2020 മേയ് 15, വെള്ളിയാഴ്‌ച

കുട്ടിയും കോലും കളി

കുട്ടിയും കോലും കളി

കേരളത്തിലെ ഒരു നാടൻ കളിയാണ് കുട്ടിയും കോലും കളി.ക്രിക്കറ് കളിയോട് ഏതാണ്ട് സാമ്യമുള്ള ഈ കളി ഇന്ന് അസ്തമിച്ചിരിക്കുകയാണെന്നു പറയാം.കുട്ടിയും കോലും കളിക്കുന്നതിന് രണ്ട് പേരേയുള്ളൂവെങ്കിലും കളിക്കാം ,എത്ര പേരുണ്ടെങ്കിലും കളിക്കാമെന്നത് ഈ കളിയുടെ ഒരു സവിശേഷതയാണ്.കളി തുടങ്ങുന്നതിനുമുൻപ് കളിക്കാരെ രണ്ട് ടീമായിട്ട്  തിരിക്കണം.രണ്ടരയടി നീളമുള്ള ഒരു വടിയാണ് കോല്,അരയടി നീളമുള്ള കമ്പാണ് കുട്ടി.ആറിഞ്ചു നീളവും ഒന്നരയിഞ്ച് വീതിയുമുള്ള ഒരു ചെറിയ കുഴിയും  മണ്ണിൽ  വേണം.ഏതെങ്കിലും ഒരു ടീം കുട്ടീം കോലും കൊണ്ട് അടിക്കുമ്പോൾ എതിർ ടീം പിടിക്കുവാൻ നിൽക്കുന്നു.ടീമംഗങ്ങൾ മുഴുവനും അടിച്ചുകഴിയുമ്പോൾ രണ്ടാമത്തെ ടീം കുട്ടീം കോലുംകൊണ്ട് അടിച്ച് കളി തുടങ്ങുന്നു. ഏതാണ്ട് ക്രിക്കറ്റിലെപ്പോലെതന്നെ.
ആദ്യം അടിക്കാനുള്ള ടീമിനെ നിശ്ചയിക്കുന്നത് ക്രിക്കറ്റിൽ ടോസ് ഇടുന്നപോലെതന്നെയാണ്.ഒരു ഇലയെടുത്ത് അതിൽനിന്നു ഒരു ചെറിയ കഷണം കീറിയെടുത്ത് അത് മുകളിൽനിന്ന് താഴേയ്ക്കിടുന്നു.ഇലയുടെ അക ഭാഗം ഒരു ടീമിനും പുറഭാഗം രണ്ടാമത്തെ ടീമിനും നേരത്തെതന്നെ നിശ്ചയിച്ചിട്ടുണ്ടാകും.താഴെ വീണ ഇലയുടെ ഏതു ഭാഗമാണോ കാണുന്നത് ആഭാഗം കിട്ടിയിട്ടുള്ള ടീമായിരിക്കും ആദ്യം കുട്ടീം കോൽ അടിച്ചുകളിക്കുന്നത്.പിൽക്കാലത്ത് ഇലയ്ക്ക് പകരം നാണയം ഉപയോഗിക്കുവാൻ തുടങ്ങി. 
ആദ്യം അടിച്ചുകളിക്കുന്നയാൾ കുട്ടികമ്പ്‌ കുഴിക്ക് വിലങ്ങനെ വച്ച് കോലുകൊണ്ട് കഴിയുന്നത്ര ദൂരത്തിൽ എതിർ കളിക്കാരുടെ ഭാഗത്തേക്ക് കോരിയെറിയുന്നു.കുട്ടി കോരിയെറിയുന്നതിനുമുമ്പ് കാത്തോ എന്ന് വിളിച്ചു ചോദിക്കണം, കാത്ത് എന്ന് പറഞ്ഞാൽ മാത്രമേ കോരിയെറിയാൻ പാടുള്ളൂ.കോരിയെറിഞ്ഞ കമ്പ് എതിർ ടീം പിടിക്കുവാൻ ശ്രമിക്കും.പിടിച്ചാൽ കോരിയെറിഞ്ഞയാൾ പുറത്താകും.കുട്ടിപിടിച്ച എതിർ ടീമിലെയാൾക്ക്   അവരുടെ ടീം കളിക്കുമ്പോൾ ഒരവസരം കൂടി അധികം ലഭിക്കും.കുട്ടിനിലത്തുവീണാൽ അതെടുത്ത് കുഴിക്കു നേരെ എറിഞ്ഞു കൊടുക്കണം.ഇതിനെ കോലുകൊണ്ട് അടിക്കുന്നയാൾ അടിച്ചുതെറിപ്പിക്കും.അടിച്ചു തെറിപ്പിക്കുമ്പോൾ കുട്ടിയെവിടെ വീഴുന്നുവോ അവിടെ നിന്ന് കോലുകൊണ്ട് കുഴിവരെ അളക്കുന്നു.സതേമ്പർ , മുറിമുട്ട് ,തായ്‌ക്കോണി ,അയ്‌റ്റിക്കോ ,ആറേങ്കി,ഉല്ലാസ്  എന്നിങ്ങനെ ഒന്നുമുതൽ ആറുവരെ എണ്ണിക്കഴിയുമ്പോൾ ഒരു പോയിൻറ് ആകും. ഓരോ ദേശത്തും കോലുകൊണ്ട് അളക്കുമ്പോൾ പറയുന്നത് വിവിധ രീതിയിലാണ്.
കുട്ടി ഇടതുകൈയ്യിൽ പിടിച്ചും,കാൽമുട്ടിൽ വച്ചും,ഇടതുകൈയ്യിലെ ചൂണ്ടുവിരലിനു മുകളിൽ വച്ചും,ഇടതു കൈ മടക്കിപ്പിടിച്ചു അതിനു മുകളിൽ കുട്ടിവച്ചും,മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിനു മുകളിൽ വച്ചും,കാൽപാദത്തിൽവച്ചും ഇങ്ങനെ വിവിധ രീതിയിൽ കുട്ടി വച്ചുകൊണ്ട് കോലുകൊണ്ട് അടിക്കുന്ന ഈ കളി അക്കാലത്ത് സർവ്വസാധാരണമായിരുന്നു.ക്രിക്കറ്റ് പ്രചാരത്തിലായതോടെ ഈ കളിയും പുതിയ തലമുറയ്ക്ക് വേണ്ടാതായി.

2020 മേയ് 13, ബുധനാഴ്‌ച

കേരവൃക്ഷം കേരളത്തിന് അന്യമാകരുത്

                      കേരളത്തിൻറെ കാർഷിക സമ്പത്ത് വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്ന ഭക്ഷ്യേതര വിളയാണ്  തെങ്ങ്.                                        തെങ്ങിൽനിന്ന് തേങ്ങ മാത്രമല്ല,അതിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഉപയോഗപ്രദമാണ്.വെളിച്ചെണ്ണ,കള്ള്,കയർ തുടങ്ങിയ വ്യവസായങ്ങൾക്കുവേണ്ട അസംസ്കൃത വസ്ത്തുക്കൾ തെങ്ങിൽനിന്ന് ലഭിക്കുന്നു.ഓലയും മടലും ചിരട്ടയും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ പറ്റുന്നു.തീരപ്രദേശങ്ങളിലാണ് തെങ്ങു സമൃദ്ധിയായി വളരുന്നത്.തീരദേശത്ത് നീർവാഴ്ചയുള്ള മണ്ണുള്ളതുകൊണ്ടാണ് തെങ്ങു തഴച്ചു വളരുന്നത്.
തെങ്ങിന് വേനൽക്കാലത്ത് നനയ്ക്കുകയാണെങ്കിൽ എല്ലാവർഷവും അതേസമയത്ത് നനച്ചിരിക്കണം.വെള്ളത്തതിന്റെ ലഭ്യതയനുസരിച്ചു വളരുവാൻ കഴിവുള്ള ഒരു വൃക്ഷമാണ് തെങ്ങ്.
തെങ്ങിൻ തോപ്പുകളിൽ പച്ചിലച്ചെടികൾവളർത്തി അതിനുതന്നെ വളമായി ഉപയോഗിക്കുന്നു. മഴക്കാലത്തു തെങ്ങിൻ ചുവട്ടിൽ വെള്ളം സംഭരിക്കുവാൻ തടമെടുത്തു കൊടുക്കണം.വലിയ പരിചരണം കൊടുത്തില്ലെങ്കിലും അത്യാവശ്യം കൃഷിപ്പണികൾ ചെയ്താൽ തെങ്ങിൽനിന്നും നല്ല രീതിയിൽ ഫലം ലഭ്യമാകും. 
കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കുന്നത് കേരളത്തിൽ സർവ്വസാധാരണമാണ്.പഴയ കാലത്ത് നാടൻ ചക്കുകളിലാണ് കൊപ്ര ആട്ടിയിരുന്നത്.എന്നാലിപ്പോൾ യന്ത്രമില്ലുകൾ  കിട്ടാവുന്നത്ര വെളിച്ചെണ്ണ കൊപ്രയിൽനിന്നു ആട്ടിയെടുക്കുവാൻ സഹായിക്കുന്നു.  പിണ്ണാക്ക് കാലിത്തീറ്റയായും വളമായും ഉപയോഗിക്കാറുണ്ട്. തേങ്ങയുടെ മടലിൽനിന്നു ലഭിക്കുന്ന ചകിരി,കയറും കയറുല്പന്നങ്ങളുടെയും വ്യവസായത്തിൻറെ പ്രധാന അസംസ്കൃത വസ്തുവാണ്.ചിരട്ട ഇന്ധനമായും  വ്യവസായികാവശ്യത്തിനായും ഉപയോഗിക്കുന്നു.കള്ളുവ്യവസായവും തെങ്ങിനെ ആശ്രയിച്ചു നിൽക്കുന്നു. തെങ്ങിൽനിന്നും കരിക്ക് എടുക്കുകയാണെങ്കിൽ നല്ലവിലയും കിട്ടും ഉത്പാദനശേഷിയും കൂടും.കരിക്കും കരിക്കുകൊണ്ടുള്ള വിഭവങ്ങൾക്കും ഇപ്പോൾ നല്ല വിപണിയുള്ളതിനാൽ കരിക്കുവില്പന വളരെ ലാഭകരമാണ്. 
നല്ലഉൽപ്പാദനശേഷിയുള്ള തെങ്ങിനെ മാതൃ വൃക്ഷമായി തെരഞ്ഞെടുത്ത് അതിൽനിന്നുള്ള തേങ്ങകളായിരിക്കണം വിത്തിനായി തെരഞ്ഞെടുക്കേണ്ടത്.ഇരുപതു വർഷത്തിൽ കുറവ് പ്രായമുള്ള തെങ്ങിൽനിന്നും വിത്തുതേങ്ങയെടുക്കരുത്.ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് വിത്ത് തേങ്ങ ശേഖരിക്കേണ്ടത്.പ്രതിവർഷം 80-85 തേങ്ങയിൽ കുറവ് ലഭിക്കുന്ന തെങ്ങിനെയും വിത്തുസംഭരണത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്.600 ഗ്രാമിൽ കുറവ് തൂക്കമുള്ള തേങ്ങയും എടുക്കരുത്.നട്ടു മൂന്നുമാസം കഴിഞ്ഞാൽ തേങ്ങാ മുളച്ചുതുടങ്ങും.

