സർവ്വീസ് പൂർത്തിയാക്കി പിരിഞ്ഞു പോകുകയെന്നത് ഒരു വലിയ ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്ന് കരുതുന്ന ഒരു വ്യക്തിയാണ് ഞാൻ. ഒപ്പം ജോലി ചെയ്തിതിരുന്ന പലരും സർവ്വീസ് പൂർത്തിയാക്കാതെ ഇടയ്ക്ക് കൊഴിഞ്ഞു പോകുന്ന അവസ്ഥ സങ്കടകരമാണ്.
അതുകൊണ്ടു തന്നെ സർവ്വീസ് പൂർത്തിയാക്കി പിരിഞ്ഞു പോകുന്നവർക്ക് നൽകുന്ന യാത്രയയപ്പ് യോഗം ഏറെ സന്തോഷകരമാണ്.
അത്തരം ഒരു യോഗത്തിൽ പങ്കെടുക്കുവാനുള്ള ഒരവസരം കഴിഞ്ഞ ശനിയാഴ്ച (17-5-2025 ) ലഭിക്കുകയുണ്ടായി.
40 വർഷം സർവ്വീസ് ചെയ്ത് 60 വയസ്സ് പൂർത്തിയാക്കി ഈ മാസം 31 ന് പിരിഞ്ഞു പോകുന്ന ശ്രീവിഘ്‌നേശ്വരന്റെ യാത്രയയപ്പ് യോഗവും സല്ക്കാരവും ഫോർട്ടു കൊച്ചി സെന്റ് ആൻഡ്രൂസ് പാരിഷ് ഹാളിൽ വച്ച് അദ്ദേഹം നടത്തുകയുണ്ടായി. നേരത്തെ സർവ്വീസിൽ നിന്ന് പിരിഞ്ഞു പോയ കുറെപേരെ അദ്ദേഹം ക്ഷണിച്ചിരുന്നു. 20 വർഷം മുൻപ് പിരിഞ്ഞു പോയ സദാശിവൻ, പ്രായത്തിന്റെ അവശതയാലാണെങ്കിലും ഭാര്യയുമൊത്ത് വന്നിരുന്നു. ശ്രീ മുസ്തഫ സാർ, സെയ്തലവി സാർ, ത്രിവിക്രമൻസാർ തുടങ്ങി 30 ലധികം മുൻ ജീവനക്കാർ എത്തിയിരുന്നു. ഒപ്പം സർവ്വീസ് ചെയ്തിരുന്നതും പലപ്പോഴായി ജോലിയിൽ നിന്ന് പിരിഞ്ഞു പോയവരുടെ ഒരു സംഗമമായിരുന്നു അന്നവിടെ നടന്നത്.
1983 ലാണ് ഞാൻ മിലിട്ടറി എഞ്ചിനീയറിംഗ് സർവ്വീസിൽ സിവിലിയനായി ചേർന്നത്. അന്നുമുതൽ ഇന്നുവരെ ഒട്ടേറെ യാത്രയയപ്പ് യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. അന്നൊക്കെ സർവീസിൽ നിന്ന് പിരിഞ്ഞു പോയിരുന്നത് വളരെ സങ്കടകരമായ ഒരവസ്ഥയിലായിരുന്നു. ഇന്നുവരെ മുഴുവൻ ശമ്പളവും വാങ്ങിച്ച് ജീവിച്ചിരുന്നവർ ഇനി അതിന്റെ പകുതി മാത്രം വരുമാനം കൊണ്ട് ജീവിക്കേണ്ട അവസ്ഥയോർത്ത് വിഷമസ്ഥിതിയിലാകുകയാണ്.
അന്നൊക്കെ ഒരു ഡിഫൻസ് സിവിലിയൻ ഉദ്യോഗസ്ഥർക്ക് എടുത്തു പറയത്തക്ക ശമ്പളമൊന്നുമല്ല ഉണ്ടായിരുന്നതു്. കൂടാതെ ആറും ഏഴും മക്കളും, മക്കൾ ഒന്നും പച്ചപിടിക്കാത്ത അവസ്ഥ, ചിലരൊക്കെ കൂട്ടുകുടുംബമായി ജീവിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ, വിവാഹംകഴിയാത്ത ഒന്നിലേറെ പെൺമക്കൾ ആകപ്പാടെ ഒരു സങ്കടാവസ്ഥ,
അങ്ങനെയുള്ള സാഹചര്യത്തിൽ റിട്ടയർമെന്റ് ഒരിക്കലും സന്തോഷപ്രദമായിരുന്നില്ല. അതിനെക്കുറിച്ച് പിന്നീട് പറയാം.
കാലങ്ങൾ കഴിഞ്ഞു ശമ്പള വ്യവസ്ഥകളിലൊക്കെ മാറ്റങ്ങളായി കൂട്ടു കുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളിലേക്ക് വന്നു, ആകപ്പാടെ ജീവിത നിലവാരം തന്നെ ഉയർന്നു. റിട്ടയർമെന്റുകൾ പതിയെ പതിയെ സന്തോഷകരമായി. വിഘ്നേ നേശ്വരന്റെ റിട്ടയർമെന്റ് പാർട്ടിയും മറ്റും ഒരു വലിയ അനുഭവമായി മാറി. വർഷത്തിലൊരിക്കലെങ്കിലും ഇത്തരം ഒരു സംഗമമൊരുക്കണമെന്ന് ഒരു തീരുമാനവുമായിട്ടാണ് എല്ലാവരും മടങ്ങിയതു്. അത്തരമൊരു തീരുമാനമെടുക്കുവാൻ ഈ കൂടിച്ചേരൽ ഒരു നിമിത്തമായി.
കേരളത്തിന്റെ തെക്കെ അറ്റത്തു നിന്നും വടക്കെ അററത്തു നിന്നുമുള്ളവരാണ് ഞങ്ങളുടെ MES കുടുംബം.
പ്രായവും ആരോഗ്യപ്രശ്നവും മറ്റൊരു കടമ്പ.
അതിനാൽ എത്രത്തോളം പ്രായോഗികമാകുമെന്ന് അനുഭവിച്ചറിയണം.
ഫ്രാൻസീസ് ചമ്മണി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