ഞങ്ങളുടെ വീടിനു പടിഞ്ഞാറുഭാഗത്തായി ഒരു കല്ലു കെട്ടിമാവുണ്ടായിരുന്നു.ഇന്നത്തെപ്പോലെ മുട്ടിനുമുട്ടിനു വീടുകളൊന്നും അന്നുണ്ടായിരുന്നില്ല.വിശാലമായ ഒരു പറമ്പായിരുന്നു അത്. പകൽ സമയങ്ങളിൽ മാവിൻറെ താഴെ തണലത്ത് ആളുകൾ വന്നിരുന്ന് കാറ്റുകൊള്ളുക പതിവായിരുന്നു.റോഡ് എന്നുപറയുവാവാനായി ഒന്നുമില്ല.വളഞ്ഞുപുളഞ്ഞുപോകുന്ന മണ്ണുവഴിയായിരുന്നു ആകെയുണ്ടായിരുന്നത്. തോടുകളും കൈത്തോടുകളും നീന്തിയായിരുന്നു ആളുകൾ പോയിരുന്നത്.
ഉപ്പുവെള്ളത്തിലൂടെ രാത്രിസമയങ്ങളിൽ നീന്തിപ്പോകുംപോൾ വെള്ളം അനങ്ങുന്നഭാഗം സ്വർണ്ണ നിറത്തിൽ തിളങ്ങുന്നത് കാണുവാൻ കഴിയുമായിരുന്നു.
കുമ്പളങ്ങി നൈറ്റ്സിൽ പറയുന്ന കവരുപോലുള്ള ഒരവസ്ഥ.
ആളുകളെല്ലാംതന്നെ സാധാരണ തൊഴിലാളികൾ.മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരും.
വലിയമാവായിരുന്നതിനാൽ പകൽസമയങ്ങളിൽ ഇപ്പോഴും നല്ല തണലുണ്ടായിരുന്നു
വീശുവലത്തൊഴിലാളിയായ ഒരു വല്യപ്പൻ എല്ലാ ദിവസവും മാവിൻറെ താഴെ വന്നിരുന്നു വലയുടെ അറ്റകുറ്റപ്പണികൾ ചെയ്യാറുണ്ടായിരുന്നു.പഴയകാലത്തു കോട്ടൺ നൂലുകളായിരുന്നു വലയുണ്ടാക്കുന്നതിന് ഉപയോഗിച്ചിരുന്നത്.അതിനാൽ കടയിൽനിന്ന് വാങ്ങുന്ന നൂൽ വീണ്ടും പിരിച്ചു മുറുക്കം വരുത്തുകയും വണ്ണം കൂട്ടുകയും ചെയ്തിരുന്നത് ഈ മാവിന്ചുവട്ടിൽ വച്ചായിരുന്നു.
മാവിൻചുവട്ടിൽ വന്നിരിക്കുന്ന കുട്ടികളോട് വലവീശുവാൻപോകുമ്പോളുണ്ടാകുന്ന അനുഭവങ്ങളും മറ്റും പറയാറുണ്ട്.അങ്ങനെയൊരുദിവസം ......
വല്യപ്പാ ....വല്യപ്പാ ....ഇന്നെന്തു കഥയാണ് പറയുവാൻപോകുന്നത് ....
കഥയല്ല, നടന്നസംഭവമാണത്......
ഒരു കണ്ണുകെട്ടലിൻറെ കഥ ......വല്യപ്പൻ
കണ്ണുകെട്ടാലോ ....അതെന്താണ് .....കുട്ടികൾ ഒരേ സ്വരത്തിൽ .
രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് നടന്നുപോകുന്നവരെ പിശാച് വഴിതെറ്റിച്ച് ഊടുവഴിയിൽക്കൂടി നടത്തിക്കൊണ്ട് അപകടത്തിൽപ്പെടുത്തും.
ഇങ്ങനെ പോകുമ്പോൾ ഇടയ്ക്കുവച്ചു എന്തെങ്കിലും വെളിപാടുണ്ടായില്ലെങ്കിൽ മരണം നിശ്ചയം.അതെന്താ ,ആകാംക്ഷയോടെ കുട്ടികൾ
ഇന്നത്തെപ്പോലെ വൈദ്യുതിയൊന്നും നാട്ടിൻപുറത്ത് എത്തിയിട്ടില്ല.വ്യക്തമായ വഴികളുമില്ല.
എവിടെയെങ്കിലുംപഞ്ചായത്തു വഴികളുണ്ടെങ്കിൽ അവിടവിടെയായി ഓരോ വഴിവിളക്കുണ്ടാകും,അത് മണ്ണെണ്ണവിളക്കുകൾ.മണ്ണെണ്ണതീരുമ്പോൾ അത് അണഞ്ഞുപോകും.
പ്രദേശം മുഴുവനും സർവത്ര അന്ധകാരമായിരിക്കും.
എട്ടു എട്ടര മണിയാകുമ്പോൾ തന്നെ എല്ലാവരും വിളക്കണച്ച് കിടന്നിട്ടുണ്ടാകും.
