2022, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

  

   ഒരാഴ്ച മുൻപ് റോറോ കൌണ്ട് ഡൌൺ ബോർഡിൽ അക്കങ്ങൾ മാ
റ്റിയൊട്ടിക്കുവാൻ വേണ്ടി വൈപ്പിൻ ബസ് സ്റ്റാൻഡിൽ

 

എത്തിയപ്പോഴാണ്  വാഹനങ്ങൾക്ക്‌ പാർക്കിങ്ങ് ഫീസ് ഏർപ്പെടുത്തിയത് അറിയുന്നത് .   സൗമിനിജയിൻ മേയർ ആയിരുന്നപ്പോൾ വൈപ്പിനിൽ പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയെങ്കിലും പാസ്സാഞ്ചേഴ്സ്  അസോസിയേഷന്റെയും യാത്രക്കാരുടെയും എതിർപ്പുമൂലം അന്നത് ഒഴിവാക്കിയിരുന്നു.   .ടൂ വീലറിന് 10 രൂപയും കാറിന് 20 രൂപയുമാണ്ഈ ടാക്കിയിരുന്നത് .   . ഇപ്പോൾ   
റോറോ ഒരെണ്ണം മാത്രം ഓടുന്നതുകാരണം ടൂവീലറുകളും കാറുകളും വൈപ്പിനിൽ പാർക്ക്‌ ചെയ്ത് അക്കരെ കടക്കുന്നവർ ഒട്ടനവധിയുണ്ട്. വൈപ്പിനിലെ ചീനവല കാണുന്നതിനും മറ്റും എത്തുന്നവർക്കും പാർക്കിംഗ് ഫീസ് പിരിവ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മതിയായ യാത്രസൗകര്യം ഏർപ്പെടുത്താതെ യാത്രക്കാരിൽനിന്നും അന്യായമായ പാർക്കിംഗ് ഫീസ് പിരിവ് അവസാനിപ്പിക്കണമെന്ന് വൈപ്പിൻ ഫോർട്ട്കൊച്ചി പാസ്സഞ്ചേഴ്സ് അസോസിയേഷൻ യോഗം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചിരുന്നു.  എന്നാൽ ഒരാഴ്ചയായിട്ടും നടപടികൾ ഒന്നും ആകാതിരുന്നതുകാരണം കോൺട്രാക്ട റോട്  വിളിച്ചു സംസാരിക്കാമെന്നു ഞങ്ങൾ തീരുമാനിച്ചു.അതനുസരിച്ചു വിളിച്ചപ്പോൾ  അദ്ദേഹത്തിൽനിന്നു മാന്യമായ പ്രതികരണമാണുണ്ടായത്.  .അദ്ദേഹം പാർട്ടണർമാറോട് ആലോചിക്കുകയും സേതുസഗർ 2 അറ്റകുറ്റപ്പണി കഴിഞ്ഞുവരുന്നതുവരെ  സ്റ്റാൻഡിൽ ടൂ വീലർ പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കുകയില്ലെന്നു തീരുമാനിച്ചെന്നു ഞങ്ങളെ അറിയിക്കുകയുണ്ടായി. റോറോ രണ്ടും ഒടുവാൻതുടങ്ങുമ്പോൾ ടൂ വീലറിന് ഇപ്പോൾ വാങ്ങുന്ന നിരക്കായ 10 രൂപ 5 രൂപയായി കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു .കോൺട്രാക്ടര്മാർക്ക് യാത്രക്കാരുടെ നന്ദി.  


 

ഇത്രയും പറഞ്ഞപ്പോഴും വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ എങ്ങിനെയാണ് രൂപം കൊണ്ടത് എന്ന് പറഞ്ഞില്ല .1983  മുതലാണ് ഞാൻ സ്ഥിരമായിട്ട് കൊച്ചിയിലേക്ക് യാത്ര തുടങ്ങുന്നത് .ഫോർട്ട് കൊച്ചി ഐ എൻ എസ ദ്രോണാചാര്യയിലെ എം ഇ എസ് ഓഫീസിലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടെ വൈപ്പിൻകരക്കാരും വൈപ്പിൻ ഫെറിയിലൂടെ വരുന്ന മറ്റുസ്ഥലങ്ങളിലുമായിട്ടുള്ള നിരവധി പേര് അവിടെയുണ്ടായിരുന്നു.രാവിലെ എല്ലാവരും വൈപ്പിൻ ജെട്ടിയിൽ വന്ന് ഒത്തുകൂടിയതിനുശേഷമാണ് ഓഫീസിലേക്ക് പോകാറുള്ളൂ .അങ്ങിനെയുള്ള യാത്രയിൽ മറ്റുവിഷയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ഫെറി വിഷയങ്ങളും കടന്നുവരാറുണ്ട് .ഒരുമിക്കദിവസവും ബോട്ട് യാത്രയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് .അപ്പോഴൊക്കെ അതിൽ ഞങ്ങൾ കുറച്ചുപേർ അതിൽ ഇടപെടാറുണ്ട്. വൈപ്പിൻ എറണാകുളം ഫെറി ഉപയോഗിച്ചിരുന്നവർക്ക്  നേരത്തെതന്നെ കൂട്ടായ്മകളും അസ്സോസിയേഷനുകളുമുണ്ട്.എന്നാൽ ഇവിടത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാൻ ഇവരാരും വരാറില്ല.ജേക്കബ് വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ എറണാകുളത്തേക്കുള്ള ഫെറി വിഷയങ്ങൾ ശക്തമായി കയ്കാര്യം ചെയ്യാറുണ്ട്.പിന്നീട് വി യു ഹസ്സനും അവിടത്തെ പ്രശ്നങ്ങളിൽ ഇടപെടാറുണ്ടായിരുന്നു.ഇവരുടെയൊക്കെ കൂടെ ജനകീയവേദി പ്രവർത്തകരും  കൂടാറുണ്ടായിരുന്നു.അഡ്വ മജ്‌നുകോമത്ത് പാലം ആക്ഷൻ കൗൺസിലിൻറെ പ്രവർത്തനങ്ങളുമായിട്ടാണ് കൂടുതലും ഇടപെട്ടിരുന്നത്.എന്നാൽ കൊച്ചി കോര്പറേഷൻ നടത്തുന്ന ഈ ഫെറിയിലെ വിഷയങ്ങളിൽ  ആരും ഇടപെട്ടിരുന്നില്ല.  അതിനൊക്കെ രാഷ്ട്രീയമായ  പലകാരണങ്ങളുണ്ടായിരുന്നു.

എന്നാൽ ഞങ്ങൾക്ക് ഈ ഫെറി ഒരത്യാവശ്യമായിരുന്നു ,എറണാകുളത്തേക്ക് എന്നെങ്കിലും പാലങ്ങൾ വന്നാലും കൊച്ചിയിലേക്ക് യാത്ര ചെയ്യണമെങ്കിൽ അഴിമുഖം കടക്കാതെ നിവൃത്തിയില്ല.അപ്പോൾ ഇവിടെ യാത്രക്കാർക്കുവേണ്ടി ഒരു അസോസിയേഷൻ രൂപം കൊടുത്തു് ന്യാമായ കാര്യങ്ങളിൽ  ഇടപെടാമെന്നു ഞങ്ങൾ ധാരണയിലായി.അതനുസരിച്ചു ഞങ്ങൾ 1984 ൽ  യാത്രക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു."വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് യൂണിയൻ "എന്ന് പേരും കൊടുത്തു.പ്രെസിഡൻറ് ആയി കെ സി പൗലോസ്  ,സെക്രെട്ടറി ഫ്രാൻസിസ് ചമ്മണി ,ആർ പി രാധാകൃഷ്ണൻ ,ജെയിംസ് തറമ്മേൽ എന്നിവർ എന്നിവർ യഥാക്രമം വൈസ് പ്രെസെഡന്റും ജോയിൻറ് സെക്രട്ടറിയായും പ്രവർത്തിച്ചു.കെ ബി രാഘവൻ രക്ഷാധികാരിയുമായി. .

