2020, മേയ് 29, വെള്ളിയാഴ്‌ച

അവയവദാനം :വാർത്തകൾ തമസ്കരിക്കപ്പെടുന്നുണ്ടോ.......?

അവയവദാനം :വാർത്തകൾ തമസ്കരിക്കപ്പെടുന്നുണ്ടോ.......?
അവയവദാനത്തിലൂടെ ഹൃദയം സ്വീകരിച്ച മൂന്നുപേരുടെ സംഗമം എറണാകുളം ലിസി ആശുപത്രിയിൽ ഫോട്ടോ കടപ്പാട് ,മലയാളമനോരമ Add caption

"ഹൃദയത്തിൽ സ്നേഹം തുന്നിയ മൂവർ സംഘം " എന്ന ശീര്ഷകത്തോടെ കഴിഞ്ഞ ദിവസം മലയാളമനോരമയിൽ വന്ന വാർത്തയാണ് ഈ കുറിപ്പിനാധാരം.
തുന്നിച്ചേർത്ത ഹൃദയവുമായി ജീവിക്കുന്ന മൂന്നുപേരുടെ ചിത്രങ്ങളുമായുള്ള ആ വാർത്ത വായിച്ചപ്പോൾ വളരെയധികം സന്തോഷം തോന്നി.
ഈ മൂന്നുപേരുടെയും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ലിസി ആശുപത്രിയിലെ ഡോ. ചാക്കോ പെരിയപ്പുറത്തിന് അഭിനന്ദനങ്ങളും ആയുരാരാഗ്യസൗഖ്യവും നേരുന്നു.ഒപ്പം ഈ മൂന്നുപേരും പൂർണ്ണാരോഗ്യരായി ജീവിക്കുവാനുള്ള അനുഗ്രഹം ജഗദീശ്വരൻ നല്കട്ടെയെന്നും പ്രാർത്ഥിക്കുന്നു.
എൻറെ ഓർമ്മ ശരിയാണെങ്കിൽ 2000 ലോ 2001 ലോ ആണ്  ഡോ.ചാക്കോപെരിയപ്പുറം കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ  നടത്തിയത്.അന്ന് അദ്ദേഹം എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിൻറെ തലവനായിരുന്നു.
എറണാകുളം ജനറൽ ആശുപത്രിയ്ക്ക് സമീപം കരിക്കുവെട്ടി വില്പന നടത്തിയിരുന്ന ഒരു സാധു അപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ചപ്പോൾ , അദ്ദേഹത്തിൻ്റെ  ഹൃദയമാണ് അന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഡോ.ചാക്കോ ശസ്ത്രക്രിയയിലൂടെ മറ്റൊരാളിൽ വച്ചുപിടിപ്പിച്ചത്.അന്ന് അത് വലിയ വാർത്തയായിരുന്നു.
എന്നാൽ ഇപ്പോൾ അവയവദാനവും ശസ്ത്രക്രിയയും അനവധി നടക്കുന്നുണ്ട്.പക്ഷേ,സർജറി കഴിഞ്ഞതിനുശേഷം അവയവം സ്വീകരിച്ചവർക്ക് പിന്നീടെന്തുണ്ടായിയെന്നുമാത്രം നമുക്കറിയുവാൻ കഴിയുന്നില്ല.
ഞാൻ ഈ പംക്തിയിൽ മുൻപൊരിക്കൽ ഈ വിഷയത്തെക്കുറിച്ച് വിശദമായിട്ട് എഴുതിയതായിരുന്നു.അതിനി ആവർത്തിക്കുന്നില്ല.
മസ്‌തിഷ്‌ക്ക മരണം സംഭവിച്ചുകഴിഞ്ഞ ഒരാളുടെ വിവിധ അവയവങ്ങൾ മറ്റുള്ളവർക്ക് പകുത്തുനൽകാറുണ്ട്.പക്ഷേ  അവയവം സ്വീകരിച്ചയാളിന് വിന് പിന്നീട്  എന്ത് സംഭവിച്ചുവെന്ന് മാത്രം ആരും അറിയുന്നില്ല.ലക്ഷങ്ങൾ ചെലവഴിച്ചാണ് അവയവമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.അപ്പോൾ അതിൻറെ പൂർണ്ണവിവരങ്ങൾ മാധ്യമങ്ങളിലൂടെ അറിയുവാനുള്ള അവകാശം നമുക്കില്ലേ?
അവയവദാനത്തിലൂടെ എത്രപേർക്ക് ജീവൻ നിലനിറുത്തുവാനായെന്ന്
അറിയുവാനുള്ള അവകാശം മാലോകർക്കില്ലേ.ഇത്തരം വാർത്തകൾ മാധ്യമങ്ങൾ തമസ്കരിക്കുകയാണോ ചെയ്യുന്നത് ? സത്യം എന്തെന്നറിയേണ്ടേ?
എല്ലാം സുതാര്യമായിരിക്കേണ്ടേ.
ലക്ഷങ്ങൾ വേണ്ട ഇത്തരം ശസ്ത്രക്രിയ സൗജന്യമായിട്ട് ഒരാശുപത്രിയും ചെയ്തതായിട്ട് കേട്ടുകേൾവിയില്ല.
ശസ്ത്രക്രിയയ്ക്കു ശേഷമുള്ള കാര്യങ്ങൾ പുറത്തറിഞ്ഞാൽ മാത്രമേ ഏതൊക്കെ ആശുപത്രികളും ഏതൊക്കെ ഡോക്ടര്മാരുമാണ് ഇതിനു യോഗ്യരെന്ന് നമുക്കറിയുവാൻ കഴിയുകയുള്ളൂ.
അവയവ ദാനം കൊണ്ടുള്ള പൂർണ്ണ പ്രയോജനമുണ്ടാകണമെങ്കിൽ വാർത്തകൾ തമസ്കരിക്കാതെ പത്രധർമ്മം നിരവ്വഹിക്കുവാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറാകണം.
എന്നാൽമാത്രമേ കൂടുതൽ അവയവദാനങ്ങൾ പ്രോത്സാഹിക്കപ്പെടുകയുള്ളൂ.








സാധാരണയായി 

2020, മേയ് 27, ബുധനാഴ്‌ച

നമ്മളൊക്കെ കാഴ്ചക്കാരോ...... ?

നമ്മളൊക്കെ കാഴ്ചക്കാരോ.....


?
അല്ലാ ,ഈ അടിപ്പൻ പദ്ധതികളൊക്കെ നമ്മുടെ വൈപ്പിൻകരയിൽ വന്നതുകൊണ്ട് നമുക്കെന്താ പ്രയോജനം?.

