FORT QUEEN ഫെറി ബോട്ട് വൈപ്പിൻ റോറോ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുന്നു
ഇന്നിവിടെ ചർച്ചചെയ്യുവാൻ ആഗ്രഹിക്കുന്നത് , വൈപ്പിൻ ഫോട്കൊച്ചി
ഫെറി സർവീസിലെ യാത്രക്ലേശത്തിനെക്കുറിച്ചാണ്
1341 ൽ പെരിയാറിലുണ്ടായ അതിശക്തമായവെള്ളപ്പൊക്കത്തിനെത്തുടർന്നുപെരിയാർ ഗതിമാറിയൊഴുകിയപ്പോൾ എക്കൽ വീണു രൂപംകൊണ്ടതാണ് 26 കിലോമീറ്റർ നീളമുള്ള വൈപ്പിൻ ദ്വീപ്.കടലിനും കായലിനുമിടയിൽ എക്കൽവീണ് വച്ചപ്രദേശമായതിനാൽ "വയ്പ്പുകര " എന്നുവിളിച്ചു.വയ്പ്പുകര വൈപ്പിൻകര ആയി മാറി.
പിന്നീട് ഇവിടെ ഒരു വലിയ ജനസമൂഹം രൂപപ്പെട്ടു,
പിന്നീട് ഇവിടെ ഒരു വലിയ ജനസമൂഹം രൂപപ്പെട്ടു,
ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപായി മാറി വൈപ്പിൻകര. വെള്ളപ്പൊക്കത്തിനു ശേഷം കൊടുങ്ങല്ലൂർ തുറമുഖത്തിൻറെ പ്രതാപം നഷ്ടപ്പെട്ടു.വൈപ്പിൻകരയുടെതെക്കേ അറ്റത്തിനുംഫോട്കൊച്ചിയ്ക്കുമിടയിൽ ഒരു കൊച്ചഴി രൂപപ്പെടുകയും കൊച്ചിതുറമുഖം പ്രവർത്തനസജ്ജമാവുകയും ചെയ്തു .
ഈ അഴികടന്നു മറുകരെയെത്തുവാൻആദ്യമായി ഒരു കടത്ത് ബോട്ടു സർവീസ് ആരംഭിച്ചത് എസ് എസ് കോഡർ കമ്പനിയാണ് . കമ്പനിയുടെ തൊഴിലാളികളിൽ ഭൂരിഭാഗവും വൈപ്പിന്കരയിലും വല്ലാര്പാടത്തും
സമീപപ്രദേശങ്ങളിലുമായിരുന്നു താമസം .അവരുടെ തൊഴിലാളികൾക്ക് വേണ്ടി ഏർപ്പെടുത്തിയ ഈ കടത്തുബോട്ട് സൗജന്യമായിരുന്നു .
പിന്നീട് ഫോട്കൊച്ചി മുനിസിപ്പാലിറ്റിയായപ്പോൾ ചെയർമാനായിരുന്ന കെ ബി ജെക്കബ് ബോട്ടു സർവീസ് മുനിസിപ്പാലിറ്റി ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിട്ടു .അങ്ങനെ കേരളത്തിലെ ആദ്യത്തെ ദേശസാൽകൃത ഫെറിസർവീസായി വൈപ്പിൻ ഫോർട്ട്കൊച്ചി ഫെറി .
റോ റോ ജങ്കാർ |
റോ റോ സർവീസ് ആരംഭിക്കുന്നതിനുമുന്പുള്ള ജങ്കാർ |
മുനിസിപ്പാലിറ്റി പിന്നീട് കൊച്ചി കോർപറേഷൻ ആയി .അപ്പോഴും ഫെറി സർവീസ് കോർപറേഷൻ നിലനിർത്തി .കാലക്രമേണ ഫെറി സർവീസിനൊപ്പം ജങ്കാർ സർവീസും ആരംഭിച്ചു .
നഗരസഭ നേരിട്ട്നട ത്തിയിരുന്ന ഫെറി സർവീസും ജങ്കാർ സർവീസും പിന്നീട് ദർഘാസ് സ്വീകരിച്ചുകൊണ്ട് സ്വകാര്യകരാറുകാരെ ഏല്പിച്ചു.
