പ്രാചീനകേരളത്തിലെ ഒരു കലാരൂപമാണ് ഓട്ടൻ തുള്ളൽ.
പറയൻ, ശീതങ്കൻ, ഓട്ടൻഎന്ന മൂന്നുതരം തുള്ളലുകളാണുള്ളത്.
അനുഷ്ഠാനകലയായ പടയണിയിലും തുള്ളലിനോട് സാമ്യമുള്ള നൃത്തമുണ്ട്.തുള്ളൽക്കാരൻറെ വേഷവും പാട്ടിൻറെ വൃത്തവിശേഷണങ്ങളും ആസ്പദമാക്കിയാണ് തുള്ളൽ ഓട്ടനാണോ ശീതങ്കനാണോയെന്നു നിർണ്ണയിക്കുന്നത്.
ഓട്ടൻ തുള്ളലിൻറെ ഗാനങ്ങൾക്ക് ശീതങ്കനെയും പറയനേയും അപേക്ഷിച്ചു അല്പം വേഗത കൂടുതലാണ്.അതിനാലാണ് വേഗം എന്ന അർത്ഥമുള്ള ഓട്ടം എന്ന പദം വന്നതെന്നും പറയുന്നുണ്ട്.
കൂത്തിൽ മിഴാവ് കൊട്ടിക്കൊണ്ടിരുന്ന കുഞ്ചൻ നമ്പ്യാർ ഉറങ്ങിപ്പോയതു മനസ്സിലാക്കിയ ചാക്യാർ,നമ്പ്യാരെ പരിഹസിച്ചെന്നും പ്രതികാരമായി അതേ രാത്രിതന്നെ ഓട്ടൻ തുള്ളൽ രചിച്ച് അവതരിപ്പിച്ചെന്നും ഐതിഹ്യമുണ്ട്.
രണ്ട് കലാരൂപങ്ങളും പരിഹാസ രൂപത്തിലുള്ള അവതരണമാണ് നടത്തുന്നത്.
പതിനെട്ടാം നൂറ്റാണ്ടിൽ അമ്പലപ്പുഴ ദേവനാരായണൻ രാജാവിൻറെ പ്രോത്സാഹനത്തിൽ ജീവിച്ചിരുന്ന നമ്പ്യാർക്ക് കഥകളി,പടയണി,ചാക്യാർകൂത്ത് എന്നീ കലകളുമായുള്ള ബന്ധം തുള്ളൽ പ്രസ്ഥാനത്തിൻറെ നവീകരണത്തിന് സഹായകമായിട്ടുണ്ടെന്നു അനുമാനിക്കാം .
തുള്ളൽ കലാരൂപത്തിൽ കൂത്തിൻറെയും കൂടിയാട്ടത്തിൻറെയും സ്വാധീനം നല്ലരീതിയിലുണ്ടെന്നു ആർക്കും മനസ്സിലാകും.
കൂത്തമ്പലത്തിലെ കൂത്തും കൂടിയാട്ടവും കാണുവാനോ ആസ്വദിക്കുവാനോ അനുവാദമില്ലാത്ത താഴ്ന്ന ജാതിക്കാർക്ക് ആസ്വദിക്കുവാൻവേണ്ടിയുള്ള ഒരു കലയായി വളരെ മുൻപുതന്നെ ഓട്ടൻ തുള്ളൽ കലയുണ്ടായിരുന്നുവെന്നും അഭിപ്രായമുണ്ട്.
ബാധ ഒഴിപ്പിക്കുവാൻ വേണ്ടിയുള്ള കോലം തുള്ളലിൽനിന്നാണ് ഓട്ടൻ തുള്ളലുണ്ടായതെന്നും ഓട്ടൻ എന്നവാക്കിനു ബാധയൊഴിപ്പിക്കുന്നവൻ എന്ന അർത്ഥമാണുള്ളതെന്നും മറ്റൊരഭിപ്രായവുമുണ്ട്.
അങ്ങനെയാണെങ്കിൽ കുഞ്ചൻ നമ്പ്യാർക്കുമുമ്പേതന്നെ ഓട്ടൻതുള്ളലുണ്ടായിരുന്നിരിക്കണം.
ഏതായാലും ആധുനികരീതിയിലുള്ള ഓട്ടന്തുള്ളലിന്റെ ഉപജ്ഞാതാവാണ് കുഞ്ചൻ നമ്പ്യാർ എന്നത് നിസ്സംശയം പറയാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