2025, മേയ് 30, വെള്ളിയാഴ്‌ച

കൊച്ചി മേയർക്ക് 1001 കത്തുകൾ.

 വൈപ്പിൻ ഫോർട്ടുകൊച്ചി ഫെറി പാസഞ്ചേഴ്സ് യൂണിയൻ എന്ന പേരിലാണ് ഞങ്ങൾ ആദ്യം പ്രവർത്തിച്ചിരുന്നത്. 

ഫെറി സർവ്വീസിലെ യാത്രാ ക്ലേശങ്ങൾ ഓരോന്നും ഞങ്ങൾ യഥാസമയം കോർപ്പറേഷൻ മേയർക്കും ബന്ധപ്പെട്ടവർക്കും നിവേദനത്തിലൂടെ നൽകിയിരുന്നു. 

അക്കാലത്ത് ഫെറിസർവ്വീസ് കോർപ്പറേഷൻ നേരിട്ടാണ് നടത്തിയിരുന്നത്. 

ഓരോ മേയർക്കും ഓരോ വർഷമായിരുന്നു.1995 ൽ പഞ്ചായത്ത് രാജ് നിയമം പ്രാബല്യത്തിൽ വന്നപ്പോഴാണ് മേയറുടെ കാലാവധി 5 വർഷമായത്. കെ ജെ. സോഹൻ മേ മേയറായിരുന്ന സമയത്താണ് ഫെറി ചാർജ്ജ് 25 പൈസയിൽ നിന്ന് 40 പൈസയായി വർദ്ധിപ്പിക്കാനുള്ള നീക്കം നടത്തിയത്. കൗൺസിലിൽ അങ്ങനെ ഒരു തീരുമാനം വന്നപ്പോൾ തന്നെ വിവരം ഞങ്ങൾ അറിഞ്ഞു. തുടർന്ന് അതിനെതിരെ നിവേദനം കൊടുത്തു. എന്നാൽ തീരുമാനം തെളിയിക്കാമെന്ന് ഉറപ്പ് ലഭിച്ചില്ല. 

തുടർന്ന് ഞങ്ങൾ കൊച്ചി മേയർക്ക് 1001 കത്തുകൾ അയയ്ക്കുവൻ തീരുമാനച്ചു. വൈപ്പിൻ ജട്ടിയിൽ ഒരു ദിവസം രാവിലെ മുതൽ വൈകന്നേരംവരെ ഞങ്ങൾ പ്രചരണം നടത്തുകയും യാത്രക്കാരെക്കൊണ്ട് കത്തുകളെഴുതിക്കുകയും ചെയ്തു.

അടുത്ത ദിവസം രാവിലെ ഫോർട്ടു കൊച്ചി ജെട്ടിയിലുള്ള പോസ്റ്റ് ബോക്സിൽ കത്തുകളിൽ കുറച്ച് പോസ്റ്റ് ചെയ്തു. ആദ്യ കത്ത് പോസ്റ്റ് ചെയ്തതു് അഡ്വ.സാജൻ മണ്ണാളിയായിരുന്നു. തുടർന്ന് ഒന്നിടവിട്ട് 100 ഉം 150 ഉം വീതം കത്തുകൾ വിവിധ പോസ്റ്റ് ഓഫീസുകളിൽ നിന്ന് പോസ്റ്റ് ചെയ്തു. കത്തുകൾ എല്ലാം ഒരു ദിവസം Post ചെയ്താൽ എല്ലാം കൂടി ഒറ്റക്കെട്ടായി അവിടെ എത്തുമ്പോൾ ഒരു ദിവസം തന്നെ എല്ലാം എത്തും. അതൊഴിവാക്കാനാവാനാണ് പലപ്പോഴായി കുറെശ്ശേ കത്തുകൾ അയയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചതു്.

1001-ാമത്തെ കത്ത് എഴുതി തന്നത് ശ്രീ സർവ്വോദയം കുര്യൻ ചേട്ടനായിരുന്നു. വലിയൊരു പൊതുജനാഭിപ്രായം ഈ വിഷയത്തിൽ ഉയർന്നതിനാൽ അവസാനം ചാർജ്ജ് വർദ്ധനവ് തീരുമാനം കൊച്ചി കോർപ്പറേഷൻ പിൻവലിച്ചു.

ഫ്രാൻസീസ് ചമ്മണി



2025, മേയ് 28, ബുധനാഴ്‌ച

മഴ കനത്തുവൈപ്പിൻ കര ദുരിതത്തിൽ

 ശക്തമായ മഴയെത്തുടർന്ന് 

വൈപ്പിൻ കരയുടെ തീരമേഖലയിലെ ജനങ്ങൾ ദുരിതത്തിൽ. 