പുഴയിലെ തക്കം അനുസരിച്ചാണ് ഞാൻ വീശുവാൻപോയിരുന്നത് .
അന്നൊരു കറുത്തവാവുദിവസം , പതിവുപോലെ ഞാൻ വലയുമെടുത്ത് കയ്യിലൊരു റാന്തൽ വിളക്കും മീൻ പെറുക്കിയെടുക്കുവാൻ ഒരു സഞ്ചിയുമെടുത്ത് യാത്രയായി.
പുഴവാരത്ത് എത്തിയപ്പോൾ ശക്തിയായ കാറ്റുവീശി,റാന്തൽ വിളക്ക് അണഞ്ഞു,നാലുവശത്തോട്ടും നോക്കിയെങ്കിലും ഒന്നും കാണുവാൻ കഴിയുന്നില്ല.തിരിച്ചുപോരുവാൻവേണ്ടി ഞാൻ നടന്നു.ദിക്കറിയാതെയാണ് നടക്കുന്നത്.നടന്നിട്ടും നടന്നിട്ടും വീടെത്തുന്നില്ല,
അതെന്താ വല്യപ്പാ ......അങ്ങനെ ,........ജിജ്ഞാസയോടെ കുട്ടികൾ.
നടക്കുന്ന വഴിയൊന്നും നിശ്ചയമില്ല.വഴിതെറ്റിയായിരുന്നു നടന്നിരുന്നത് ...അങ്ങിനെ നടന്നു നടന്നു നേരം വെളുക്കാറായി,അവസാനം ഒരു വേലിയുടെ അരികിലെത്തിയപ്പോൾ അവിടെ പിടിച്ചു നിന്നു. മുന്നോട്ടുപോകുവാൻ പറ്റാതെ വന്നപ്പോൾ ഞാൻ വേലിപൊളിക്കുവാൻ തുടങ്ങി.മുള്ളുവേലിയായിരുന്നതിനാൽ പൊളിക്കുന്തോറും കൈമുറിയുവാൻ തുടങ്ങി.
വേലിക്കരികിലെ ആൾപെരുമാറ്റവും അനക്കവും കൊണ്ട് വീട്ടുകാർ കള്ളനാണെന്നു തെറ്റിദ്ധരിച്ചു ഒച്ചവെച്ചു ആളെക്കൂട്ടി.
കള്ളൻ............. കള്ളൻ .........
ഒരാൾ ദേഹമാസകലം ചെളിയിൽക്കുളിച്ച് വേലിയിൽ പിടിച്ചുനിൽക്കുന്നു...
ആരെടാ ,,,,,,ഒരാൾ ആക്രോശിച്ചു.
ഇത് നമ്മുടെ ദേവസ്സിച്ചചേട്ടനല്ലേ ....വീശുകാരൻ ......ആൾക്കൂട്ടത്തിൽ നിന്നൊരാൾ.
ഇത് എന്തോ പന്തികേടാണ് .....കണ്ണുകെട്ടിയതാണെന്നു തോന്നുന്നു ..കൂട്ടത്തിലെ കാരണവരായ ഒരാൾ പറഞ്ഞു.
ഒരു കുടം വെള്ളം കൊണ്ടുവന്നേ......തലയിലോട്ടോഴിക്കു............................ ബോധം തെളിയട്ടെ.......
വെള്ളം തലയിൽ വീണപ്പോഴാണ് ഓർമ്മ ശരിയായത് .
നടന്നകാര്യങ്ങളൊക്കെ പറഞ്ഞു ..
അവിടെ തേരോട്ടവും മറ്റുമുള്ള സ്ഥലമല്ലേ ,അവിടെക്കൂടി വല്ലവരും രാത്രി പോകുമോ ?
പഴയ കാലങ്ങളിലെ കാരണവന്മാർപലരും പറഞ്ഞു കേട്ടിട്ടുണ്ട് .കണ്ണുകെട്ടലിനെപ്പറ്റിയും ആകാശത്തുകൂടി ദേവന്മാരുടെയും അപ്സരസുകളുടെയും തേരോട്ടവും മറ്റും ഉണ്ടായിരുന്നുവെന്ന്....ഇതിൽ
എന്തെങ്കിലും വാസ്തവമുണ്ടായിരുന്നോ ?ഇരുട്ടിൻറെയും വിജനതയുടെയും പ്രേരണയാലുണ്ടാകുന്ന ഭയത്തിൽനിന്നുള്ള തോന്നലായിരുന്നോ ?
.
ജനസംഖ്യ വർധനവും വൈദ്യുതിയുടെ വരവും വന്നപ്പോൾ ഇരുട്ട് ഇല്ലാതായി,ഭയമില്ലാതായി,രാത്രിതന്നെയില്ലാതായിയെന്നുപറയാം.പിശാചുക്കൾക്കു ഒളിച്ചിരിക്കുവാൻ സ്ഥലമെവിടെ