നല്ല ലക്ഷണമൊത്ത തെങ്ങിൻ തൈകളായിരിക്കണം നടുന്നതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്.തെങ്ങിൻതോപ്പുകളുടെ കാലം കഴിഞ്ഞെങ്കിലും ഓരോ വീട്ടിലും ലഭ്യമായ സ്ഥലത്ത് തെങ്ങ് നട്ടുപിടിപ്പിച്ചാൽ വീട്ടാവശ്യത്തിനുള്ള നാളികേരം നമുക്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കാം.നല്ലരീതിയിൽ പരിചരിച്ചാൽ നല്ലവിളനൽകുന്ന കല്പവൃക്ഷമാണ് തെങ്ങ്.



   

2020 മേയ് 12, ചൊവ്വാഴ്ച

ഐ ഓ സി പുതുവൈപ്പ് വിടുവാൻ ഇനിയും വൈകരുത്

പുതുവൈപ്പ് എൽ പി ജി ടെർമിനൽ പദ്ധതിക്കെതിരെ  ആരംഭത്തിൽത്തന്നെ നാട്ടുകാർ സമരം തുടങ്ങിയിരുന്നെങ്കിലും  2017 ജൂൺ മുതലാണ് ഇത് ശക്തിപ്രാപിച്ചത്.പദ്ധതി പ്രദേശത്തുതന്നെയുള്ള stസെബാസ്റ്റ്യൻ പള്ളിപ്പരിസരത്തുനിന്ന് ആരംഭിച്ച  ഐ ഓ സി  മാർച്ചും തുടർന്നുണ്ടായ പോലീസ് ലാത്തിചാർജുമാണ്  സമരത്തിന് വലിയ വാർത്തപ്രാധാന്യം നേടിക്കൊടുത്തത്. സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനക്കൂട്ടത്തെ പോലീസ് നടുറോഡിലിട്ട്  ക്രൂരമായി ലാത്തിച്ചാർജ് ചെയ്തത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയഒരു സംഭവമായിരുന്നു. നിരപരാധികളായ സമരക്കാരെ അറസ്റ് ചെയ്ത പോലീസ്അവർക്കെതിരെ അന്ന് കേസുമെടുത്തിരുന്നു. ഡി സി പി യതീഷ് ചന്ദ്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത ഈ ലാത്തിചാർജിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ   സംസ്ഥാന സർക്കാർ നടപടിയെടുക്കാഞ്ഞതിൽ നാട്ടുകാർക്ക് പരക്കെ അമർഷവുമുണ്ട്.





വൈപ്പിന്കരയിലെ ജനങ്ങൾ നിരവധി ദുരന്തങ്ങൾ കണ്ടവരാണ്  .82 ലെ വൈപ്പിൻ മദ്യദുരന്തം,സർക്കാർ ചാരായ ഷാപ്പിലൂടെ നൽകിയ ചാരായമാണ് അന്ന് എൺപതോളം പേരുടെ ജീവനപഹരിച്ചത്.
83 ലെ മുരിക്കുംപാടം വഞ്ചിയപകടം പതിനെട്ടുപേർ അന്ന് മരിച്ചു.മുരിക്കുംപാടത്തുനിന്നു എറണാകുളത്തേയ്ക് പോകുന്ന ബോട്ടുകൾ പനമ്പുകാട്‌നിന്നാരംഭിച്ചു മുരിക്കുംപാടം വഴി പോകണമെന്ന ആവശ്യം നടപ്പാകുവാൻ 18 പേര് പുഴയിൽ മുങ്ങിമരിക്കേണ്ടിവന്നു. നിരവധി ബസ്സപകടങ്ങളും ഇവിടെ നമ്മൾ കണ്ടതാണ്.2015 ഓഗസ്റ് 26 നു പതിനൊന്നുപേരുടെ ജീവനെടുത്തുകൊണ്ട് ഫോട്കൊച്ചിയിൽ കൊച്ചി നഗരസഭാ ഫെറി ബോട്ടും കായലിൽ മുങ്ങിത്താണു.
ഇതെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള നഗ്നമായ നിയമലംഘനമാണ്.അപകടങ്ങൾ നടന്നുകഴിയുമ്പോൾ   അന്വേഷണകമ്മീഷനുകളേയും മറ്റും നിയമിച്ച് രക്ഷപെടുത്തേണ്ടവരെയൊക്കെ രക്ഷപ്പെടുത്തുന്നു. അത്തരം ഒരവസ്ഥ പുതുവൈപ്പിലുണ്ടാകരുത്.
അത്യാധുനിക സുരക്ഷാക്രമീകരണകളുണ്ടെന്നു പറഞ്ഞാലും ജനവാസ മേഖലയിൽ ഇത്തരം അപകടകരമായ പദ്ധതികൾക്ക് അനുമതികൊടുക്കുവാനുള്ള തീരുമാനമെടുക്കുംമുൻപ്  ബന്ധപ്പെട്ടവർ അല്പംകൂടി  വിവേകത്തോടെ കാര്യങ്ങൾ കാണണമായിരുന്നു.
പുതുവൈപ്പ് എൽ പി ജി ടെർമിനൽ പദ്ധതിക്കെതിരെ  ആരംഭത്തിൽത്തന്നെ നാട്ടുകാർ സമരം തുടങ്ങിയിരുന്നെങ്കിലും  2017 ജൂൺ മുതലാണ് ഇത് ശക്തിപ്രാപിച്ചതും പൊതുജനശ്രദ്ധ നേടിയതും.പദ്ധതി പ്രദേശത്തുതന്നെയുള്ള സെൻറ്.സെബാസ്റ്റ്യൻ പള്ളിപ്പരിസരത്തുനിന്ന് ആരംഭിച്ച  ഐ ഓ സി  മാർച്ചും തുടർന്നുണ്ടായ പോലീസ് ലാത്തിചാർജുമാണ്  സമരത്തിന് വലിയ വാർത്തപ്രാധാന്യം നേടിക്കൊടുത്തത്. സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനക്കൂട്ടത്തെ പോലീസ് നടുറോഡിലിട്ട്  ക്രൂരമായി ലാത്തിച്ചാർജ് ചെയ്തത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയഒരു സംഭവമായിരുന്നു. നിരപരാധികളായ സമരക്കാരെ അറസ്റ് ചെയ്ത പോലീസ് അവർക്കെതിരെ അന്ന് കേസുമെടുത്തിരുന്നു. ഡി സി പി യതീഷ് ചന്ദ്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത ഈ ലാത്തിചാർജിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ   സംസ്ഥാന സർക്കാർ നടപടിയെടുക്കാഞ്ഞതിൽ നാട്ടുകാർക്ക് പരക്കെ അമർഷവുമുണ്ട്.
പോർട്ട് ട്രസ്റ്റ് പാട്ടത്തിനു നൽകിയ സ്ഥലത്താണ് പുറം കടലിൽ ഐ ഓ സി  ജെട്ടി പണിയുന്നത്.അതിനാൽ പ്രതിവർഷം അൻപതുകോടി അവർക്കു കിട്ടും.പദ്ധതി പ്രാവർത്തികമായാൽ സംസ്ഥാന സർക്കാരിനും നികുതിയിനത്തിൽ കോടികൾ കൈവരും,
ഇത്തരം നേട്ടങ്ങളുള്ള ഒരു പദ്ധതി ഉപേക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് താല്പര്യമുണ്ടാവുകയില്ല.അത് സ്വാഭാവികം മാത്രം.

 എന്നാൽ,മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരുമായ ഇവിടത്തുകാർക്ക്  അവരുടെ തൊഴിൽ ചെയ്തു സ്വസ്ഥമായി ജീവിക്കുവാൻ ഈ പദ്ധതിയൊരു തടസ്സമായിക്കൂടാ. ജനങ്ങളുമായി വീണ്ടും ഒരേറ്റുമുട്ടലിനു ഇടവരുത്താതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ  ജനവാസ മേഖലയിൽനിന്ന് ഈ പദ്ധതി ഒഴിവാക്കുവാൻ ഇനിയും അമാന്തിക്കരുത്......





2020 മേയ് 10, ഞായറാഴ്‌ച

ഞങ്ങളെ ചുട്ടുകൊല്ലുവാനുള്ള ഈ പദ്ധതി ഇനിയെങ്കിലും ഉപേക്ഷിക്കരുതോ...... ?-2




Add cപുതുവൈപ്പിലെ നിർദിഷ്ട എൽ പി ജി പ്ലാൻറ് aption

കൊച്ചിക്കായലിലെ ദ്വീപുകളിലേക്ക് പാലങ്ങൾ പണിതതോടുകൂടിയാണ് ഇവിടേക്ക് വികസനങ്ങൾ ഒഴുകിയെത്തുവാൻ തുടങ്ങിയത്.ദ്വീപുകൾ 

നഗരത്തെ തൊട്ടതോടുകൂടി വികസനങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറിയത്.
ആദ്യം തന്നെ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ബെർത്തും,തുടർന്ന് എസ്

പി എം പദ്ധതിയും  പിന്നീട് എൽ എൻ ജി പദ്ധതിയും വൈപ്പിനിലേക്ക്‌ വരവായി.ഇതെല്ലാം വൈപ്പിനിൻറെയും വല്ലാര്പാടത്തത്തിന്റെയും തെക്കേ അതിർത്തിയോട് ചേർന്നാനു യാഥാർഥ്യമാക്കിയിരിക്കുന്നത്.എന്നാൽ ഏറ്റവും അപകടകരമായ ഒരു പദ്ധതിയായ എൽ പി ജി പദ്ധതിയാകട്ടെ ജനവാസമേഖലയ്ക്കുള്ളിലും.ചെറിയൊരു തീപ്പൊരിയുണ്ടായാൽ മതി അത് ആളിക്കത്തുവാനുള്ള  ശക്തമായ കടൽക്കാറ്റുമുള്ള ഒരു പ്രദേശം.
ഐ ഒ  സി  ഇവിടെ രണ്ടായിരത്തിയിരുന്നൂറു കോടി രൂപയുടെപദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ഗ്യാസ് ഇറക്കുമതിചെയുവാനുള്ള ജെട്ടിയും അത് സംഭരിക്കുവാനുള്ള കൂറ്റൻ ടാങ്കുകളും ഗ്യാസ് കൊണ്ടുപോകുവാനുള്ള പൈപ്പലൈനുകളുമാണ് ഇവിടെ പണിയുന്നത് .
പദ്ധതി പ്രാവർത്തികമായാൽ ഇറക്കുമതി ചെയ്യുന്ന എൽ പി ജി  പൈപ്പ് ലൈൻ വഴി വിവിധ സ്ഥലങ്ങളിലേക്ക്  കൊണ്ടുപോകുവാൻ കഴിയും.
സ്റ്റോറേജ് ടെര്മിനലിൻ്റെ 45 ശതമാനത്തോളം  നിർമ്മാണം പൂർത്തീകരിച്ചെന്നും ഇനി പിന്നോട്ടില്ലെന്നുമാണ് കമ്പനി വക്താവ് പറയുന്നത്.
ബുള്ളറ്റ് ടാങ്കറുകളെ ഒഴിവാക്കുവാനുമാകും .
ഇത്തരം അപകടകരമായ ഒരു പദ്ധതിയുടെ പ്ലാനും ലേയൗട്ടും അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ തൊട്ടുചേർന്ന് ഒരു വലിയ ജനവാസ മേഖലയുണ്ടെന്നത് ബന്ധപ്പെട്ടവർ മറച്ചുവച്ചിട്ടായിരിക്കുംനടപടികൾക്കു വിട്ടതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എന്തൊക്കെ നേട്ടമുണ്ടായാലും ജനവാസമേഖലയിൽ ഇത്തരം ഒരു പദ്ധതി അനുവദനീയമല്ല.