"പ്രകൃതിവാതകം അടുപ്പിലെത്താൻ വൈകും " എന്ന ശീർഷകത്തൊടെ ഇന്നലത്തെ പത്രത്തിൽ വന്ന വാർത്ത വായിച്ചുകൊണ്ടിരുന്ന ആൻറണി ചേട്ടൻ വായന നിറുത്തി ചോദിച്ച ചോദ്യമായിരുന്നു അത്.
ആദ്യം ഞാനത് ഗൗനിച്ചില്ല.
അൽപ്പം കഴിഞ്ഞപ്പോൾ അതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ചോദ്യത്തിൽ കഴമ്പില്ലേയെന്ന് എനിക്കും തോന്നി.
ഗോശ്രീ പാലത്തിൻറെ വരവോടുകൂടി വൈപ്പിൻകരയുടേയും അനുബന്ധ ദ്വീപുകളുടേയും യാത്രയക്ലേശത്തിന് കുറെ പരിഹാരമായി.
അതോടൊപ്പം ദ്വീപുകളിലേക്ക് വിവിധ പദ്ധതികളുടെ ഘോഷയാത്രതന്നെയായിരുന്നു,ദ്വീപുകൾക്ക് വൻ വികസന പദ്ധതികളാണ് വന്നുകൊണ്ടിരിക്കുന്നത്,മുഖച്ഛായതന്നെ മാറും,ഗോശ്രീ ദ്വീപുകൾ ന്യൂ കൊച്ചിയെന്നറിയപ്പെടും എന്നൊക്കെ മാധ്യമങ്ങളുൾപ്പെടെ എല്ലാവരും വാനോളം പുകഴ്ത്തി. ഇനി വൈപ്പിൻകാർക്കു തൊഴിൽ തേടി മറ്റെങ്ങും പോകേണ്ടതായി വരില്ല,ഇവിടെ ധാരാളം തൊഴിൽ സാധ്യതകളാണ് ഭാവിയിൽ ഉണ്ടാകുവാൻ പോകുന്നത്........
ഒന്നും സംഭവിച്ചില്ല.ഇവിടത്തുകാർക്കു കുടുംബം പോറ്റണമെങ്കിൽ വൻകരയുമായി ബന്ധപ്പെടണം.
ഗോശ്രീ പാലം പണിതപ്പോൾ ദ്വീപു നിവാസികളായ നിർമ്മാണ തൊഴിലാളികൾ തൊഴിൽവേണമെന്ന ആവശ്യം ആദ്യമേ ഉന്നയിച്ചു, തൊഴിൽ ആവശ്യമുള്ളവർ പേര് രെജിസ്റ്റർ ചെയ്യണമെന്ന് ബന്ധപ്പെട്ടവർ നിർദേശിച്ചു. പണി ആർക്കുംതന്നെ കിട്ടിയില്ല,കാത്തിരുന്നത് മിച്ചം.
കണ്ടൈനർ ടെർമിനൽ വന്നു,ദ്വീപിലെ എത്ര പേർക്ക് തൊഴിൽ കിട്ടിയെന്ന് ആർക്കറിയാം.ദുബായ് പോർട്ട് പ്രവർത്തനം തുടങ്ങുമ്പോൾ നല്ല തൊഴിൽ സാധ്യതയാണെന്നാണ് അന്നത്തെ പ്രഖ്യാപനം. അതും പാഴ്വാക്കായി.
പിന്നീട് കെ എം ആർ എൽ വന്നു,എൽ എൻ ജി വന്നു,ഇപ്പോൾ വിവാദമായ ഐ ഒ സി യും വരുന്നു.
എൽ എൻ ജി യുടെ നിർമ്മാണഘട്ടത്തിൽ കുറെ നാട്ടുകാർക്ക് തൊഴിൽ ലഭിച്ചെങ്കിലും അത് പ്രവർത്തനം തുടങ്ങിയപ്പോൾ നാട്ടുകാരെ തഴഞ്ഞു.
രാഷ്ട്രീയപ്പാർട്ടികൾ സംയുക്തമായി സമരങ്ങളൊക്കെ നടത്തി.ഫലം തഥൈവ.
എൽ എൻ ജി വന്നുകഴിഞ്ഞാൽ വീട്ടിനകത്തു പൈപ്പിലൂടെ പാചകവാതകം വരുമെന്നും എൽ പി ജി യേക്കാൾ ചെലവ് കുറവായിരിക്കും എൽ എൻ ജി യ്ക്കെന്നൊക്കെ പറഞ്ഞു സുഖിപ്പിച്ചു. എറണാകുളം ജില്ലയിൽ കളമശ്ശേരിയിലും തൃക്കാക്കരയിലുമാണ് കുറച്ചുപേർക്ക് ഗ്യാസ് കണക്ഷൻ കൊടുത്തത്.അവിടെയാകട്ടെ കണൿഷൻ തരാമെന്ന് പറഞ്ഞപ്പോൾ വേണ്ടെന്നു പറഞ്ഞവരാണ് അധികവും.ആദ്യം കണക്ഷൻ നൽകേണ്ടത് ഇവിടത്തുകാർക്കാണെന്നാണ് അന്ന് പറഞ്ഞിരുന്നത്.444 കി മീറ്റർ ദൈർഘ്യമുള്ള കൊച്ചി മംഗലാപുരം പൈപ്പ്‌ലൈൻ ഏറെക്കുറെ പൂർത്തിയായി അടുത്ത ടെണ്ടറിൽ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളെ ഉൾപ്പെടുത്തി.എന്നാൽ ഒരിടത്തും ഗോശ്രീ ദ്വീപുകളെയുൾപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞിട്ടില്ല.നമ്മളൊക്കെ എല്ലാത്തിന്റെയും കാഴ്‌ചക്കാർ.
ഈ പദ്ധതികളൊക്കെയും അപകടസാധ്യതയേറെയുള്ളതാണ്.
എന്തെങ്കിലും സംഭവിച്ചാൽ,അങ്ങനെയുണ്ടാകാതിരിക്കട്ടെയെന്ന് പ്രാർത്‌ഥിക്കാം,അതിൻറെ തിക്ത ഫലങ്ങൾ മുഴുവനും അനുഭവിക്കാനുള്ളത് പ്രദേശവാസികളാണ്.
അപ്പോൾ അതിന്റെ ഗുണഭോക്താക്കളാകുവാനും പ്രദേശവാസികൾക്ക് അര്ഹതയില്ലേ.ഗോശ്രീ നിവാസികൾ ഓരോരുത്തരും ഒന്ന് പിന്നോട്ട് തിരിഞ്ഞുനോക്കുക,ഘോഷയാത്രയായി വന്ന പദ്ധതികളുടെ ഗുണഭോക്താക്കളാകുവാൻ നമ്മളിൽ എത്രപേർക്ക് കഴിഞ്ഞു.
ഇങ്ങനെ മതിയോ......... ?














2020, മേയ് 21, വ്യാഴാഴ്‌ച

അഗ്നിയിലെരിയും പാട്ട്


പെരിയാറേ പെരിയാറേ  പർവ്വതനിരയുടെ പനിനീരെ .......
കുളിരും കൊണ്ട് കുണിങ്ങി നടക്കുന്ന മലയാളി പെണ്ണാണ് നീ ...
ഒരു മലയാളിപ്പെണ്ണാണ് നീ....

ഈ പാട്ടുകേട്ടിട്ടില്ലാത്ത ഒരു മലയാളിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല.
 ഫോർട്ട് കൊച്ചി ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായ ഒരു സുഹൃത്തിനെ കാണുവാൻ  ഞാനും മറ്റൊരു സുഹൃത്തായ ജെയിംസുമൊത്ത് ചെന്നപ്പോൾ രോഗിയായ ആ സുഹൃത്ത് വളരെ സന്തോഷത്തോടെ പാടിക്കൊണ്ടിരുന്ന ഒരു പാട്ടായിരുന്നു ഇത്.പാട്ടുമുറുകുന്തോറും ഞങ്ങളുടെ ഉള്ളു നീറുന്നു.കറയാതിരിക്കുവാൻ നന്നേ പാടുപെട്ടു.


ഇതിലെന്താ ഇത്ര പ്രത്യേകതയെന്ന് ഒരു പക്ഷെ നിങ്ങൾക്ക് തോന്നാം.പക്ഷെ,അതിലൊരു പ്രത്യേകതയുണ്ട്...കണ്ണുകളെ ഈറനണിയിക്കുന്ന ഒരു ഹൃദയത്തിന്റെ നൊമ്പരം...

