാലെ പോകുന്നു .
അവസാനം കുറെ ആഗ്രഹങ്ങൾ ബാക്കിവച്ചു മടങ്ങുന്നു .
ഇനിയൊരിക്കലൂം പൂർത്തീകരിക്കില്ലെന്ന നിരാശയോടെ .
എന്നാൽ സൂര്യന് നാളെ ഉദിക്കാമെന്ന പ്രതീക്ഷയുണ്ട് .
പൂർവാധികം ശക്തിയോടെ . ------------



2020, മാർച്ച് 10, ചൊവ്വാഴ്ച

ഗോശ്രീ ജംക്ഷനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്ക് ഫെറി സർവീസ് ?







              FORT QUEEN     ഫെറി ബോട്ട് വൈപ്പിൻ റോറോ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്നു

ഇന്നിവിടെ ചർച്ചചെയ്യുവാൻ ആഗ്രഹിക്കുന്നത് , വൈപ്പിൻ ഫോട്കൊച്ചി 
 ഫെറി സർവീസിലെ യാത്രക്ലേശത്തിനെക്കുറിച്ചാണ് 
1341 ൽ പെരിയാറിലുണ്ടായ അതിശക്തമായവെള്ളപ്പൊക്കത്തിനെത്തുടർന്നുപെരിയാർ  ഗതിമാറിയൊഴുകിയപ്പോൾ എക്കൽ വീണു രൂപംകൊണ്ടതാണ് 26  കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപ്‌.കടലിനും കായലിനുമിടയിൽ എക്കൽവീണ് വച്ചപ്രദേശമായതിനാൽ   "വയ്പ്പുകര " എന്നുവിളിച്ചു.വയ്പ്പുകര വൈപ്പിൻകര ആയി മാറി.

 പിന്നീട് ഇവിടെ ഒരു വലിയ ജനസമൂഹം രൂപപ്പെട്ടു,
ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപായി മാറി വൈപ്പിൻകര. വെള്ളപ്പൊക്കത്തിനു ശേഷം  കൊടുങ്ങല്ലൂർ തുറമുഖത്തിൻറെ പ്രതാപം നഷ്ടപ്പെട്ടു.വൈപ്പിൻകരയുടെതെക്കേ അറ്റത്തിനുംഫോട്കൊച്ചിയ്ക്കുമിടയിൽ ഒരു കൊച്ചഴി രൂപപ്പെടുകയും  കൊച്ചിതുറമുഖം പ്രവർത്തനസജ്ജമാവുകയും ചെയ്തു .
ഈ അഴികടന്നു മറുകരെയെത്തുവാൻആദ്യമായി ഒരു കടത്ത്  ബോട്ടു സർവീസ് ആരംഭിച്ചത് എസ് എസ് കോഡർ കമ്പനിയാണ് . കമ്പനിയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും വൈപ്പിന്കരയിലും   വല്ലാര്പാടത്തും  
സമീപപ്രദേശങ്ങളിലുമായിരുന്നു താമസം .അവരുടെ തൊഴിലാളികൾക്ക് വേണ്ടി ഏർപ്പെടുത്തിയ ഈ കടത്തുബോട്ട് സൗജന്യമായിരുന്നു .
പിന്നീട് ഫോട്കൊച്ചി മുനിസിപ്പാലിറ്റിയായപ്പോൾ ചെയർമാനായിരുന്ന  കെ ബി ജെക്കബ് ബോട്ടു  സർവീസ് മുനിസിപ്പാലിറ്റി ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിട്ടു  .അങ്ങനെ കേരളത്തിലെ ആദ്യത്തെ ദേശസാൽകൃത ഫെറിസർവീസായി വൈപ്പിൻ ഫോർട്ട്കൊച്ചി ഫെറി
റോ റോ ജങ്കാർ 
റോ റോ സർവീസ്  ആരംഭിക്കുന്നതിനുമുന്പുള്ള ജങ്കാർ 

  മുനിസിപ്പാലിറ്റി പിന്നീട് കൊച്ചി കോർപറേഷൻ ആയി .അപ്പോഴും ഫെറി സർവീസ്   കോർപറേഷൻ നിലനിർത്തി .കാലക്രമേണ ഫെറി സർവീസിനൊപ്പം ജങ്കാർ സർവീസും  ആരംഭിച്ചു .