പിന്നീട് കോര്പറേഷൻ ഓഫീസുകളും ആർ ഡി ഓ ഓഫീസുകളും ഞങ്ങൾ കയറിയിറങ്ങി .ചിലപ്പോഴൊക്കെ ജില്ലാ കളക്ടറേയും ഞങ്ങൾ കണ്ട് വിവിധ വിഷയങ്ങൾ  ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് .പാസഞ്ചേഴ്‌സ് യൂണിയന് നേതൃത്വം കൊടുത്തിരുന്നവർ എല്ലാവരും തന്നെ ഒരേ ഓഫീസിലുള്ളവരായതിനാൽ ഞങ്ങൾക്ക് കൂടിയാലോചിക്കുന്നതിനും മറ്റും വളരെ എളുപ്പമായിരുന്നു.25 പൈസയായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക് അത് 40 പൈസയായി വർധിപ്പിക്കുവാൻ നഗരസഭ തീരുമാനിച്ചു.അതിനെതിരെ യാത്രക്കാർ പ്രേതിഷേധിച്ചു. അന്നത്തെ മേയർക്ക് യാത്രക്കാരുടെ  പ്രെതിഷേധമായി 1001 കത്തുകൾ അയച്ചു.അതിനെക്കുറിച്ചു അടുത്തതിൽ .

ഫ്രാൻസിസ് ചമ്മണി                                                              ( തുടരും )





 

2022, മേയ് 22, ഞായറാഴ്‌ച

കൊച്ചികായലിലൂടെയുള്ള ജലയാത്ര...... കുറെ ഓർമ്മകൾ


 ഇന്ന് fb തുറന്നപ്പോൾ 8 വർഷം മുൻപ് ഇതേ ദിവസം 2014 മെയ് 22 ലെ ഡെക്കാൻ ക്രോണിക്കിൾ പത്രത്തിൽ വന്ന ഒരു വാർത്ത പോസ്റ്റ് ചെയ്തതാണ് മുന്നിൽ തെളിഞ്ഞു വന്നത്.

കൊച്ചി കായലിൽ  സർവീസ് നടത്തിക്കൊണ്ടിരുന്ന ബോട്ടുകളിൽ ഭൂരിഭാഗത്തിനും ഫിറ്റ്നസ് ഉണ്ടായിരുന്നില്ലയെന്ന വസ്തുത dc ലേഖകൻ കണ്ടുപിടിച്ചതിനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നു അത് . ഏറെക്കുറെ അത് ശരിയുമായിരുന്നു. ഇത്തരം ബോട്ടുകളിലായിരുന്നു ടൂറിസ്റ്റുകളെയും മറ്റും കയറ്റിക്കൊണ്ടു അഴിമുഖത്തേക്കും മറ്റും ഓടികൊണ്ടിരുന്നത്.എറണാകുളത്തു നിന്ന് അഴിമുഖം കാണുവാനും അസ്തമയം കാണുവാനും ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബോട്ടുകൾ സെർവീസ് നടത്തിയിരുന്നു.

ജൂൺ ജൂലൈ യിലെ മൺസൂണിനു മുൻപ് എല്ലാ ബോട്ടുകളും വിശദപരിശോധനയ്ക്ക് വിധേയമാക്കി ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് അന്ന് ഞാൻ  ആവശ്യപ്പെട്ടു.

വൈപ്പിൻ ഫോട്കൊച്ചി ജലപാതയിലെ 1983 മുതലുള്ള ഒരു സ്ഥിരം യാത്രക്കാരനുമായിരുന്ന ഞാൻ പാസഞ്ചേഴ്‌സ് അസ്സോസിയേഷൻ്റെ പ്രെസിഡണ്ടുമായിരുന്നതിനാലാണ് എന്നെ ലേഖകൻ വിളിച്ചു വിവരങ്ങൾ തിരക്കിയത്.

സ്വകാര്യ കരാറുകാർ നടത്തിയിരുന്ന രണ്ട് ബോട്ടുകളാണ് വൈപ്പിനിൽനിന്നും ഫോട്കൊച്ചിയിലേക്ക് സർവീസ് നടത്തിയിരുന്നത് അതിൻറെയൊക്കെ ഉറപ്പു ഭയാനകമാം വണ്ണം വളരെ മോശമായിരുന്നു.

അതിനെക്കുറിച്ചു നിരന്തരം പരാതികൾ കൊച്ചി നഗരസഭാ മേധാവികളെ പലവട്ടം അറിയിച്ചിരുന്നു .

എന്നാൽ ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല .പതിനൊന്നുപേരുടെ ജീവനാണ് അടുത്തവർഷം കായലിൽ പൊലിഞ്ഞത് .

അതിനെക്കുറിച്ചു അടുത്ത ദിവസം ....(തുടരും) 


 കായൽ യാത്ര സുരക്ഷിതമാക്കുവാൻ അധികൃതർ അമാന്തം കാണിക്കുന്നുണ്ടോ ?

2022, ഫെബ്രുവരി 25, വെള്ളിയാഴ്‌ച

പൊന്മുട്ടയിടുന്ന താറാവുണ്ടായിട്ടും കൊടുംപട്ടിണി -ഫ്രാൻസിസ് ചമ്മണി

പൊന്മുട്ടയിടുന്ന താറാവുണ്ടായിട്ടും കൊടുംപട്ടിണി - 
 
വൈപ്പിൻ ഫോർട്കൊച്ചി റോ റോ (റോൾ ഓൺ റോൾ ഓഫ് ) ഫെറിയിലെ ഒരു ജങ്കാർ, 
സേതു സാഗർ 2
2022 ജനുവരി 31 മുതൽ   ഫിറ്റ്നെസ്സ് കാലാവധി  അവസാനിച്ചതുമൂല൦ സർവ്വീസ് നിർത്തി
വച്ചിരിക്കുകയാണ് . 
നിലവിൽ 2 റോ റോ സർവ്വീസ് നടത്തിയിരുന്ന ഇവിടെ ഇപ്പോൾ ഒരെണ്ണ൦ മാത്രം സർവ്വീസ് നടത്തുന്നതുമൂല൦ വാഹനങ്ങളുടെ വലിയൊരു തിരക്കാണ് അനുഭവപ്പെടുന്നത്.
ഏതെങ്കിലും കാരണവശാൽ ഈ റോ റോ യ്ക്ക് എന്തെങ്കിലും തകരാർ സ൦ഭവിച്ചാൽ ഫോർട്ടുകൊച്ചി-വൈപ്പിൻ ജല യാത്രമാർഗ്ഗം ഇല്ലാതാകും. അരകിലോമീറ്റർ മാത്രം ദൂരമുള്ള 
ഈ യാത്രമാർഗ്ഗം അടഞ്ഞുപോയാൽ 12 ലധികം കി മി ദൂരം എറണാകുളം നഗരത്തിലൂടെ യാത്ര ചെയ്താലേ നോക്കിയാൽ കാണുന്ന ഫോർട്ട്‌ കൊച്ചിയിൽ എത്തുവാൻകഴിയുകയുള്ളു.