                 

2020 മേയ് 9, ശനിയാഴ്‌ച

ഞങ്ങളെ ചുട്ടുകൊല്ലുവാനുള്ള ഈ പദ്ധതി ഇനിയെങ്കിലും ഉപേക്ഷിക്കരുതോ...... ?

Add caപുതുവൈപ്പ് എൽ പി ജി ടെർമിനൽ വിരുദ്ധ സമരം ption
ഞങ്ങളെ ചുട്ടുകൊല്ലുവാനുള്ള ഈ പദ്ധതി ഇനിയെങ്കിലും ഉപേക്ഷിക്കരുതോ...... ?
വിശാഖപട്ടണത്തെ വിഷവാതക ചോർച്ചയെത്തുടർന്നു 12 പേർ മരണമടഞ്ഞ വാർത്തകൾ കേട്ടുകൊണ്ടിരുന്ന പുതുവൈപ്പിലെ ഒരു വല്യമ്മിച്ചിയുടെ പ്രതികരണമായിരുന്നു ഇത്. 
അതെ,പുതുവൈപ്പ് പ്രദേശത്തെ മാത്രമല്ല,വൈപ്പിൻകരയിലെ മുഴുവൻ ജനങ്ങളും വിശാഖപട്ടണ ദുരന്ത വാർത്ത കേട്ടപ്പോൾ മുതൽ ആശങ്കയിലാണ്.
ജനവാസ മേഖലയിലെ നിർദിഷ്ട ഐ ഓ സി എൽ പി ജി പ്ലാൻറ് പ്രവർത്തനം ആരംഭിച്ചാൽ  ഈ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്നാണ് വിശാഖപട്ടണം ദുരന്തം ചൂണ്ടിക്കാട്ടുന്നത്. വിശാഖപട്ടണത്ത് ദുരന്തത്തിനിരയായവർ എല്ലാവരുംതന്നെ  സമീപ പ്രദേശവാസികളായിരുന്നു.കാറ്റിൻറെ ഗതിയനുസരിച്ച്  വാതകം പ്രദേശമാകെ പരന്നതോടെ  ദുരന്തത്തിൻറെ  വ്യാപ്തിയും  വർധിച്ചു  
ഭോപ്പാലിൽ യൂണിയൻ കാർബൈഡ് കമ്പനിയിലുണ്ടായ വിഷവാതക ദുരന്തവും കാറ്റിൻറെ  ദിശയിലുള്ളവരെയാണ് കൂടുതലായും ബാധിച്ചത്.
Addവിശാഖപട്ടണ ദുരന്തത്തിനിരയായവർ  caption
   
പുതുവൈപ്പിൻറെ കാര്യത്തിലും കാറ്റ് ഒരു പ്രധാന ഘടകമായിരിക്കും.
അറബിക്കടലിനോട് ചേർന്നാണ് നിർദിഷ്ട പ്ലാൻറ് നിർമ്മിക്കുന്നതിനുള്ള സ്ഥലം.പ്ലാൻറ് കഴിഞ്ഞാൽ എൽ എൻ ജി യിലേക്കുള്ള ഒരു റോഡ്,റോഡിനോട് ചേർന്ന് വലിയൊരു ജനവാസ മേഖല.
ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതകൂടിയ വൈപ്പിൻകരയിലാണ് പുതുവൈപ്പ് നിർദിഷ്ട പദ്ധതി പ്രദേശം. ഇവിടെ ഒരപകടമുണ്ടായാൽ നിമിഷങ്ങൾകൊണ്ട് കിലോമീറ്ററുകളോളം പ്രദേശം അഗ്നിക്കിരയാകും.എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നതെങ്കിലും ഒരു ചെറിയ പിശക് മതി അപകടം സംഭവിക്കുവാൻ. ഭോപ്പാലിലും വിശാഖപട്ടണത്തും സുരക്ഷാക്രമീകരണകളൊക്കെ ഉണ്ടായിരുന്നതല്ലേ,പിന്നെങ്ങിനെ അവിടെയൊക്കെ അപകടം സംഭവിച്ചു.
അപ്പോൾ ജനവാസമേഖലയിൽ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന ഈ പദ്ധതി ഇവിടെത്തന്നെ സ്ഥാപിക്കണമോയെന്ന് ഒരിക്കൽകൂടി ചിന്തിക്കുന്നതല്ലേ ബുദ്ധി....



എന്താണ് എൽ പി ജി പദ്ധതി ...അതിനെക്കുറിച്ചു അടുത്തതിൽ 


















   



2020 മേയ് 8, വെള്ളിയാഴ്‌ച

വേറിട്ടൊരു കളിമൺ പാത്രനിർമ്മാണ ശൈലി


തത്തപ്പിള്ളിയിലെ അമ്മച്ചിമാരുടെ കളിമൺ പാത്രനിർമ്മാണ രീതി കുറച്ചുകൂടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് വീണ്ടും ഇതിനെക്കുറിച്ച് എഴുതുന്നത്.
കേരളത്തിലൊരിടത്തും,ഒരുപക്ഷേ,ഇന്ത്യയിൽ തന്നെ, ഇപ്പോൾ നിലവിലില്ലാത്ത ഒരു നിർമ്മാണരീതിയാണ് തത്തപ്പിള്ളിയിലെ വല്യമ്മിച്ചിമാരുടേത് . നിലമ്പുർ മുതൽ ഇങ്ങോട്ട് നിരവധി പാത്രനിർമ്മാണക്കാരെ കണ്ടിരുന്നു.ഡൽഹി ഐ എൻ എ മാർക്കറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള   കളിമൺ പാത്രം നിർമ്മിക്കുന്നവരുമായും സംസാരിക്കുവാനുള്ള അവസരമുണ്ടായി.

 എല്ലായിടത്തും പാത്രത്തിന് ആകൃതി വരുത്തുന്നത് ചക്രം കറക്കിക്കൊണ്ടായിരുന്നു .
എന്നാൽ ,തത്തപ്പിള്ളിയിലെ നമ്മുടെ അമ്മച്ചിമാരുടെ നിർമ്മാണരീതി മറ്റൊരിടത്തും  കണ്ടില്ല.

നിർമ്മിക്കുവാനുദ്ദേശിക്കുന്ന പാത്രത്തിനെ മേൽഭാഗം കീഴ്‌ഭാഗം എന്ന രണ്ട് ഭാഗങ്ങളായി തിരിച്ചു രണ്ട് മോൾഡുകളുണ്ടാക്കുന്നു.മോൾഡിനു മേലെ നിശ്ചിത കനത്തിൽ നേരത്തെ മിക്സ് ചെയ്തുവച്ച കളിമണ്ണ് തേച്ചു പിടിപ്പിക്കുന്നു.മരം കൊണ്ടുള്ള ഒരു കൊട്ടുവടി ഉപയോഗിച്ച് തല്ലിയുറപ്പിക്കുന്നു ഇങ്ങനെ രണ്ട് ഭാഗവും (ചിത്രം 1 )നന്നായി മിനുക്കിയതിനു ശേഷം രണ്ടും കൂടി യോജിപ്പിക്കുന്നു.(ചിത്രം2 )ജോയിന്റിൽ ചെളി ചേർത്തുവച്ചു വീണ്ടും കൊട്ടുവടികൊണ്ട് തല്ലി യോജിപ്പിക്കുന്നു.പിന്നീട് പത്രത്തിൻറെ വക്കു പിടിപ്പിക്കുന്നു.  വക്കും വേറെ നിർമ്മിച്ചതിനുശേഷമാണ്   കൂട്ടിയോജിപ്പിക്കുന്നത്.(ചിത്രം3 )പത്രത്തിന്റെ ഉള്ളിൽ ഉരുളൻ കല്ലുവച്ച് പുറത്ത് മരം കൊണ്ടുള്ള കൊട്ടുവടി യുപയോഗിച് നല്ലവണ്ണം മിനുക്കുന്നു  
ഓരോ മോൾഡുമുപയോഗിച്ചു ഓരോ ഭാഗവും നിർമ്മിക്കുന്നു.തുടർന്ന് രണ്ടും കൂടി ഒരുമിച്ചു കൂട്ടിയോജിപ്പിക്കുന്നു.പാത്രത്തിൻറെ യുള്ളിൽ ഒരു ചെറിയ കല്ലുവച്ച് പുറം ഭാഗത്ത് ചെറിയ ചുറ്റികകൊണ്ട് അടിച്ചു കൂട്ടുന്നു.(ചിത്രം 5 ). നെറ്റ് ഉപയോഗിച്ച് അലങ്കാരപ്പണിയും .(ചിത്രം 6 )ചെയ്തതിനുശേഷം  വെയിലത്ത് വച്ച് ഉണക്കുന്നു.തുടർന്ന്  ഉയർന്ന താപനിലയിൽ ചൂളയിൽ ചുട്ടെടുക്കുന്നു.ഇപ്പോൾ വില്പനയ്ക്ക് തയ്യാറായ പത്രങ്ങളായി.

.
ഇത്തരത്തിലുള്ള പാത്രം നിർർമ്മാണരീതി അവലംബിക്കുന്നവരിൽ ജീവിച്ചിരിക്കുന്നവരിലെ  അവസാനത്തെ കണ്ണികളാണിവർ. 