 നഗരസഭ നേരിട്ട്നട ത്തിയിരുന്ന ഫെറി സർവീസും ജങ്കാർ സർവീസും പിന്നീട്  ദർഘാസ് സ്വീകരിച്ചുകൊണ്ട് സ്വകാര്യകരാറുകാരെ ഏല്പിച്ചു. 
പതിനഞ്ചു മീറ്ററിലധികം ആഴമുള്ള കപ്പൽച്ചാലിലൂടെ യുള്ള ഈ സർവീസ് സ്വകാര്യ കരാറുകാരെ ഏൽപ്പിക്കാതെ കോർപറേഷൻ നേരിട്ട് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അതെല്ലാം വനരോദനമായി.സ്വകാര്യകരാറുകാർക്കു ലാഭം മാത്രമാണ് ലക്‌ഷ്യം,ലാഭേച്ഛ കപ്പൽച്ചാലിലൂടെയുള്ള ഈ യാത്രയെ അപകടകരമാക്കുമെന്നും    കാലഹരണപ്പെട്ട ജങ്കാറുകളും ബോട്ടുകളും മാറ്റണമെന്നും സുരക്ഷിത യാത്രയ്ക്ക് സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു പാസഞ്ചേഴ്‌സ് അസോസിയേഷൻ നിരവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നതാണ് എന്നാൽ അതൊന്നും ചെവിക്കണ്ടില്ല .

2015 ആഗസ്ത് 26 ന് മൽസ്യബന്ധന വള്ളം ഇടിച്ചു തകർത്ത ഭാരത് ഫെറി ബോട്ട് ,11 പേരാണ് അന്ന് കായലിൽ മുങ്ങി മരിച്ചത്
         അവസാനം 2015 ആഗസ്ത് 26 നു ഒരു മൽസ്യബന്ധന വള്ളം ഫെറി ബോട്ടിലിടിച്ചു 11 പേർ മരണമടഞ്ഞു.വൈപ്പിനിൽനിന്നു ഫോട്കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ടത് .
     കാലഹരണപ്പെട്ട ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നതെങ്കിലും മൽസ്യബന്ധന വള്ളം വന്നു ബോട്ടിലിടിച്ചതുകാരണം  ബോട്ടിൻറെ പഴക്കത്തെക്കുറിച്ച് അന്വേഷിക്കാനോ ഒന്നും അധികൃതർ കൂട്ടാക്കിയില്ല .  
  ദുരന്തത്തിനുശേഷം സർക്കാർ ഒരു അന്വേഷണകമ്മീഷനെ നിയമിച്ചു,അന്നത്തെ എ ഡി ജി പി യായിരുന്ന പത്മകുമാർ കമ്മീഷൻ.
     വിരോധാഭാസമെന്നുപറയട്ടെ കമ്മീഷൻറെ അന്വേഷണപരിധിയിൽ അപകടമുണ്ടാകുവാനിടയായ കരണത്തെക്കുറിച്ചും ബോട്ടിന്റെ കാലപ്പഴക്കത്തെക്കുറിച്ചും  ഒന്നും വന്നില്ല  . സുരക്ഷിതയാത്രയ്ക്കു ഇനിയെന്ത് നടപടികൾ വേണമെന്നുമാത്രമാണ് അന്വേഷണപരിധിയിൽ വന്നത് .അങ്ങനെ എല്ലാവരുംകൂടി കരാറുകാരനെ രക്ഷപ്പെടുത്തി.