1982 മുതൽ  ഫോർട്കൊച്ചിയിലെ ഒരു കേന്ദ്ര ഗവ സ്ഥാപനത്തിലെ   ഒരു ജീവനക്കാരനാണ് ഇയാൾ.തൽകാലം ഇയാളെ ആനന്ദ് എന്ന് വിളിക്കാം.തെക്കൻ ജില്ലക്കാരനായ ആനന്ദ് 82 ൽ  ഇവിടെ  ജോലി ലഭിച്ചതോടെയാണ്  കൊച്ചിയിൽ സ്ഥിരതാമസമാക്കിയത് .എസ് എസ് എൽ സി പ്രൈവറ്റായി പഠിച്ചു പരീക്ഷയെഴുതി പാസ്സായി.
കൊച്ചിയുടെ സമീപപ്രദേശത്തുനിന്ന് തന്നെ വിവാഹം കഴിച്ചു.
ഭാര്യക്ക് മറ്റൊരു കേന്ദ്ര ഗവ സ്ഥാപനത്തിൽ ജോലി.
രണ്ട് പെൺകുട്ടികൾ,
രണ്ടുപേരും കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.വളരെ സന്തുഷ്ട കുടുംബം.
മക്കൾ എന്തുപറഞ്ഞാലും ചെയ്തുകൊടുക്കുന്ന അച്ഛൻ.
സ്വന്തമായൊരു ജീപ്പ് വാങ്ങി.
നാട്ടിൽ പോയപ്പോൾ വാങ്ങിയതാണ്.കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതും വരുന്നതും ആനന്ദ് ജോലിക്കു വരുന്നതുമൊക്കെ പിന്നെ ഈ ജീപ്പിലായിരുന്നു.
കുട്ടികൾക്ക് വേണ്ടി വാങ്ങിക്കുന്ന പ്രസിദ്ധീകരണങ്ങളൊക്കെയും ആനന്ദും വായിക്കും, അത് ഹൃദിസ്ഥമാക്കുകയും ചെയ്യും. അങ്ങനെ വളരെ സന്തോഷത്തോടെ കഴിയുമ്പോളാണ് ഒരു കല്ല് വീഴുന്നത്.
ജോലിസ്ഥലത്തുതന്നെയുള്ള ഒരാൾ നടത്തിയിരുന്ന ചിട്ടിയുമായി ബന്ധപ്പെട്ടു കുറച്ചു തുക ആനന്ദിന് നഷ്ടപ്പെട്ടു.ചിട്ടിനടത്തിയിരുന്നയാളുമായി കേസും കശപിശയുമായി.ആകെ സ്വസ്ഥത നഷ്ട്ടപ്പെട്ടു.
ഈ വിഷയം കുടുംബാന്തരീക്ഷത്തിലും വിള്ളലുണ്ടാക്കി.  .വീട്ടിൽനിന്ന് ഇറങ്ങിപ്പോന്ന ആനന്ദ്  ഓഫീസിനോട് ചേർന്നുള്ള   ഒരു കെട്ടിടത്തിൽ കുറച്ചുകാലം താമസിച്ചു.അതോടെ ദിനചര്യകളിലും ഭക്ഷണക്രമത്തിലും ഒട്ടേറെ മാറ്റം വന്നു.
ഒരു ദിവസം ജോലിസ്ഥലത്തുവച്ച് ഒരു തലചുറ്റൽ വന്ന ആനന്ദിനെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിച്ചു.ഒരുവശത്തെ ചലനശേഷി നഷ്ടപ്പെട്ടു.അതോടൊപ്പം സംസാരശേഷിയും പോയി.പരസഹായമില്ലാതെ ഒന്നും ചെയ്യുവാൻപറ്റാത്ത അവസ്ഥ.ആശുപത്രിയിൽനിന്ന് വീട്ടിലേക്കു പോയെങ്കിലും കുടുംബാന്തരീക്ഷം പഴയതുപോലെ ബലപ്പെട്ടില്ല.
അതിനിടെ ഒരുമകൾ അർബുദരോഗത്തിൻറെ പിടിയിലുമായി.ഭർത്താവിനെയും നോക്കണം മകളുമായി ചികിത്സയ്ക്ക് പോകണം പിന്നെ ജോലിക്കും പോകണം,എന്ത് ചെയ്യണമെന്നറിയാതെ ഭാര്യ നട്ടംതിരിഞ്ഞു.
ആനന്ദിൻറെ ഒരു സഹോദരി നാട്ടിൽനിന്നു വന്നു,ചികിത്സാകാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ തയ്യാറായി.ചലന ശേഷി വീണ്ടെടുക്കുവാൻ ഫിസിയോ തെറാപ്പിയും ആയുർവേദ ചികിത്സയും തുടങ്ങി.സംസാരശേഷി കിട്ടിയില്ല.പക്ഷെ,പണ്ട് കേട്ട് പഠിച്ച കുറെ പഴയ പാട്ടുകൾ നിറുത്താതെ പാടുവാൻ തുടങ്ങി.  ബുദ്ധിഭ്രമം സംഭവിച്ചതുപോലെ.
സംസാരിക്കുമ്പോൾ അക്ഷരങ്ങൾ മുഴുവനാക്കുവാൻ പറ്റുന്നില്ല,പക്ഷെ,പണ്ടെങ്ങാനും കേട്ട പാട്ടുകൾ ഒരുതെറ്റും കൂടാതെ നോൺ സ്റ്റോപ്പായിട്ടു പാടുന്നു....

ഞങ്ങൾ ആശുപത്രിയിൽ ചെല്ലുമ്പോൾ ഇങ്ങനെ നിറുത്താതെ പാടിക്കൊണ്ടിരിക്കുകയായിരുന്നു.  അർബുദത്തിന് കീഴടങ്ങി മരണം വരിച്ച മകളുടെ ചിത  ശ്മശാനത്തിൽ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന കാര്യം  അറിയാതെ അച്ഛൻ പാടുന്നു ...ഉയർന്ന സ്വരത്തിൽ ....സന്തോഷത്തോടെ .....