വളരെ പുരാതനമായ ഒരു ഫെറി സർവീസ് ആണ് വൈപ്പിൻ ഫോർട്കൊച്ചി ഫെറി
സർവീസ്.
ആദ്യകാലങ്ങളിൽ കൊച്ചിയിലെ ജൂതപ്രമുഖനും വ്യവസായിയുമായിരുന്ന  എസ്  എസ് കോഡറാണ് ഇവിടെ ഒരു കടത്തുബോട്ട് സർവീസ് ആരംഭിച്ചത്.മട്ടാഞ്ചേരിയിലും കൊച്ചിയിലുമുള്ള കോഡർ ഗ്രൂപ്പ് സ്ഥാപനങ്ങളിലെ വൈപ്പിൻ പ്രദേശത്തുള്ള തൊഴിലാളികൾക്ക് കൊച്ചിയിൽ വന്നുപോകുന്നതിനുവേണ്ടിയാണ് ഫെറി സർവീസ് കോഡർ  ആരംഭിച്ചത് . അന്നിത്  സൗജന്യ കടത്ത് സർവീസ് ആയിരുന്നു. ഫോട്കൊച്ചിയും മട്ടാഞ്ചേരിയുംകൂടി  മുനിസിപ്പാലിറ്റിയായി വന്നപ്പോൾ ഫെറി സർവീസ് മുനിസിപ്പാലിറ്റി ഏറ്റെടുത്തു.അങ്ങനെ കേരളത്തിൽത്തന്നെ ആദ്യ ദേശസാൽകൃത ജലഗതാഗതമാർഗ്ഗമായി വൈപ്പിൻ ഫോർട്കൊച്ചി ഫെറി.
പിന്നീട് കൊച്ചി കോർപറേഷൻ രൂപീകരിച്ചപ്പോൾ കോർപറേഷന്റെ അധീനതയിലായി.ഫെറി സർവീസ്.
കോര്പറേഷൻ  നേരിട്ട് നടത്തിയിരുന്ന ഈ ബോട്ട് സർവീ സിനു പുറമെ  പില്കാലത്ത് ജങ്കാർ സർവീസ് ആരംഭിച്ചു.അതോടെ വാഹനങ്ങളും മറ്റും കൊച്ചിയിലേക്ക് കയറിപ്പോകുവാനുള്ള പുതിയ  ഒരു ഗതാഗതമാർഗ്ഗം നിലവിൽ വന്നു.അതും നഗരസഭ തന്നെയായിരുന്നു  നടത്തിയിരുന്നത് വൈപ്പിൻ കരക്കാർക്കു ഏറെപ്രയോജനപ്രദമായിരുന്നു ഈ ജങ്കാർ സർവീസ്.എറണാകുളത്തേക്കും കൊച്ചിയിലേക്കും ദ്വീപു നിവാസികൾക്ക്‌ ബന്ധപ്പെടണമെങ്കിൽ മറ്റൊരു മാർഗ്ഗമില്ലാതെ വിഷമിക്കുന്ന ഒരവസ്ഥയിലാണ് ഇവിടെ ജങ്കാർ സർവീസ് ആരംഭിക്കുന്നത്.
കുറേക്കാലം കഴിഞ്ഞപ്പോൾ ജങ്കാർ സർവീസ് നഗരസഭ സ്വകാര്യ വ്യക്തികൾക്ക് കരാർ കൊടുത്തു.അതോടെ പലപല സ്വകാര്യകരാറുകാർ അവരുടെ താല്പര്യമനുസരിച്ചു സർവീസ് നടത്തുവാൻ തുടങ്ങി .അതോടെ നിരവധി പരാതികളും മറ്റും യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായി.എങ്കിലും യാത്ര തുടർന്നു.
കൊച്ചി നഗരസഭയുടെ വെസ്സലുകളാണ് ഇക്കാലമത്രയും ഇവിടെ കരാറുകാർ ഉപയോഗിച്ചിരുന്നത്.പലവിധ കാരണങ്ങളാൽ കരാർ തുക നഗരസഭയ്ക്ക് മുഴുവനും കോൺട്രാക്ടർമാർ നല്കിയിരുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുമ്പോളാണ് വെസ്സൽ കൊണ്ടുവരുന്ന കരാറുകാരെ സർവീസ്‌ ഏൽപ്പിക്കുന്നത്.
അതിലും പരാതികളും ആക്ഷേപങ്ങളും ഒട്ടേറെയുണ്ടായിരുന്നു.രണ്ട് ജങ്കാർ സ്ഥിരമായി ഓടുവാൻ തുടങ്ങിയപ്പോൾ വാഹനങ്ങളുടെ നീണ്ട നിരതന്നെ പലപ്പോഴും കാണാമായിരുന്നു.
ഈയൊരു സാഹചര്യത്തിലാണ് കുറേക്കൂടി വലിയതും ഒരുവശത്തുകൂടി ഓടിച്ചു കയറ്റുന്ന വാഹനങ്ങളെ അതുപോലെതന്നെ മറുവശത്തുകൂടെ ഇറക്കികൊണ്ടുപോകുന്നതിന് കഴിയാവുന്ന ഒരു ടു ഫേസ് ജങ്കാറുകൾ ഇവിടെ വേണമെന്ന ആശയം ഉയരുന്നത്.നേരത്തെ ഇവിടെയോടിയിരുന്ന ജങ്കാറുകൾ മറുകരയെത്തുമ്പോൾ തിരിച്ചെടുത്താൽമാത്രമേ വാഹനങ്ങൾ ഇറക്കുവാൻ കഴിയുമായിരുന്നുള്ളൂ.അതുപോലെതന്നെ ജങ്കാറിൽ വാഹനങ്ങൾ കയറ്റുമ്പോൾ റിവേഴ്സിൽ ഓടിച്ചാണ് കയറ്റിയിരുന്നത്.ഇതൊക്കെ ഒട്ടേറെ ബുദ്ധിമുട്ടുകളും ക്ലേശങ്ങളും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു.റോ റോ ജങ്കാറുകൾ ഇതിനെല്ലാം ഒരു പരിഹാരമായിരുന്നു .
ടു ഫേസ് ജങ്കാറുകളെന്ന ആശയം ആദ്യം ഇവിടെ ഉന്നയിക്കുന്നയത്‌ ദീർഘകാലം കോർപറേഷൻ  കൗൺസിലറും മേയറും ആയിരുന്ന ശ്രീ കെ ജെ സോഹൻ അവർകളാണ്.കൊച്ചിയെക്കുറിച്ചു ഏറെ അറിവും പരിജ്ഞാവുമുള്ള അദ്ദേഹം വൈപ്പിൻകരക്കാരെ ആരെക്കണ്ടാലും ആദ്യം പറയുന്നത് നിങ്ങൾക്ക് വേണ്ടത് ടു ഫേസ് ഉള്ള റോ റോ സർവീസ് ആണെന്നും അതിന്റെ ഗുണഗണങ്ങളെക്കുറിച്ചുമാണ് .പിന്നീട് യാത്രക്കാർ അതേറ്റെടുക്കുകയും നിരവധി നിവേദനങ്ങളും മറ്റും നൽകിയതിൻറെ അടിസ്ഥാനത്തിൽ ഇപ്പോൾ യാഥാർഥ്യമാകുകയും ചെയ്തു.
എന്നാൽ അത് നല്ലരീതിയിൽ ഓപ്പറേറ്റ് ചെയ്യുവാൻ നഗരസഭയ്ക്ക് കഴിഞ്ഞോയെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
റോ റോ യുടെ പണിയാരംഭിക്കുന്നതിനുമുമ്പ് കൊച്ചിയിലെ അബാദ് ഹോട്ടലിൽവച്ച് ഒരു യോഗം നഗരസഭ വിളിച്ചു ചേർക്കുകയുണ്ടായി എറണാകുളത്തേയും കൊച്ചിയിലെയും മാധ്യമ പ്രവർത്തകരെയും പാസഞ്ചേഴ്‌സ് അസോസിയേഷനേയും  മറ്റു പ്രമുഖരെയുമൊക്കെ വിളിച്ച ഈ യോഗത്തിൽ റോറോ യെക്കുറിച്ചുള്ള ഒരു ഡോക്യൂമെൻററി പ്രദര്ശനവും ഉണ്ടായി.കോർപറേഷന്റെ ഉത്തരവാദിത്വത്തിലായിരിക്കണം റോ റോ സർവീസ് നടത്തിപ്പെന്ന്  യാത്രക്കാർക്കുവേണ്ടി പാസഞ്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു .എന്നാൽ വ്യക്തമായ മറുപടിയുണ്ടായില്ല 
പിന്നീട് കമ്പനി രൂപികരിച്ചു സർവീസ് നടത്തുമെന്ന് നഗരസഭാ പത്രക്കുറിപ്പ് ഇറക്കി .എന്നാൽ ഒന്നും നടന്നില്ല.
അവസാനം റോ റോ വന്നപ്പോൾസെർവീസ് കെ എസ് ഐ എൻ സി യെ ഏൽപ്പിച്ചു .ഒരു പൊതുമേഖലാസ്ഥാപനമല്ലേ ക്ര്യത്യമായ സർവീസ് ലഭിക്കുമെന്ന് എല്ലാവരും വിശ്വസിച്ചു..
അതെല്ലാം തകിടം മറിച്ചു കിട്ടിയ പണം മുഴുവനും ഒറ്റയ്ക്ക് ഒതുക്കി നഗരസഭയെ വഞ്ചിക്കുകയാണുണ്ടായത്.കോടികൾ മുടക്കിയ നഗരസഭ വെറും കാഴ്ചക്കാരായ് മാറി .ഇപ്പോൾ റോറോയുടെ അറ്റകുറ്റപ്പണികൾക്ക് മുടക്കുവാൻ കാശില്ലാതെ മേയറും കൂട്ടരും ഒളിച്ചും പാത്തും കളിക്കുന്നു.
ഡ്രൈഡോക്കിൽകയറ്റി അറ്റകുറ്റപ്പണിനടത്തേണ്ട സേതുസാഗർ 2 ഇപ്പോൾ വൈപ്പിൻ ജെട്ടിയിൽ കെട്ടിയിട്ടിരിക്കുകയാണ്  
ലക്ഷങ്ങളുടെ വരുമാനമാണ് ഈ സെർവീസിൽനിന്നു ഓരോ ദിവസവും ലഭിക്കുന്നത്. എന്നാൽ അതെത്രയുണ്ടെന്നു നഗരസഭയ്ക്കറിയില്ല.കെ എസ എൻ ഐ സി കൊടുക്കുന്ന കണക്കുമാ വായിച്ചു നെടുവീർപ്പിടുകയാണ് ബന്ധപ്പെട്ടവർ.
കയ്യിലുണ്ടായിരുന്ന പൊന്മുട്ടയിടുന്ന താറാവിനെ മറ്റൊരാളെ ഏൽപ്പിച്ച് പട്ടിണികിടക്കുന്ന അവസ്ഥയിലാണ് നഗരസഭ .