അവസാനം ആ റിപ്പോർട്ടും വന്നു ,അഴിമുഖത്ത്‌ സർവീസ് നടത്തുവാൻ റോ റോ ജങ്കാറുകൾ മാത്രം ഉപയോഗിക്കണമെന്ന് ,ബോട്ടപകടത്തിനു മുൻപുതന്നെ നഗരസഭ രണ്ട് റോ റോ ജങ്കാറുകളുടെ പണി ആരംഭിച്ചിരുന്നു. രണ്ടാമത്തെ നിർദേശം അഴിമുഖത്തുസർവീസിനുപയോഗിക്കുന്ന ബോട്ടുകൾക്ക് ഇരട്ട എഞ്ചിൻ വേണമെന്ന്. പാസഞ്ചേഴ്‌സ് അസോസിയേഷൻ വച്ച നിർദേശങ്ങളിലൊന്നായിരുന്നു അത്,
 എന്നാൽ ഇരട്ടഎഞ്ചിൻ ബോട്ടുപണിതപ്പോൾ കൂടുതൽ പഠനം നടത്താതെ ഇന്ധന ചെലവുകുറയ്ക്കുന്നതിനെക്കുറിച്ചും മറ്റും ആലോചിക്കാതെ ഡീസൽ കുടിക്കുന്ന രണ്ട് എഞ്ചിനുകൾ വച്ച ഒരു വലിയ ബോട്ടു പണിത് കർമ്മം തീർത്തു. സർക്കാർ സ്ഥാപനമായ കെ എസ ഐ എൻ സി യായിരുന്നു ബോട്ട് നിർമ്മാണം നടത്തിയത്. നഗരസഭനേരിട്ട്  സർവീസ് നടത്താതെ നിർമ്മാണം നടത്തിയ കെ എസ ഐ എൻ സി യെ തന്നെ ബോട്ടു ഓടിക്കുവാനുള്ള ചുമതലയും നൽകി . പക്ഷെ ,അവർ ബോട്ടു ഓടിക്കണമെങ്കിൽ യാത്രക്കാരിൽനിന്നും ടിക്കറ്റ് ചാർജ് ആയി ഈടാക്കണ തുകയ്ക്ക് പുറമെ പ്രതിദിനം 22500 രൂപകൂടി നൽകണമെന്ന വ്യവസ്ഥ കൂടി വച്ചു, നഗരസഭ സമ്മതിക്കുകയും ചെയ്തു. 

കടലിലെ ദ്വീപസമൂഹങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനു ഇരട്ടഎഞ്ചിൻ ബോട്ടുകൾ ഉപയോഗിക്കുന്നുണ്ട് ,അത് കൂടുതൽ കുതിരശക്തിയുള്ള ഔട്‍ബോർഡ് എഞ്ചിനുകളാണ്.നമ്മൾ ഇവിടെ കാണുന്ന തരത്തിലുള്ള റൂഫില്ലാത്തബോട്ടുകളല്ല ,മഴയും വെയിലും കൊള്ളാത്ത ബോട്ടുകളാണ് അത് .വളരെ സുരക്ഷിതമായ യാത്രയാണ് .അത്തരം സാധ്യതകളൊന്നും പരിഗണിക്കാതെ യുള്ള ഈ ബോട്ടു നഗരസഭയ്ക്ക് ഒരു ബാധ്യതയാണ്. 