2020, മേയ് 18, തിങ്കളാഴ്‌ച

ഒരു വഞ്ചിയപകടവും കുറേ ഓർമ്മകളും

ഒരു വഞ്ചിയപകടവും കുറേ ഓർമ്മകളും

1983 സെപ്റ്റംബർ 25 ഞായർ സന്ധ്യയോടടുത്തനേരം.മാലിപ്പുറം പ്രൈമറി ഹെൽത്ത് സെൻറിനോട് ചേർന്നുള്ള സ്വതന്ത്ര മൈതാനിയിൽ (വെളി) അവിടവിടെയായി ആളുകൾ കൊച്ചുകൊച്ചു സംഘങ്ങളായിട്ട് സൊറ പറഞ്ഞിരിക്കുന്നു.ഞങ്ങളും  മാലിപ്പുറം വെളിയിലെ നിത്യസന്ദർശകരായിരുന്നു. പെട്ടെന്നാണ് ആ കാഴ്ച മൈതാനത്തിരിക്കുന്നവരുടെ ശ്രദ്ധയിൽ പെട്ടത്.ഒന്നിന് പുറകെ ഒന്നായ്  ഓട്ടോറിക്ഷകൾ   ഹെൽത്ത് സെന്ററിലേക്ക്  വരുകയും അതുപോലെതന്നെ തിരിച്ചു പോകുകയും ചെയ്യുന്നു.ഇതുകണ്ടിട്ട് മൈതാനത്തിൽ ഇരുന്നിരുന്ന ആളുകൾ ആശുപത്രിയിലേക്കോടി.
മുരിക്കുംപാടത്തുനിന്ന് പനമ്പുകാട് കടവിലേക്ക് പോയ കടത്തുവഞ്ചി മറിഞ്ഞു  അപകടത്തിൽപ്പെട്ടവരെയിരുന്നു ഓട്ടോറിക്ഷകളിൽ  കൊണ്ടുവന്നിരുന്നത്. എനിക്ക്  അന്ന് കേരളടൈംസിന്‌ വേണ്ടി പ്രാദേശിക വാർത്തകൾ  റിപ്പോർട്ട് ചെയ്യുന്ന ചുമതലയുണ്ടായിരുന്നു. വാർത്തകൾ ശേഖരിക്കുവാൻ ഞാനും ഫോട്ടോഗ്രാഫർ വിൻസെൻറ് മൊണാലിസയുംകൂടി ബോട്ട് ജെട്ടിയിലെത്തി.വഞ്ചിയിൽ  ഇരുപത്തഞ്ചിലധികം  പേരുണ്ടായിരുന്നെന്നായിരുന്നു ജനസംസാരം.
ആ വർഷത്തെ വല്ലാർപാടം തിരുനാൾ ദിവസമായ സെപ്റ്റംബർ 24 ശനിയാഴ്ചയായിരുന്നതിനാൽ ഞായറാഴ്ച്ച അവധി ദിവസം പള്ളിയിൽ പോയവരാണ് അപകടത്തിൽപെട്ടത്.
മുരിക്കുംപാടം പനമ്പുകാട് കടത്ത്‌സർവീസ് തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിലുള്ളതായിരുന്നില്ല.ആരെങ്കിലുമൊക്കെ വഞ്ചിയുമായി വരും അന്നേരത്തുള്ളവരെ കയറ്റിക്കൊണ്ടുപോകും,അതിന്റെ കൂലി അവരെടുക്കും.പെരുന്നാൾ ദിവസമായിരുന്നതിനാൽ ധാരാളം ആളുകളെത്തുമെന്നതിനാൽ വഞ്ചിക്കാരും അധികമുണ്ടായിരുന്നു.
എല്ലാം അനധികൃത കടത്തായിരുന്നെന്നു മാത്രം.
മുരിക്കുംപാടം ജെട്ടിയടുക്കാറായപ്പോഴാണ് വഞ്ചിയപകടത്തിൽപ്പെടുന്നത്. നാട്ടുകാർ ഓടിയെത്തി കുറേപ്പേരെ രക്ഷിച്ചു. സന്ധ്യാനേരമായിരുന്നതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.ഫോർട്ട് കൊച്ചിയിൽ നിന്നുള്ളവരായിരുന്നു അപകടത്തിൽപ്പെട്ടവരിലധികവും.വല്ലാര്പാടത്തേക്ക് കൊച്ചിയിൽനിന്നുള്ളവർക്കുള്ള എളുപ്പവഴിയായിരുന്നു മുരിക്കുംപാടം പനമ്പുകാട് കടത്ത്.
മനസമ്മതം കഴിഞ്ഞ ഒരു പെൺകുട്ടിയും ആദ്യകുർബാന കഴിഞ്ഞ കുട്ടിയും  അതുപോലെതന്നെ ഒരു കുടുംബത്തിലെ അമ്മയും രണ്ട് പെൺകുട്ടികളും അമ്മയും മകനും എന്നിങ്ങനെ കൂടെപ്പിറപ്പുകളായിട്ടുള്ളവരും ബന്ധുക്കളുമായിരുന്നു മരണമടഞ്ഞവരിലധികവും.അമ്മയും മകനും കൂടി യാത്രപോയിട്ട് മകൻ മരിച്ച 'അമ്മ അതിനുശേഷം പ്രാർത്ഥനാഗ്രൂപ്പ് പ്രവർത്തനങ്ങളുമായി നടക്കുന്നു.
ഫോട്കൊച്ചിയിലെ മികച്ചഫുട്‍ബോളറായിരുന്ന സ്റ്റാൻലിമാണിയും ഭാര്യ ലില്ലിയും മകനും അന്നത്തെ അപകടത്തിൽ മരണമടഞ്ഞു.നീന്താനറിയാവുന്ന സ്റ്റാൻലി രക്ഷപെട്ട് മറിഞ്ഞ വഞ്ചിയുടെ മുകളിൽ കയറിയിരുന്ന് നോക്കിയപ്പോൾ ഭാര്യയും മകനും മുങ്ങിത്താഴുന്നത് കണ്ടെന്നും മനംനൊന്ത് അദ്ദേഹവും പുഴയിലേക്കെടുത്ത് ചാടിയെന്നും രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർ പറയുകയുണ്ടായി.ഒരു കുടുംബം തന്നെ ഒന്നിച്ച് അന്ത്യയാത്രയായി.
പതിനെട്ടുപേരാണ് അന്ന് കായലിൽ മുങ്ങിമരിച്ചത്.പതിനഞ്ചുപേരുടെയും മൃതദേഹങ്ങൾ കൊച്ചിക്കായലിൽ നിന്ന് കണ്ടെടുത്തു.ശേഷിച്ച മൂന്നുപേരുടേത് ദിവസങ്ങൾക്കുശേഷം ആലപ്പുഴഭാഗത്തുനിന്നാണ് കണ്ടുകിട്ടിയത്.
അപകടത്തെ തുടർന്ന് കടത്തുവഞ്ചി സർവീസ് നിരോധിച്ചു,തുടർന്ന് കിൻകോ ബോട്ടു പനമ്പുകാട്‌നിന്നു മുരിക്കുംപാടം വഴി എറണാകുളത്തേക്ക് സർവീസ് ആരംഭിച്ചു.ഗോശ്രീ പാലം തുറക്കുന്നതുവരെ ബോട്ട് സർവീസ് നിലവിലുണ്ടായിരുന്നു.