 














                                                                                                                         
 

 

2020, ഡിസംബർ 9, ബുധനാഴ്‌ച

ഉപഭോക്താക്കളെ കബളിപ്പിക്കുന്ന കോസ്റ്റൽ ഗ്യാസ് ഏജൻസി യെ നിലക്ക് നിറുത്തണം



ഉപഭോക്താക്കളെ കബളിപ്പിക്കുന്ന 

കോസ്റ്റൽ ഗ്യാസ് ഏജൻസി യെ നിലക്ക് നിറുത്തണം 

3:28 PM (21 minutes ago)


Dear -----------, your booking 2-000834186610 has been cancelled due to Returned Thrice  


പാചക വാതകത്തിനു ബുക്ക് ചെയ്തതിനുശേഷം വിതരണക്കാരെയും കാത്തിരിക്കുന്ന വൈപ്പിൻ കരയിലെ കോസ്റ്റൽ ഗ്യാസ് ഏജൻസി ഉപഭോക്താക്കൾക്ക് കിട്ടുന്ന ഒരു സ്ഥിരം സന്ദേശമാണ് മുകളിൽ കാണിച്ചിരിക്കുന്നത്.

എപ്പോഴാണ് നിങ്ങൾ മൂന്നുപ്രാവശ്യം വീട്ടിൽ വന്നതെന്ന് ഗ്യാസ് വിതരണം ചെയ്യുന്നവരോട് ചോദിക്കുമ്പോൾ ഞങ്ങളാരും വന്നിട്ടില്ല,അത് ഓഫിസിലിരിക്കുന്നവരുടെ പണിയാണെന്നാണ് പറയുന്നത്.സത്യാവസ്ഥ അന്വേഷിച്ചപ്പോൾ ....

ഏജൻസിയിൽ ഒരു ദിവസം ബില്ല് അടിക്കുന്നത് മുഴുവനും വിതരണം ചെയ്യുന്നതിനുള്ള വിതരണത്തൊഴിലാളികളില്ലാത്തതിനാൽ അടുത്തദിവസം ബാക്കിയുള്ളത് മുഴുവനും ഡോർ ലോക് ആണെന്നുപറഞ്ഞുകൊണ്ട് ക്യാൻസൽ ചെയ്യുകയാണ് പതിവെന്നാണ് മനസ്സിലായത്.അനുവദിക്കുന്നത് മുഴുവനും വിതരണം ചെയ്തില്ലെങ്കിൽ ഐ ഓ സി യുടെ പിടിവീഴുമെന്നതിനാൽ ഇത്തരം ഒടക്ക്വിദ്യചെയ്ത് ഐ ഓ സി യെയും ഉപഭോക്താക്കളെയും കബളിപ്പിക്കുകയാണ് കോസ്റ്റൽ ഗ്യാസ് ഏജൻസി ചെയ്യുന്നത്.  ഒരിക്കലെങ്കിലും ഇത്തരം   മെസ്സേജ് ലഭിക്കാത്ത കോസ്റ്റൽ ഗ്യാസ് ഏജൻസിയിലെ  ഉപഭോക്താക്കളുണ്ടാകുമെന്നു തോന്നുന്നില്ല.എനിക്ക് തന്നെ പലതവണ ഇങ്ങനെയുള്ള സന്ദേശം ലഭിക്കുവാനിടയായിട്ടുണ്ട്. വീണ്ടും ബുക്ക് ചെയ്‌താൽ മാത്രമേ അടുപ്പിൽ തീ പുകയുകയുള്ളൂ.

ആവശ്യത്തിലേറെ ഉപഭോക്താക്കളുണ്ടെങ്കിൽ പുതിയ ഏജൻസിയെ ചുമതലപ്പെടുത്തുകയോ അല്ലെങ്കിൽ  കൂടുതൽ തൊഴിലാളികളെ വച്ച് വിതരണം നല്ലരീതിയിൽ നടത്തുവാൻ കോസ്റ്റൽ ഏജൻസിക്കു ഐ ഓ സി കർശന നിർദേശം നൽകണം 


2020, നവംബർ 18, ബുധനാഴ്‌ച

 ജീവിതത്തിൽനിന്ന് ഒളിച്ചോടിപ്പോകരുത്...........  ചങ്കൂറ്റത്തോടെ ജീവിക്കണം........ഒന്നും ശ്രദ്ധിക്കേണ്ട.......മുന്നോട്ടുപോകണം.എന്തൊക്കെ പ്രതിസന്ധിവന്നാലും,ജീവിതം അവസാനിപ്പിക്കൽ,ഒന്നും ചെയ്യരുത്... ജീവിക്കണം, എല്ലാം നേരിടണം ...ജീവിച്ചുകാണിക്കണം.ഒരു കൈ മാത്രമുള്ളു. 

