എളങ്കുന്നപ്പുഴ പൂക്കാട് പുഴയിലൂടെ മണൽ വള്ളം പോകുന്ന ഈ ദൃശ്യം പകർത്തിയത് :സെബാൻ മൊണാലിസ :ഫയൽ ചിത്രം |
" ഒരു വള്ളം,അതിൻറെ രണ്ട് ഭാഗത്തായി വലിയ രണ്ട് മണൽകൂമ്പാരം,
രണ്ട് അറ്റത്തും ഓരോ തുഴച്ചിലുകാർ, വള്ളത്തിൻറെ മുൻവശത്തിനടുത്തുള്ള പടിയിൽഉറപ്പിച്ചിട്ടുള്ള പാമരവും പായും,
കാറ്റിൻറെ ഗതിയനുകൂലമാകുന്നതനുസരിച്ചു വള്ളത്തിലെ പാമരം ഉയർത്തും.പിന്നെ വള്ളത്തിന്റെ പുറകിലിരിക്കുന്നയാൾ പങ്കായംകൊണ്ട് ഗതി നിയന്ത്രിച്ചാൽ മാത്രം മതിയാകും.കാറ്റ് പ്രതികൂലമാണെങ്കിൽ നെടുനീളത്തിലുള്ള കഴുക്കോലുപയോഗിച്ചു പുഴയിൽ കുത്തിയാണ് വള്ളം കൊണ്ടുപോകുന്നത്.മുൻവശത്തുനിൽക്കുന്നയാൾ കഴുക്കോൽ കുത്തുമ്പോൾ വള്ളം നീങ്ങുന്നതനുസരിച്ച് വള്ളത്തിന്റെ വില്ലിലൂടെ (അരികിലൂടെ)പുറകോട്ടു നടക്കും.അപ്പോൾ പുറകിലുള്ളയാൾ വള്ളത്തിന്റെ മറുവശത്തുള്ള വില്ലിലൂടെ കഴുക്കോലുമായി മുൻപിലെത്തിയിട്ടുണ്ടാകും.ഇനി മുൻപിലെത്തിയിട്ടുള്ള രണ്ടാമന്റെ ഊഴമാണ്.ഇങ്ങനെ മാറി മാറിയാണ് വള്ളം പുഴയിലൂടെ കുത്തികൊണ്ടുവരുന്നത്.
,90 കൾ വരെ വൈപ്പിൻകരയുടെ കിഴക്കേ പുഴയി ലൂടെ നിരനിരയായി മണൽ വള്ളങ്ങൾ ഇങ്ങനെ പോയികൊണ്ടിരിന്നത് ഒരു നിത്യകാഴ്ചയായിരുന്നു.
പമ്പാനദിയിലെ മണൽവാരലുമായി ബന്ധപ്പെട്ട വാർത്തകളാണല്ലോ കോവിഡ് വാർത്തകഴിഞ്ഞാൽ ഇന്ന് കേരളം ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.അത് ടൺ കണക്കിന് മണൽ വാരലിന്റെ കഥ.
എന്നാൽ ഇത് ആലുവാ പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തിനൊപ്പം വന്നിരുന്ന മണൽ വാരി ഉപജീവനം നടത്തിയിരുന്നവരുടെ കഥ.പുഴയിലൂടെ ഒഴുകിയെത്തുന്ന
വെള്ളത്തിൻറെ തിരുവനുസരിച്ച് ചില സ്ഥലങ്ങളിൽ മണൽ അടിഞ്ഞുകൂടിയിരുന്നു.
ഇത്തരം മണലുകളാണ് വള്ളക്കാർ കോരിക്കൊണ്ടുവന്ന് ഉപജീവനമാർഗ്ഗം തേടിയിരുന്നത്.പുഴയിൽ അടിഞ്ഞുകൂടിയിരുന്ന മണൽ നീക്കുമ്പോൾ പുഴയുടെ നീരൊഴുക്ക് സുഗമമാകുവാനും ഇതിടയാക്കിയിരുന്നു. മണൽ വാരലും മണൽക്കൊള്ളയും നടത്തുന്ന മണൽമാഫിയകൾ രംഗത്ത് വരുന്നതിനുമുമ്പ് കെട്ടിട നിർമ്മാണാവശ്യങ്ങൾക്ക് മണൽ കൊണ്ടുവന്നിരുന്നത് ഇത്തരം വള്ളക്കാരായിരുന്നു.ഓർഡർ അനുസരിച്ചും അല്ലാതെയും ഇത്തരം വള്ളക്കാർ ആവശ്യക്കാരൻറെ തൊട്ടടുത്തുള്ള പുഴയോരത്തോ തോട്ടുകടവിലോ മണൽ എത്തിച്ചുകൊടുത്തിരുന്നു.
കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നുവരുവാൻ തുടങ്ങിയതോടെ മണലിന്റെ ആവശ്യം കൂട്ടിവന്നപ്പോൾ മണൽ ഒരു വൻ ബിസ്സിനെസ്സ് ആയി മാറിയതോടെ മണലൂറ്റൽ തകൃതിയായി,മണൽ മാഫിയയും സജീവമായി.മണൽലോറികളിൽ കൊണ്ടുപോകുവാൻ തുടങ്ങി
പിന്നീട് മണൽവാരുന്നത് അനിയന്ത്രിതമായതോടെ പരിസ്ഥിതി പ്രശനം ഉടലെടുത്തു,മണൽ വാരിയ ഗർത്തത്തിൽ പെട്ട് അപകടങ്ങളും പതിവായി.
പുഴയിലൂടെ ഒഴുകിയെത്തുന്നതിൽ കൂടുതൽ മണലൂറ്റുവാൻ തുടങ്ങിയതോടെ മണൽ വാരലും നിരോധിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