v

2020, മേയ് 17, ഞായറാഴ്‌ച

സിനിമാകൊട്ടക


സിനിമാകൊട്ടക

ടങ്ഠം ടങ്ഠം ടങ്ഠം ടങ്ഠം
ടങ്ഠം ടങ്ഠം ടങ്ഠം ടങ്ഠം
എഴുപതുകളുടെ അവസാനംവരെ നാട്ടിൻപുറങ്ങളിലെ തെരുവോരങ്ങളിൽ വെള്ളിയാഴ്ചകളിൽ മുഴങ്ങിക്കേട്ടിരുന്ന ഒരു ചെണ്ടകൊട്ടിൻറെ ശബ്ദമാണിത്.
ഇത്തരം ചെണ്ട കൊട്ട് കേൾക്കുമ്പോളറിയാം
അടുത്തുള്ള സിനിമ കൊട്ടകയിൽ നിന്നുള്ള വിളംബര ജാഥയാണ് തെരുവിലൂടെ വരുന്നതെന്ന്.
ജാഥയുടെ മുൻപിൽ ഒരാൾ കളിക്കുന്ന പടത്തിൻറെ പോസ്റ്റർ ഒട്ടിച്ച ഒരു ബോർഡ് പിടിച്ചു നടക്കുന്നുണ്ടാവും . അക്കാലത്ത് നടുവേ പൊളിക്കാത്ത മെടഞ്ഞ ഒരു ചെറിയഓലക്കീറിൽ പോസ്റ്റർ പതിപ്പിച്ചായിരുന്നു പോസ്റ്റർ ബോർഡ് ഉണ്ടാക്കിയിരുന്നത്.പിന്നീട് അത് കനം കുറഞ്ഞ പട്ടിക കൊണ്ടുള്ള ബോർഡ് ആയി.തൊട്ടു പിറകെ ചെണ്ടകൊട്ടുന്ന ഒരാൾ,ഒപ്പം ഇലത്താളം അടിച്ചുകൊണ്ട് മറ്റൊരാൾ.ഇനിയൊരാൾ കൂടിയുണ്ട്.സിനിമ നോട്ടീസ് വിതരണം ചെയ്യുന്നയാൾ.     അയാൾക്കായിരിക്കും ഇത്തിരി ഗമയുള്ളത്.
കൊട്ടു കേട്ടോടിക്കൊണ്ടുവരുന്ന എല്ലാ കുട്ടികൾക്കൊന്നും  ഇയാൾ നോട്ടീസ്സ്   കൊടുക്കുകയില്ല.മുതിർന്നവരുടെ കയ്യിലെത്തുമെന്നുറപ്പുണ്ടെങ്കിൽ മാത്രമേ കുട്ടികൾക്ക്  നോട്ടീസ് കൊടുക്കുകയുള്ളൂ.എന്തായാലും ചെണ്ട കൊട്ട് കേൾക്കുമ്പോൾ വഴിയരുകിൽ ആളുകൾ ജിജ്ഞാസയോടെ കാത്തുനിൽക്കും.അടുത്ത പടമെന്താണെന്നറിയുവാൻ.
വെള്ളിയാഴ്ചകളിലാണ് സാധാരണയായി പടം മാറിയിരുന്നത് .ചില പടങ്ങൾ ഒരാഴ്ച തികച്ച് ഓടാതെ വരുമ്പോൾ രണ്ട് ദിവസത്തേക്കോ മൂന്നു ദിവസത്തേക്കോ ഏതെങ്കിലും പഴയ പടങ്ങളോ അല്ലെങ്കിൽ അന്യ ഭാഷാചിത്രങ്ങളോ മറ്റും ഓടിച്ചു ആഴ്ച വട്ടമെത്തിക്കും.ഇങ്ങനെ ഓടിക്കുന്ന പടത്തിനെ  ഗ്യാപ്  പടങ്ങളെന്നാണ് പറയുന്നത്.
നോട്ടീസിൽ പരസ്യം ചെയ്യുന്ന സിനിമയുടെ കഥയുടെ രത്നച്ചുരുക്കം കഥാസാരമെന്ന പേരിൽ അച്ചടിച്ചിട്ടുണ്ടാവും.കഥയുടെ ചുരുക്കം സസ്പെൻസോടെ പറഞ്ഞു നിറുത്തിക്കൊണ്ട് ...ശേഷം വെള്ളിത്തിരയിൽ,എന്നവസാനിപ്പിക്കും.കാൽനടയായി വിളംബരം ചെയ്യുന്നതിന് പരിമിതികളുണ്ടല്ലോ.കൂടുതൽ പരസ്യം നല്കുന്നതിനുവേണ്ടി
 ബസ്റ്റോപ്പുകളിലും പ്രധാനപ്പെട്ട ജംഗ്ഷനുകളിലുമുള്ള കടകളുടെ മുൻപിൽ സിനിമാപരസ്യബോർഡ് സ്ഥാപിക്കാറുണ്ട്.ഇങ്ങനെ ബോർഡ് വയ്ക്കുന്ന കടകക്കാരന് വെള്ളി,ശനി, ഞായറാഴിച്ചുള്ള ദിവസങ്ങളിൽ കൊട്ടകയിൽ വന്നു സിനിമ കാണുന്നതിനുള്ള പാസ്സ് കൊടുക്കാറുണ്ട്.
പിൽക്കാലത്ത് ഓട്ടോറിക്ഷാ അനൗൺസ്‌മെൻറ് വന്നതോടെ ചെണ്ടകൊട്ടിയുള്ള വിളംബരം ചരിത്രത്തിൻറെഭാഗമായി.
സിനിമാകൊട്ടകയിൽ തറ ബെഞ്ച് ബാക്‌ബെഞ്ച്‌ കസേര എന്ന നാലു തരത്തിലുള്ള ടിക്കറ്റുകളാണ് വില്പന നടത്തിയിരുന്നത്.തറ ടിക്കറ്റ് എടുത്തവർക്ക് തിരശീലയ്ക്കു തൊട്ടടുത്തതായിട്ട് മണ്ണിലായിരുന്നു ഇരിക്കുവാനുള്ളയിടം.പിന്നീട് തറടിക്കറ്റ് എടുത്തുകളയുകയും ആ സ്ഥാനത്ത് ബെഞ്ച് വരുകയും ചെയ്തു.‌ പടം നാല് റീലായിട്ടായിരിക്കും പ്രോജെക്ടറിൽനിന്ന് പ്രക്ഷേപണം ചെയ്യുക.ഓരോ റീല് കഴിയുമ്പോളും ചെറിയൊരു ഇടവേളയുണ്ടാകും.ഈയിടവേളകളിലും പ്രധാനയിടവേളകളിലും കപ്പലണ്ടിയും പാട്ടുപുസ്തകവുമായും കച്ചവടക്കാർ പ്രേക്ഷകരുടെയടുത്തെത്തും.
പടം തുടങ്ങുന്നതിനു അര മണിക്കൂറിനുമുമ്പ് ആദ്യ ബെല്ലടിക്കും,അതോടെ കോളാമ്പി മൈക്കിലൂടെ ഉച്ചത്തിലുള്ള പാട്ട് കേൾക്കുവാൻ തുടങ്ങും.രണ്ടാമത്തെ ബെല്ലടിക്കുമ്പോൾ പാട്ടുകോട്ടകയ്ക്കകത്തുമാത്രമാകും.അല്പം കഴിയുമ്പോൾത്തന്നെ മൂന്നാം ബെല്ലടിക്കുകയും സിനിമ ആരംഭിക്കുകയും ചെയ്യും.ഓല മേഞ്ഞ കൊട്ടകയായതിനാൽ
മഴക്കാലമാകുമ്പോൾ  മേൽക്കൂര ചോർന്ന് വെള്ളം പ്രേക്ഷകരുടെ തലയിൽ വീഴുമ്പോൾ ചിലപ്പോഴൊക്കെ ചില്ലറ കശപിശകളൊക്കെയും ഉണ്ടാകാറുണ്ട്.കാലം മാറിയപ്പോൾ ഒട്ടനവധി പരിഷ്‌കാരങ്ങൾ വന്നകൂട്ടത്തിൽ കൊട്ടകൾക്കും പരിഷ്‌കാരം വന്നു,പ്രേക്ഷകർക്കും മാറ്റം വന്നു.മൾട്ടിപ്ലക്സ് തീയറ്ററുകൾവരെയായി. ഇനി കോവിഡ് രോഗാനന്തരകാലം സിനിമ കാണൽ തിയറ്ററുകളിലായിരിക്കുമോ അതോ ഓരോരുത്തരുടെയും വീടുകളിൽത്തന്നെയാകുമോ ..............?. ശേഷം വെള്ളിത്തിരയിൽ




2020, മേയ് 16, ശനിയാഴ്‌ച

ചരിത്രവും പിന്നെ അല്പം വർത്തമാനവും 7 വൈപ്പിൻകരക്കാരുടെ ഐക്യത്തിനു വിള്ളലേൽപ്പിച്ച ഗോശ്രീപാലം.


വൈപ്പിനിൽനിന്നു എറണാകുളത്തേക്കുള്ള ഫെറിസെർവീസുകൾ ഗോശ്രീ പാലം വന്നതോടുകൂടി
ഗോശ്രീപാലംത്തിന്റെ വരവ് വൈപ്പിന്കരയ്ക്കു ഒട്ടേറെ വികസനത്തിന്റെ വാതായനങ്ങൾതുറന്നപ്പോൾ  വൈപ്പിൻകരക്കാരുടെ ഐക്യത്തിനു വിള്ളലേൽപ്പിച്ചുകൊണ്ടാണ് എറണാകുളത്തേക്കുള്ള ഫെറി ,ജങ്കാർ സർവീസുകൾ നിശ്ചലമായത്.
വൈപ്പിന്കരയിലെ യാത്രാ ക്ലേശങ്ങൾക്കു പരിഹാരം തേടിക്കൊണ്ടുള്ള ഒട്ടേറെ സമരങ്ങൾക്ക്   രൂപം നൽകിയത് അരമണിക്കൂറിലേറെ സമയം കിട്ടിയിരുന്ന ഈ ബോട്ടുയാത്രയിലെ  ചർച്ചകളായിരുന്നു.
വൈപ്പിൻകരയുടെ ഏതുഭാഗത്തുള്ളവരായാലും വൈപ്പിൽ എത്തുന്നസമയം ഏതാണോ അത് നിശ്ചയിച്ച് കൃത്യമായി സന്ധിക്കുവാൻ ഇത് ഏറെ ഉപകാരപ്രദമായിരുന്നു. എവിടെ  നിന്നു വരുന്നവരായാലും എവിടേക്കു പോകുന്നവരായാലും വൈപ്പിലെത്തുന്നസമയം ഏതാണ്ട് ഒരേ രീതിയിലായിരിക്കും.അവിടെവച്ച് കണ്ടുമുട്ടുന്നവർതമ്മിൽ സുഹൃത്തുക്കളാകുവാനും നാനാ വിഷയങ്ങൾ ചർച്ചചെയ്യുവാനും ഇതിലെ അരമണിക്കൂർ സമയം ഉപകാരപ്രദമായിരുന്നു.



കോട്ടപ്പുറത്തുനിന്നും എറണാകുളത്തേക്കുള്ള  സ്വകാര്യബോട്ടുകളെയാണ് ആദ്യകാലങ്ങളിൽ വൈപ്പിന്കരയ്ക്കാർആശ്രയിച്ചിരുന്നത്.
 ചെറായിയിൽ അന്ന് പറവൂരുമായി ബന്ധിപ്പിക്കുന്ന പാലം ഉണ്ടായിരുന്നില്ല.52 സ്വകാര്യബോട്ടുകളാണ് അന്ന് സർവീസ് നടത്തിയിരുന്നത്.എറണാകുളം  കോട്ടപ്പുറം ജലപാതയാണ് അന്നത്തെ ജലമാർഗം.ചെറായിയിൽനിന്നു പറവൂരിലേക്കുള്ള  പാലം പണിതതോടെ ബസ്സ് സർവീസ് പ്രബലമായതും വേലിയേറ്റസമയത്തു ചെറായിപാലത്തിനടിയിൽക്കൂടി ബോട്ടുകൾക്ക് കടന്നുപോകുവാൻ തടസ്സവും വന്നതോടെ ബോട്ടുസർവീസ് ഓരോന്നായി നിർത്തലാക്കി.കോട്ടപ്പുറത്തുനിന്നു മട്ടാഞ്ചേരി ഐലൻഡ് വഴി എറണാകുളത്തേക്കു പോയിരുന്ന ഒരു ബോട്ടുമാത്രം അവസാനം നിലനിന്നു.
അപ്പോഴാണ്  കെ എസ് ആർ ടി സി  എറണാകുളത്തേക്കു  ഫെറി സർവീസ് ആരംഭിക്കുന്നത്.         അത്  മുരിക്കുംപാടത്തുനിന്നായിരുന്നു. അന്ന് വൈപ്പിനിൽനിന്നു ഫോട്കൊച്ചിയിലേക്കുമാത്രമേ ഫെറിസെർവീസുണ്ടായിരുന്നുള്ളൂ.. 