ബോട്ടപകടത്തിനുശേഷം ഒരു മാസക്കാലത്തിലേറെ വൈപ്പിനിൽനിന്നു ഫെറി ബോട്ടോ ജങ്കാറുകളോ സർവീസ് നടത്തിയില്ല .വൈപ്പിനും കൊച്ചിയും തമ്മിലുള്ള ബന്ധം അറ്റുപോയി . ആലപ്പുഴയിൽ നിന്നു ഒരു ബാർജ് രൂപകല്പനയിൽ മാറ്റം വരുത്തി യാത്രബോട്ടു ആയി കുറേ നാൾ ഓടിച്ചു."പാപ്പി",പുതിയ ബോട്ടു വരുന്നതുവരെ പാപ്പി കിതച്ച് കിതച്ച് ഓടി. 
2018 ഏപ്രിൽ 28 ന്റോ റോ ജങ്കാർ സർവീസ് ആരംഭിച്ചു.അതും കെ എസ് ഐ എൻ സി യെ തന്നെയാണ് ഏൽപ്പിച്ചത് .
ഉത്‌ഘാടനം കഴിഞ്ഞ അന്നുതന്നെ ഓട്ടം നിറുത്തി.ജങ്കാർ ഓടിക്കണമെങ്കിൽ ഡോൾഫിൻ മൂറിങ് സംവിധാനം പണിയണമെന്ന് അവർ ആവശ്യപ്പെട്ടു.മാസങ്ങളോളം റോ റോ മാറ്റിയിട്ടു.മൂറിങ് ശരിയായപ്പോൾ ഇത് ഓടിക്കുവാനുള്ള തൊഴിലാളികളെ കിട്ടുന്നില്ലെന്ന്.പരിശീലനത്തിന് വരുന്നവർ കുറച്ചുദിവസങ്ങൾക്കു ശേഷം സ്ഥലം വിടുന്നു.സ്ഥലം വിടുന്നതാണോ വിടുവിക്കുന്നതാണോ ?
   വ്യക്തമായ ഒരു എഗ്രിമെൻറ് ഇല്ലാതെയാണ് റോ റോ സർവീസ്               നടത്തുവാൻ നഗരസഭ കെ എസ് ഐ എൻ സിയെ ചുമതലപ്പെടുത്തിയത്. പിന്നീട് നഗരസഭ നിർദേശിക്കുന്ന രീതിയിലുള്ള ഒരു  
 കരാർ ഒപ്പുവെക്കുവാൻ കെ എസ് ഐ എൻ സി തയ്യാറാകുന്നുമില്ല  . നഗരസഭയും കെ എസ് ഐ എൻ സി യും ചേർന്നുള്ള ജോയിൻറ്റു  അക്കൗണ്ട് വേണമെന്നാണ് നഗരസഭ നിർദ്ദേശിക്കുന്ന ഒരു  പ്രധാന വ്യവസ്ഥ .പ്രതിദിനമുള്ള വരുമാനം ഈ അക്കൗണ്ടിൽ അടയ്ക്കുമ്പോൾ ശരിയായ കണക്കു നഗരസഭയ്ക്കു ലഭിക്കും.ഇതിനാൽ  ആയിരിക്കണം  കെ എസ് ഐ എൻ സി ജോയിൻറ്റു  അക്കൗണ്ട്  വേണ്ടെന്ന്  പറയുന്നത് 
കെ എസ് ഐ എൻ സി യ്ക്ക് പ്രതിദിനം ലഭിക്കുന്ന വരുമാനത്തിന്റെ ശരിയായ കണക്കു  നഗരസഭയ്ക്ക്  ലഭിക്കുന്നില്ലെന്ന പരാതി വന്നപ്പോൾ   നഗരസഭ ഇലക്ട്രോണിക് ടിക്കറ്റ് സമ്പ്രദായം ഏർപ്പെടുത്തി .അതും അട്ടിമറിക്കുകയാണ് കെ എസ് ഐ എൻ സി ചെയ്തത്  .വൈപ്പിനിലെ കൗണ്ടറിൽ ഇപ്പോഴും അച്ചടിച്ച പേപ്പർ ടിക്കറ്റ് കൊടുത്തു കളക്ഷൻ വാങ്ങാറുണ്ട് .ഇ ടിക്കറ്റു മെഷീനിലൂടെ  വിൽക്കുന്ന ടിക്കറ്റിന്റെ കണക്കു മാത്രം നഗരസഭയ്ക്ക് നൽകിയാൽ മതി .അതും നൽകുന്നുണ്ടോയെന്നു സംശയമാണ് -ഒരു സർക്കാർ സ്ഥാപനം മറ്റൊരു സർക്കാർ സ്ഥാപനത്തെ കബളിപ്പിക്കുന്നു.ഇപ്പോൾ രാവിലെ 6 മണി മുതൽ രാത്രി 8 .30 വരെഒരു ജങ്കാറും രാവിലെ 8 .30  മണി മുതൽരാത്രി 10 മണി വരെ രണ്ടാമത്തെ ജങ്കാറും സർവീസ് നടത്തുന്നു.ഫലത്തിൽ രാവിലെ ആറുമണി മുതൽ എട്ടരവരെയും  രാത്രി എട്ടരമുതൽ പത്ത് മണിവരെയും ഒരു   ജങ്കാറുമാത്രമാണ്സർവീസിനുള്ളത് .