പതിനഞ്ചു മീറ്ററിലധികം ആഴമുള്ള കപ്പൽച്ചാലിലൂടെ യുള്ള ഈ സർവീസ് സ്വകാര്യ കരാറുകാരെ ഏൽപ്പിക്കാതെ കോർപറേഷൻ നേരിട്ട് നടത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും അതെല്ലാം വനരോദനമായി.സ്വകാര്യകരാറുകാർക്കു ലാഭം മാത്രമാണ് ലക്‌ഷ്യം,ലാഭേച്ഛ കപ്പൽച്ചാലിലൂടെയുള്ള ഈ യാത്രയെ അപകടകരമാക്കുമെന്നും കാലഹരണപ്പെട്ട ജങ്കാറുകളും ബോട്ടുകളും മാറ്റണമെന്നും സുരക്ഷിത യാത്രയ്ക്ക് സാഹചര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു പാസഞ്ചേഴ്‌സ് അസോസിയേഷൻ നിരവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നതാണ് എന്നാൽ അതൊന്നും ചെവിക്കണ്ടില്ല .
2015 ആഗസ്ത് 26 ന് മൽസ്യബന്ധന വള്ളം ഇടിച്ചു തകർത്ത ഭാരത് ഫെറി ബോട്ട് ,11 പേരാണ് അന്ന് കായലിൽ മുങ്ങി മരിച്ചത് |
അവസാനം 2015 ആഗസ്ത് 26 നു ഒരു മൽസ്യബന്ധന വള്ളം ഫെറി ബോട്ടിലിടിച്ചു 11 പേർ മരണമടഞ്ഞു.വൈപ്പിനിൽനിന്നു ഫോട്കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്നു അപകടത്തിൽപ്പെട്ടത് .
കാലഹരണപ്പെട്ട ബോട്ടുകളാണ് ഇവിടെ സർവീസ് നടത്തിയിരുന്നതെങ്കിലും മൽസ്യബന്ധന വള്ളം വന്നു ബോട്ടിലിടിച്ചതുകാരണം ബോട്ടിൻറെ പഴക്കത്തെക്കുറിച്ച് അന്വേഷിക്കാനോ ഒന്നും അധികൃതർ കൂട്ടാക്കിയില്ല .
ദുരന്തത്തിനുശേഷം സർക്കാർ ഒരു അന്വേഷണകമ്മീഷനെ നിയമിച്ചു,അന്നത്തെ എ ഡി ജി പി യായിരുന്ന പത്മകുമാർ കമ്മീഷൻ.
വിരോധാഭാസമെന്നുപറയട്ടെ കമ്മീഷൻറെ അന്വേഷണപരിധിയിൽ അപകടമുണ്ടാകുവാനിടയായ കരണത്തെക്കുറിച്ചും ബോട്ടിന്റെ കാലപ്പഴക്കത്തെക്കുറിച്ചും ഒന്നും വന്നില്ല . സുരക്ഷിതയാത്രയ്ക്കു ഇനിയെന്ത് നടപടികൾ വേണമെന്നുമാത്രമാണ് അന്വേഷണപരിധിയിൽ വന്നത് .അങ്ങനെ എല്ലാവരുംകൂടി കരാറുകാരനെ രക്ഷപ്പെടുത്തി.
അവസാനം ആ റിപ്പോർട്ടും വന്നു ,അഴിമുഖത്ത് സർവീസ് നടത്തുവാൻ റോ റോ ജങ്കാറുകൾ മാത്രം ഉപയോഗിക്കണമെന്ന് ,ബോട്ടപകടത്തിനു മുൻപുതന്നെ നഗരസഭ രണ്ട് റോ റോ ജങ്കാറുകളുടെ പണി ആരംഭിച്ചിരുന്നു. രണ്ടാമത്തെ നിർദേശം അഴിമുഖത്തുസർവീസിനുപയോഗിക്കുന്ന ബോട്ടുകൾക്ക് ഇരട്ട എഞ്ചിൻ വേണമെന്ന്. പാസഞ്ചേഴ്‌സ് അസോസിയേഷൻ വച്ച നിർദേശങ്ങളിലൊന്നായിരുന്നു അത്,
എന്നാൽ ഇരട്ടഎഞ്ചിൻ ബോട്ടുപണിതപ്പോൾ കൂടുതൽ പഠനം നടത്താതെ ഇന്ധന ചെലവുകുറയ്ക്കുന്നതിനെക്കുറിച്ചും മറ്റും ആലോചിക്കാതെ ഡീസൽ കുടിക്കുന്ന രണ്ട് എഞ്ചിനുകൾ വച്ച ഒരു വലിയ ബോട്ടു പണിത് കർമ്മം തീർത്തു. സർക്കാർ സ്ഥാപനമായ കെ എസ ഐ എൻ സി യായിരുന്നു ബോട്ട് നിർമ്മാണം നടത്തിയത്. നഗരസഭനേരിട്ട് സർവീസ് നടത്താതെ നിർമ്മാണം നടത്തിയ കെ എസ ഐ എൻ സി യെ തന്നെ ബോട്ടു ഓടിക്കുവാനുള്ള ചുമതലയും നൽകി . പക്ഷെ ,അവർ ബോട്ടു ഓടിക്കണമെങ്കിൽ യാത്രക്കാരിൽനിന്നും ടിക്കറ്റ് ചാർജ് ആയി ഈടാക്കണ തുകയ്ക്ക് പുറമെ പ്രതിദിനം 22500 രൂപകൂടി നൽകണമെന്ന വ്യവസ്ഥ കൂടി വച്ചു, നഗരസഭ സമ്മതിക്കുകയും ചെയ്തു.