എഴുപതുകളിൽ   ജി സി ഡി എ രൂപീകരിച്ച്‌   മറൈൻ ഡ്രൈവിനുവേണ്ടി കായൽ നികത്തുവാൻ തുടങ്ങിയതോടെ ഹൈക്കോർട്ട് ജെട്ടി യിൽ ബോട്ടു അടുപ്പിക്കുന്നത്  നിറുത്തി വച്ചു.വല്ലാർപാടവും ഡൈമൻ കട്ടയും കൂടി യോജിപ്പിച്ചതോടെ മുരിക്കുംപാടത്തുനിന്നുള്ള ബോട്ടുകൾക്ക് വല്ലാർപാടം ജെട്ടിയിൽ അടുപ്പിക്കുവാനും  പറ്റാതായി .അങ്ങനെ 1975 ആയപ്പോൾ മുരിക്കുംപാടത്തുനിന്നുള്ള കെ എസ് ആർ ടി ബോട്ടുകൾ വൈപ്പിനിൽ നിന്നായി.ഒന്നുരണ്ട് വര്ഷം കഴിഞ്ഞപ്പോൾ മുരിക്കുംപാടത്തുനിന്നു എറണാകുളത്തേക്കു കിൻകോ ബോട്ടു സർവീസ് ആരംഭിച്ചു.
1985 ആയപ്പോഴേക്കും കിൻകോ വൈപ്പിനിൽ നിന്നും  എറണാകുളത്തേക്കു ഫെറി സർവീസ് ആരംഭിച്ചു.

ഇതിനിടെ  വൈപ്പിനിൽനിന്നു എറണാകുളത്തേക്കു കിൻകോ ജങ്കാർ സർവീസും ആരംഭിച്ചു.പിന്നീട് കെ എസ ആർ ടി സി ബോട്ടുസർവീസ് ജലഗതാഗത  കൈമാറി.
വൈപ്പിന്കരയിലെ ഗതാഗതം സംബന്ധിച്ച് ഒട്ടേറെ സമരങ്ങൾക്ക് ശക്തിയായതു ഈ ബോട്ടു യാത്രകളിലെ ചർച്ചകളായിരുന്നു.അധികാരികൾക്ക് വൈപ്പിൻകാരുടെ ശക്തിയെ ഭയത്തോടും ഏറെ അസൂയയോടെയുമാണ് നോക്കികണ്ടിരുന്നത്.
ഗോശ്രീ പാലങ്ങളുടെ വരവ് ഈ കെട്ടുറപ്പിനെ ഗണ്യമായി ബാധിച്ചു
















അവയവദാനാനന്തരം


കൂടുതലും അപകടങ്ങൾ മൂലം മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ അവയവങ്ങളാണ് ഇങ്ങനെ ദാനം ചെയ്യുവാൻ ലഭിക്കുന്നത്.
അകാലത്തിൽ പൊലിഞ്ഞുപോയ ഒരു ജീവനിൽനിന്നു മറ്റു മൂന്നോ നാലോ പേർക്ക് പുതുജീവൻ ലഭിക്കുകയെന്നത് ഒരു പുണ്യപ്രവൃത്തിയാണ്.അവയവദാനം പ്രോത്സാഹാഹിക്കപ്പെടേണ്ടകാര്യം തന്നെയാണ്.
അവയവദാനത്തിന് ശേഷം അവയവം സ്വീകരിച്ചയാൾക്കു പിന്നീട് എന്ത് സംഭവിച്ചെന്ന് ആരും അറിയാറില്ല.ഇത്തരം ശസ്ത്രക്രിയയ്ക്കുതന്നെ ഭീമമായ ചെലവാണ്,അപ്പോൾ അതിനു വിധേയമായവരുടെ പിന്നീടുള്ള സ്ഥിതി എന്താണെന്ന് പരസ്യമാകാത്തതിനുള്ള  കാരണമെന്താണ് ?       രണ്ട് വർഷങ്ങൾക്കു മുൻപ് എൻറെ ഒരു സഹപ്രവർത്തകന് ഇത്തരത്തിൽ അവയവദാനത്തിലൂടെ ലഭിച്ച ഹൃദയം മാറ്റിവയ്ക്കുകയുണ്ടായി.
പത്ത് വർഷങ്ങൾക്കു മുൻപ് ഹൃദയശസ്ത്രക്രിയയും അതിനുശേഷം സ്‌ട്രോക് ചികിത്സയുടെ ഭാഗമായി തലയ്ക്കും ശസ്ത്രക്രിയ ചെയ്തിട്ടുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.
അവയവം ലഭ്യമായിട്ടുണ്ടെന്നുള്ള വിവരം ആശുപത്രിയിൽനിന്നു ലഭിച്ചപ്പോൾ ഒരു ശസ്ത്രക്രിയയ്‌ക്ക്‌ വിധേയനാകാൻ പറ്റാത്ത ഒരവസ്ഥയിലായിരുന്നു.കടുത്ത പനിയുള്ള ഒരു സമയത്താണ് ഇയാളെ കൂട്ടിക്കൊണ്ടുപോകുവാൻ ആംബുലൻസുമായി ആശുപത്രിയിൽനിന്നെത്തുന്നത്.
ശാസ്ത്രക്രിയകഴിഞ്ഞുആശുപത്രിയിൽ നിന്ന് വീട്ടിലെത്തുന്നതിനു മുൻപുതന്നെ  മരണം സംഭവിച്ചു.
ചിലപ്പോൾ ഇത് ഒരൊറ്റപ്പെട്ട സംഭവമായിരിക്കാം.

ഹൃദയ മാറ്റ ശാസ്ത്രക്രിയകഴിഞ്ഞയാൾ മരണമടഞ്ഞെന്നരീതിയിലുള്ള  വാർത്തയാണ് ഞങ്ങൾ  പത്രങ്ങളിൽ കൊടുത്തത്.എന്നാൽ അടുത്തദിവസം വാർത്തവന്നില്ല.
അതിനെക്കുറിച്ചന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി വിചിത്രമായിരുന്നു.സ്വാഭാവികമരണമെന്നേ വാർത്തകൊടുക്കുവാൻ പറ്റുകയുള്ളൂ,അല്ലെങ്കിൽ ആശുപത്രിക്കാരുടെ എതിർപ്പുവരുമെന്ന്.
സത്യസന്ധമായിട്ടുള്ള  വാർത്തയാണ് കൊടുക്കുന്നതെന്നാണ് എല്ലാ പത്രക്കാരും പറയുന്നത്,എന്നിട്ടെന്തിനാണ് ഈ തമസ്കരണം. സൂര്യന് കീഴെയുള്ള എല്ലാകാര്യങ്ങളെക്കുറിച്ചും സർവേ നടത്തി വാർത്തയാക്കുന്നവരാണ് നമ്മുടെ പത്രക്കാർ.എന്നാൽ അവയവമാറ്റ ശസ്ത്രക്രിയാനന്തരം എന്ത് സംഭവിച്ചുവെന്ന്   അന്വേഷിക്കുന്നതിനോ സംഭവിച്ചകാര്യങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുവാനോ എന്തുകൊണ്ടാണ് ഇത്ര വിമുഖത.