വൈപ്പിൻ കരയിൽ പലയിടത്തും മരം വീണ് നാശനഷ്ടങ്ങളുണ്ടായി. 

കടൽ വെള്ളവും അടിച്ചു കയറുന്നു.

 വെളിയത്താംപറമ്പ് പ്രദേശത്ത് കടൽ വെള്ളം അടിച്ചു കയറി ജനജീവിതം ദുഷ്കരം.

 റോഡിൽ മരം വീണ് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു.






 1982,83,84 വർഷങ്ങളിൽ മിലിറ്ററി എൻജിനീയറിംഗ് സർവ്വീസിലേക്ക് കുറെ തൊഴിലാളികളെ വിവിധ തസ്തികകളിലേക്ക് പുതിയതായി ജോലിക്കെടുത്തു. അതിൽ വൈപ്പിൻകരയിലുള്ളവരേയും അതുവഴി വരുന്നവരേയും ഫോർട്ടുകൊച്ചി ഐ എൻ എസ് ദ്രോണാചാര്യയിലുള്ള എംഇഎസ് ഓഫീസിലേക്ക് നിയമിച്ചു. ഞങ്ങൾ എല്ലാവരും വൈപ്പിൻജട്ടിയിൽ രാവിലെ ഒരേ സമയത്ത് എത്തിച്ചേരുകയും ഫോർട്ടു കൊച്ചി ബോട്ടിൽ ഓഫീസിലേക്ക് കയറി ഒരുമിച്ചാണ് യാത്ര ചെ യ്തിരുന്നത്. അങ്ങനെയുള്ള യാത്രയിൽ മറ്റു വിഷയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ഫെറി വിഷയങ്ങളും കടന്നുവരാറുണ്ട് .ഒരുമിക്കദിവസവും ബോട്ട് യാത്രയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. .അപ്പോഴൊക്കെ അതിൽ ഞങ്ങൾ കുറച്ചുപേർ അതിൽ ഇടപെടാറുണ്ട്. 

വൈപ്പിൻ എറണാകുളം ഫെറി ഉപയോഗിച്ചിരുന്നവർക്ക് നേരത്തെതന്നെ കൂട്ടായ്മകളും അസോസിയേഷനുകളുമുണ്ട്.എന്നാൽ ഇവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇവരൊന്നും വരാറില്ല.ജേക്കബ് വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളത്തേക്കുള്ള ഫെറി വിഷയങ്ങൾ ശക്തമായി ഐചെകൈകാര്യം ചെയ്യുന്നുണ്ട്.വി. യു ഹസ്സനും അവിടത്തെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ടായിരുന്നു.ഇവരുടെയൊക്കെ കൂടെ ജനകീയവേദി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. മജ്‌നുകോമത്ത് പാലം ആക്ഷൻ കൗൺസിലിൻറെ പ്രവർത്തനങ്ങളുമായി കൂടുതലും ഇടപെട്ടിരുന്നു.എന്നാൽ കൊച്ചി കോർപ്പറേഷൻ നടത്തുന്ന ഈ ഫെറിയിലെ വിഷയങ്ങളിൽ ആരും ഇടപെട്ടിരുന്നില്ല. അതിനൊക്കെ രാഷ്ട്രീയമായ പലകാരണങ്ങളുണ്ടായിരുന്നു.

എന്നാൽ ഞങ്ങൾക്ക് ഈ ഫെറി ഒരത്യാവശ്യമായിരുന്നു ,എറണാകുളത്തേക്ക് എന്നെങ്കിലും പാലങ്ങൾ വന്നാലും കൊച്ചിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ അഴിമുഖം കടക്കാതെ നിവൃത്തിയില്ല.അപ്പോൾ ഇവിടെ യാത്രക്കാർക്കുവേണ്ടി ഒരു അസോസിയേഷൻ രൂപം കൊടുത്തു ന്യായമായ കാര്യങ്ങളിൽ ഇടപെടാമെന്നു ഞങ്ങൾ തീരുമാനിച്ചു.അതനുസരിച്ചു 1984 ൽ യാത്രക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു." വൈപ്പിൻ ഫോർട്ട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് യൂണിയൻ "എന്നും പേര് നൽകി. പ്രസിഡൻ്റ് ഐ കെ സി പൗലോസ് ,സെക്രട്ടറി ഫ്രാൻസിസ് ചമ്മണി ,ആർ പി രാധാകൃഷ്ണൻ ,ജെയിംസ് തറമ്മേൽ എന്നിവർ യഥാക്രമം വൈസ് പ്രെസെഡൻ്റും ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു.കെ ബി രാഘവൻ രക്ഷാധികാരിയുമായി. .