 അശാസ്ത്രീയമായ റോ റോ ജെട്ടി നിർമ്മാണം മൂലം ഇതിന്റെയൊപ്പം ബോട്ട് സർവീസ് നടത്തുവാനും കഴിയുന്നില്ല.  റോ  റോ ജെട്ടി പണിതപ്പോൾ  വൈപ്പിനിലെബോട്ടു  ജെട്ടി മൂറിങ്ങിനുള്ളിൽ അകപ്പെട്ടത് കാരണംറോറോ  ജങ്കാർ വൈപ്പിനിൽ ഉള്ളപ്പോൾ ഫെറി ബോട്ട് അടുപ്പിക്കുവാൻ കഴിയാതായി  .അതോടെ ഫോർട്ട് ക്വീൻ മാറ്റിക്കെട്ടി ഈ ഫെറി ബോട്ട് ജെട്ടിയിൽ വെറുതെ കെട്ടിയിട്ടു തുരുമ്പെടുക്കുകയാണ് .
  ഇങ്ങനെ ഒരു ജങ്കാറുമാത്രം സർവീസിനുള്ള സമയത്തു പലപ്പോഴും അവിചാരിതമായ ഏതെങ്കിലും കാരണങ്ങളാൽ സർവീസ് മുടങ്ങേണ്ടിവരുമ്പോൾ ഫോർട്ട്കൊച്ചിയും വൈപ്പിനുമായുള്ള ബന്ധം അറ്റുപോവുകയാണ് ചെയ്യുന്നത് .യന്ത്രം നിലയ്ക്കുന്ന ഈ ജങ്കാറുകൾ പലപ്പോഴും ആഴക്കടലിലൂടെ ഒഴുകുകയും ചെയ്യുന്നു .മിക്കവാറും ദിവസങ്ങളിൽ ഇത്തരം സർവീസ് സ്തംഭനം പതിവാണ്. അടിക്കടിയുണ്ടാകുന്ന ഈ സർവീസ് സ്തംഭനം ജങ്കാറിലെയും ഫെറിബോട്ടിലെയുംയാത്രക്കാർക്ക് ഭയാനകമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്  അത്തരം അവസ്ഥകളിൽ ബോട്ട്സർവീസ് നടത്തുവാൻ കെ എസ ഐ എൻ സി തയ്യാറാകുന്നുമില്ല.കഴിഞ്ഞദിവസം ഇരുജങ്കാറുകളും കേടായപ്പോൾ യാത്രക്കാരുടെ സമ്മർദ്ദത്തെത്തുടർന്നു  ബോട്ട് ഓടിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലുംസ്റ്റാർട്ടാകാതിരുന്നതിനെത്തുടർന്നു ജീവനക്കാർക്ക് അതിനു കഴിഞ്ഞില്ല രണ്ട് റോ റോ യും മുഴുവൻ സമയവും ഓടിക്കുന്നതിനുവേണ്ടി കോടികൾ മുടക്കി ഒരു റോ റോ കൂടി പണിത് സ്പെയർ  ആയി ഇടണമെന്നാണ് കെ എസ് ഐ എൻ സിയുടെ നിലപാട്. മൂന്നാമതൊരു ജങ്കാർ സ്പെയറായി വേണമെന്ന ആവശ്യം ഒട്ടും പ്രായോഗികമാണെന്നു തോന്നുന്നില്ല. 
  റോ റോ വരുന്നതിനുമുമ്പ് സ്വകാര്യകരാറുകാർ രണ്ട് ജങ്കാറുകൾ രാവിലെ മുതൽ രാത്രിവരെ തുടർച്ചയായി സർവീസ് നടത്തിയിരുന്നതാണ്.
   നിലവിലുള്ള രണ്ടെണ്ണം തുടർച്ചയായി (രാവിലെ ആറുമണി മുതൽ രാത്രി പത്തുമണി  വരെ) ഓടിച്ചതിനുശേഷമല്ലേ മൂന്നാമത്തെ ജങ്കാറിനെക്കുറിച്ചു ആലോചിക്കേണ്ടതുള്ളൂ എന്നാണ് യാത്രക്കാരുടെ അഭിപ്രായം.ജങ്കാറും ബോട്ടും നിശ്ചലമാകുമ്പോൾ സാധാരണ യാത്രക്കാരാണ്    കഷ്ടപ്പെട്ടുപോകുന്നത്.
   വാഹനങ്ങൾക്ക് എറണാകുളം ചുറ്റിപ്പോകുവാൻ കഴിഞ്ഞേക്കാം, എന്നാൽ സാധാരണ യാത്രക്കാർ എറണാകുളം ചുറ്റിപ്പോകുകയെന്നത് ദുഷ്‌കരമാണ്,പ്രേത്യേകിച്ചും രാത്രികാലങ്ങളിൽ.   
ഇതിനൊരു പരിഹാരം വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം 
  രണ്ട് റോറോ ജങ്കാറുകൾ ഓടുമ്പോൾ ഫെറി ബോട്ടു ഓടിക്കുവാൻ സാധിക്കുകയില്ല ,അശാസ്ത്രീയമായ വൈപ്പിൻ റോ റോ ജെട്ടി നിർമ്മാണമാണ് കാരണമെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇനി ബോട്ടിനുവേണ്ടി ഒരു ജെട്ടിനിർമ്മിച്ചാലും കാര്യമില്ല.റോ റോ ഓടുമ്പോൾ യാത്രക്കാർ കൂടുതൽപേരും റോ റോ യിലായിരിക്കും യാത്രചെയ്യുക.മുൻപ് സൂചിപ്പിച്ചതുപോലുള്ള സാഹചര്യമുണ്ടാകുമ്പോൾ മാത്രമായിരിക്കും ബോട്ടുകൊണ്ടുള്ള ഉപകാരം.ഇവിടെയാണ് കാളമുക്കിലുള്ള ഗോശ്രീ പാലത്തിനടിയിലുള്ള കടവിൽനിന്നു ബോട്ടുസർവീസ് ഫോർട്ട് കൊച്ചിയിലേക്ക് ആരംഭിക്കണമെന്നതിൻ്റെ പ്രസക്തി.