മാറുന്ന കാലം മായുന്ന വിനോദങ്ങൾ .......2 ടീച്ചറും കുട്ടികളും


ടീച്ചറും കുട്ടികളും

നമസ്തേ ടീച്ചർ ,               ടീച്ചർ ക്‌ളാസ്സിലേക്കു കടന്നുവരുന്നു.
നമസ്തേ , സിറ്റ് ഡൌൺ.ടീച്ചറുടെ പ്രത്യഭിവാദ്യം .
എല്ലാവരും നിശ്ശബ്ദരായിരിക്കുവിൻ
ഹാജർ വിളിക്കുവാൻപോകുകയാണ് ,
ഹാജർ പുസ്തകമെടുത്ത് ടീച്ചർ താളുകൾ മറിക്കുന്നു.
 ടീച്ചർ :  ശ്രീദേവി
കുട്ടി   :ഹാജർ.
................ടീച്ചർ ഹാജർ വിളി തുടരുന്നു .....
ഈയടുത്ത കാലം വരെ കേരളത്തിലെ വീടുകളിൽ അവധി ദിവസങ്ങളിൽ പെൺകുട്ടികളുടെ ഒരു വിനോദമായിരുന്നു ടീച്ചറും കുട്ടികളും കളി.ഏതെങ്കിലുമൊരുതവണയെങ്കിലും ഈ കളി കളിക്കാത്ത പെൺകുട്ടികൾ ഉണ്ടാകുമെന്നു തോന്നുന്നില്ല.

ഇന്നത്തെപ്പോലെയുള്ള  അണുകുടുംബങ്ങളായിരുന്നില്ലല്ലോ അക്കാലത്ത്.
അതിനാൽ തന്നെ എല്ലാവീട്ടിലും ഏതെങ്കിലുമൊക്കെ കളികൾ കളിക്കുവാനുള്ള  കുട്ടികളെ അന്വേഷിച്ചു മറ്റെങ്ങും പോകേണ്ടിവരില്ല.  തൊട്ടടുത്ത വീടുകളിൽനിന്നുമൊക്കെ കുട്ടികൾ ഏതെങ്കിലും വീടുകൾ കേന്ദ്രീകരിച്ചെത്തും.മുതിർന്നവരുടെ ശ്രദ്ധയിൽനിന്നു അല്പം മാറിയായിരിക്കും ക്ലാസ്സ് മുറിയായി സങ്കല്പിക്കുന്ന സ്ഥലം കണ്ടെത്തുക.
മറ്റുകുട്ടികളെയൊക്കെ വിളിച്ചുകൊണ്ട് വന്നിരുത്തും.ഒരു കയ്യിലൊരു പുസ്തകവും മറ്റേ കയ്യിൽ ഒരു വടിയും പിടിച്ചുകൊണ്ടായിരിക്കും ടീച്ചർ കടന്നുവരുന്നത്.തലയിലൂടെ ഒരു ഷാളോ മറ്റേതെങ്കിലും തുണിക്കഷണമോ ഇട്ടു അതിന്റെ അറ്റം പിരിച്ച് ഹെയർ ബുഷ് സ്ലൈഡ് തുടങ്ങിയ പണിത്തരങ്ങളൊക്കെ വച്ച് അലങ്കരിച്ചായിരിക്കും ടീച്ചറുടെ വരവ്.
ടീച്ചർ വരുമ്പോൾ കുട്ടികളൊക്കെ എഴുന്നേറ്റ് നിന്ന് നമസ്തേ യെന്ന് പറയണമെന്ന് കളിയാരംഭിക്കുന്നതിനു മുൻപുതന്നെ പറഞ്ഞുകൊടുത്തിട്ടുണ്ടാവും.അതനുസരിച്ച് കുട്ടികളെഴുന്നേറ്റുനിന്ന് നമസ്തേ പറയും.ആരും ഇല്ലെങ്കിലും ഒറ്റയ്ക്കും ഈ കളി  കളിച്ചിരുന്ന കുട്ടികളുണ്ട്.മുൻവശത്ത് കുട്ടികളുണ്ടെന്നു സങ്കല്പിച്ചുകൊണ്ടായിരിക്കും കളി നടത്തുന്നത്.
അന്നൊക്കെ മലയാളം മീഡിയം സ്കൂളുകളിലാണല്ലോ കുട്ടികൾ പഠിക്കുന്നത്,ഇംഗ്ലീഷ് മീഡിയം പ്രചാരത്തിലായപ്പോൾ  അഭിവാദ്യം ഗുഡ് മോർണിംഗ് ആയി.
എല്ലാവരും പാഠപുസ്തകം തുറക്കൂ,,, ടീച്ചർ .
കുട്ടികൾ പാഠപുസ്തകം തുറക്കുന്നു
ഹാജർ വിളിയുടെ നേരത്തും പഠിപ്പിക്കുന്ന സമയത്തിനിടയ്ക്കും കുട്ടികൾ ശ്രദ്ധിക്കാതെ വരുമ്പോൾ നിശ്ശബ്ദരായിരിക്കുവാൻ ടീച്ചർ കുട്ടികളോട് ദേഷ്യപ്പെടുന്നത് ഇതിലെ ഒരു പതിവാണ്.

സ്കൂളിൽ ടീച്ചർമാരുടെ പെരുമാറ്റമെങ്ങിനെയായിരുന്നോ അതുപോലെ അനുകരിച്ചായിരിക്കും കളിയിലെ ടീച്ചർ കുട്ടികളോട് പെരുമാറുന്നത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് ഇത്തരം കളികൾ ഒട്ടേറെ ഗുണം ചെയ്തിട്ടുണ്ട്.മാറുന്ന കാലത്ത് ഇത്തരം പലവിനോദങ്ങളും  അസ്തമിക്കുന്നതിൻറെ കൂട്ടത്തിൽ ടീച്ചറും കുട്ടികളും യവനികയ്ക്കുള്ളിലായി.