പിന്നീട് കോർപ്പറേഷൻ ഓഫീസുകളും ആർ ഡി ഒ ഓഫീസുകളും ഞങ്ങൾ കയറിയിറങ്ങി .ചിലപ്പോഴൊക്കെ ജില്ലാ കളക്ടറേയും ഞങ്ങൾ കണ്ട് വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. .പാസഞ്ചേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിൽ കൊടുത്തിരുന്നവർ എല്ലാവരും തന്നെ ഒരേ ഓഫീസിലുള്ളവരായതിനാൽ ഞങ്ങൾക്ക് കൂടിയാലോചിക്കുന്നതിനും മറ്റും വളരെ എളുപ്പമായിരുന്നു.

25 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക് അത് 40 പൈസയായി വർദ്ധിപ്പിക്കുവാൻ നഗരസഭ തീരുമാനിച്ചു.അതിനെതിരെക്കാർ പ്രേതിഷേധിച്ചു. അന്നത്തെ മേയർക്ക് യാത്രക്കാരുടെ പ്രീതിഷേധമായി 1001 കത്തുകൾ അയച്ചു.അതിനെക്കുറിച്ചു അടുത്തതിൽ .

ഫ്രാൻസിസ് ചമ്മണി                                                            

2025, മേയ് 27, ചൊവ്വാഴ്ച

ഫോർട്ടുകൊച്ചിയിലെ തോട്ടിത്തൊഴിലാളികൾ

 1983ലാണ് ഞാൻ എം.ഇ.എസ്. ഫോർട്ടു കൊച്ചി ഓഫീസിൽ ജോലിക്ക് കയറിയതെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. എം.ഇ എസിലെ പഴയ കാലഘട്ടത്തിനെക്കുറിച്ച് പറയുമ്പോൾ ഫോർട്ടു കൊച്ചിയിൽ കണ്ട പഴയകാഴ്ചകൾ പറയാതെ വയ്യ.

അക്കാലത്തെ ഒരു പ്രഭാത കാഴ്ചയായിരുന്നു മനുഷ്യ വിസർജ്യം കയറ്റിയ പാട്ട വണ്ടി റോഡിലൂടെ വലിച്ചു കൊണ്ടുപോയിരുന്നത്.

"ഫോർട്ടുകൊച്ചിയിലെ തോട്ടിപ്പണിക്കാർ" എന്നു വിളിച്ചിരുന്ന ഒരുപറ്റം തൊഴിലാളികളായിരുന്നു അവർ.

ആയിരത്തിത്തൊള്ളായിരത്തിയെൻപതുകളുടെ അവസാനംവരെ ഇങ്ങനെ മലം നിറച്ച  തീട്ട പ്പാട്ടവണ്ടിവലിച്ചുകൊണ്ട് റോഡിലൂടെ ചിലർ നടന്നു വേ. പോകുമായിരുന്നു.അക്കാലത്ത്


ഫോർട്ടുകൊച്ചിയിലെ എല്ലാ വീടുകളിലും സെപ്റ്റിക് ടാങ്ക് ആയിട്ടില്ലായിരുന്നു. 

അന്നത്തെ ശൗചാലയം പാട്ടകക്കൂസുകളായിരുന്നു.

എല്ലാദിവസവും രാവിലെ ഓരോ വീട്ടിൽനിന്നും ശേഖരിക്കുന്ന മലം  പാട്ടവണ്ടിയിലുള്ള പാട്ടയിൽ നിക്ഷേപിക്കുന്നു.

പാട്ട നിറയുമ്പോൾ അതും വലിച്ചുകൊണ്ട് ഫോട്കൊച്ചി വെളിക്ക് തെക്കുവശത്തുള്ള കടലിനോട് ചേർന്നുള്ള പറമ്പിൽ നിക്ഷേപിക്കുന്നു.മനുഷ്യവിസർജ്യം നിക്ഷേപിച്ചിരുന്ന ഈ സ്ഥലത്തിനെ "തീട്ടപ്പറമ്പ്" എന്നാണു വിളിച്ചിരുന്നത്.

തുരുമ്പിച്ച തീട്ടപാട്ട വണ്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ അതിൻറെ  ദ്വാരത്തിലൂടെ മലം ഇറ്റിറ്റു റോഡിൽ വീഴുമായിരുന്നു.