വൈപ്പിൻ ജെട്ടിയിലേക്കുള്ള ബസ്സുകളുടെ വരവ് അപൂർവ്വമായതിനാൽ യാത്രക്കാർ ഗോശ്രീ കവലയിൽനിന്നു കാൽ നടയായോ മറ്റുമാർഗങ്ങൾ തേടിയൊയാണ് വൈപ്പിലെത്തുന്നതും തിരിച്ചുപോകുന്നതും.ഗോശ്രീ കവലയിൽനിന്നു ബോട്ടു സർവീസുകളുണ്ടെങ്കിൽ ഫോട്കൊച്ചിയിലേക്കും തിരിച്ചു വയ്പ്പിലേക്കുള്ള യാത്രക്കാർക്കും വളരെ ഉപകാരപ്രദമായിരിക്കും.
   ഗോശ്രീ കവല അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്,ഭാവിയിൽ ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ബോട്ടുസർവീസ് നടത്താനാകും .വാട്ടർ മെട്രോയ്ക്ക് ഇവിടം പരിഗണിക്കാവുന്നതാണ്.   

18 കോടിരൂപ ചെലവഴിച്ചു പണിത റോ റോ കൊണ്ട് യാത്രക്കാർക്ക് മുഴുവൻ പ്രയോജനം ലഭിക്കുന്നില്ല ,നഗരസഭയ്ക്കോ മുടക്കുമുതൽ തിരിച്ചു കിട്ടുന്നുമില്ല. ലാഭം കെ എസ് ഐ എൻ സി യ്ക്ക് .   നഗരസഭ വാങ്ങിയ ഈ ജലയാനങ്ങൾ ഉപയോഗിച്ച്   യാതൊരു മുടക്കുതമുലുമില്ലാതെ കെ എസ് ഐ എൻ സി ലാഭം കൊയ്യുന്നു .കുതിരക്കാരനായി വന്നവൻ കുടുംബക്കാരനായി വാഴുന്നു.






             വൈപ്പിൻ ഗോശ്രീ പാലത്തിന്റെ വടക്കുഭാഗത്തു ജെട്ടി പണിയുവാനുള്ള സ്ഥലം 



                      പാലത്തിന്റെ വടക്കുഭാഗത്തുള്ള സ്ഥലത്തിന്റെ മറ്റൊരു ചിത്രം
           


ബോട്ടപകടത്തിനുശേഷം ആലപ്പുഴയിൽനിന്നു കൊണ്ട് വന്ന ബാർജ് രൂപകല്പനയിൽ മാറ്റംവരുത്തി പാപ്പി ഫെറിബോട്ടായി സർവീസ് നടത്തിയപ്പോൾ 

നിയന്ത്രണം വിട്ടു കടലിലേക്ക് ഒഴുകിപ്പോയ പഴയ ജങ്കാർ കടലിലെ ഒന്നാം ബോയയ്ക്കു സമീപത്തു വച്ച് മൽസ്യ ബന്ധനബോട്ടുകൾ കെട്ടിവലിച്ചു കരയ്ക്കു കൊണ്ട് വരുന്നു 

റോ റോ സർവീസിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാസഞ്ചേഴ്‌സ് അസോസിയേഷൻ വൈപ്പിൻ ജെട്ടിയിൽ നടത്തിയ ധർണ്ണ കെ ആർ സുഭാഷ്  ഉത്ഘാടനം ചെയ്യുന്നു