പാരമ്പര്യമായി ഇവർക്കുകിട്ടിയ ഈ വരദാനം ഇവരുടെ കാലശേഷം അസ്തമിച്ചുപോകുവാനാണ് ഏറെ സാദ്ധ്യത.
ഈ കലാരീതിയെ സംരക്ഷിക്കുവാൻ നമുക്ക് ബാദ്ധ്യതയില്ലേ ?




































2020 മേയ് 6, ബുധനാഴ്‌ച

കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമ.........






കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമ.........

അറുപതിലധികം വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഞങ്ങളുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയാണ്.ഒരു നിർവ്വികാരാവസ്ഥ.
പതിനഞ്ചു  വയസുമുതലാണ് ഞാൻ ഈ തൊഴിൽ ചെയ്യുന്നത്. ഇനിയെത്രകാലം ഇത് തുടരുമെന്നറിയില്ല. ഞങ്ങളുടെ കാലശേഷം ഈ നിർമ്മാണരീതിതന്നെ ഇല്ലാതാകും.നിർമ്മിച്ചുവച്ചിരിക്കുന്ന മൺപാത്രങ്ങളെ  നോക്കി ഭാനുമതിയമ്മ നെടുവീർപ്പിട്ടു.
ഭാനുമതിയമ്മ (77 ) തങ്കമ്മ(74 )തങ്കമ്മ (64)എന്നിവർ തത്തപ്പിള്ളിയിലെ ബാലകൃഷ്ണന്റെ കളിമൺ പത്രയൂണിറ്റിലെ ജീവനക്കാരാണ്.
ഇവരുടെ പാത്രനിർമ്മാണരീതി സാധാരണയിൽനിന്നും വ്യത്യസ്തമാണ്.


നിർമ്മിക്കുവാനുദ്ദേശിക്കുന്ന പാത്രത്തിനെ മേൽഭാഗം കീഴ്‌ഭാഗം എന്ന രണ്ട് ഭാഗങ്ങളായി തിരിച്ചു രണ്ട് മോൾഡുകളുണ്ടാക്കുന്നു.ഓരോ മോൾഡുമുപയോഗിച്ചു ഓരോ ഭാഗവും നിർമ്മിക്കുന്നു.തുടർന്ന് രണ്ടും കൂടി ഒരുമിച്ചു കൂട്ടിയോജിപ്പിക്കുന്നു.പാത്രത്തിൻറെ യുള്ളിൽ ഒരു ചെറിയ കല്ലുവച്ച് പുറം ഭാഗത്ത് ചെറിയ ചുറ്റികകൊണ്ട് അടിച്ചു കൂട്ടുന്നു.


അതുപോലെതന്നെ വക്കും വേറെ നിർമ്മിച്ചതിനുശേഷം ഇങ്ങനെ കൂട്ടിയോജിപ്പിക്കുന്നു.
പിന്നീട് ഡിസൈൻ മോൾഡുകൊണ്ട് ഡിസൈനും വരുത്തുന്നു.
ഉയർന്ന താപത്തിൽ ചൂളയിൽവച്ച് ചുട്ടെടുത്തുകഴിയുമ്പോൾ  വില്പനയ്ക്ക് തയ്യാർ.


ഇത്തരത്തിലുള്ള പാത്രം നിർർമ്മാണരീതി അവലംബിക്കുന്നവരിൽ ജീവിച്ചിരിക്കുന്നവരിലെ  അവസാനത്തെ കണ്ണികളാണിവർ.




പ്രസാദാണ് തത്തപ്പിള്ളിയിലെ രണ്ടാമത്തെ യൂണിറ്റിൻറെയുടമ.ചക്രം കറക്കിയാണ് ഇദ്ദേഹംപാത്രം നിർമ്മിക്കുന്നത്.പാത്രനിർമ്മാണ ജോലി വൻ പ്രതിസന്ധിയിലാണെന്നാണ് പ്രസാദ് പറയുന്നത്.
ഇവിടെത്തന്നെയുള്ള പാടങ്ങളിൽനിന്നായിരുന്നു നേരത്തെ കളിമണ്ണ് ശേഖരിച്ചിരുന്നത്.മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണങ്ങളായപ്പോൾ ഷൊർണ്ണൂരിൽ നിന്നും തമിഴ്‌നാട്ടിൽനിന്നുമാണ് അസംകൃതവസ്തുവായ കളിമണ്ണ് കൊണ്ടുവരുന്നത്.നിർമാണച്ചെലവ് ക്രമാതീതമായി ഉയരുവാനിതിടയാക്കുന്നു.ഉപഭോക്താവിനും  നിർമ്മാതാവിനുമിടയിലെ ഇടനിലക്കാരുടെ ചൂഷണം  മതിയായ വില ലഭിക്കുന്നതിന് തടസ്സമാകുന്നു.


കളിമണ്ണുകൊണ്ടുള്ള പാത്രങ്ങൾക്കു ആവശ്യക്കാരേറെയുണ്ടെങ്കിലും അത്തരം ആളുകളുടെ കയ്യിൽ ഇവയെത്തുന്നതിനുള്ള ക്രമീകരണങ്ങളില്ലാത്തത് ഒരു പ്രശനം തന്നെയാണെന്നാണ് പ്രസാദിൻറെ  കണ്ടെത്തൽ.
 പറവൂർ തത്തപ്പിള്ളിയിൽ മാത്രമാണ് എറണാകുളം ജില്ലയിൽ ഇപ്പോൾ  പ്രവർത്തിക്കുന്നമൺപാത്ര യൂണിറ്റുകളുള്ളത്.പറവൂർ ആലുവ റോഡിൽ വെടിമറ ജംക്ഷനിൽനിന്നു വലത്തോട്ട് രണ്ട് കി മി ചെല്ലുമ്പോഴാണ് തത്തപ്പിള്ളി ഗ്രാമം.
ഒരുകാലത്ത് മണ്പാത്രനിർമ്മാണത്തിനു പേരുകേട്ട ഒരു ഗ്രാമമായിരുന്നു തത്തപ്പിള്ളി.ഏകദേശം നൂറോളം കുടുംബങ്ങൾ ഈ തൊഴിലിൽ അന്ന് ഏർപ്പെട്ടിരുന്നു.
മൺപാത്രനിർമ്മാണത്തിൽ കുശവൻ, കുലവൻ, കൂമ്പാരൻ , ഓടൻ, ആന്തൂർനായർ, ആന്ധ്രാനായർ,ആംഗ്ലോ ഇന്ത്യൻ ഒ ഇ സി തുടങ്ങിയ ഏഴ് വിഭാഗം സമുദായങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്.

അതിൽ മൂലമ്പിള്ളിയിൽ മാത്രമാണ് ആംഗ്ലോഇന്ത്യൻ സമുദായം ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നത്.വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഒരു  കറിച്ചട്ടി നിർമ്മാണ സഹകരണ സംഘമായിരുന്നു അവിടത്തേത്.

യൂണിറ്റാണ് മൂലമ്പിള്ളിയിൽ പ്രവർത്തിച്ചിരുന്നത്.നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സഹകരണ പ്രസ്ഥാനമായിരുന്നു മൂലമ്പിള്ളിയിലേത്. കളിമണ്ണിന്റെ ലഭ്യതക്കുറവ്,പുതുതലമുറയ്ക്കു ഈ തൊഴിലിനോടുള്ള വിമുഖത തുടങ്ങിയവയാൽ സൊസൈറ്റിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

മറ്റൊരു കളിമണ്പാത്രനിർമ്മാണമേഖലയാണ് നിലമ്പുരിലേത്. കെ എസ ആർ ടി സി ബസ് സ്റ്റാൻഡിനു  തൊട്ടടുത്തുതന്നെയാണ്  മൺപാത്ര തൊഴിലാളികളുടെ  സമൂഹമായിട്ടുള്ള താമസസ്ഥലവും തൊഴിലിടവും..കലവും ചട്ടിയും മാത്രമല്ല മറ്റു പല നിത്യോപയോഗ സാധനങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്.അലുമിനിയ പാത്രങ്ങളും മറ്റുപയോഗിക്കുമ്പോഴുള്ള പാർശ്വഫലങ്ങളൊന്നും മൺപാത്രത്തിനില്ലെന്ന തിരിച്ചറിവ് കുറേപേർക്കെങ്കിലും ഉണ്ടായതുകാരണമായിരിക്കാം വിവിധങ്ങളായ ഓർഡറുകൾ തങ്ങൾക്കു ലഭിക്കുന്നതെന്ന് കുമാരനെന്ന തൊഴിലാളി പറയുന്നു.
വേണ്ടരീതിയിൽ പ്രചാരണവും പ്രോത്സാഹനവും ലഭിക്കുകയാണെങ്കിൽ അന്യം നിന്നുപോകുന്ന ഒരു കുലത്തൊഴിലിനെ നിലനിറുത്തനാകും.കളിമൺ പാത്രനിർമ്മാണം മാന്യമായ തൊഴിലാണെന്നും മാന്യമായ വരുമാനം അതിൽനിന്നു ലഭിക്കുമെന്ന ഉറപ്പും യുവതലമുറയ്ക്കുണ്ടാകണം. .ഒപ്പം യഥാർത്ഥ ഉപഭോക്താവിൻറെ പക്കൽ ഉത്പന്നങ്ങൾ അധികം കൈമറിയാതെ എത്തുവാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണം.