ആദ്യകാലങ്ങളിൽ പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിച്ചിരുന്നതും അത് വെളിയിലെ തീട്ടപറമ്പിൽ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നതും പ്രാദേശികരായിട്ടുള്ള തൊഴിലാളികളായിരുന്നു. ഒരിക്കൽ തൊഴിലാളികൾ മലം ശേഖരിച്ചു കൊണ്ടുപോകുന്നതിനുള്ള കൂലി വർദ്ധനവ് പരിഗണിക്കണമെന്ന് മട്ടാഞ്ചേരി മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യം മൂനിസ്സിപ്പാലിറ്റി പരിഗണിച്ചില്ല.

ഒരു ഞായറാഴ്ച രാവിലെ ഫോട്കൊച്ചി സാന്തക്രൂസ് ദേവാലയത്തിൽ ദിവ്യബലി കഴിഞ്ഞു പുറത്തിറങ്ങിയ ചട്ടക്കാരടക്കം(ഫോർട്ട് കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ ചട്ടക്കാർ എന്നാണ് വിളിച്ചിരുന്നത്) ആളുകൾ അസഹ്യമായ മണംകൊണ്ട് ഛർദിക്കുവാൻ തുടങ്ങി. പള്ളിക്കുപുറത്തുള്ള റോഡരികിൽ അന്നുരാവിലെ ശേഖരിച്ച മലം നിറഞ്ഞ തീട്ടപാട്ട വണ്ടികൾ ഓരോന്നായി തൊഴിലാളികൾ കൊണ്ടുവന്നിട്ടിരിക്കുകയായിരുന്നു. അതിൽ നിന്നുള്ള ദുർഗന്ധമായിരുന്നു ആളുകളെ അലോസരപ്പെടുത്തിയത്.

 മലം ശേഖരിക്കുന്നതിനുള്ള കൂലിയിൽ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൻറെ  ഭാഗമായിട്ടായിരുന്നു തൊഴിലാളികൾ  പാട്ടവണ്ടി റോഡിലുപേക്ഷിച്ചത്‌.

മുനിസിപ്പൽ ചെയർമാൻ കെ ബി ജേക്കബ് അടിയന്തിരമായി വിഷയത്തിലിടപെട്ടുകൊണ്ട്   തമിഴ് നാട്ടിലേക്ക്  ഒരാളെ അയച്ച്‌ ആവശ്യത്തിനുള്ള തമിഴ് തൊഴിലാളികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നു, താമസ സൗകര്യവും നൽകി.കക്കൂസ് വൃത്തിയാക്കുന്ന ജോലി ഇവരെ ഏല്പിച്ചു.ഇങ്ങനെവന്നവരാണ്  കൊച്ചിയിലെ തോട്ടിത്തൊഴിലാളികൾ.

ചക്ലിയർ സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവർ.

ഐ എൻ എസ് ദ്രോണാചാര്യ അന്ന് നേവൽ  കോസ്റ്റ് ബാറ്ററിയെന്നാണ് അറിയപ്പെട്ടിരുന്നത്.വെളി ബീച്ച് റോഡ് ബസ്റ്റോപ്പായിരുന്നു  തെക്കേ അതിർത്തി.  അതിനോട് ചേർന്നുള്ള ഫോട്കൊച്ചി പൊതു ശ്മശാനത്തിലേക്കുള്ള  വഴിയരികിൽ ചക്ലിയർക്ക്  താമസിക്കുവാൻ കെട്ടിടം പണിതു കൊടുത്തു.ചക്ലിയർ കോളനിയുടെ അല്പം കൂടി തെക്കുഭാഗത്തായിരുന്നു   മാലിന്യം നിക്ഷേപിച്ചിരുന്ന തീട്ടപ്പറമ്പ്.എൺപതുകളുടെ അവസാനത്തോടെ എല്ലാവർക്കും സെപ്റ്റിക് ടാങ്കോടുകൂടിയശൗചാലയങ്ങൾ ആയതോടെ തോട്ടിപ്പണിക്കാരെ കോർപറേഷൻ അതിർത്തിയിലെ കാണ ശുചിയാക്കുന്ന തൊഴിലിനും മറ്റുമുപയോഗിച്ചു് അവരുടെ തൊഴിൽ സംരക്ഷിച്ചു.