കടലിലെ ദ്വീപസമൂഹങ്ങളായ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ടൂറിസ്റ്റുകളെ കൊണ്ട് പോകുന്നതിനു ഇരട്ടഎഞ്ചിൻ ബോട്ടുകൾ ഉപയോഗിക്കുന്നുണ്ട് ,അത് കൂടുതൽ കുതിരശക്തിയുള്ള ഔട്‍ബോർഡ് എഞ്ചിനുകളാണ്.നമ്മൾ ഇവിടെ കാണുന്ന തരത്തിലുള്ള റൂഫില്ലാത്തബോട്ടുകളല്ല ,മഴയും വെയിലും കൊള്ളാത്ത ബോട്ടുകളാണ് അത് .വളരെ സുരക്ഷിതമായ യാത്രയാണ് .അത്തരം സാധ്യതകളൊന്നും പരിഗണിക്കാതെ യുള്ള ഈ ബോട്ടു നഗരസഭയ്ക്ക് ഒരു ബാധ്യതയാണ്.
ബോട്ടപകടത്തിനുശേഷം ഒരു മാസക്കാലത്തിലേറെ വൈപ്പിനിൽനിന്നു ഫെറി ബോട്ടോ ജങ്കാറുകളോ സർവീസ് നടത്തിയില്ല .വൈപ്പിനും കൊച്ചിയും തമ്മിലുള്ള ബന്ധം അറ്റുപോയി . ആലപ്പുഴയിൽ നിന്നു ഒരു ബാർജ് രൂപകല്പനയിൽ മാറ്റം വരുത്തി യാത്രബോട്ടു ആയി കുറേ നാൾ ഓടിച്ചു."പാപ്പി",പുതിയ ബോട്ടു വരുന്നതുവരെ പാപ്പി കിതച്ച് കിതച്ച് ഓടി.
2018 ഏപ്രിൽ 28 ന്റോ റോ ജങ്കാർ സർവീസ് ആരംഭിച്ചു.അതും കെ എസ് ഐ എൻ സി യെ തന്നെയാണ് ഏൽപ്പിച്ചത് .
ഉത്‌ഘാടനം കഴിഞ്ഞ അന്നുതന്നെ ഓട്ടം നിറുത്തി.ജങ്കാർ ഓടിക്കണമെങ്കിൽ ഡോൾഫിൻ മൂറിങ് സംവിധാനം പണിയണമെന്ന് അവർ ആവശ്യപ്പെട്ടു.മാസങ്ങളോളം റോ റോ മാറ്റിയിട്ടു.മൂറിങ് ശരിയായപ്പോൾ ഇത് ഓടിക്കുവാനുള്ള തൊഴിലാളികളെ കിട്ടുന്നില്ലെന്ന്.പരിശീലനത്തിന് വരുന്നവർ കുറച്ചുദിവസങ്ങൾക്കു ശേഷം സ്ഥലം വിടുന്നു.സ്ഥലം വിടുന്നതാണോ വിടുവിക്കുന്നതാണോ ?