75 %അംഗവൈകല്യമുള്ള ഫോർട്ട് കൊച്ചി സ്വദേശി മുഹമ്മദ് റെഫീഖിൻറെ വാക്കുകളാണിത്.രണ്ടുവയസ്സിൽ പോളിയോ വന്നു. ഇപ്പോൾ അൻപത്തഞ്ചു വയസ്സായി,ഒരു കൈയ്ക്ക് മാത്രം സ്വാധീനമുള്ള റഫീഖ് ഒരു കഠിനാദ്ധ്വാനിയാണ്.ഭാര്യയും നാല് മക്കളും മൂന്ന് ആണും ഒരു പെണ്ണും 

മട്ടാഞ്ചേരിയിൽ ജനിച്ചുവളർന്ന റഫീഖ് 








2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

 

കോവിഡ് പശ്ചാത്തലത്തിലുള്ള ഒരു ഓണം ആഘോഷമാണല്ലോ ഈ വർഷം നമ്മൾ നടത്തുന്നത്. പൊതുവായ കൂട്ടായ്മകളോ ആഘോഷങ്ങളോ ഇല്ലാതെ തികച്ചും ശാന്തമായ ഒരോണഘോഷം.   .കുറേയാളുകൾ e ഓണമായും ആഘോഷിക്കുന്നു.

ഈയവസരത്തിൽ അമ്പതു വർഷം മുൻപുള്ള ഓണാഘോഷത്തെക്കുറിച്ചു ഓർത്തുപോകുകയാണ്.പ്രേത്യേകിച്ചും വൈപ്പിൻകരയിലെ ജനങ്ങളുടെ ഓണാഘോഷം .

1341 ലെ ഒരു മഹാപ്രളയത്തിൽ പെരിയാറിന്റെ ഗതിമാറിയൊള്ളു ഒഴുക്ക് കൊച്ചി തുറമുഖത്തിന്റെ ആവിർഭാവത്തിനു കരണമായതോടോപ്പം കൊച്ചിക്കും കൊടുങ്ങല്ലൂരിനുമിടയിൽ നെടുനീളത്തിലുള ഒരു കരയുണ്ടാവുകയും ചെയ്തു.വയ്പ് ഭൂമിയായതിനാൽ ഈ കരയെ "വയ്പുകര"എന്നു വിളിച്ചു.അതാണ് നമ്മുടെ വൈപ്പിൻകര.നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ ഇവിടെ ജീവിച്ചിരുന്നവർ ഭൂരിഭാഗവും കടൽ കായൽ മത്സ്യത്തൊഴിലാളികളായിരുന്നു.അതുപോലെ തന്നെ കെട്ടിട നിർമ്മാണ തൊഴിലാളികളുമുൾപ്പെട്ട അടിസ്ഥാന തൊഴിലാളി സമൂഹമായിരുന്നു   ഇവിടത്തുകാർ.ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഇവിടെ സമാധാനമായി ജീവിച്ചിരുന്നു.

അത്തം മുതൽ പൂക്കളമിടുന്നതിനുള്ള വിവിധയിനം പൂവുകൾ ചുറ്റുപാടുമുള്ള വിശാലമായ പറമ്പുകളിൽനിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. തുമ്പപ്പൂവ്,കാക്കപ്പൂവ്,കോളാമ്പിപ്പൂവ്,ചെത്തിപ്പൂവ്,ചെമ്പരത്തിപ്പൂവ്എന്നിങ്ങനെ ഒട്ടനവധി പൂക്കൾ നമ്മുടെ പ്രദേശത്തു തന്നെ സമൃദ്ധമായുണ്ടായിരുന്നു.

ഇന്നത്തെ പോലെ എല്ലാ സമുദായങ്ങളും ഓണമാഘോഷിക്കുന്ന പതിവ് അന്നുണ്ടായിരുന്നില്ല.ഹിന്ദു സമൂഹമായിരുന്നു അക്കാലത്തു ഓണം ആഘോഷിച്ചിരുന്നത്.എങ്കിലും മറ്റു സമുദായത്തിലുള്ള കുറേയാളുകൾ വീട്ടുമുറ്റത്തു പൂക്കളമൊരുക്കുകയും ഓണസദ്യ തയ്യാറാക്കുകയും ചെയ്തിരുന്നു.

ഓണക്കോടിയും മറ്റും വാങ്ങിയിരുന്നത് ഹിന്ദുക്കൾ  മാത്രമായിരുന്നു.തുണിക്കടയിൽ നിന്ന് തുണി വാങ്ങി തയ്യൽക്കാരനെക്കൊണ്ട് തയ്പ്പിച്ചാണ് ഉടുത്തിരുന്നത്.ഓണത്തിനും വിഷുവിനും ഹിന്ദുക്കളും ക്രിസ്തുമസ്സിനും ഈസ്റ്ററിനുംക്രിസ്ത്യാനികളും  റംസാനും ബക്രീദിനും മുസ്ലീങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും പുതു വസ്ത്രങ്ങൾ വാങ്ങുമായിരുന്നു.ആഘോഷങ്ങൾ വരുമ്പോൾ കുട്ടികൾക്ക് വളരെ സന്തോഷമായിരുന്നു.പുത്തനുടുപ്പും നല്ലഭക്ഷണവും കിട്ടുമല്ലോയെന്ന സന്തോഷം.എന്നാൽ മാതാപിതാക്കൾക്ക് ഉള്ളിൽ തീയും. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന  അന്നത്തെ തലമുറ പണം കണ്ടെത്തുവാൻ നെട്ടോട്ടമോടുന്ന ഒരു സാഹചര്യമാണ് അക്കാലത്തുണ്ടായിരുന്നത്.എങ്കിലും ആഘോഷങ്ങൾ മാന്യമായിത്തന്നെ എല്ലാവരും കൊണ്ടാടിയിരുന്നു.

 ഉത്രാടരാത്രിയിൽ ഉറക്കമൊഴിച്ചു ഉപ്പേരിയും മറ്റു വറപലഹാരങ്ങളും കുടുംബത്തിലെ സ്ത്രീകൾ തയ്യാറാക്കും.തിരുവോണപ്പുലരിയിൽ കുട്ടികളും മുതിർന്നവരുമൊരുമിച്ചു ഓണത്തപ്പനെ "ആർപ്പോ  ർറോ"വിളിച്ചു വരവേൽക്കും.അത്തം മുതൽ എല്ലാദിവസവും സന്ധ്യയോടെ ഏതെങ്കിലും ഒരു വീട്ടിൽ ആളുകൾ ഒരുമിച്ചുകൂടി ഓണക്കളി (കൈകൊട്ടിക്കളി)നടത്താറുണ്ട്. ജാതി മത ഭേദമെന്യേ കൈകൊട്ടിക്കളി കാണുവാൻ സമീപവാസികൾ കാഴ്ചക്കാരായും  എത്താറുണ്ട്.

ഓണക്കാലത്തെ മുതിർന്നവരുടെ മറ്റു വിനോദങ്ങളായിരുന്നു  തലപ്പന്തുകളി, കുടു കുടു കളി,ചൊട്ടക്കേറുകളി. അങ്ങിനെ ഒട്ടനവധി നാടൻ കളികൾ അന്ന് പ്രചാരത്തിലുണ്ടായിരുന്നു.ആൺകുട്ടികളാകട്ടെ കുട്ടിയും കോലും കളി,ഗോലികൊണ്ടുള്ള രാശിക്കളി,അഞ്ഞൂറ് കളി,തുടങ്ങിയവയും പെൺകുട്ടികൾ കല്ലു മുകളിലേക്കിട്ടുകൊണ്ട് കൈപ്പത്തിയുടെ പുറത്തു പതിപ്പിച്ചുകൊണ്ടുള്ള ഒരു തരം കളിയും തൊങ്കിതൊട്ടുകൊണ്ടുള്ള കളിയും അത് പോലെ തന്നെ മറ്റു നാടന്കളികളും നടത്താറുണ്ട്.