പിന്നീട് ഐ എൻ എസ് ദ്രോണാചാര്യയുടെ വികസനത്തോടനുബന്ധിച്ചു തെക്കോട്ടുള്ള സ്ഥലം ഏറ്റെടുത്തപ്പോൾ  ചക്ലിയർ കോളനിയും തീട്ടപറമ്പും പൊതു ശ്മശാനവും  നേവിയുടെ അധീനതയിലായി.ചക്ലിയരെ രാമേശ്വരം കോളനിയിലേക്ക് മാറ്റി താമസിപ്പിച്ചു.നൂറിൽ താഴെ ചക്ലിയർ കുടുംബങ്ങളാണ് ഇപ്പോൾ രാമേശ്വരം കോളനിയിലുള്ളത്. പൊതു ശ്മശാനം ആയുർവ്വേദ ആശുപത്രിയുടെ അടുത്തായി മാറ്റി സ്ഥാപച്ചു

ഫ്രാൻസീസ് ചമ്മണി


2025, മേയ് 25, ഞായറാഴ്‌ച

MES ഫോർട്ടു കൊച്ചി ഓർമ്മക്കുറിപ്പുകൾ 3 -

 fb യിൽ ശ്രീ ജെയിംസ് ഫെയർവെൽ ഫണ്ടിന്റെ രൂപീകരണത്തെക്കുറിച്ച് ഒന്ന് ചെറുതായി സൂചിപ്പിച്ചിരുന്നതു്  കണ്ടപ്പോഴാണ് ഫണ്ട് രൂപീകരിക്കുവാനുള്ള സാഹചര്യത്തെക്കുറിച് ഓർമ്മ വന്നത്. അക്കാലത്തു് ഒരു ട്രാൻസ്ഫർ പോസ്റ്റിംഗോ, സർവ്വീസിൽ നിന്ന് പിരിഞ്ഞു പോകലോ ഉണ്ടാകുമ്പോൾ യാത്രയയപ്പ് നൽകുവാൻ ഫണ്ട് സ്വരൂപിക്കുക വളരെ ക്ലേശകരമായിരുന്നു. ഓഫീ സ്പരിസരത്തുള്ള മാവ്, ചിക്കു തുടങ്ങിയ ഫലവൃക്ഷങ്ങളുടെ കായ്കൾ പറിച്ച് അമരാവതിമാർക്കറ്റിലും പാലസ് റോഡിലുമുള്ള കച്ചവടക്കാർക്ക് കൊടുക്കുമ്പോൾ ലഭിക്കുന്ന പണം കണ്ടെത്തിയായിരുന്നു ചായ സല്ക്കാരവും മറ്റും നടത്തിയിരുന്നത്. എന്നാൽ എല്ലാക്കാലത്തും ഫലങ്ങൾ ലഭ്യമാകാറില്ലല്ലോ, അപ്പോൾ മറ്റു വഴികൾ അന്വേഷിച്ചു പോകാറാണ് പതിവ്.

ഇതിന് ഒരറുതി വരുത്തുവാൻ വേണ്ടിയാണ് ഫോർട്ടു കൊച്ചി MES ഫെയർവെൽ ഫണ്ട് രൂപീകരിച്ചത്. 82, 83 84 കാലഘട്ടത്തിൽ കുറെ പുതിയ നിയമനങ്ങൾ ഉണ്ടാകുകയും ചെയ്തതോടെ ജീവനക്കാരുടെ എണ്ണം ഏതാണ്ട് 100 ലധികമായി. അന്നത്തെ AGE ഇൻ ചാർജ് ഗ്രേഡ് 1 സൂപ്രണ്ട് ചന്ദ്രശേഖരൻ സാർ മുൻകൈയ്യെടുത്ത് ഒരു യാത്രയയപ്പ് ഫണ്ട് രൂപീകരിച്ചു. ഫോർട്ടുകൊച്ചി MES ഫെയർവെൽ ഫണ്ട്.

പ്രതിമാസം 2 രൂപ വീതം ഓരോരുത്തരുടേയും പക്കൽ നിന്ന് വരിസംഖ്യ പിരിച്ച് ഫണ്ടിലേക്ക്മുതൽക്കൂട്ടും.ഫല വൃക്ഷങ്ങളിൽ നിന്ന് കിട്ടുന്ന ആദായവും ഫണ്ടിലേക്ക് ഡെപ്പോസിറ്റ് ചെയ്യും. വർഷാവർഷം പൊതുയോഗം കൂടി പുതിയ ഭാരവാഹികളേയും അതുപോലെ തന്നെ ഒരു Posting പാർട്ടിക്കും റിട്ടയർമെന്റ് പാർട്ടിക്കും ചായ സൽക്കാരത്തിനും പ്രസന്റേഷനം എത്ര തുക വീതം  ചെലവഴിക്കണമെന്നും നിശ്ചയിക്കും രണ്ട് രൂപ പിന്നീട് അഞ്ച്, പത്ത്, പതിനഞ്ച്, ഇരുപത്തഞ്ച് ആയി. ശേ ശേഷം അൻപതും നൂറും രുപയായി.റിട്ടയർമെന്റ് ഗിഫ്റ്റിലും മാറ്റം വന്നു. സ്റ്റേഷനറി ഗിഫ്റ്റുകളിൽനിന്ന് നിന്ന് അര പവൻ ഒരു പവൻ സ്വർണ്ണ നാണയങളായി. 