2020 മേയ് 5, ചൊവ്വാഴ്ച

ഫോർട്ടുകൊച്ചിയിലെ തോട്ടിപ്പണിക്കാർ



ആയിരത്തിത്തൊള്ളായിരത്തിയെൻപതുകളുടെ അവസാനംവരെ കൊച്ചിയിലെ ഒരു പ്രഭാത കാഴ്ചയായിരുന്നു മലം നിറച്ച പാട്ടവണ്ടിവലിച്ചുകൊണ്ട് റോഡിലൂടെ ഒരാൾ നടന്നു പോയിരുന്നത്.അക്കാലത്ത് വീടുകളിൽ സെപ്റ്റിക് ടാങ്ക് ആയിട്ടില്ലായിരുന്നു. അന്നത്തെ ശൗചാലയം പാട്ടകക്കൂസുകളായിരുന്നു.എല്ലാദിവസവും രാവിലെ ഓരോ വീട്ടിൽനിന്നും ശേഖരിക്കുന്ന മലം  പാട്ടവണ്ടിയിൽ നിക്ഷേപിക്കുന്നു.പാട്ടവണ്ടി നിറയുമ്പോൾ അതും വലിച്ചുകൊണ്ട് ഫോട്കൊച്ചി വെളിക്ക് തെക്കുവശത്തുള്ള കടലിനോട് ചേർന്നുള്ള പറമ്പിൽ നിക്ഷേപിക്കുന്നു.മനുഷ്യവിസർജ്യം നിക്ഷേപിച്ചിരുന്ന ഈ സ്ഥലത്തിനെ "തീട്ടപ്പറമ്പ്" എന്നാണു വിളിച്ചിരുന്നത്.
തുരുമ്പിച്ച തീട്ടപാട്ട വണ്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ അതിൻറെ  ദ്വാരത്തിലൂടെ മലം ഇറ്റിറ്റു റോഡിൽ വീഴുമായിരുന്നു.
ആദ്യകാലങ്ങളിൽ പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിച്ചിരുന്നതും അത് വെളിയിലെ തീട്ടപറമ്പിൽ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നതും പ്രാദേശികരായിട്ടുള്ള തൊഴിലാളികളായിരുന്നു.
ഒരു ഞായറാഴ്ച രാവിലെ ഫോട്കൊച്ചി സാന്തക്രൂസ് ദേവാലയത്തിൽ ദിവ്യബലി കഴിഞ്ഞു പുറത്തിറങ്ങിയ ചട്ടക്കാരടക്കം(ഫോർട്ട് കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ ചട്ടക്കാർ എന്നാണ് വിളിച്ചിരുന്നത്) ആളുകൾ അസഹ്യമായ മണംകൊണ്ട് ഛർദിക്കുവാൻ തുടങ്ങി. പള്ളിക്കുപുറത്തുള്ള റോഡരികിൽ അന്നുരാവിലെ ശേഖരിച്ച മലം നിറഞ്ഞ തീട്ടപാട്ട വണ്ടികൾ ഓരോന്നായി കൊണ്ടുവന്നിട്ടിരിക്കുകയായിരുന്നു. അതിൽ നിന്നുള്ള ദുർഗന്ധമായിരുന്നു ആളുകളെ അലോസരപ്പെടുത്തിയത്.
ഫോട്കൊച്ചി അന്ന് മുനിസിപ്പാലിറ്റിയായിരുന്നു,ചെയർ മാൻ ശ്രീ കെ ബി ജേക്കബും.പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിക്കുന്നതിനുള്ള കൂലിയിൽ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൻറെ  ഭാഗമായിട്ടായിരുന്നു തൊഴിലാളികൾ  പാട്ടവണ്ടി റോഡിലുപേക്ഷിച്ചത്‌.

മുനിസിപ്പൽ ചെയർമാൻ കെ ബി ജേക്കബ് അടിയന്തിരമായി വിഷയത്തിലിടപെട്ടുകൊണ്ട്   തമിഴ് നാട്ടിലേക്ക്  ഒരാളെ അയച്ച്‌ ആവശ്യത്തിനുള്ള തമിഴ് തൊഴിലാളികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നു,കക്കൂസ് വൃത്തിയാക്കുന്ന ജോലി ഇവരെ ഏല്പിച്ചു.ഇങ്ങനെവന്നവരാണ്  കൊച്ചിയിലെ തോട്ടിത്തൊഴിലാളികൾ.ചക്ലിയർ സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവർ.
ഐ എൻ എസ് ദ്രോണാചാര്യ അന്ന് നേവൽ  കോസ്റ്റ് ബാറ്ററിയെന്നാണ് അറിയപ്പെട്ടിരുന്നത്.വെളി ബീച്ച് റോഡ് ബസ്റ്റോപ്പായിരുന്നു  തെക്കേ അതിർത്തി.  അതിനോട് ചേർന്നുള്ള ഫോട്കൊച്ചി പൊതു ശ്മശാനത്തിലേക്കുള്ള  വഴിയരികിൽ ചക്ലിയർക്ക്  താമസിക്കുവാൻ കെട്ടിടം പണിതു കൊടുത്തു.ചക്ലിയർ കോളനിയുടെ അല്പം കൂടി തെക്കുഭാഗത്തായിരുന്നു   മാലിന്യം നിക്ഷേപിച്ചിരുന്ന തീട്ടപ്പറമ്പ്.എൺപതുകളുടെ അവസാനത്തോടെ എല്ലാവർക്കും സെപ്റ്റിക് ടാങ്കോടുകൂടിയശൗചാലയങ്ങൾ ആയതോടെ തോട്ടിപ്പണിക്കാരെ കോർപറേഷൻ അതിർത്തിയിലെ കാണ ശുചിയാക്കുന്ന തൊഴിലിനും മറ്റുമുപയോഗിച്ചു് അവരുടെ തൊഴിൽ സംരക്ഷിച്ചു.

പിന്നീട് ഐ എൻ എസ് ദ്രോണാചാര്യയുടെ വികസനത്തോടനുബന്ധിച്ചു തെക്കോട്ടുള്ള സ്ഥലം ഏറ്റെടുത്തപ്പോൾ  ചക്ലിയർ കോളനിയും തീട്ടപറമ്പും പൊതു ശ്മശാനവും  നേവിയുടെ അധീനതയിലായി.ചക്ലിയരെ രാമേശ്വരം കോളനിയിലേക്ക് മാറ്റി താമസിപ്പിച്ചു.നൂറിൽ താഴെ ചക്ലിയർ കുടുംബങ്ങളാണ് ഇപ്പോൾ രാമേശ്വരം കോളനിയിലുള്ളത്.































2020 മേയ് 2, ശനിയാഴ്‌ച

കൊറോണക്കാലത്തെ മദ്യവില്പന മുഖ്യമന്ത്രി തടഞ്ഞു

ലോക് ഡൌൺ കാലത്ത് നിർത്തലാക്കിയ മദ്യവില്പന തിങ്കളാഴ്ചമുതൽ ആരംഭിക്കുവാൻ തയ്യാറായ  എക്സൈസ് നടപടി    മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞത് സ്വാഗതാർഹമാണ്.ലോക് ഡൌൺ കഴിഞ്ഞതിനുശേഷമേ ഇനി മദ്യ വില്പന പുനരാരംഭിക്കുകയുള്ളൂവെ  ന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അഭിനന്ദനാർഹനാണ്‌.
മദ്യവില്പന തുടങ്ങുമെന്ന് ഇടയ്ക്കിടയ്ക്കു എക്സൈസ് വകുപ്പിൽനിന്ന് അറിയിപ്പുകൾ പുറത്തുവരാറുണ്ട്.ഇത്ര തിടുക്കത്തിൽ വില്പന ആരംഭിക്കേണ്ട ഒരാവശ്യവസ്തുവാണോ മദ്യം.പ്രേതേകിച്ച് ലോക് ഡൗണിൽ കേരളം മുഴുവനും നിശ്ചലമായിരിക്കുന്ന ഒരവസ്ഥയിൽ.
മദ്യം ലഭിക്കാത്തതിൻറെ പേരിൽ അതുപയോഗിച്ചു ശീലിച്ചവർക്ക് മനസ്സീക ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും അത് ദൂരീകരിക്കുന്നതിനുവേണ്ടി മദ്യവില്പന ഉടനെ ആരംഭിക്കണമെന്നുമാണ്  ബന്ധപ്പെട്ട വകുപ്പിൻറെ അഭിപ്രായം.
മദ്യവില്പന നിറുത്തിവച്ചതിൻറെ അടുത്ത ദിവസങ്ങളിൽ മദ്യം കിട്ടാതെ വന്നതിൻറെ അസ്വസ്ഥതയാൽ  ഒന്നുരണ്ട് പേർ ആത്മഹത്യ ചെയ്തതായി വാർത്തയും വന്നിരുന്നു.എന്നാൽ തുടർന്നിങ്ങോട്ട് അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മദ്യം ലഭ്യമല്ലാതായപ്പോൾ അതില്ലാതേയും ജീവിക്കാൻ മദ്യപന്മാർ പഠിച്ചു.കയ്യെത്തും ദൂരത്ത് ലഭ്യമാകുമ്പോൾ അതുപയോഗിക്കുവാനുള്ള പ്രവണതയും  കൂടും.
സമൂഹവ്യാപനം തടയാൻവേണ്ടിയാണ് ലോക് ഡൌൺ പ്രഖ്യാപിച്ചത്.അപ്പോൾ ലോക് ഡൌൺ പൂർണമായും പിൻവലിച്ചു സാധാരണ ജീവിതം ഉറപ്പുവന്നതിനു ശേഷം പോരെ മദ്യവില്പന.

മദ്യവില്പന നിറുത്തിയതുകൊണ്ടുള്ള സർക്കാരിൻറെ റെവന്യൂ നഷ്‍ടം മനസ്സിലാകും .പക്ഷെ,അത് നികത്തുന്നതിന് തിടുക്കത്തിൽ മദ്യവില്പന പുനരാരംഭിച്ചാൽ വിപരീതഫലമായിരിക്കും ഉണ്ടാവുക.

സമ്പൂർണ്ണ മദ്യനിരോധനം വേണമെന്നൊന്നും പറയുന്നില്ല,അതൊക്കെ തീരുമാനിക്കേണ്ടത് സർക്കാരാണ്.പക്ഷേ,വില്പന ആരംഭിച്ചാൽ മദ്യപന്മാർ അച്ചടക്കം പാലിക്കുമെന്ന് എന്താണുറപ്പ്, ലോക് ഡൌൺ ചട്ടത്തിനുള്ളിൽനിന്നുകൊണ്ട് അതുപയോഗിക്കുമെന്നും പറയുവാൻ വയ്യ.
.സമൂഹ വ്യാപനമായിരിക്കും അന്തിമഫലം.

















2020 മേയ് 1, വെള്ളിയാഴ്‌ച

ഇന്ന് മെയ് ദിനം :സാർവ്വദേശീയ തൊഴിലാളി ദിനം



ആഘോഷങ്ങളില്ലാതെ ഒരു തൊഴിലാളി ദിനം കൂടി  കടന്നുപോയി .എട്ടു മണിക്കൂർ ജോലി  ,എട്ടു മണിക്കൂർ വിനോദം ,എട്ടു മണിക്കൂർ വിശ്രമം എന്ന തൊഴിലാളിയുടെ അവകാശം സ്ഥാപിച്ചെടുത്തതിൻറെ ഓർമ്മദിനം .
കോവിഡ് 19 രോഗത്തിൻറെ പശ്ചാലത്തിൽ ഇന്ന് തൊഴിലാളികൾ  നിർബന്ധപൂർവ്വം ഇരുപത്തിനാലു മണിക്കൂറും ലോക് ഡൌൺ വിശ്രമത്തിലാണ് .അതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ വൈഷമ്യത്തിലാക്കിയിരിക്കുകയാണ്.

