2025, മേയ് 23, വെള്ളിയാഴ്‌ച

കണ്ണീരണിഞ്ഞ ഒരു യാത്രയപ്പ് യോഗം.

 റിട്ടയർമെന്റ Party കൾ പലപ്പോഴും സന്തോഷപ്രദമായിരുന്നില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ ! അത്തരം ഒരു സന്ദർഭത്തെക്കുറിച്ചാണ് ഞാൻ ഇപ്പോൾ പറയുന്നത്. ഇത് മിലിട്ടറി എഞ്ചിനീയർ സർവീസ് സിവിലിയനെ ക്കുറിച്ചുള്ളതാണെങ്കിലും മിക്കവാറും മറ്റു സർക്കാർ സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നൊക്കെ വിരമിക്കുന്നവരിൽ ചിലരോടെങ്കിലും സാമ്യമുണ്ടായിക്കൂടെന്നില്ല.

1985 ജൂലായ് 31 ന് ശ്രീ AR സുന്ദരം എന്ന ഒരു ജീവനക്കാരന്റെ റിട്ടയർമെന്റ് ചടങ്ങ് അവസാനിച്ചതു് എല്ലാവരുടേയും കണ്ണു നിറച്ചു കൊണ്ടായിരുന്നു. തിരുവനന്തപുരത്തു തമിഴ്നാട് ബോർഡറിൽ താമസിച്ചിരുന്ന സുന്ദരണ്ണൻ എന്ന് വിളിച്ചിരുന്ന സുന്ദരത്തിന് ഭാര്യയും പെൺമക്കളുമായിരുന്നു ഉണ്ടായിരുന്നത്. ഇലട്രീഷ്യനായിരുന്ന സുന്ദരണ്ണൻ ജോലിയിൽ വളരെ സമർത്ഥനായിരുന്നു. ഡിഫൻസിൽ ട്രേഡ് യുണിയനുകൾ പ്രബലമല്ലാതിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു സുന്ദർണ്ണനും മറ്റും ജോലി ചെയ്തിരുന്നതു്. ഇൻഡസ്ട്രിയൽ ജീവനക്കാരുടെ യൂണിഫോം സമയാസമയങ്ങളിൽ നൽകുന്ന ശീലം ഡിപ്പാർട്ടുമെന്റിനുണ്ടായിരുന്നില്ല. വർക്കിംഗ്ഡ്രസ്സ് നല്കാത്ത മേലുദ്യോഗസ്ഥരുടെ നടപടിക്കെതിരെ സമര മാർഗ്ഗമല്ലാതെ ഒരു ഒറ്റയാൾപ്രതിഷേധം നടത്തി രസകരമായ വിശേഷങ്ങളൊക്കെ സൃഷ്ടിച്ചയാളാണ് സുന്ദരണ്ണൻ.

ഓഫീസിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ നേവിയുടെ പഴയCD. വർക്ക് ഷോപ്പിലാണ് അക്കാലത്ത MES ജീവനക്കാർ ബാച്ചിലറായി താമസിച്ചിരുന്നത് അവിടെയായിരുന്നു സുന്ദരണ്ണനും താമസിച്ചിരുന്നത്. സ്ഥിരമായി ഈവനിംഗ് ഡൂട്ടി( 2 PM to 10 pm ) ചെയ്തിരുന്ന അണ്ണൻ ഒരു വലിയ മരക്കാലിന്റെ കാലൻകുടയുമായി ഉച്ചയ്ക്ക് ബീച്ച് റോഡിലൂടെ പതുക്കെ പതുക്കെ നടന്ന് ഓഫീസിലെത്തിയാൽ ഓഫീസിനു മുൻ വശത്തുള്ള ഒരു ചെറിയ കൾവർട്ടിന് മുകളിൽ വന്ന് ഒറ്റയിരിപ്പാണ്. നേവിയിൽ നിന്ന് ഇലക്ട്രി ക്കൽ കംപ്ലയന്റ് ഫോൺ ചെയ്ത് അറിയിക്കുമ്പോൾ ടെസ്റ്റ് ലാമ്പും സ്ക്രൂഡ്രൈവറുമായി ഉടനെ നടക്കും. പ്രായക്കൂടുതലു കാരണം വളരെ സാവധാനത്തിലായിരിക്കും നടപ്പ്. അധികം ആരോടും സംസാരിക്കുന്നകൂട്ടത്തിലുള്ള ആളായിരുന്നില്ല.

യാത്രയയപ്പ് ചടങ്ങ് സമാപനത്തിൽ അണ്ണന്റെറുപടി പ്രസംഗം ഒരു കരച്ചിലോടുകൂടിയായിരുന്നു. രോഗിയായ ഭാര്യയും പെൺമക്കളുമടങ്ങിയ കുടുംബത്തിന്റെ അവസ്ഥയോർത്ത് അദ്ദേഹം പെട്ടിക്കരഞ്ഞു.ഇനിയുള്ള ജീവിതം മുന്നോട്ട് എങ്ങനെ കൊണ്ടുപോകുമെന്നോർത്ത്.... അത്തരം സന്ദർഭങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ട്, ഒരു സാമ്പത്തീക ഭദ്രതയുമില്ലാതെ വളരെ സങ്കടപ്പെട്ട് ജോലി സ്ഥലം വിട്ടവരാണ് അക്കാലത്തധികവും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