2025, ജൂൺ 18, ബുധനാഴ്‌ച

ഫോർട്ടുകൊച്ചിയെ നടുക്കിയ ഷോക്കേറ്റു മരണം 1

 MES fort Kochi ഓർമ്മക്കുറിപ്പുകൾ - 15 ഫോർട്ടുകൊച്ചിയെ നടുക്കിയ ഷോക്കേറ്റുമരണം- 1 

1988 ലാണെന്നാണ് ഓർമ്മ. ഐ.എൻ.എസ്. ദ്രോണാചാര്യയുടെ കമാണ്ടിംഗ് ഓഫീസർ താമസിക്കുന്ന വീടിന്റെ മുൻവശത്തുള്ള ഇലട്രിക് പോസ്റ്റിനുമുകളിൽ ജോലിക്കു കയറിയ ഒരു കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പകൽ 3 മണിക്ക് നടന്ന ദാരുണ സംഭവം ഫോർട്ടു കൊച്ചി പ്രദേശത്തെയാകെ ദുഃഖത്തിലാഴ്ത്തി .


ദ്രോണാചര്യ കോമ്പൗണ്ടിലെ സ്ടീറ്റ് ലൈറ്റുകൾ എല്ലാം സോഡിയം വേപ്പർ ലാംപ് കളായി മാറ്റുന്ന ജോലികൾ ചെയ്തു കൊണ്ടിരുന്ന കരാർ തൊഴിലാളിയാണ് പോസ്റ്റിന് മുകളിൽ വച്ച് ഷോക്കേറ്റത്. ദ്രോണാചാര്യയിലെ പവ്വർ സപ്ലൈ മൂന്ന് സബ് സ്റ്റേഷനുകൾ വഴിയാണ് അക്കാലത്ത്  നൽകിയിരുന്നത്. സംഭവം നടന്ന പോസ്റ്റിൽ രണ്ട് സബ് സ്റ്റേഷനുകളിൽനിന്നുള്ള ഫീഡറുകൾ വന്നു നില്ക്കുന്നുണ്ടായിരുന്നു.

കമാണ്ടിംഗ് ഓഫീസറിന്റെ വസതിയിൽ ഇലട്രിസിറ്റി തടസ്സമുണ്ടാകാതിരിക്കുവാനാണ് അങ്ങനെ ചെയ്തിരുന്നത്. കറന്റ് പോയാൽ പവ്വർ ഹൗസിലുള്ള ജനറേറ്റർ ഓൺ ചെയ്ത് സപ്ലെ കൊടുക്കും.ദ്രോണാചാര്യ മുഴുവനും കൊടുക്കുവാനള്ള ശേഷി ജനറേറ്ററിനുണ്ടായിരുന്നില്ല. മുൻപ് 505 കോസ്റ്റ് ബാറ്ററിയെന്ന് അറിയപ്പെട്ടിരുന്ന ദ്രോണാചാര്യ ബേസിലെ ചെറിയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഒരു ബ്രിട്ടീഷ് മേഡ് ജനറേറ്ററുകളാണ് അന്നുണ്ടായിരുന്നതു്. അതിനാൽ ജനറേറ്റർ ഓൺ ചെയ്യുമ്പോൾ ഏതെങ്കിലും ഒരു സബ് സ്റ്റേഷനിലേക്ക് മാത്രമാണ് സപ്ലൈ കൊടുത്തിരുന്നതു്. 

coയുടെ വസതിയിൽ ഈ പോസ്റ്റിൽ രണ്ടു ഫീഡറുകളിലെയും ലൈനുകളുള്ളതിനാൽ ഒരു change over സ്വിച്ച് വെച്ച് വൈദ്യുതി നിയന്ത്രിച്ചിരുന്നു. 


സംഭവം നടന്ന ദിവസം No:3 സബ്ബ് സ്റ്റേഷനിലെ പോസ്റ്റുകളിലായിരുന്നു സോഡിയം ലാമ്പുകൾ ഫിറ്റ് ചെയ്യുന്ന ജോലികൾ ചെയ്തിരുന്നത്. ഈ പോസ്റ്റിൽ ഡബിൾ ഫീഡറുകളുള്ളതിനാൽ രണ്ട് സബ്ബ് സ്റ്റേഷനും ഓഫ് ചെയ്തതിനു ശേഷമേ ജോലിക്ക് കയറാവൂവെന്ന് കോൺട്രാക്ടറെയും തൊഴിലാളികളേയും അറിയിച്ചിരുന്നതാണ്. ഉചയ്ക്ക് ഒരു മണിക്ക് ജോലി നിറുത്തുന്നതുവരെ ഈ പോസ്റ്റ് ഒഴിച്ച് മറ്റ് പോസ്റ്റുകളിലെ പണികളെല്ലാം കഴിഞ്ഞിരുന്നു. അക്കാലത്ത് KSEB ഒരു ദിവസം 5 മണിക്കൂർ പവ്വർ കട്ട് ഏർപ്പെടുത്തിയിരുന്നു. പകൽ വിവിധ സമയങ്ങളിലായി 4 മണിക്കുറും രാത്രി അരമണിക്കൂർ വച്ച് രണ്ട് തവണയായി ഒരു മണിക്കൂറും പവർ കട്ട് ഏർപ്പെടുത്തിയിരുന്ന കാലമായിരുന്നു അത്.