ഊഞ്ഞാലാട്ടം ഓണക്കാലത്തെ ഒരു പ്രധാന വിനോദമായിരുന്നു .ഒഴിഞ്ഞ പറമ്പുകളും ധാരാളം വൃക്ഷങ്ങളും അന്ന് സുലഭമായിരുന്നതിനാൽ ഊഞ്ഞാലുകെട്ടുവാൻ യാതൊരു പ്രയാസവുമുണ്ടായിരുന്നില്ല.നാട്ടിന്പുറത്തു പലയിടങ്ങളിലും കൈകൊട്ടിക്കളി മത്സരവും മറ്റും നടത്താറുണ്ടായിരുന്നു.ഓണക്കാലത്തെ ഓണത്തല്ല് വൈപ്പിന്കരയിൽ ഉണ്ടായിരുന്നില്ല.പിന്നെ, അല്പം ലഹരിയുള്ളിൽ ചെല്ലുമ്പോൾ അവസാനം ഓണത്തല്ലായി മാറാറുണ്ടെങ്കിലും "ഓണത്തല്ല്" വിനോദം ഇവിടെ ഉണ്ടായിരുന്നില്ല. 

പാവപ്പെട്ടവരാണെങ്കിലും ഓണാഘോഷം കേമമായിത്തന്നെ അക്കാലത്തു നടത്താറുണ്ടായിരുന്നു.നാലോണം സമൃദ്ധിയായി ഭക്ഷണം കഴിക്കുമെങ്കിലും തൊട്ടടുത്ത ദിവസം പട്ടിണിയെന്ന യാഥാർഥ്യം മുന്നിലുണ്ടായിരുന്നു.

വിശപ്പിൻറെവിളി വയറ്റിൽ നിന്നുയരുമ്പോൾ അക്കാലത്തെ കാരണവന്മാർ പറയുന്ന ഒരു തമാശയുണ്ട് "ഓണമുണ്ട വയറെ ചൂളയും പാടി കിട" ..........

ഓണത്തെ ക്കുറിച്ചുള്ള പഴയ ഓർമ്മകുളുണ്ടെങ്കിൽ പങ്കുവയ്ക്കുവാൻ മടിക്കേണ്ട ....



2020, ഓഗസ്റ്റ് 16, ഞായറാഴ്‌ച

അച്ഛനുണ്ടോയെന്നു എല്ലാരും ചോദിക്കും എന്നാൽ ഞാനുണ്ടോയെന്നു ആരും ചോദിക്കുകയില്ല

 

കുറച്ചു വർഷങ്ങൾക്കുമുൻപുള്ള ഒരു സ്വാതന്ത്ര്യദിനപ്പുലരി....

സമയം രാവിലെ 10 മണി കഴിഞ്ഞു കാണും. 

 ഉത്തർപ്രദേശിലെ ഒരു റെയിൽവേ  സ്റ്റേഷനിലെ  പ്ലാറ്റ്‌ഫോമിൽ കേരളത്തിൽ നിന്നുള്ള ഒരു ട്രെയിൻ  മെല്ലെ നിറുത്തുന്നു. ആളുകൾഇറങ്ങുന്നതിനിടയിൽകൂടി ട്രെയിനിലെ  എസി കോച്ചിലേക്കു   ഒന്ന് രണ്ട് തെരുവ് കുട്ടികൾ ഇരച്ചുകയറി. 

അവരുടെ ലക്‌ഷ്യം വാഷ്‌ബേസിനു കീഴെയുള്ള വേസ്റ്റ് ബോക്സ് ആയിരുന്നു.ട്രെയിൻ യാത്രികർ പ്രാതൽ കഴിച്ചതിനു ശേഷം അതിൽ കൊണ്ടുകളഞ്ഞിരുന്ന വേസ്റ്റ് പൊതികൾ കുറച്ചു എടുത്തുകൊണ്ട് കുട്ടികൾ ചാടിയിറങ്ങി പ്ലാറ്റഫോമിൽ ഒരിടത്തിരുന്നു.

പൊതികൾ ഓരോന്നായി അഴിച്ച് അതിലുള്ള ഭക്ഷണാവശിഷ്ടങ്ങൾ മറ്റുകുട്ടികളോടൊപ്പം കഴിക്കുവാൻ തുടങ്ങി.

വടക്കേ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇത്തരം കാഴ്ചകൾ സർവ്വസാധാരണമായിരുന്നു..ഇപ്പോൾ കുറെയൊക്കെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവർ ഇന്നും നമ്മുടെ രാജ്യത്തുണ്ടെന്നത് ഒരു യാഥാർഥ്യം തന്നെയാണ്.

ഭാരതത്തിന്റെ എഴുപത്തിനാലാമതു സ്വാതന്ത്ര്യ ദിനാഘോഷം ഇന്നലെ നാം ആചരിച്ചു.കോവിഡിന്റെ പശ്ചാലത്തിൽ ആഘോഷങ്ങൾ പലയിടത്തും പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ വളരെ ലളിതമായാണ് സംഘടിപ്പിച്ചത്.

 ഒരു സ്വാതന്ത്ര്യദിനത്തിലെ  ഡൽഹിയിലേക്കുള്ള എന്റെ ഒരു യാത്രയിൽ കണ്ട അനുഭവമാണ് മുകളിൽ കുറിച്ചിരിക്കുന്നത്.  

ഭാരതത്തിലെ  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ സ്ഥിതി ഒരുപാട് മെച്ചമാണെന്ന്‌ നമുക്കവകാശപ്പെടാം. എന്നാൽ കല്യാണപ്പന്തലിൽ നിന്നുള്ള എച്ചിലിലകൾ പെറുക്കിയെടുത്ത് വിശപ്പടക്കുന്നവർ പഴയകാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു.എഴുപതുകൾ വരെ ഇത്തരം   കാഴ്ചകൾ കേരളത്തിലുണ്ടായിരുന്നത് മുതിർന്നവർ ഓർക്കുന്നുണ്ടാവും.കാലം മാറി,നമ്മുടെയൊക്കെ സ്ഥിതി മാറി...വിദ്യാഭ്യാസ നിലവാരവും മാറി.പലകാര്യങ്ങളിലും നമ്മൾ ഒന്നാം സ്ഥാനത്തെത്തി.അതുപോലെ ഇപ്പോൾ   ഭക്ഷണം വേസ്റ്റാക്കുന്നവരിലും നമ്മൾ ഒന്നാം സ്ഥാനത്തായി. 

 കോവിഡ് രോഗ വ്യാപനത്തിന് മുൻപുവരെ നമ്മൾ നടത്തിയിരുന്ന എല്ലാ  ആഘോഷങ്ങളും ചടങ്ങുകളും വളരെ ആർഭാടമായിട്ടായിരുന്നില്ലേ കൊണ്ടാടിയിരുന്നത്‌.ഒരാൾക്ക് കഴിക്കുവാൻ എത്ര വേണം എന്ന രീതിയിലല്ല മറിച്ച്‌ എത്ര ആർഭാടം കാണിക്കുവാൻ കഴിയും എന്ന രീതിയിലായിരുന്നില്ലേ  നമ്മുടെ ഭക്ഷണ മെനു. കോവിഡ് മഹാമാരി നിയന്ത്രണവിധേയമായിക്കഴിയുമ്പോൾ   നമ്മുടെ സമീപനങ്ങളിലും ഒട്ടേറെ മാറ്റം വരണം. സഹജീവികളോടുള്ള നമ്മുടെ കരുണയും വാത്സല്യവും കരുതലും ഒരുപാട് മെച്ചപ്പെടുത്തേണ്ടതായിട്ടുണ്ട്.

