2025, ജൂൺ 11, ബുധനാഴ്‌ച

അഗ്‌നിയിലെരിയും പാട്ട്.

 MES ഫോർട്ടുകൊച്ചി ഓർമ്മക്കുറിപ്പുകൾ - 10

അഗ്നിയിലെരിയും പാട്ട് .......

കഴിഞ്ഞ ദിവസം നിര്യാതനായ സൈനന്റെമൃതസംസ്കാര ചടങ്ങിൽ സംബന്ധിക്കുവാർ ചെറായിയിൽ ചെന്നപ്പോഴാണ് ഏതാനും വർഷങ്ങൾ മുൻപ് മറ്റൊരു സഹപ്രവർത്തകന്റെ മകളുടെ മൃതസംസ്കാര ചടങ്ങിൽ സംബസിക്കുവാൻ പോയ കാര്യം ഓർമ്മ വന്നത്.

 മരണമടഞ്ഞ കുട്ടിയുടെ അച്ഛൻ വിമലാനന്ദൻ സ്ട്രോക്ക് വന്നതു മൂലം ആയൂർവേദ ആശുപത്രിയിൽ അഡ്മിറ്റ് ആണ്.സംസ്കാരത്തിന് അച്ഛനെ കൊണ്ടുവരുവാൻ പറ്റാത്ത സാഹചര്യമാണ്. അതിനാൽ തിരികെ പോകുന്ന വഴിക്ക് ആശുപത്രിയിൽ കയറി വിമലാനന്ദനെയും സന്ദർശിച്ചേക്കാമെന്ന് ഞാനും ജയിംസും തീരുമാനിച്ചു.

അതനുസരിച്ച് ഞങ്ങൾ അവിടെയെത്തി.

ആശുപത്രി വരാന്തയിൽ കയറിയപ്പോൾത്തന്നെ  ഒരാളുടെ ഉച്ചത്തിലുള്ള പാട്ടുകേൾക്കാം.


"പെരിയാറേ പെരിയാറേ  പർവ്വതനിരയുടെ പനിനീരെ .......

കുളിരും കൊണ്ട് കുണിങ്ങി നടക്കുന്ന മലയാളി പെണ്ണാണ് നീ ...

ഒരു മലയാളിപ്പെണ്ണാണ് നീ....."

 വിമലാനന്ദനായിരുന്നു വളരെ സന്തോഷത്തോടെ പാടിക്കൊണ്ടിരുന്നത്. 

ഞങ്ങളെ കണ്ടപ്പോൾ സന്തോഷം കൂടി,

പാട്ടുമുറുകുന്തോറും ഞങ്ങളുടെ ഉള്ളു നീറുന്നു.

കരയാതിരിക്കുവാൻ നന്നേ പാടുപെട്ടു.

മകൾ ചിതയിലെരിയുമ്പോൾ അച്ഛൻ സന്തോഷത്തോടെ പാടുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ ആരുടെ കണ്ണകളാണ് ഈറനണിയാത്തത്.

മകൾ മരിച്ചതറിയാത്ത അച്ഛൻ

ബുദ്ധിഭ്രമം സംഭവിച്ചതു പോലെയാണ് പാടുന്നത്.


 വിമലാനന്ദന്റെ ജീവിതത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ എളിയ നിലയിൽ നിന്ന് വന്ന് കഠിനാദ്ധ്വാനം കൊണ്ട് സാമാന്യം ഭേദപ്പെട്ട നിലയിലെത്തിയ ഒരച്ഛൻ  ചെയ്ത ത്യാഗത്തിന്റെയും ചൊരിഞ്ഞ സ്നേഹത്തിന്റേയും കഥ കാണുവാൻ കഴിയും.

കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ഹൃദയത്തിന്റെ നൊമ്പരം...


1982 മുതൽ  ഫോർട്കൊച്ചി അസിസ്റ്റൻറ്റ് ഗാരിസൺ എഞ്ചിനീയർ ഓഫീസിലെ ഒരു  ജീവനക്കാരനായിരുന്നു.ഇയാൾ.  

.തെക്കൻ ജില്ലക്കാരനായ വിമലാനന്ദൻ 82 ൽ  ഇവിടെ  ജോലി ലഭിച്ചതോടെയാണ്  കൊച്ചിയിൽ സ്ഥിരതാമസമാക്കിയത് .

പത്താം ക്ലാസ്സിൽ താഴെ മാത്രം പഠിച്ചിട്ടുള്ള വിമലാനന്ദൻ എസ് എസ് എൽ സി പ്രൈവറ്റായി പഠിച്ചു പരീക്ഷയെഴുതി പാസ്സായി. 

ഇവിടെ ജോലികിട്ടിയപ്പോൾത്തന്നെ ബേങ്കിൽ പ്യൂൺ post ൽ റാങ്ക് ലിസ്റ്റിൽപ്പെട്ടിരുന്നു.

ബേങ്കിൽ നിന്ന് നിയമന കത്തു വന്നതുംകൊണ്ട് ഹാജരായപ്പോൾ എസ് എസ് എൽ സി പാസ്സായതു കാരണം അതു് നിഷേധിക്കപ്പെട്ടു.

കഷ്ടപ്പെട്ടു പഠിച്ചതിനു കിട്ടിയ ശിക്ഷ.

പിന്നീട് ഇവിടെത്തന്നെ കൂടി.

കൊച്ചിയുടെ സമീപപ്രദേശത്തുനിന്ന് തന്നെയുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു.

ഭാര്യക്ക് മറ്റൊരു കേന്ദ്ര ഗവ സ്ഥാപനത്തിൽ ജോലി.