2019ൽ ഞാൻ സർവ്വീസിൽ നിന്ന് പിരിഞ്ഞു പോന്നപ്പോൾ ഒരു പവൻ സ്വർണ്ണനാണയമാണ് ലഭിച്ചതു്.

2019 മുതൽ സ്വർണ്ണത്തിന് വില കയറുവാൻ തുടങ്ങി ഇപ്പോൾ പിടിച്ചാൽ കിട്ടാത്ത രീതിയിൽ ഉയർന്നു കൊണ്ടേയിരിക്കുന്നു.

 2020, 21 കോവിഡ് പ്രതിസന്ധി കേന്ദ്ര ഗവ. പുതിയ പോളിസിയനുസരിച്ച് നിയമന നിരോധനംമൂലം പിരിഞ്ഞു പോകുന്നവർക്ക് പകരം ജീവനക്കാരെത്തുന്നില്ല. ഫണ്ടിലെ അംഗങ്ങളുടെ എണ്ണം കുറഞ്ഞു പോയതും മൂലം ഫണ്ടിന്റെ വരുമാനം തീരെ കുറഞ്ഞു. ഇപ്പോൾഅംഗസംഖ്യ വിരലിലെ ലെണ്ണാവുന്ന രീതിയിലായി.അതോടെ ഫണ്ട് പ്രവർത്തനം അവസാനിപ്പിച്ചു പിരിച്ചു വിട്ടു.

അംഗങ്ങളുുടെ ആവശ്യങ്ങൾക്ക് വായ്പ കൊടുത്തിരുന്ന മറ്റു രണ്ട് വെൽഫെയർ ഫണ്ടുകൾ കൂടിയുണ്ടായിരുന്നു. ജീവനക്കാരുടെ എണ്ണം കുറഞ്ഞു തുടങ്ങിയപ്പോൾ ഷെയറും ഡിവിഡണ്ടും തിരിച്ചു കൊടുത്ത്പ്രവർത്തനം അവസാനിപ്പിച്ചു.

ഫ്രാൻസീസ് ചമ്മണി 9497276897 3

2025, മേയ് 23, വെള്ളിയാഴ്‌ച

കണ്ണീരണിഞ്ഞ ഒരു യാത്രയപ്പ് യോഗം.

 റിട്ടയർമെന്റ Party കൾ പലപ്പോഴും സന്തോഷപ്രദമായിരുന്നില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ ! അത്തരം ഒരു സന്ദർഭത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ പറയുന്നത്. ഇത് മിലിട്ടറി എഞ്ചിനീയർ സർവീസ് സിവിലിയനെ ക്കുറിച്ചുള്ളതാണെങ്കിലും മിക്കവാറും മറ്റു സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നൊക്കെ വിരമിക്കുന്നവരിൽ ചിലരോടെങ്കിലും സാമ്യമുണ്ടായിക്കൂടെന്നില്ല.

1985 ജൂലായ് 31 ന് ശ്രീ AR സുന്ദരം എന്ന ഒരു ജീവനക്കാരന്റെ റിട്ടയർമെന്റ് ചടങ്ങ് അവസാനിച്ചതു് എല്ലാവരുടേയും കണ്ണു നിറച്ചു കൊണ്ടായിരുന്നു. തിരുവനന്തപുരത്തു തമിഴ്നാട് ബോർഡറിൽ താമസിച്ചിരുന്ന സുന്ദരണ്ണൻ എന്ന് വിളിച്ചിരുന്ന സുന്ദരത്തിന് ഭാര്യയും പെൺമക്കളുമായിരുന്നു ഉണ്ടായിരുന്നത്. ഇലട്രീഷ്യനായിരുന്ന സുന്ദരണ്ണൻ ജോലിയിൽ വളരെ സമർത്ഥനായിരുന്നു. ഡിഫൻസിൽ ട്രേഡ് യുണിയനുകൾ പ്രബലമല്ലാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സുന്ദർണ്ണനും മറ്റും ജോലി ചെയ്തിരുന്നതു്. ഇൻഡസ്ട്രിയൽ ജീവനക്കാരുടെ യൂണിഫോം സമയാസമയങ്ങളിൽ നൽകുന്ന ശീലം ഡിപ്പാർട്ടുമെന്റിനുണ്ടായിരുന്നില്ല. വർക്കിംഗ്ഡ്രസ്സ് നല്കാത്ത മേലുദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമര മാർഗ്ഗമല്ലാതെ ഒരു ഒറ്റയാൾപ്രതിഷേധം നടത്തി രസകരമായ വിശേഷങ്ങളൊക്കെ സൃഷ്ടിച്ചയാളാണ് സുന്ദരണ്ണൻ.

ഓഫീസിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ നേവിയുടെ പഴയCD. വർക്ക് ഷോപ്പിലാണ് അക്കാലത്ത MES ജീവനക്കാർ ബാച്ചിലറായി താമസിച്ചിരുന്നത് അവിടെയായിരുന്നു സുന്ദരണ്ണനും താമസിച്ചിരുന്നത്. സ്ഥിരമായി ഈവനിംഗ് ഡൂട്ടി( 2 PM to 10 pm ) ചെയ്തിരുന്ന അണ്ണൻ ഒരു വലിയ മരക്കാലിന്റെ കാലൻകുടയുമായി ഉച്ചയ്ക്ക് ബീച്ച് റോഡിലൂടെ പതുക്കെ പതുക്കെ നടന്ന് ഓഫീസിലെത്തിയാൽ ഓഫീസിനു മുൻ വശത്തുള്ള ഒരു ചെറിയ കൾവർട്ടിന് മുകളിൽ വന്ന് ഒറ്റയിരിപ്പാണ്. നേവിയിൽ നിന്ന് ഇലക്ട്രി ക്കൽ കംപ്ലയന്റ് ഫോൺ ചെയ്ത് അറിയിക്കുമ്പോൾ ടെസ്റ്റ് ലാമ്പും സ്ക്രൂഡ്രൈവറുമായി ഉടനെ നടക്കും. പ്രായക്കൂടുതലു കാരണം വളരെ സാവധാനത്തിലായിരിക്കും നടപ്പ്. അധികം ആരോടും സംസാരിക്കുന്നകൂട്ടത്തിലുള്ള ആളായിരുന്നില്ല.

യാത്രയയപ്പ് ചടങ്ങ് സമാപനത്തിൽ അണ്ണന്റെറുപടി പ്രസംഗം ഒരു കരച്ചിലോടുകൂടിയായിരുന്നു. രോഗിയായ ഭാര്യയും പെൺമക്കളുമടങ്ങിയ കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം പെട്ടിക്കരഞ്ഞു.ഇനിയുള്ള ജീവിതം മുന്നോട്ട് എങ്ങനെ കൊണ്ടുപോകുമെന്നോർത്ത്.... അത്തരം സന്ദർഭങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ട്, ഒരു സാമ്പത്തീക ഭദ്രതയുമില്ലാതെ വളരെ സങ്കടപ്പെട്ട് ജോലി സ്ഥലം വിട്ടവരാണ് അക്കാലത്തധികവും.



കല്‌പാന്ത കാലത്തിലൊരു ഒത്തുചേരൽ

 സർവ്വീസ് പൂർത്തിയാക്കി പിരിഞ്ഞു പോകുകയെന്നത് ഒരു വലിയ ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്ന് കരുതുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒപ്പം ജോലി ചെയ്തിതിരുന്ന പലരും സർവ്വീസ് പൂർത്തിയാക്കാതെ ഇടയ്ക്ക് കൊഴിഞ്ഞു പോകുന്ന അവസ്ഥ സങ്കടകരമാണ്.