കുറെനാൾമുമ്പ് ഒരു ചാരിറ്റി പ്രവർത്തകൻ സംഭാവനയ്ക്കായി വന്നപ്പോൾ  തന്ന  നോട്ടീസിലുള്ള ചിത്രവും വാക്യങ്ങളും ഓർത്തുപോകുകയാണ്,ഒരു തെരുവ്  കുട്ടിയുടെ ചിത്രത്തിന് കീഴിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.


അച്ഛനുണ്ടോയെന്നു എല്ലാരും ചോദിക്കും 

എന്നാൽ ഞാനുണ്ടോയെന്നു ആരും ചോദിക്കുകയില്ല... 



2020, ഓഗസ്റ്റ് 2, ഞായറാഴ്‌ച

ഈ കോവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?





ഈ കോവിഡ് കാലത്ത് ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?

ഓരോ ദിവസത്തെയും കോവിഡ് രോഗ വാർത്തകൾ ഭയാനകമായാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  ക്ലസ്റ്ററുകളും കണ്ടൈൻമെൻറ് സോണുകളും നിത്യവും വർധിച്ചുകൊണ്ടിരിക്കുകയാണ്.സാമൂഹ്യ വ്യാപനം പലയിടത്തും കൂടിക്കൊണ്ടിരിക്കുകയാണ്.ഇത്തരം ഒരു സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് അനിവാര്യമാണോ ?
കേരളത്തിൽ ഒക്ടോബർ  അവസാനമോ നവംബർ ആദ്യമോ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഉണ്ടാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് നിശ്ചയിച്ച സമയത്തുതന്നെ നടത്തുമെന്ന രീതിയിലാണ് കമ്മീഷൻറെ പ്രവർത്തനങ്ങൾമുന്നോട്ടു പോകുന്നത് .സാധാരണ പ്രവർത്തകർക്ക് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുന്ന ഒരു തെരഞ്ഞെടുപ്പായതിനാൽ ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടാകുമെന്നത് തദ്ദേശ തെരഞ്ഞെടുപ്പിൻറെ ഒരു പ്രത്യേകതയാണ്.

മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും ഒരോ വോട്ടുവീതമാണ് സമ്മതിദായകനുള്ളതെങ്കിൽ ഗ്രാമപഞ്ചായത്തുകളിലെ സമ്മതിദായകർക്ക് മൂന്ന് വോട്ടുവീതമുണ്ട്  .മൂന്നു വോട്ടുകളും ചെയ്യുവാൻ ഓരോരുത്തർക്കും കുറഞ്ഞത് അഞ്ചുമിനുട്ടെങ്കിലും  ബൂത്തിൽ ചെലവഴിക്കേണ്ടതായിവരും.തുലാമഴ ശക്തിപ്പെടുന്ന സമയമാണ് ഒക്ടോബർ അവസാനം.കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുവാൻ ബന്ധപ്പെട്ടവർക്ക് കഴിയുമോയെന്ന ശക്തമായ  ഭയം നിലനിൽക്കുന്നതോടൊപ്പം വോട്ടർമാർ മുഴുവനും തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുമോയെന്ന ആശങ്കയും പരക്കുന്നു.  കോവിഡ് ഭീതി ഒക്ടോബറിനുമുൻപ് ഒഴിഞ്ഞില്ലെങ്കിൽ (അതിനുള്ള സാധ്യത വിരളം)സാമൂഹ്യവ്യാപനം കൂട്ടുവാനെ ഈ തെരഞ്ഞെടുപ്പ് ഇടയാക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് കമ്മീഷൻ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ യോഗം യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികൾ ആരാഞ്ഞ് യുക്തമായ തീരുമാനമെടുക്കുവാൻ ഇനിയും വൈകിക്കൂടാ.കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കുകൊള്ളുവാനുള്ള മാനസികാവസ്ഥയിലല്ലെന്ന വസ്തുത കമ്മീഷനെ ബോധ്യപ്പെടുത്തുവാൻ രാഷ്ട്രീയ നേതാക്കൾക്കും ഗവണ്മെന്റിനും കഴിയണം.








2020, ജൂലൈ 20, തിങ്കളാഴ്‌ച

ഹാർബറല്ല പ്രശ്‍നം

ഹാർബറല്ല പ്രശ്‍നം......?
കാളമുക്കിൽ കണ്ടൈൻമെൻറ് സോണിനു തൊട്ടപ്പുറത്ത്  പുതിയ ഹാർബർ തുറക്കുവാനുള്ള നീക്കം ഇന്നുരാവിലെ (16/072020)നാട്ടുകാർ തടഞ്ഞു.സീഫുഡ് കമ്പനിയോട് ചേർന്നാണ് പുതിയ ഹാർബർ തുറക്കുവാൻ നീക്കം നടത്തിയത്.
ഹാർബറല്ല പ്രശ്‍നം,കോവിഡ് വ്യാപിത പ്രദേശങ്ങളിൽ നിന്നുള്ള വള്ളങ്ങളും കച്ചവടക്കാരും എത്തുന്നതാണ് പ്രശ്നമെന്നാണ് നാട്ടുകാർ പറയുന്നത്.

തീരദേശം കടലാക്രമണ ഭീതിയിൽ

തീരദേശം കടലാക്രമണ ഭീതിയിൽ 
കോവിഡ് രോഗ ഭീതിയിൽ പകച്ചുനിൽക്കുന്ന കേരളത്തിൻറെ തീരപ്രദേശം ഇപ്പോൾ കടലാക്രമണഭീഷണിയും നേരിടുന്നു.എറണാകുളം ജില്ലയിൽ ചെല്ലാനം ഭാഗത്തും  വൈപ്പിൻകരയിലും കടൽ ക്ഷോഭം അതിരൂക്ഷമാണ്. വൈപ്പിൻകരയിൽ എടവനക്കാടും നായരമ്പലത്തുമായി  അറുപതിലധികം വീടുകളിൽ കടൽ വെള്ളം അടിച്ചുകയറി വലിയ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. നായരമ്പലം പുത്തൻകടപ്പുറം സെൻറ് ആന്റണീസ് പള്ളി മുതൽ വടക്കോട്ടുള്ള വീടുകളിലും എടവനക്കാട് അണിയിൽ കടപ്പുറത്തുമാണ്  കടൽ ക്ഷോഭം ശക്തമായത്.
ചെല്ലാനം ഭാഗത്ത്  പതിനഞ്ചിലധികം കിലോമീറ്റർ  തീരപ്രദേശമാണ് കടൽ വെള്ളത്തിനടിയിലായത്.തീരമേഖല കടുത്ത ആശങ്കയിലാണ്.കോവിഡ് രോഗ സമൂഹവ്യാപന ഭീഷണിയുള്ളതിനാൽ ക്യാമ്പുകളിൽ പോകുവാനും ജനങ്ങൾക്ക്   ഭീതിയുണ്ട്.  
 
ചെല്ലാനം കടൽത്തീരത്ത് കടൽ കരയിലേക്ക് അടിച്ചുകയറുന്നു Add caption

2020, ജൂലൈ 11, ശനിയാഴ്‌ച

വൈപ്പിൻ-ഫോർട്കൊച്ചി യാത്ര അന്നും ഇന്നും നരകതുല്യം.