 ഉച്ചയ്ക്കു ശേഷം 2 മണിക്ക് ഊണ് കഴിഞ്ഞ് ഈ പോസ്റ്റിലാണ് ഇവർ ജോലി ചെയ്തത്.No:1 സബ് സ്റ്റേഷൻ ഓഫായിരുന്നതിനാൽ ഡബിൾ ഫീഡറിലെ ഒരു ഫീഡർ ഓഫായിരുന്നു. എന്നാൽ No:3 സബ് സ്റ്റേഷൻ ഓണായിരുന്നെങ്കിലും അപ്പോൾ കറന്റില്ലായിരുന്നു. കാരണം 12 മണി മുതൽ മൂന്ന് മണിവരെ KSEB പവർ കട്ട് ആയിരുന്നു. 

ദ്രോണാചാര്യ ഓഫീസ് സൈഡിൽ സപ്ലൈ കൊടുത്തിരുന്നത് No:1 സബ് സ്റ്റേഷനിൽ നിന്നായിരുന്നു.No:3 യിൽ നിന്ന് ഫാമിലി ക്വാർട്ടേഴ്സ് ഏരിയയിലേക്കും. അതിനാൽ രാവിലെ ജോലി ചെയ്യുന്നതിന് No:3 ഏരിയയും ഉച്ചയ്ക്ക് ശേഷം No:1 ഏരിയയിലും പണി നടത്തണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഡബിൾ ഫീഡർ പോസ്റ്റിൽ ജോലി ചെയ്യണമെങ്കിൽ രണ്ടും ഓഫാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. അതനുസരിച്ചു തന്നെ No:1 ഓഫ് ചെയ്ത് ജോലി നടത്തി. പക്ഷെ ഡബിൾ ഫീഡർ പോസ്റ്റിൽ കയറിയപ്പോൾ രണ്ടും ഓഫാക്കിയിട്ടുണ്ടായിരുന്നില്ല. പക്ഷെ ജോലി ചെയ്യുമ്പോൾ കറന്റില്ലായിരുന്നു. കാരണം 12 മണി മുതൽ മൂന്നു മണി വരെ പവ്വർ കട്ട് ആയിരുന്നു. ഇവർ ലാംപ് ഫിറ്റ് ചെയ്ത് താഴെ ഇറങ്ങി, സപ്പോർട്ടിന് കെട്ടിയിരുന്ന നൈലോൺ റോപ്പ് അഴിക്കുവാൻ ലൈനിനുമുകളിൽ കയറി അഴിച്ച് ഇറങ്ങുന്നതിനു മുൻപാണ് മൂന്ന് മണിക്ക് KSEB സപ്ലൈ വന്നതും ഷോക്കേറ്റതും.

കമ്പിയുടെ മുകളിലായിരുന്നതിനാൽ ഷോക്ക് കിട്ടിയപ്പോൾ കമ്പിയിൽ കുടുങ്ങി മരണമടയുകയാണുണ്ടായത്. അതോടെ ദ്രോണാചാര്യ മൊത്തം സപ്ലെ ഓഫാക്കിയിട്ടു.വൈകുന്നേരം ആറു മണിയായപ്പോൾ ലൈൻ ഓൺ ആക്കുന്നതിനു മുൻപ് അവിടം പരിശോധിക്കുന്നതിന് അന്നത്തെ ചാർജ്മാൻ EV ജോൺ സാറിനേയും എന്നെയുമാണ് ചുമതലപ്പെടുത്തിയത്. അതനുസരിച്ച് ഞങ്ങൾ സംഭവ സ്ഥലം സന്ദർശിച്ചു. പോസ്റ്റിനുമുകളിൽ ഞാൻ കയറി പരിശോധിച്ചു.ജോലി പൂർണ്ണമായും കഴിഞ്ഞു. സപ്പോർട്ട് കെട്ടിയിരുന്ന നൈലോൺ റോപ്പും അഴിച്ചു വിട്ടു. ഒരു സ്ക്രൂ സ്പാനർ പോസ്റ്റിൽ നിന്ന് കിട്ടി. അതിനു ശേഷം സപ്ലൈ ഓൺ ചെയ്തു, എല്ലാ ലൈറ്റുകളും തെളിഞ്ഞു, അപകടം നടന്ന പോസ്റ്റിലയും ലൈറ്റും തെളിഞ്ഞു.

ഇറങ്ങുന്നതിനുള്ള ഒന്നോ രണ്ടോ മിനിറ്റ് കൂടി സപ്ലൈ ഓണാകുന്നതിനു മുൻപ് കിട്ടിയിരുന്നെങ്കിൽ ഒരത്യാഹിതമൊഴിവായേനെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