വ്യക്തമായ ഒരു എഗ്രിമെൻറ് ഇല്ലാതെയാണ് റോ റോ സർവീസ് നടത്തുവാൻ നഗരസഭ കെ എസ് ഐ എൻ സിയെ ചുമതലപ്പെടുത്തിയത്. പിന്നീട് നഗരസഭ നിർദേശിക്കുന്ന രീതിയിലുള്ള ഒരു
കരാർ ഒപ്പുവെക്കുവാൻ കെ എസ് ഐ എൻ സി തയ്യാറാകുന്നുമില്ല . നഗരസഭയും കെ എസ് ഐ എൻ സി യും ചേർന്നുള്ള ജോയിൻറ്റു അക്കൗണ്ട് വേണമെന്നാണ് നഗരസഭ നിർദ്ദേശിക്കുന്ന ഒരു പ്രധാന വ്യവസ്ഥ .പ്രതിദിനമുള്ള വരുമാനം ഈ അക്കൗണ്ടിൽ അടയ്ക്കുമ്പോൾ ശരിയായ കണക്കു നഗരസഭയ്ക്കു ലഭിക്കും.ഇതിനാൽ ആയിരിക്കണം കെ എസ് ഐ എൻ സി ജോയിൻറ്റു അക്കൗണ്ട് വേണ്ടെന്ന് പറയുന്നത്
കെ എസ് ഐ എൻ സി യ്ക്ക് പ്രതിദിനം ലഭിക്കുന്ന വരുമാനത്തിന്റെ ശരിയായ കണക്കു നഗരസഭയ്ക്ക് ലഭിക്കുന്നില്ലെന്ന പരാതി വന്നപ്പോൾ നഗരസഭ ഇലക്ട്രോണിക് ടിക്കറ്റ് സമ്പ്രദായം ഏർപ്പെടുത്തി .അതും അട്ടിമറിക്കുകയാണ് കെ എസ് ഐ എൻ സി ചെയ്തത് .വൈപ്പിനിലെ കൗണ്ടറിൽ ഇപ്പോഴും അച്ചടിച്ച പേപ്പർ ടിക്കറ്റ് കൊടുത്തു കളക്ഷൻ വാങ്ങാറുണ്ട് .ഇ ടിക്കറ്റു മെഷീനിലൂടെ വിൽക്കുന്ന ടിക്കറ്റിന്റെ കണക്കു മാത്രം നഗരസഭയ്ക്ക് നൽകിയാൽ മതി .അതും നൽകുന്നുണ്ടോയെന്നു സംശയമാണ് -ഒരു സർക്കാർ സ്ഥാപനം മറ്റൊരു സർക്കാർ സ്ഥാപനത്തെ കബളിപ്പിക്കുന്നു.ഇപ്പോൾ രാവിലെ 6 മണി മുതൽ രാത്രി 8 .30 വരെഒരു ജങ്കാറും രാവിലെ 8 .30 മണി മുതൽരാത്രി 10 മണി വരെ രണ്ടാമത്തെ ജങ്കാറും സർവീസ് നടത്തുന്നു.ഫലത്തിൽ രാവിലെ ആറുമണി മുതൽ എട്ടരവരെയും രാത്രി എട്ടരമുതൽ പത്ത് മണിവരെയും ഒരു ജങ്കാറുമാത്രമാണ്സർവീസിനുള്ളത് .
അശാസ്ത്രീയമായ റോ റോ ജെട്ടി നിർമ്മാണം മൂലം ഇതിന്റെയൊപ്പം ബോട്ട് സർവീസ് നടത്തുവാനും കഴിയുന്നില്ല. റോ റോ ജെട്ടി പണിതപ്പോൾ വൈപ്പിനിലെബോട്ടു ജെട്ടി മൂറിങ്ങിനുള്ളിൽ അകപ്പെട്ടത് കാരണംറോറോ ജങ്കാർ വൈപ്പിനിൽ ഉള്ളപ്പോൾ ഫെറി ബോട്ട് അടുപ്പിക്കുവാൻ കഴിയാതായി .അതോടെ ഫോർട്ട് ക്വീൻ മാറ്റിക്കെട്ടി ഈ ഫെറി ബോട്ട് ജെട്ടിയിൽ വെറുതെ കെട്ടിയിട്ടു തുരുമ്പെടുക്കുകയാണ് .