അതുകൊണ്ടു തന്നെ സർവ്വീസ് പൂർത്തിയാക്കി പിരിഞ്ഞു പോകുന്നവർക്ക് നൽകുന്ന യാത്രയയപ്പ് യോഗം ഏറെ സന്തോഷകരമാണ്.
അത്തരം ഒരു യോഗത്തിൽ പങ്കെടുക്കുവാനുള്ള ഒരവസരം കഴിഞ്ഞ ശനിയാഴ്ച (17-5-2025 ) ലഭിക്കുകയുണ്ടായി.
40 വർഷം സർവ്വീസ് ചെയ്ത് 60 വയസ്സ് പൂർത്തിയാക്കി ഈ മാസം 31 ന് പിരിഞ്ഞു പോകുന്ന ശ്രീവിഘ്‌നേശ്വരന്റെ യാത്രയയപ്പ് യോഗവും സല്ക്കാരവും ഫോർട്ടു കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ വച്ച് അദ്ദേഹം നടത്തുകയുണ്ടായി. നേരത്തെ സർവ്വീസിൽ നിന്ന് പിരിഞ്ഞു പോയ കുറെപേരെ അദ്ദേഹം ക്ഷണിച്ചിരുന്നു. 20 വർഷം മുൻപ് പിരിഞ്ഞു പോയ സദാശിവൻ, പ്രായത്തിന്റെ അവശതയാലാണെങ്കിലും ഭാര്യയുമൊത്ത് വന്നിരുന്നു. ശ്രീ മുസ്തഫ സാർ, സെയ്തലവി സാർ, ത്രിവിക്രമൻസാർ തുടങ്ങി 30 ലധികം മുൻ ജീവനക്കാർ എത്തിയിരുന്നു. ഒപ്പം സർവ്വീസ് ചെയ്തിരുന്നതും പലപ്പോഴായി ജോലിയിൽ നിന്ന് പിരിഞ്ഞു പോയവരുടെ ഒരു സംഗമമായിരുന്നു അന്നവിടെ നടന്നത്.
1983 ലാണ് ഞാൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസിൽ സിവിലിയനായി ചേർന്നത്. അന്നുമുതൽ ഇന്നുവരെ ഒട്ടേറെ യാത്രയയപ്പ് യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. അന്നൊക്കെ സർവീസിൽ നിന്ന് പിരിഞ്ഞു പോയിരുന്നത് വളരെ സങ്കടകരമായ ഒരവസ്ഥയിലായിരുന്നു. ഇന്നുവരെ മുഴുവൻ ശമ്പളവും വാങ്ങിച്ച് ജീവിച്ചിരുന്നവർ ഇനി അതിന്റെ പകുതി മാത്രം വരുമാനം കൊണ്ട് ജീവിക്കേണ്ട അവസ്ഥയോർത്ത് വിഷമസ്ഥിതിയിലാകുകയാണ്.
അന്നൊക്കെ ഒരു ഡിഫൻസ് സിവിലിയൻ ഉദ്യോഗസ്ഥർക്ക് എടുത്തു പറയത്തക്ക ശമ്പളമൊന്നുമല്ല ഉണ്ടായിരുന്നതു്. കൂടാതെ ആറും ഏഴും മക്കളും, മക്കൾ ഒന്നും പച്ചപിടിക്കാത്ത അവസ്ഥ, ചിലരൊക്കെ കൂട്ടുകുടുംബമായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ, വിവാഹംകഴിയാത്ത ഒന്നിലേറെ പെൺമക്കൾ ആകപ്പാടെ ഒരു സങ്കടാവസ്ഥ,
അങ്ങനെയുള്ള സാഹചര്യത്തിൽ റിട്ടയർമെന്റ് ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല. അതിനെക്കുറിച്ച് പിന്നീട് പറയാം.
കാലങ്ങൾ കഴിഞ്ഞു ശമ്പള വ്യവസ്ഥകളിലൊക്കെ മാറ്റങ്ങളായി കൂട്ടു കുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് വന്നു, ആകപ്പാടെ ജീവിത നിലവാരം തന്നെ ഉയർന്നു. റിട്ടയർമെന്റുകൾ പതിയെ പതിയെ സന്തോഷകരമായി. വിഘ്നേ നേശ്വരന്റെ റിട്ടയർമെന്റ് പാർട്ടിയും മറ്റും ഒരു വലിയ അനുഭവമായി മാറി. വർഷത്തിലൊരിക്കലെങ്കിലും ഇത്തരം ഒരു സംഗമമൊരുക്കണമെന്ന് ഒരു തീരുമാനവുമായിട്ടാണ് എല്ലാവരും മടങ്ങിയതു്. അത്തരമൊരു തീരുമാനമെടുക്കുവാൻ ഈ കൂടിച്ചേരൽ ഒരു നിമിത്തമായി.
കേരളത്തിന്റെ തെക്കെ അറ്റത്തു നിന്നും വടക്കെ അററത്തു നിന്നുമുള്ളവരാണ് ഞങ്ങളുടെ MES കുടുംബം.
പ്രായവും ആരോഗ്യപ്രശ്നവും മറ്റൊരു കടമ്പ.
അതിനാൽ എത്രത്തോളം പ്രായോഗികമാകുമെന്ന് അനുഭവിച്ചറിയണം.
ഫ്രാൻസീസ് ചമ്മണി