ഗോശ്രീപാലങ്ങൾ വന്നു,വൈപ്പിൻ-എറണാകുളം യാത്ര സുഗമമായി.
പക്ഷേ,വിളിപ്പാടകലെയുള്ള വൈപ്പിൻ-ഫോർട്കൊച്ചി യാത്ര അന്നും ഇന്നും നരകതുല്യം.
അന്തർദേശീയ കപ്പൽച്ചാലിനു കുറുകെയുള്ള യാത്രയായതിനാൽ പാലം പണിയുകയെന്നത് യുക്തിക്ക് നിരക്കുന്ന ഒന്നല്ല.
കാലങ്ങളായിട്ടുള്ള യാത്രക്കാരുടെ മുറവിളിയെത്തുടർന്നു ഒരു ഇരട്ട എഞ്ചിൻ ബോട്ടും തുടർന്ന് രണ്ട് റോ റോ ജങ്കാറുകളും സർവീസിനിറക്കി.
വൈപ്പിനിൽ റോ റോ ജെട്ടിപണിതത്തിലെ അശാസ്ത്രീയതമൂലം റോ റോ ഓടുമ്പോൾ ബോട്ട് വൈപ്പിൻ ജെട്ടിയിൽ അടുപ്പിക്കുവാൻ പറ്റാത്ത അവസ്ഥ.


റോ റോ ഒരെണ്ണം നിറുത്തുമ്പോൾ ബോട്ട് ഓടിക്കുവാൻ ശ്രമിക്കാമെന്നുവച്ചാൽ കട്ടപ്പുറത്തതായിരിക്കും ബോട്ട്.കോവിഡ് രോഗിയുടെ റൂട്ട് മാപ്പിൽ റോ റോ ഉൾപ്പെട്ടതുകാരണം കഴിഞ്ഞ ഒരാഴ്ചയായി ജങ്കാറും ബോട്ടുമില്ലാതെ യാത്രക്കാർ വലയുകയാണ്.വൈപ്പിൻ-കൊച്ചി ബന്ധം അറ്റുപോയിരിക്കുകയാണിപ്പോൾ. ഏതെങ്കിലുമൊരു കാരണംകൊണ്ട് ഇത്തരം അവസ്ഥ സർവസാധാരണമാണ്.








നഗരസഭയുടെ ഒന്നാം ഡിവിഷൻറെ ഒരു ഭാഗം വൈപ്പിൻകരയിലാണ്.
വൈപ്പിൻകരയുൾപ്പെടുന്ന കൊച്ചിതാലൂക്ക്‌ ഓഫീസ്,ആർ ഡി ഓ ഓഫീസ്,സിവിൽ സപ്ലൈ ഓഫീസ്,കൊച്ചിതാലൂക് ആശുപത്രി തുടങ്ങിയ അത്യാവശ്യമേഖലയിലുള്ള ഒട്ടുമിക്ക ഓഫീസുകളും ഫോർട്കൊച്ചിയിലാണുള്ളത്.ഇവിടെയുള്ളവർക്ക് കൊച്ചിയിലെ താലൂക്ക് ഓഫീസുമായോ ഫോർട്ടുകൊച്ചി നഗരസഭാ ഓഫീസുമായോ ബന്ധപ്പെടുവാൻ 20 കി. മീറ്ററോളം ചുറ്റികറങ്ങേണ്ടതായി വരുകയാണ്.കൊച്ചിതാലൂക്ക് എംപ്ളോയ്മെൻറ് ഓഫീസ് വൈപ്പിനിലായതിനാൽ കൊച്ചിയിലുള്ളവർക്കു എംപ്ളോയ്മെൻറ് ഓഫീസിലെത്തണമെങ്കിലും എറണാകുളം ചുറ്റിക്കറങ്ങേണ്ടതായിട്ടുവരും.
അതിനാൽ വൈപ്പിൻ കൊച്ചി ഫെറി ഒരു അത്യാവശ്യ സർവീസാണെന്ന് പറയേണ്ടതില്ലല്ലോ ഇത്രയും പ്രധാനപ്പെട്ട ഒരു ഫെറി സർവീസ് പൂർണ്ണമായും അടച്ചിടുന്നത് നിരുത്തരവാദപരമാണ്.ഇതിനു ഒരു പരിഹാരം കണ്ടെ തീരൂ.

1 റോ റോ ഫെറി രണ്ടും മുടങ്ങാതെ സർവീസ് നടത്തുക. അടിയന്തിരഘട്ടങ്ങളിൽ ഒരെണ്ണം ഓടാതെ വരുകയാണെങ്കിൽ രണ്ടാമത്തെ ജങ്കാർ സർവീസ് നടത്തുമെന്ന് ഉറപ്പുവരുത്തുക.

2 ഗോശ്രീ പാലത്തിനു താഴെയുള്ള സർവീസ് റോഡിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടു സർവീസ് ആരംഭിക്കുക.റോ റോ രണ്ടും ഓടിയാലും ബോട്ട് വൈപ്പിനിൽ അടുപ്പിക്കുവാൻ പറ്റാതെ വരുന്ന സാഹചര്യം ഒഴിവാക്കുവാനാകും.വൈപ്പിനിൽ പണിയുവാനുദ്ദേശിക്കുന്ന നിർദിഷ്ട വാട്ടർ മെട്രോ ജെട്ടി ഗോശ്രീപാലത്തിന് സമീപത്ത് പണിയുകയാണെങ്കിൽ ജെട്ടി പണിയുവാൻ വേറെ ഫണ്ട് കണ്ടെത്തേണ്ട.
ഗോശ്രീപാലം വന്നതോടുകൂടി ഗോശ്രീ ജംക്‌ഷൻ അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണല്ലോ.



ഈ നിർദേശങ്ങളെക്കുറിച്ചുള്ള അഭിപ്രായം  like /  comment രേഖപ്പെടുത്തുക


ഫ്രാൻസിസ് ചമ്മണി,വൈപ്പിൻ ഫോർട്കൊച്ചി ഫെറി പാസഞ്ചേഴ്‌സ് അസോസിയേഷൻ.mob :9497276897













2020, ജൂലൈ 7, ചൊവ്വാഴ്ച

ക്രാഫ്റ്റ് മ്യൂസിയം ന്യൂ ഡൽഹി

ന്യൂ ഡൽഹി ക്രാഫ്റ്റ് മ്യൂസിയം ഭാരതത്തിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽനിന്നുമുള്ള പുരാതനവും ചരിത്ര സവിശേഷതകളുമുള്ള ഒട്ടേറെ വസ്തുക്കൾ നമുക്കിവിടെ കാണുവാൻ കഴിയും.ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ക്രാഫ്റ്റ് മ്യൂസിയ സന്ദർശനം ഒരു അനുഭവമായിരിക്കും  


  മഹാരാഷ്ട്രയിൽ പതിനെട്ടാം നൂറ്റാണ്ടിൽ ക്ഷേത്രങ്ങളിൽ ആഘോഷങ്ങൾക്കുപയോഗിച്ചിരുന്ന രാമരഥം.മരത്തിൽ പണിതത്  



കാളിയമർദ്ദനം മരത്തിൽ തീർത്ത വിഗ്രഹം 
മഹിഷാസുരനെ നിഗ്രഹിച്ച ദുർഗഗാദേവിയുടെ രൗദ്രഭാവത്തിലുള്ള മരത്തിൽ തീർത്ത വിഗ്രഹം.ഇത് കേരളത്തിൽ നിന്നുള്ള ശേഖരമാണ്.








 
പ്രാചീനകാലത്തെ വിവിധതരം നിത്യോപയോഗ വസ്തുക്കളും മറ്റും.
അരുണാചൽ പ്രദേശ് പോലുള്ള ഇന്ത്യയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്നവ