2020, ജൂലൈ 2, വ്യാഴാഴ്‌ച

കേരളത്തിലെ ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ് കളി

ചിത്രം :ഹാഷ്‌ന മരിയ

കേരളത്തിലെ ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ്  കളി

"ഉണ്ടെന്ന് അഞ്ച്......  ഇല്ലെന്നു അഞ്ച് "
ഒരുകൂട്ടം ആളുകൾ കൂടിനിന്ന് വിളിച്ചുപറഞ്ഞു  വാതുവെക്കുകയുകയാണ്.

 ഒരു പഴയകാല വിനോദമായ ചൊട്ടക്കേറ് കളിയുടെ പഴയ ദൃശ്യമാണിത്.
 ഓണക്കാലത്തെ വിനോദമായ ചൊട്ടക്കേറ്  കളിക്കുവാൻ കൂടുതൽ സാമഗ്രികളൊന്നും വേണ്ട.
ആകെ വേണ്ടത് രണ്ട് ഗോലികൾമാത്രം.
രണ്ടാളുണ്ടെങ്കിലും കളിക്കാം,എത്ര പേരുണ്ടെങ്കിലും കളിക്കാം.
കൂടുതൽ പേരുണ്ടെങ്കിൽ കളി വളരെ രസകരമായിരിക്കും.
കളിയിലുള്ളവർ ഓരോരുത്തരുടെയും ഊഴം എപ്പോഴാണെന്ന് ആദ്യമേതന്നെ നിശ്ചയിച്ചിരിക്കും.
അതനുസരിച്ച് ഒരാൾ കയ്യിലിരിക്കുന്ന ഗോലികളിലൊന്ന് മുന്നോട്ട് നാലു- അഞ്ച് മീറ്ററുകൾ അകലത്തിലേക്കു നീട്ടിയെറിയും.അടുത്ത ഗോലിയെറിയുന്നതിനു മുൻപായിട്ടു രണ്ടാമത്തെ ഗോലിയും ഒന്നാമത്തെ ഗോലിയും തമ്മിലുള്ള അകലം എത്ര ചൊട്ടയായിരിക്കുമെന്ന് ധാരണയിലെത്തും.
ധാരണയായതിനുശേഷം രണ്ടാമൻ  ഒന്നാമതെറിഞ്ഞ ഗോലിയുടെ നേരേയ്ക്കു രണ്ടാമത്തെ ഗോലിയെറിയും. ഗോലികൾ തമ്മിലുള്ള അകലം എത്രയുണ്ടെന്ന് അളക്കുകയാണ് അടുത്ത നടപടി.തള്ളവിരലിൻറെയും നടുവിരലിൻറെയും അറ്റങ്ങൾ തമ്മിലുള്ള ദൂരത്തിനെയാണ് ഒരു  ചൊട്ടെയെന്നു പറയുന്നത്.അളക്കുമ്പോൾ മുടിനാരിഴയുടെ അകലം പോലും വിട്ടുകൊടുക്കാറില്ല.അതിനെച്ചൊല്ലി തർക്കങ്ങളുമുണ്ടാകാറുണ്ട്.
കളിയിലെ ഈ വാശി വളരെ രസകരമാണ്.
ആദ്യം കളിക്കുന്ന രണ്ടുപേരെക്കൂടാതെ പുറത്തുനിൽക്കുന്നവർ തമ്മിലും ധാരണയായ ഗോലിയുടെ അകലം സംബന്ധിച്ച് വാതുവെപ്പ് നടത്തും.
വാതുവെപ്പ് അഞ്ചും പത്തും പൈസക്കായിരിക്കും. അക്കാലത്ത് അത് വലിയ തുക തന്നെയായിരുന്നു.മണ്ണുവഴികളിലായിരുന്നു ചോട്ടക്കേറ് കളികൾ നടന്നിരുന്നത്.ഗോലി ഉരുളുവാൻ മണ്ണുപ്രദേശമാണുത്തമം.വഴിയുടെ ഒരറ്റത്തുനിന്ന് ഇങ്ങനെയെറിഞ്ഞു കുറേ ദൂരം പോയതിനുശേഷം അതുപോലെതന്നെ തിരിച്ച് തുടങ്ങിയ സ്ഥലത്തേക്ക് തന്നെയെത്തും.
കളിക്കുന്നവരും കാളികാണാനുള്ളവരും കൂട്ടമായിട്ട് ഇങ്ങനെ കളിച്ച് കളിച്ച് പോകുന്നത് വളരെ രസകരമാണ്,







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