"രണ്ടുകുപ്പി കള്ളുണ്ടെങ്കിൽ അപ്പനെയോ അമ്മനെയോ മകനെക്കൊണ്ട് തല്ലിക്കാമെന്നു" പണ്ട് കാരണവന്മാർ പറഞ്ഞുകേട്ടിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യവില്പന തുടങ്ങി രണ്ട് ദിവസം പൂർത്തിയാകും മുൻപ് ഇവിടെ നടന്ന നാല് ദാരുണ കൊലപാതകങ്ങളെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ ആദ്യം ഓർമ്മയിൽ എത്തിയതാണ് മേൽ സൂചിപ്പിച്ചത്.ഒരിടത്ത് അമ്മയും മറ്റൊരിടത്ത് അച്ഛനും മകന്റെ കയ്യാൽ മരണപ്പെട്ടു.വേറെ രണ്ട് പേരും മരിച്ചത് മദ്യപിച്ചതിനെ തുടർന്നുണ്ടായ കശപിശയിലൂടെയാണ്.പത്തനംതിട്ട എ ആർ ക്യാമ്പിൽ പോലീസുകാരും മദ്യപിച്ച് അടിപിടിയുണ്ടാക്കി.
ലോക് ഡൗണിലെ നീണ്ട ഇടവേളയ്ക്കു ശേഷം മദ്യവില്പന തകൃതിയായി നടക്കുകയാണ്.സംസ്ഥാനത്ത് പതിനഞ്ചു ലക്ഷത്തോളം പേർ ആപ്പുകൾ ഡൌൺ ലോഡ് ചെയ്തുകഴിഞ്ഞെന്നാണ് അറിയുവാൻ കഴിഞ്ഞത്.അപേക്ഷിക്കുന്നവർക്ക് നാല് ദിവസത്തിലൊരിക്കൽ മൂന്നു ലിറ്റർ മദ്യം ലഭിക്കും. എസ് എം എസ് വഴിയുള്ള രെജിസ്ട്രേഷനും ലക്ഷക്കണക്കിനുപേർ നടത്തിക്കഴിഞ്ഞു.
ടോക്കണിലെ സമയത്തിനു വളരെ മുൻപ് തന്നെ ബാറുകൾക്ക് മുൻപിലെത്തുന്നവർ വളരെ ക്ഷമയോടെ സാമൂഹ്യ അകലം പാലിച്ചും പാലിക്കാതെയും ക്യു നിന്ന് മദ്യം വാങ്ങുന്ന കാഴ്ചയാണ് ഈ രണ്ട് ദിവസങ്ങളിലും ബാറുകളുടെ മുൻപിൽ കണ്ടത്.
ഇതകത്താക്കിക്കഴിഞ്ഞാൽ എല്ലാ പരിധികളും ലംഘിച്ചു പുറത്തേക്കു വരുന്ന ദുർഭൂതം സംഹാരതാണ്ഡവമാടുകയാണ്.
മദ്യ വില്പന നിറുത്തിയപ്പോൾ മദ്യം ലഭിക്കാത്ത അസ്വസ്ഥതയാൽ മദ്യപർ ആത്മഹത്യ ചെയ്യുന്നുവെന്ന പ്രചരണമാണ് ആദ്യ ഏതാനും ദിവസങ്ങളിലുണ്ടായത്.ജനങ്ങൾതന്നെ അത്തരം വാർത്തകളെ അവഗണിച്ചപ്പോൾ വാറ്റാണ് കേരളത്തിൽ നടക്കുന്നതെന്ന പ്രചാരണമാണ് മദ്യലോബിയുടെ ഭാഗത്തുനിന്നുണ്ടായത്.
ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ചുകാട്ടി കേരളത്തിലെ ജനങ്ങളെ മുഴുവനും മദ്യത്തിൽ മുക്കിക്കൊല്ലുവാൻ ഭരണാധികാരികൾമൂലം ഇടയാകരുത്.
ലോക് ഡൗണിനെ തുടർന്ന് തൊഴിൽമേഖലകൾ മുഴുവനും നിശ്ചലമായ അവസ്ഥയിൽ തൊഴിലാളികൾ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുമ്പോളും കൂട്ടിയവിലയ്ക് മദ്യം വാങ്ങുവാൻ ആളുകളുടെ കയ്യിൽ പണം സുലഭമാണെന്നല്ലേ നമ്മൾ കണ്ടത്.
കോവിഡ് പോലുള്ള മഹാമാരിയുടെ ഭീതിയിൽ അടങ്ങികിടന്നിരുന്ന മദ്യാസക്തി പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുകയാണ് ചെയ്തത്.
ആരാധനാലയങ്ങൾ തുറന്നുകൊടുക്കുവാൻ മടിക്കുന്ന സാഹചര്യത്തിൽ മദ്യവില്പന യദേഷ്ടം നടത്തുവാൻ അനുവദിച്ചത് വിവേകമുള്ള ഒരു ഭരണാധികാരികൾക്കും ഭൂഷണമല്ല.ഇതേരീതിയിൽ ഇത് തുടർന്നാൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിക്കുന്നതോടൊപ്പംസാമൂഹ്യ വ്യാപനത്തിലൂടെ കൊറോണയും പടർന്നുപിടിക്കുവാൻ ഏറെ സാധ്യതയാണ് കാണുന്നത്. കൊറോണ വ്യാപനം കൂടുന്ന ഈയവസരത്തിൽ ഇതുവരെ കൈവരിച്ച നേട്ടം കൈമോശം വരുവാൻ മദ്യവില്പനയിടയാക്കരുത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