ഇങ്ങനെ ഒരു ജങ്കാറുമാത്രം സർവീസിനുള്ള സമയത്തു പലപ്പോഴും അവിചാരിതമായ ഏതെങ്കിലും കാരണങ്ങളാൽ സർവീസ് മുടങ്ങേണ്ടിവരുമ്പോൾ ഫോർട്ട്കൊച്ചിയും വൈപ്പിനുമായുള്ള ബന്ധം അറ്റുപോവുകയാണ് ചെയ്യുന്നത് .യന്ത്രം നിലയ്ക്കുന്ന ഈ ജങ്കാറുകൾ പലപ്പോഴും ആഴക്കടലിലൂടെ ഒഴുകുകയും ചെയ്യുന്നു .മിക്കവാറും ദിവസങ്ങളിൽ ഇത്തരം സർവീസ് സ്തംഭനം പതിവാണ്. അടിക്കടിയുണ്ടാകുന്ന ഈ സർവീസ് സ്തംഭനം ജങ്കാറിലെയും ഫെറിബോട്ടിലെയുംയാത്രക്കാർക്ക് ഭയാനകമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത് അത്തരം അവസ്ഥകളിൽ ബോട്ട്സർവീസ് നടത്തുവാൻ കെ എസ ഐ എൻ സി തയ്യാറാകുന്നുമില്ല.കഴിഞ്ഞദിവസം ഇരുജങ്കാറുകളും കേടായപ്പോൾ യാത്രക്കാരുടെ സമ്മർദ്ദത്തെത്തുടർന്നു ബോട്ട് ഓടിക്കുവാൻ ഒരു ശ്രമം നടത്തിയെങ്കിലുംസ്റ്റാർട്ടാകാതിരുന്നതിനെത്തുടർന്നു ജീവനക്കാർക്ക് അതിനു കഴിഞ്ഞില്ല രണ്ട് റോ റോ യും മുഴുവൻ സമയവും ഓടിക്കുന്നതിനുവേണ്ടി കോടികൾ മുടക്കി ഒരു റോ റോ കൂടി പണിത് സ്പെയർ ആയി ഇടണമെന്നാണ് കെ എസ് ഐ എൻ സിയുടെ നിലപാട്. മൂന്നാമതൊരു ജങ്കാർ സ്പെയറായി വേണമെന്ന ആവശ്യം ഒട്ടും പ്രായോഗികമാണെന്നു തോന്നുന്നില്ല.
റോ റോ വരുന്നതിനുമുമ്പ് സ്വകാര്യകരാറുകാർ രണ്ട് ജങ്കാറുകൾ രാവിലെ മുതൽ രാത്രിവരെ തുടർച്ചയായി സർവീസ് നടത്തിയിരുന്നതാണ്.
നിലവിലുള്ള രണ്ടെണ്ണം തുടർച്ചയായി (രാവിലെ ആറുമണി മുതൽ രാത്രി പത്തുമണി വരെ) ഓടിച്ചതിനുശേഷമല്ലേ മൂന്നാമത്തെ ജങ്കാറിനെക്കുറിച്ചു ആലോചിക്കേണ്ടതുള്ളൂ എന്നാണ് യാത്രക്കാരുടെ അഭിപ്രായം.ജങ്കാറും ബോട്ടും നിശ്ചലമാകുമ്പോൾ സാധാരണ യാത്രക്കാരാണ് കഷ്ടപ്പെട്ടുപോകുന്നത്.
വാഹനങ്ങൾക്ക് എറണാകുളം ചുറ്റിപ്പോകുവാൻ കഴിഞ്ഞേക്കാം, എന്നാൽ സാധാരണ യാത്രക്കാർ എറണാകുളം ചുറ്റിപ്പോകുകയെന്നത് ദുഷ്‌കരമാണ്,പ്രേത്യേകിച്ചും രാത്രികാലങ്ങളിൽ.
ഇതിനൊരു പരിഹാരം വേണമെന്നതാണ് യാത്രക്കാരുടെ ആവശ്യം
രണ്ട് റോറോ ജങ്കാറുകൾ ഓടുമ്പോൾ ഫെറി ബോട്ടു ഓടിക്കുവാൻ സാധിക്കുകയില്ല ,അശാസ്ത്രീയമായ വൈപ്പിൻ റോ റോ ജെട്ടി നിർമ്മാണമാണ് കാരണമെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇനി ബോട്ടിനുവേണ്ടി ഒരു ജെട്ടിനിർമ്മിച്ചാലും കാര്യമില്ല.റോ റോ ഓടുമ്പോൾ യാത്രക്കാർ കൂടുതൽപേരും റോ റോ യിലായിരിക്കും യാത്രചെയ്യുക.മുൻപ് സൂചിപ്പിച്ചതുപോലുള്ള സാഹചര്യമുണ്ടാകുമ്പോൾ മാത്രമായിരിക്കും ബോട്ടുകൊണ്ടുള്ള ഉപകാരം.ഇവിടെയാണ് കാളമുക്കിലുള്ള ഗോശ്രീ പാലത്തിനടിയിലുള്ള കടവിൽനിന്നു ബോട്ടുസർവീസ് ഫോർട്ട് കൊച്ചിയിലേക്ക് ആരംഭിക്കണമെന്നതിൻ്റെ പ്രസക്തി.