അതോടൊപ്പം പ്രവാസികളുടെ കൂട്ടത്തെയോടെയുള്ള വരവും മുന്നിലുണ്ട്. കൊറോണ പ്രതിസന്ധിയിൽ നിന്ന്  കരകയറുമ്പോൾ ഇതിൽ എത്രപേർക്ക്  തിരിച്ചുപോകുവാനുള്ള സാഹചര്യമുണ്ടാകുമെന്നും ചിന്തിക്കേണ്ട വിഷയമാണ്.കൊറോണയെക്കുറിച്ച്  അമിത ഉൽക്കണ്ഠ പ്രവാസികൾക്ക് ഉണ്ടാകുവാനുള്ള സാഹചര്യം നാട്ടിലുള്ളവർ സൃഷ്ടിക്കരുത്.
കേരളത്തിൽ വന്നാലേ നല്ല ചികിത്സ ലഭിക്കുകയുള്ളൂവെന്ന  തെറ്റിദ്ധാരണ സ്വന്തം കുടുംബത്തിൽ നിന്നും ബന്ധുക്കളിൽനിന്നും  ഉണ്ടായിക്കൂടാ. കൂടെക്കൂടെ വിളിച്ചു് ആശ്വാസവാക്കുകൾ പറയുക.ഒറ്റയ്ക്കായതിൻറെ  സങ്കീർണ്ണതകൾ അവരിലുണ്ടാകാം.അതിനെ പെരുപ്പിക്കരുത് . പ്രായമുള്ളവരും രോഗഭീതിയിൽ അമിത ടെൻഷനനുഭവിക്കുന്നവരും മടങ്ങിവരണെങ്കിൽ വന്നോട്ടെ.ആരോഗ്യമുള്ളവർ സ്വന്തം തൊഴിലുപേക്ഷിച്ചു മടങ്ങിപ്പോരരുത്.



ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ  മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഏറെയും മലയാളികളാണ്.
 എല്ലാവർക്കും നല്ല ചികിത്സയാണ് അവിടെ നല്കുന്നതെന്നാണ്   അവരിൽ നിന്നും  മനസ്സിലാകുന്നത്.അവരുടെ സേവനങ്ങൾക്കു മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രചാരണം നമ്മുടെ നാട്ടിൽനിന്നും ഒരിക്കലും വരരുത്.
യൂ കെ യിലെ ശാസ്ത്രജ്ഞർ  കൊറോണയ്ക്കു വാക്‌സിൻ കണ്ടുപിടിച്ചതിൻറെ  അവസാനഘട്ട പരീക്ഷണത്തിലാണിപ്പോൾ.
ഏതാനും ആഴ്ചകൾക്കുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കുവാൻ ഒരു ഇന്ത്യൻ കമ്പനി തയ്യാറായിട്ടുണ്ടെന്നുമുള്ള  ശുഭവാർത്തയും വന്നിട്ടുണ്ട്.
ഇപ്പോഴത്തെ  ഈ പ്രതിസന്ധി അധികം താമസിയാതെ കടന്നുപോകും.പുതിയൊരു പ്രഭാതം ഉദയം ചെയ്യും.ശുഭപ്രതീക്ഷയോടെ ...

എല്ലാവര്ക്കും മെയ്ദിനാശംസകൾ


































വൈപ്പിന്കരയിലെ ശുദ്ധജലക്ഷാമം :ഓർമ്മ

ദുരിതകാലത്ത്




Addപഴയകാല കിണർ  caption

ദുരിതകാലത്ത്
കുടിവെള്ളക്ഷാമത്തിൻറെപേരിൽ ഒട്ടേറെ സമരങ്ങൾക്ക്‌സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു പ്രദേശമാണ് നമ്മുടെ വൈപ്പിൻകര.ആലുവയിൽ നിന്നു മാത്രമായിരുന്നു വൈപ്പിന്കരയിൽ ശുദ്ധജലമെത്തിയിരുന്നത്. .വിതരണ ശ്രുംഖലയുടെ അവസാന ഭാഗമായ വൈപ്പിനിലെത്തുമ്പോൾ വെള്ളം  തീർന്നു തീർന്നു ഇല്ലാതെയാവുകയാണ് ചെയ്യുന്നത്.  നമ്മുടെ ലൈനിൽ നിന്ന് K W A യുടെ അറിവോടെതന്നെ മറ്റിടങ്ങളിലേക്കു വെള്ളം ചോർത്തി നൽകുന്നുവെന്നും പരാതിയുയർന്നിരുന്നു.വൈപ്പിന്കരയിലെ സമരം എറണാകുളം ഒരുദിവസം സ്തംഭിക്കുന്നരീതിയിലേക്കു മാറി.എം എൽ എ ഡോ എം എ കുട്ടപ്പനടക്കം എല്ലാരാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തകരും നേതാക്കളും നടുറോഡിൽ കുത്തിയിരുന്നു.ബാർജിലൂടെ വെള്ളം വിവിധ കേന്ദ്രങ്ങളിൽകൊണ്ടുവന്നു പൈപ്പിലൂടെ വിതരണം ചെയ്യാമെന്ന് അന്നത്തെ കളക്ടർ വി പി ജോയി വന്നു ഉറപ്പുനല്കിയതിനുശേഷമാണ് സമരക്കാർ പിരിഞ്ഞുപോയത്.
അവസാനം ചൊവ്വരയിൽനിന്നു വെള്ളം ശുദ്ധീകരിച്ചെത്തുന്ന ഹഡ്‌കോ പദ്ധതിയെന്നറിയപ്പെടുന്ന വിശാലകൊച്ചി ശുദ്ധജലവിതരണ പദ്ധതിയും വന്നു.ഒരുപരിധിവരെ കുടിവെള്ളപ്രശ്നത്തിന് അത് പരിഹാരമായി.
ഓച്ചന്തുരുത്തിലെ പമ്പ്ഹൗസിൽ എത്തുന്ന ഹഡ്‌കോ പദ്ധതിയിലെ വെള്ളം മുരിക്കുംപാടം,മാലിപ്പുറം ഞാറക്കൽ ,നായരമ്പലം എന്നിവടങ്ങളിൽ ഓരോ ഓവർഹെഡ് ടാങ്കുകൾ പണിത് അതുവഴി വിതരണം ചെയ്യുകയാണെങ്കിൽ ശുദ്ധജലക്ഷാമം മുഴുവൻതീരുമെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിൽനാലു സ്ഥലത്തും ടാങ്കുകൾ പണിയാരംഭിച്ചെങ്കിലും ഇതുവരെ കമ്മീഷൻ ചെയ്യാനായിട്ടില്ല.
മാലിപ്പുറത്ത് ടാങ്കിനടിയിൽ വാട്ടർ അതോറിറ്റി ഓഫിസ് വന്നു. കോടികൾ ചെലവാക്കിയതിൻറെ ആകെയുള്ള നേട്ടം.
വൈപ്പിന്കരയുടെ സ്വന്തം ചാമ്പ്  പൈപ്പ്.വൈപ്പിന്കരയിലെ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോൾ ലളിതമായരീതിയിൽ നിർമ്മിച്ചത്.പിന്നീട് ഇത് സാർവത്രികമായി

ആലുവയിൽനിന്നുള്ള ശുദ്ധജലം എത്തുന്നതിനുമുമ്പും ഇവിടെ ജനവാസമുണ്ടായിരുന്നതല്ലേ.ഇരുപത്തിയാറു കിലോ മീറ്റർ നീളമുള്ള ഈ പ്രദേശത്ത് എവിടെ കുഴിച്ചാലും ഉപ്പുവെള്ളമായിരുന്നില്ല അന്ന് ലഭിച്ചിരുന്നത് .
ധാരാളം കുളങ്ങളും കിണറുകളും അക്കാലത്ത്  വൈപ്പിൻകരയിലുണ്ടായിരുന്നു.അവയിലൊക്കെ മഴക്കാലത്തു ലഭിച്ചിരുന്ന വെള്ളം പാഴാകാതെ ശേഖരിക്കപ്പെട്ടിരുന്നു .വേനല്ക്കാലമാകുമ്പോഴേക്കും ഈ ജലം നമുക്ക് തിരിച്ചുപയോഗിക്കുവാൻ ലഭിക്കുകയും ചെയ്തു.
പഞ്ചായത്തു കിണറുകളും ചാമ്പ് പൈപ്പുകളും അന്ന് ഓരോ പ്രദേശത്തും സ്ഥാപിച്ചിരുന്നു.
ആലുവയിൽനിന്നും ശുദ്ധജലമെത്തിത്തുടങ്ങിയപ്പോൾ കുളങ്ങളും കിണറുകളും സംരക്ഷിക്കാതായി.മഴവെള്ളം ഭൂമിയിലേക്കിറങ്ങാനുള്ള സാഹചര്യമില്ലാതായി.
എല്ലാവീട്ടിലും വൈദ്യുതിയെത്തിയപ്പോൾ അര ഹോഴ്സ് പവർ പമ്പും വ്യാപകമായി.ഓരോ വീട്ടിലും ആയിരക്കണക്കിന് ലിറ്റർ വെള്ളം വലിച്ചെടുക്കുകയുംകൂടി ചെയ്തതോടെ ഭൂഗർഭജലവിതാനം താഴ്ന്നു.വൈപ്പിന്കരയ്ക്കു ആകെ വീതി അരകിലോമീറ്റർ മുതൽ രണ്ടര മൂന്നു കിലോമീറ്ററാണ്.ഭൂഗർഭജലവിതാനം താഴുമ്പോൾ അത് ബാലൻസ് ചെയ്യുവാൻ ദ്വീപിന്റെ ചുറ്റുപാടും കിടക്കുന്ന ഉപ്പുവെള്ളം ശക്തിയോടെ ഊറിവരുന്നു.എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രമാകുവാൻ ഇതൊക്കെത്തന്നെയാണ് കാരണങ്ങൾ.
പഴയതുപോലെ കിണറുകളും കുളങ്ങളും സ്ഥാപിക്കുകയെന്നത് ഇപ്പോൾ പ്രായോഗികമല്ല.ഇതിനൊരു പരിഹാരം വേണ്ടേ?
പഴയ കാല ചാമ്പ് പൈപ്പ്
കേരളത്തിൽ ശരാശരി 300 സെ മി മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്കു.100 ച കി മി വിസ്തീർണ്ണമുള്ള വൈപ്പിൻകരയിൽ ഒരാണ്ടിൽ 30000 ദശലക്ഷം ലി വെള്ളമാണ് മഴയിലൂടെ ലഭിക്കുന്നത്.രണ്ട് ലക്ഷം ജനങ്ങൾ താമസിക്കുന്ന ഇവിടെ 20 ദശലക്ഷം ലി വെള്ളമുണ്ടെങ്കിൽ ജലസമൃദ്ധിയായി.അപ്പോൾ പ്രതിവർഷം 7300 ദശലക്ഷം ലി വെള്ളം ശേഖരിക്കുവാൻ ശ്രമിക്കാതെ നമ്മൾ നെട്ടോട്ടമോടുകയാണ്.
ശാസ്ത്രീയമായരീതിയിൽ മഴവെള്ളം  ശേഖരിച്ചാൽ പ്രാഥമികാവശ്യങ്ങൾക്കത്  മതിയാകും.

വീടിൻറെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം പൈപ്പിലൂടെ ഒരു സ്ഥലത്തേക്ക് എത്താവുന്നരീതിയിൽ ക്രമീകരിക്കുക.

  താഴെ ഭൂമിയിൽ രണ്ട് മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും ഒന്നര രണ്ട് മീറ്റർ ആഴത്തിലും കുഴിയെടുത്ത് അതിൽ ആറ്റുമണൽ നിറയ്ക്കുക. (വെള്ളം ഊർന്നുപോകുവാൻ പറ്റുന്നരീതിയിലുള്ള മണലാണ് ഉദ്ദേശിച്ചതു )മണൽ നിറയ്ക്കുന്നതിനു മുൻപ് കുഴിയിൽ ബോർവെല്ലിനുള്ള കുഴൽ സ്ഥാപിച്ചിരിക്കണം.മുകളിൽ ഗ്രൗണ്ടിനു നിരപ്പായി വരുന്നരീതിയിൽ കിണറിൻറെ മുകൾ ഭാഗത്ത് വയ്ക്കുന്ന റിങ് കമഴ്ത്തി വയ്ക്കുക.റിങ്ങിനു വെളിയിലുള്ള ഭാഗം ആദ്യം നീക്കം ചെയ്ത മേല്മണ്ണുകൊണ്ട് മൂടുക.മേൽക്കൂരയിൽനിന്നു മഴവെള്ളം ശേഖരിക്കുവാൻതയ്യാറാക്കിയ പൈപ്പ് റിങ്ങിനുമുകളിൽകൊണ്ടുവന്നു വെള്ളം റിങിൽ വീഴുവാൻ പറ്റുന്ന രീതിയിൽ  സ്ഥാപിക്കുക.കുഴിയിൽ സ്ഥാപിച്ച ബോർവെല്ലിൽ നിന്ന് ചാമ്പ് പൈപ്പുകൾ,മോട്ടോർ പമ്പുകൾ എന്നിവയുമായി  ബന്ധിപ്പിച്ചു അതിൽനിന്നുള്ള വെള്ളം ശേഖരിക്കുക..വേനൽക്കാലത്ത് ഇതിലൂടെ ലഭിക്കുന്ന വെള്ളത്തിനു മഞ്ഞകളർ ഉണ്ടാകുകയില്ലെന്നത് വലിയൊരു നേട്ടമാണ്.
വെള്ളത്തിൻറെ  സാന്ദ്രത ഓരോ വർഷവും കുറഞ്ഞു കുറഞ്ഞു മൂന്നുനാലു വർഷങ്ങൾ  കൊണ്ട് നല്ല തെളിഞ്ഞ വെള്ളം ലഭിക്കുകയും ചെയ്യും.

ഇതല്ലെങ്കിൽ മറ്റേതു രീതിയിലായാലും മഴവെള്ളം പരമാവധി മണ്ണിലാഴ്ന്നിറങ്ങുവാനോ ശേഖരിക്കുവാനോ ഈ വരുന്ന മഴക്കാലം ഉപയോഗപ്പെടുത്തുക.

മഴവെള്ളം നേരിട്ട് ശേഖരിച്ചുപയോഗിക്കുന്നതിനുള്ള മഴവെള്ള ടാങ്ക്



























എവിടേയാണെൻറെ ആ മാലാഖ .....







ടക്...... ടക്  ..വാതിലിൽ ആരോ മുട്ടുന്നു ,.......പോന്നോളൂ ,
ഒരു നഴ്‌സ്‌ ആയിരുന്നു വാതിൽ തുറന്നകത്തുവന്നത് .
ഇന്നലെയാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റ് ആയതു,
.ശക്തിയായ പനിയും ചുമയും ശ്വാസതടസ്സവുമായിരുന്നുരോഗം.

മരുന്നിന്റെ കുറിപ്പടി വല്ലതുമായിട്ടായിരിക്കും വന്നതല്ലേ,ഞാൻ ചോദിച്ചു.
സാധാരണ റൗണ്ടസ് കഴിഞ്ഞാൽ അടുത്ത നടപടി ഇത്തരം കുറിപ്പടിയായിരിക്കും.
ഏയ് അതൊന്നുമല്ല..
.
പിന്നെ ,,,,,,,,
അടുത്തുണ്ടായിരുന്ന കസേരയിൽ ഇരുന്നുകൊണ്ട് അവർ വീട്ടുവിശേഷങ്ങൾ ചോദിച്ചു.
ആട്ടെ ,,സിസ്റ്റർ വന്നകാര്യം പറഞ്ഞില്ലല്ലോ ...ഞാൻ വിഷയത്തിലിടപെട്ടു.
അത്,, ഡോക്ടർ റൗണ്ട്സിൻറെ സമയത്ത് പറഞ്ഞതിന് മറുപടി പറഞില്ല.
ഓ അതാണോ കാര്യം,,,,

എടോ ,ഇത് സാധാരണ ചികിത്സകൊണ്ട് മാറുന്നരോഗമല്ല,ഒരു സർജറി വേണ്ടിവരും.ഒരു ഓപ്പൺ ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കണം.അതിനു തിരുവനതപുരത്ത് പോകേണ്ടിവരും .റൗണ്ട്സിനു വന്നപ്പോൾ ഡോക്ടർ പറഞ്ഞു.
ജീവിതത്തിൽ ഇന്നുവരെ ശരീരത്തിലൊരിടത്തും  ഒരു സ്റ്റിച് പോലും  ഇടേണ്ടിവന്നിട്ടില്ല
അപ്പോൾ ഒരു സർജറി, അതും ഓപ്പൺ ഹാർട്ട് സർജറി.
ഡോക്ടറിൽനിന്നു ഇത്തരം ഒരു വാക്ക് കേൾക്കേണ്ടിവരുമ്പോൾ ആരാണ് പകച്ചുപോകാത്തത്.

ഏയ്,അത് നടക്കാത്ത കാര്യമാണെന്ന് ഞാൻ അപ്പോൾത്തന്നെ പറഞ്ഞതല്ലേ.
...........സിസ്റ്ററിനോട് ഞാൻ.
അതുകൊണ്ടാണ് ഞാൻ വന്നത് ....ചേട്ടനങ്ങനെ പറയല്ലേ .....ചെറിയ കുട്ടികളല്ലേ ഉള്ളത്.........സിസ്റ്റർ തുടർന്നു
ഓപ്പറേഷൻ ചെയ്തില്ലെങ്കിൽ ......സിസ്റ്റർ പൂർത്തിയാക്കിയില്ല.

അതെനിക്കറിയാം .സിസ്റ്ററെ ... ഓപ്പറേഷനാണ് അവസാനവഴിയെന്നു .....അല്ലെങ്കിൽ മരണം .....
എന്തായാലും ഒരു സർജറിക്ക്‌ ഞാനില്ല.... മരണമെങ്കിൽ മരണം .
ഞാൻ കട്ടായം പറഞ്ഞു .
ചേട്ടനൊന്നുകൂടി ആലോചിക്കൂ ...ഞാൻ പ്രാർത്ഥിക്കാം.
ശരി ,ഞാൻ പോകുന്നു .
ആ  കണ്ണുകൾ ഒന്നുകൂടി നോക്കി,,,,

എന്നെക്കുറിച്ചെന്തിനാണ് ഇവരിങ്ങനെ വിഷമിക്കുന്നത് ,,കട്ടിലിൽ കിടന്നുകൊണ്ട് ഞാൻ ആലോചിച്ചു,ഇതിനുമുൻപൊരിക്കലും ഞാൻ ഇവരെ കണ്ടിട്ടില്ല......എനിക്കൊരു പിടിയും കിട്ടിയില്ല......
എല്ലാ ദിവസവും സിസ്റ്ററിൻറെ തിരക്ക് കഴിഞ്ഞതിനുശേഷം എന്റെ റൂമിൽ വരും.
കാണുമ്പൊൾ തന്നെ ഞാൻ പറയും .
സിസ്റ്ററെ ,എന്റെ തീരുമാനത്തിന് യാതൊരു മാറ്റവും വന്നിട്ടില്ലട്ടൊ....
അതങ്ങോട്ട് മറന്നേക്കൂ .....
പതിനഞ്ചുദിവസം ഞാൻ ആശുപത്രിയിൽ കിടന്നു.
എന്റെ തീരുമാനത്തിന് യാതൊരു മാറ്റവും വന്നില്ല .
ആശുപത്രികൾ മാറിമാറി ചികിൽസിച്ചു.
എല്ലാവര്ക്കും ഒരേ അഭിപ്രായം .ഓപ്പറേഷനല്ലാതെ വേറെ വഴിയില്ല.
അപ്പോഴും ആ സിസ്റ്ററിൻറെ വാക്കുകളാണ് ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നത്.......
വാടിയ  ആ  മുഖവും......
ഇടയ്ക്കിടയ്ക്കു  ഞാൻ ആശുപത്രിയിൽ ചെല്ലുമ്പോൾ സിസ്റ്റർ ഓടിവരും,എന്തൊക്കെയാണ് വിശേഷങ്ങളെന്നു തിരക്കുവാൻ....
പിന്നീടൊരിക്കലും ഓപ്പറേഷൻ ചെയ്യണമെന്ന് അവർ പറഞ്ഞിട്ടില്ല,പക്ഷെ ആ മുഖഭാവം കണുമ്പോൾ മനസ്സിലാകും ,
മൂകഭാഷയിലുള്ള യാചന........                                                                                      തീരുമാനം പുനഃപരിശോധിക്കുവാൻ സമയമായി........ മുജ്ജന്മത്തിലെ ആത്മബന്ധംപോലെ ...
ഞാൻ ആലോചിച്ചു ,,,,ഞാൻ എന്തിനാണ് പേടിക്കുന്നത്.ഓപ്പറേഷൻ ചെയ്‌താൽ മരിക്കുമെന്ന ഭയം കൊണ്ടാണോ?
അങ്ങനെയാണെങ്കിൽ അതിനു സമയമായി ......
അപ്പോൾ പിന്നെ .....

ഓപ്പറേഷൻ ചെയ്‌താൽ ഒരുപക്ഷെ ജീവിതം തിരിച്ചു കിട്ടിയാലോ ?
അല്ലെങ്കിൽ മരണം ഉറപ്പാണ് .

അവസാനം ഞാൻ തീരുമാനിച്ചു...
ഓപ്പറേഷൻ ചെയ്തു.
2001 ജനുവരിയിൽ എൻ്റെ ജീവിതത്തിൽ ഒരു നഴ്‌സ്‌ ശക്തമായി ഇടപെട്ടതിന്റെ ഓർമ്മകളാണ് ഇന്നിവിടെ പങ്കുവച്ചത്.