സമർത്ഥരായ

രണ്ട് പെൺകുട്ടികൾ,

രണ്ടുപേരും കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.വളരെ സന്തുഷ്ട കുടുംബം.

മക്കൾ എന്തുപറഞ്ഞാലും ചെയ്തുകൊടുക്കുന്ന അച്ഛൻ. ഒഴിവു ദിവസങ്ങളിൽ മക്കളേയും കൊണ്ട് പല സ്ഥലങ്ങളും സന്ദർശിച്ചു. 

പിന്നീട്

സ്വന്തമായൊരു ജീപ്പ് വാങ്ങി.

പിന്നെ ജീപ്പിലായി യാത്രകൾ.

നാട്ടിൽ പോയപ്പോൾ വാങ്ങിയതാണ്.

കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതും വരുന്നതും അതിനു ശേഷം ജോലിക്കു വരുന്നതുമൊക്കെ  ഈ ജീപ്പിലായിരുന്നു.

കുട്ടികൾക്ക് വേണ്ടി വാങ്ങിക്കുന്ന പ്രസിദ്ധീകരണങ്ങളൊക്കെയും ഇയാളും വായിക്കും, അത് ഹൃദിസ്ഥമാക്കുകയും ചെയ്യും. അങ്ങനെ വളരെ സന്തോഷത്തോടെ കഴിയുമ്പോളാണ് ഒരു കല്ല് വീഴുന്നത്.

ജോലിസ്ഥലത്തു പ്രൈവറ്റായി ചിലർ നടത്തിയിരുന്ന ഒരു ചിട്ടിയുമായി ബന്ധപ്പെട്ടു കുറച്ചു തുക വിമലാനന്ദന് നഷ്ടപ്പെട്ടു.

ചിട്ടിനടത്തിയിരുന്നവരുമായി കേസും കശപിശയുമായി.

ആകെ സ്വസ്ഥത നഷ്ട്ടപ്പെട്ടു.

ഈ വിഷയം കുടുംബാന്തരീക്ഷത്തിലും വിള്ളലുണ്ടാക്കി.  .വീട്ടിൽനിന്ന് ഇറങ്ങിപ്പോന്ന ഇയാൾ ഓഫീസിനോട് ചേർന്നുള്ള   ഒരു കെട്ടിടത്തിൽ കുറച്ചുകാലം താമസിച്ചു.അതോടെ ദിനചര്യകളിലും ഭക്ഷണക്രമത്തിലും ഒട്ടേറെ മാറ്റം വന്നു. 

ഒരു ദിവസം ജോലിസ്ഥലത്തുവച്ച് ഒരു തലചുറ്റൽ വന്ന ഇയാളെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.ഒരുവശത്തെ ചലനശേഷി നഷ്ടപ്പെട്ടു.അതോടൊപ്പം സംസാരശേഷിയും പോയി.പരസഹായമില്ലാതെ ഒന്നും ചെയ്യുവാൻപറ്റാത്ത അവസ്ഥ.ആശുപത്രിയിൽനിന്ന് വീട്ടിലേക്കു പോയെങ്കിലും ഭേദമായില്ല.

അതിനിടെ ഒരു മകൾ അർബുദരോഗത്തിൻറെ പിടിയിലുമായി.ഭർത്താവിനെയും നോക്കണം മകളുമായി ചികിത്സയ്ക്ക് പോകണം പിന്നെ ജോലിക്കും പോകണം,എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ നട്ടംതിരിഞ്ഞു.

വിമലാനന്ദന്റെ ഒരു സഹോദരി നാട്ടിൽനിന്നു വന്നു,ചികിത്സാകാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ തയ്യാറായി.ചലന ശേഷി വീണ്ടെടുക്കുവാൻ ഫിസിയോ തെറാപ്പിയും ആയുർവേദ ചികിത്സയും തുടങ്ങി.സംസാരശേഷി കിട്ടിയില്ല.പക്ഷെ,പണ്ട് കേട്ട് പഠിച്ച കുറെ പഴയ പാട്ടുകൾ നിറുത്താതെ പാടുവാൻ തുടങ്ങി.  ബുദ്ധിഭ്രമം സംഭവിച്ചതുപോലെ.

സംസാരിക്കുമ്പോൾ അക്ഷരങ്ങൾ മുഴുവനാക്കുവാൻ പറ്റുന്നില്ല,പക്ഷെ,പണ്ടെങ്ങാനും കേട്ട പാട്ടുകൾ ഒരുതെറ്റും കൂടാതെ നോൺ സ്റ്റോപ്പായിട്ടു പാടുന്നു....

അതിനിടെ അർബുദത്തിന് കീഴടങ്ങി മകൾ മരണം വരിച്ചു. 

ഈ സാഹചര്യത്തിൽ മരണമടഞ്ഞ മകളെ കാണിക്കുന്നത് കൂടുതൽ സങ്കീർണ്ണമാകുമെന്നതിനാൽ മരണ വിവരം അറിയിച്ചില്ല.

മകളുടെ ചിത  ശ്മശാനത്തിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന കാര്യം  അറിയാതെയാണ് അച്ഛൻ പാടുന്നത് ...

ഉയർന്ന സ്വരത്തിൽ.. 

സന്തോഷത്തോടെ .....

അവിടെ നിന്നിരുന്നവരെല്ലാവരുടേയും

 കണ്ണുകൾ ഈറനണിഞ്ഞു.....


 fb പോസ്റ്റുകൾ മുഴുവനും കാണാം

visit :kochimalayali.blogspot.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