വൈപ്പിൻ ജെട്ടിയിലേക്കുള്ള ബസ്സുകളുടെ വരവ് അപൂർവ്വമായതിനാൽ യാത്രക്കാർ ഗോശ്രീ കവലയിൽനിന്നു കാൽ നടയായോ മറ്റുമാർഗങ്ങൾ തേടിയൊയാണ് വൈപ്പിലെത്തുന്നതും തിരിച്ചുപോകുന്നതും.ഗോശ്രീ കവലയിൽനിന്നു ബോട്ടു സർവീസുകളുണ്ടെങ്കിൽ ഫോട്കൊച്ചിയിലേക്കും തിരിച്ചു വയ്പ്പിലേക്കുള്ള യാത്രക്കാർക്കും വളരെ ഉപകാരപ്രദമായിരിക്കും.
ഗോശ്രീ കവല അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ്,ഭാവിയിൽ ഇവിടെ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ബോട്ടുസർവീസ് നടത്താനാകും .വാട്ടർ മെട്രോയ്ക്ക് ഇവിടം പരിഗണിക്കാവുന്നതാണ്.
18 കോടിരൂപ ചെലവഴിച്ചു പണിത റോ റോ കൊണ്ട് യാത്രക്കാർക്ക് മുഴുവൻ പ്രയോജനം ലഭിക്കുന്നില്ല ,നഗരസഭയ്ക്കോ മുടക്കുമുതൽ തിരിച്ചു കിട്ടുന്നുമില്ല. ലാഭം കെ എസ് ഐ എൻ സി യ്ക്ക് . നഗരസഭ വാങ്ങിയ ഈ ജലയാനങ്ങൾ ഉപയോഗിച്ച് യാതൊരു മുടക്കുതമുലുമില്ലാതെ കെ എസ് ഐ എൻ സി ലാഭം കൊയ്യുന്നു .കുതിരക്കാരനായി വന്നവൻ കുടുംബക്കാരനായി വാഴുന്നു.
വൈപ്പിൻ ഗോശ്രീ പാലത്തിന്റെ വടക്കുഭാഗത്തു ജെട്ടി പണിയുവാനുള്ള സ്ഥലം
പാലത്തിന്റെ വടക്കുഭാഗത്തുള്ള സ്ഥലത്തിന്റെ മറ്റൊരു ചിത്രം
ബോട്ടപകടത്തിനുശേഷം ആലപ്പുഴയിൽനിന്നു കൊണ്ട് വന്ന ബാർജ് രൂപകല്പനയിൽ മാറ്റംവരുത്തി പാപ്പി ഫെറിബോട്ടായി സർവീസ് നടത്തിയപ്പോൾ |
നിയന്ത്രണം വിട്ടു കടലിലേക്ക് ഒഴുകിപ്പോയ പഴയ ജങ്കാർ കടലിലെ ഒന്നാം ബോയയ്ക്കു സമീപത്തു വച്ച് മൽസ്യ ബന്ധനബോട്ടുകൾ കെട്ടിവലിച്ചു കരയ്ക്കു കൊണ്ട് വരുന്നു |
റോ റോ സർവീസിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാസഞ്ചേഴ്‌സ് അസോസിയേഷൻ വൈപ്പിൻ ജെട്ടിയിൽ നടത്തിയ ധർണ്ണ കെ ആർ സുഭാഷ് ഉത്ഘാടനം ചെയ്യുന്നു |
Beautiful article papa ! Keep writing !
മറുപടിഇല്ലാതാക്കൂഇത് ന്യായമായ ഒരു ആവശ്യം ആണ് അധികാരികളുടെ കണ്ണ് തുറക്കാൻ. ഇതുപോലുള്ള ആർട്ടിക്കിൾ കാരണമാകട്ടെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഫ്രാൻസിസ് ചമ്മണിക്കും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂGosree junction to kochi!
മറുപടിഇല്ലാതാക്കൂVery good initative
Keep moving