ആരോഗ്യപ്രവർത്തകരായ ഡോക്ടർമാർ നഴ്സുമാർ മറ്റു ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനം എത്രമാത്രം വിലപ്പെട്ടതാണെന്ന് ചിന്തിക്കുവാൻ  കൊറോണ വൈറസ് നമ്മളെ പ്രേരിപ്പിച്ചു.
അവരുടെയൊക്കെ സേവനങ്ങൾ കൊറോണക്കാലത്തിനുമുമ്പും ഇങ്ങനെയൊക്കെത്തന്നെയായിരുന്നു.ചില പതിരുകളുണ്ടെന്നുള്ളത് വിസ്മരിക്കുന്നില്ല.
എന്നാൽ ഇപ്പോഴാണ് അവരുടെ സേവനങ്ങൾ ഇത്രമാത്രം വിലയേറിയതാണെന്നു എല്ലാവര്ക്കും ബോധ്യപ്പെടുന്നത്.
രോഗഭീതിയിൽനിന്നു നമ്മൾ എപ്പോൾ മോചിതരാകുമെന്ന് ആർക്കും പറയുവാൻപറ്റാത്ത അവസ്ഥ.

രോഗം ഭേദമായതിനുശേഷം സിസ്റ്ററിനെക്കണ്ട് നന്ദിപറയുവാൻ ഞാൻ ആശുപത്രിയിൽ ചെന്നെങ്കിലും  എനിക്കവരെ കാണുവാൻ കഴിഞ്ഞില്ല,
അവരവിടെനിന്നു പോയെന്നാണ്‌ അറിയാൻ കഴിഞ്ഞത് ........
എന്റെ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ് .എന്നെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ ....





ഗോശ്രീ ദ്വീപുകളിൽ നിന്നുള്ള ബസ്സുകൾക്കു കൊച്ചി നഗരപ്രവേശനത്തിന് ഇനിയെത്രനാൾ ...........?

ഗോശ്രീ പാലം aption

 ഗോശ്രീ ദ്വീപുകളിൽ നിന്നുള്ള ബസ്സുകൾക്കു കൊച്ചി  നഗരപ്രവേശനത്തിന്  ഇനിയെത്രനാൾ ...........?

ഗോശ്രീ ദ്വീപുകളിൽ നിന്നുള്ള ബസ്സുകൾക്കു കൊച്ചി  നഗരപ്രവേശം ലഭിക്കുവാൻ ഇനിയും എത്രനാൾ കാത്തിരിക്കണം.
പതിറ്റാണ്ടുകളായിട്ടുള്ള വൈപ്പിൻദ്വീപസമൂഹങ്ങളിലെ ജനങ്ങളുടെ ഒരാവശ്യമായിരുന്നു എറണാകുളം പട്ടണവുമായി ബന്ധിപ്പിക്കുന്ന  വൈപ്പിൻ -വല്ലാർപാടം,വല്ലാർപാടം-മുളവുകാട്,മുളവുകാട്-എറണാകുളം പാലങ്ങൾ.
കൊച്ചി രാജ്യത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പൻ ദ്വീപസമൂഹങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ പണിയുവാനുള്ള ആലോചനയ്ക്കു നേതൃത്വം നൽകിയ അവസരത്തിലാണ് തിരുകൊച്ചി സംയോജനവും കേരളസംസ്ഥാന രൂപീകരണവും.അതോടുകൂടി പാലമെന്ന ആശയത്തിന് വിരാമമായി.
പിന്നീട് പാലം  പണിയണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒട്ടേറെ ബഹുജനപ്രക്ഷോഭങ്ങൾ അരങ്ങേറി. അവസാനം കായൽ നികത്തിലഭിക്കുന്ന പണമുപയോഗിച്ചു പാലം പണിയുവാൻ തീരുമാനമായി.കായൽ നികത്തി പണം കണ്ടെത്തിയതുകാരണം ടോൾ നൽകാതെ യാത്രചെയ്യാം. അതൊരു മെച്ചം.

2000  ഡിസംബർ 29 ന് തറക്കല്ലിട്ട പാലം 2004 ജൂൺ 5 ന് പണിപൂർത്തിയാക്കി ഉത്‌ഘാടനം നടത്തുകയും ചെയ്തു.
പാലത്തിലൂടെ ബസ് സർവീസ് ആരംഭിക്കുവാൻ പിന്നെയും മാസങ്ങൾ കാത്തിരിക്കേണ്ടിവന്നു.ഒട്ടേറെ വൈതരണികൾ കടന്ന് അവസാനം ഹൈക്കോർട്ട് വരെ ബസ്സുകൾക്ക്  ഓടുവാനുള്ള അനുവാദം ലഭിച്ചു.
പാലങ്ങൾ തുറന്നിട്ട് പതിനാറുവര്ഷങ്ങളായെങ്കിലും നഗരപ്രവേശാനുമതിക്കുവേണ്ടി ഇപ്പോഴും കാത്തിരിക്കുകയാണ്,വേഴാമ്പലിനെപ്പോലെ....
വൈപ്പിൻ ബസ്സുകളെ നഗരത്തിൽ പ്രവേശിപ്പിച്ചാൽ എറണാകുളത്ത് ഗതാഗതകുരുക്ക് അതിരൂക്ഷമാകുമെന്നാണ് ബന്ധപ്പെട്ടവരുടെ ന്യായം.അപ്പോൾ ഈ പതിനാറു വർഷങ്ങൾക്കിടയിൽ നിരവധി ബസ്സുകൾക്ക് സിറ്റി പെർമിറ്റും മറ്റുപ്രദേശങ്ങളിലെ ബസ്സുകൾക്ക് നഗര പ്രവേശനാനുമതിയും കൊടുത്തതിന് എന്ത് ന്യായമാണ് പറയുവാനുള്ളത്? ആയിരത്തോളം ഓട്ടോ റിക്ഷകൾക്കു സിറ്റി പെര്മിറ്റ് കൊടുത്തതിനെക്കുറിച്ചും എന്താണ് പറയുവാനുള്ളത്?
അപ്പോൾ ഇതൊന്നുമല്ല കാരണം,
വൈപ്പിൻ ബസ്സുകൾക്ക് നഗരപ്രേവശനാനുമതി കൊടുത്താൽ ഹൈക്കോർട്ട് ജംഗ്ഷനിലെയും സമീപപ്രദേശത്തെയും ബിസിനസ്സിനു ഗണ്യമായ ക്ഷീണം സംഭവിക്കും.എറണാകുളത്തെ ബിസിനസ്സ് ലോബി ഉണർന്നുപ്രവർത്തിച്ചു,അതിന്റെ ഫലം അവർക്കും കിട്ടി.
ഗതാഗതക്കുരുക്ക് പറയുന്നവരുടെ ഉദ്ദേശം മറ്റൊന്നാണ്.എറണാകുളം ബസ്സുകളുടെ കളക്ടഷനിൽ ഭീമമായ ചോർച്ച അനുഭവപ്പെടും.നേരിട്ട് പോകുവാൻ സാധിച്ചാൽ രണ്ട് ബസ്സുകൾ മാറിക്കയറുമ്പോഴുള്ള രണ്ട് മിനിമം ചാർജ് ഒഴിവാകും.വൈപ്പിൻകാർക്ക് സാമ്പത്തിക ലാഭമുണ്ടാകും.അതിനെതിരെ ബസ്സുടമാലോബിയുംഉണർന്നു,അവരും ജയംനേടി.

സാമൂഹ്യമായി പിന്നോക്കാവസ്ഥയിലുള്ള ഈ ദ്വീപസമൂഹങ്ങളിലെ ഭൂരിഭാഗവും ജനങ്ങളും എറണാകുളം നഗരവുമായി ബന്ധപ്പെട്ടുള്ള തൊഴിൽ ചെയ്താണ് ജീവിക്കുന്നത്.പണ്ട് ബോട്ടുസർവീസിലൂടെ യാത്രചെയ്തിരുന്നപ്പോൾ എറണാകുളത്തുവന്നിറങ്ങിയതിനുശേഷം മറ്റു ബസ്സുകളിൽ കയറിയാണ് എല്ലാവരും ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്.അതിൽനിന്നും ഒട്ടും വ്യത്യസ്തമല്ല ഇപ്പോഴത്തെ യാത്രയും.

പാലം ഉത്‌ഘാടനത്തോടനുബന്ധിച്ചു ജനപ്രതിനിധികളേയും പ്രമുഖ വ്യക്തികളേയു മാധ്യമപ്രവർത്തകരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗത്തിൽ ഉണ്ടായ ധാരണ പ്രകാരം ഹൈക്കോർട്ട് ജംക്ഷനു വടക്കുവശം നികത്തിയെടുത്തഭൂമിയിൽ വൈറ്റില ഹബ് പോലെ ഒരു സ്റ്റാൻഡ് പണിയും,  വൈപ്പിൻ ബസ്സുകൾ അവിടെ ഹാൾട്ട് ചെയ്യുമ്പോൾ അതിലൂടെ   
എറണാകുളത്തോടുന്ന ബസ്സുകൾ  കടന്നുപോകുമെന്നും മറ്റും പറഞ്ഞു വൈപ്പിൻകാരെ സമർത്ഥമായി കബളിപ്പിച്ചു.സാവധാനത്തിൽ എറണാകുളത്തേക്കുള്ള പ്രേവേശനം സാധ്യമാകും.
നഗരപ്രവേശനാനുമതി നല്കണമെന്ന് സർക്കാരിനോടഭ്യർത്ഥിച്ചുകൊണ്ടുള്ള ഒരു പ്രേമേയവും പാസ്സാക്കി.അതോടെ എല്ലാവരും  തൃപ്തരായി.
ഞങ്ങൾക്കിനി സ്റ്റാൻഡൊന്നും വേണ്ട,നഗരത്തിലേക്ക് ബസ്സുകളെ കടത്തിവിട്ടാൽ മാത്രം മതി.
അതിനിനി എത്രനാൾ ...........?

ദോഷം പറയരുതല്ലോ,ഇടയ്ക്കിടയ്ക്കു സർക്കാർ വിലാസം ബസ്സുകൾ തിരുക്കൊച്ചി ,ചെയിൻ അങ്ങിനെ പല പേര് പറഞ്ഞുകൊണ്ട് ഓട്ടം തുടങ്ങും,ഏതാനും നാൾ കഴിയുമ്പോൾ ഓരോന്നായി അപ്രത്യക്ഷപ്പെടുകയും ചെയ്യും.കിട്ടുന്ന സർവീസുകൾ എങ്ങിനെ നഷ്ടത്തിലാക്കാം എന്ന് ഗവേഷണം നടത്തുന്നവരാണല്ലോ സർക്കാർവിലാസത്തിന്റെ മേലാളന്മാർ.