2020, മേയ് 15, വെള്ളിയാഴ്‌ച

കുട്ടിയും കോലും കളി

കുട്ടിയും കോലും കളി

കേരളത്തിലെ ഒരു നാടൻ കളിയാണ് കുട്ടിയും കോലും കളി.ക്രിക്കറ് കളിയോട് ഏതാണ്ട് സാമ്യമുള്ള ഈ കളി ഇന്ന് അസ്തമിച്ചിരിക്കുകയാണെന്നു പറയാം.കുട്ടിയും കോലും കളിക്കുന്നതിന് രണ്ട് പേരേയുള്ളൂവെങ്കിലും കളിക്കാം ,എത്ര പേരുണ്ടെങ്കിലും കളിക്കാമെന്നത് ഈ കളിയുടെ ഒരു സവിശേഷതയാണ്.കളി തുടങ്ങുന്നതിനുമുൻപ് കളിക്കാരെ രണ്ട് ടീമായിട്ട്  തിരിക്കണം.രണ്ടരയടി നീളമുള്ള ഒരു വടിയാണ് കോല്,അരയടി നീളമുള്ള കമ്പാണ് കുട്ടി.ആറിഞ്ചു നീളവും ഒന്നരയിഞ്ച് വീതിയുമുള്ള ഒരു ചെറിയ കുഴിയും  മണ്ണിൽ  വേണം.ഏതെങ്കിലും ഒരു ടീം കുട്ടീം കോലും കൊണ്ട് അടിക്കുമ്പോൾ എതിർ ടീം പിടിക്കുവാൻ നിൽക്കുന്നു.ടീമംഗങ്ങൾ മുഴുവനും അടിച്ചുകഴിയുമ്പോൾ രണ്ടാമത്തെ ടീം കുട്ടീം കോലുംകൊണ്ട് അടിച്ച് കളി തുടങ്ങുന്നു. ഏതാണ്ട് ക്രിക്കറ്റിലെപ്പോലെതന്നെ.
ആദ്യം അടിക്കാനുള്ള ടീമിനെ നിശ്ചയിക്കുന്നത് ക്രിക്കറ്റിൽ ടോസ് ഇടുന്നപോലെതന്നെയാണ്.ഒരു ഇലയെടുത്ത് അതിൽനിന്നു ഒരു ചെറിയ കഷണം കീറിയെടുത്ത് അത് മുകളിൽനിന്ന് താഴേയ്ക്കിടുന്നു.ഇലയുടെ അക ഭാഗം ഒരു ടീമിനും പുറഭാഗം രണ്ടാമത്തെ ടീമിനും നേരത്തെതന്നെ നിശ്ചയിച്ചിട്ടുണ്ടാകും.താഴെ വീണ ഇലയുടെ ഏതു ഭാഗമാണോ കാണുന്നത് ആഭാഗം കിട്ടിയിട്ടുള്ള ടീമായിരിക്കും ആദ്യം കുട്ടീം കോൽ അടിച്ചുകളിക്കുന്നത്.പിൽക്കാലത്ത് ഇലയ്ക്ക് പകരം നാണയം ഉപയോഗിക്കുവാൻ തുടങ്ങി. 
ആദ്യം അടിച്ചുകളിക്കുന്നയാൾ കുട്ടികമ്പ്‌ കുഴിക്ക് വിലങ്ങനെ വച്ച് കോലുകൊണ്ട് കഴിയുന്നത്ര ദൂരത്തിൽ എതിർ കളിക്കാരുടെ ഭാഗത്തേക്ക് കോരിയെറിയുന്നു.കുട്ടി കോരിയെറിയുന്നതിനുമുമ്പ് കാത്തോ എന്ന് വിളിച്ചു ചോദിക്കണം, കാത്ത് എന്ന് പറഞ്ഞാൽ മാത്രമേ കോരിയെറിയാൻ പാടുള്ളൂ.കോരിയെറിഞ്ഞ കമ്പ് എതിർ ടീം പിടിക്കുവാൻ ശ്രമിക്കും.പിടിച്ചാൽ കോരിയെറിഞ്ഞയാൾ പുറത്താകും.കുട്ടിപിടിച്ച എതിർ ടീമിലെയാൾക്ക്   അവരുടെ ടീം കളിക്കുമ്പോൾ ഒരവസരം കൂടി അധികം ലഭിക്കും.കുട്ടിനിലത്തുവീണാൽ അതെടുത്ത് കുഴിക്കു നേരെ എറിഞ്ഞു കൊടുക്കണം.ഇതിനെ കോലുകൊണ്ട് അടിക്കുന്നയാൾ അടിച്ചുതെറിപ്പിക്കും.അടിച്ചു തെറിപ്പിക്കുമ്പോൾ കുട്ടിയെവിടെ വീഴുന്നുവോ അവിടെ നിന്ന് കോലുകൊണ്ട് കുഴിവരെ അളക്കുന്നു.സതേമ്പർ , മുറിമുട്ട് ,തായ്‌ക്കോണി ,അയ്‌റ്റിക്കോ ,ആറേങ്കി,ഉല്ലാസ്  എന്നിങ്ങനെ ഒന്നുമുതൽ ആറുവരെ എണ്ണിക്കഴിയുമ്പോൾ ഒരു പോയിൻറ് ആകും. ഓരോ ദേശത്തും കോലുകൊണ്ട് അളക്കുമ്പോൾ പറയുന്നത് വിവിധ രീതിയിലാണ്.
കുട്ടി ഇടതുകൈയ്യിൽ പിടിച്ചും,കാൽമുട്ടിൽ വച്ചും,ഇടതുകൈയ്യിലെ ചൂണ്ടുവിരലിനു മുകളിൽ വച്ചും,ഇടതു കൈ മടക്കിപ്പിടിച്ചു അതിനു മുകളിൽ കുട്ടിവച്ചും,മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിനു മുകളിൽ വച്ചും,കാൽപാദത്തിൽവച്ചും ഇങ്ങനെ വിവിധ രീതിയിൽ കുട്ടി വച്ചുകൊണ്ട് കോലുകൊണ്ട് അടിക്കുന്ന ഈ കളി അക്കാലത്ത് സർവ്വസാധാരണമായിരുന്നു.ക്രിക്കറ്റ് പ്രചാരത്തിലായതോടെ ഈ കളിയും പുതിയ തലമുറയ്ക്ക് വേണ്ടാതായി.

2020, മേയ് 13, ബുധനാഴ്‌ച

കേരവൃക്ഷം കേരളത്തിന് അന്യമാകരുത്

                      കേരളത്തിൻറെ കാർഷിക സമ്പത്ത് വ്യവസ്ഥയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്ന ഭക്ഷ്യേതര വിളയാണ്  തെങ്ങ്.                                        തെങ്ങിൽനിന്ന് തേങ്ങ മാത്രമല്ല,അതിന്റെ എല്ലാ ഭാഗങ്ങളും ഏതെങ്കിലും തരത്തിൽ ഉപയോഗപ്രദമാണ്.വെളിച്ചെണ്ണ,കള്ള്,കയർ തുടങ്ങിയ വ്യവസായങ്ങൾക്കുവേണ്ട അസംസ്കൃത വസ്ത്തുക്കൾ തെങ്ങിൽനിന്ന് ലഭിക്കുന്നു.ഓലയും മടലും ചിരട്ടയും വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ പറ്റുന്നു.തീരപ്രദേശങ്ങളിലാണ് തെങ്ങു സമൃദ്ധിയായി വളരുന്നത്.തീരദേശത്ത് നീർവാഴ്ചയുള്ള മണ്ണുള്ളതുകൊണ്ടാണ് തെങ്ങു തഴച്ചു വളരുന്നത്.
തെങ്ങിന് വേനൽക്കാലത്ത് നനയ്ക്കുകയാണെങ്കിൽ എല്ലാവർഷവും അതേസമയത്ത് നനച്ചിരിക്കണം.വെള്ളത്തതിന്റെ ലഭ്യതയനുസരിച്ചു വളരുവാൻ കഴിവുള്ള ഒരു വൃക്ഷമാണ് തെങ്ങ്.
തെങ്ങിൻ തോപ്പുകളിൽ പച്ചിലച്ചെടികൾവളർത്തി അതിനുതന്നെ വളമായി ഉപയോഗിക്കുന്നു. മഴക്കാലത്തു തെങ്ങിൻ ചുവട്ടിൽ വെള്ളം സംഭരിക്കുവാൻ തടമെടുത്തു കൊടുക്കണം.വലിയ പരിചരണം കൊടുത്തില്ലെങ്കിലും അത്യാവശ്യം കൃഷിപ്പണികൾ ചെയ്താൽ തെങ്ങിൽനിന്നും നല്ല രീതിയിൽ ഫലം ലഭ്യമാകും. 
കൊപ്ര ആട്ടി വെളിച്ചെണ്ണയെടുക്കുന്നത് കേരളത്തിൽ സർവ്വസാധാരണമാണ്.പഴയ കാലത്ത് നാടൻ ചക്കുകളിലാണ് കൊപ്ര ആട്ടിയിരുന്നത്.എന്നാലിപ്പോൾ യന്ത്രമില്ലുകൾ  കിട്ടാവുന്നത്ര വെളിച്ചെണ്ണ കൊപ്രയിൽനിന്നു ആട്ടിയെടുക്കുവാൻ സഹായിക്കുന്നു.  പിണ്ണാക്ക് കാലിത്തീറ്റയായും വളമായും ഉപയോഗിക്കാറുണ്ട്. തേങ്ങയുടെ മടലിൽനിന്നു ലഭിക്കുന്ന ചകിരി,കയറും കയറുല്പന്നങ്ങളുടെയും വ്യവസായത്തിൻറെ പ്രധാന അസംസ്കൃത വസ്തുവാണ്.ചിരട്ട ഇന്ധനമായും  വ്യവസായികാവശ്യത്തിനായും ഉപയോഗിക്കുന്നു.കള്ളുവ്യവസായവും തെങ്ങിനെ ആശ്രയിച്ചു നിൽക്കുന്നു. തെങ്ങിൽനിന്നും കരിക്ക് എടുക്കുകയാണെങ്കിൽ നല്ലവിലയും കിട്ടും ഉത്പാദനശേഷിയും കൂടും.കരിക്കും കരിക്കുകൊണ്ടുള്ള വിഭവങ്ങൾക്കും ഇപ്പോൾ നല്ല വിപണിയുള്ളതിനാൽ കരിക്കുവില്പന വളരെ ലാഭകരമാണ്. 
നല്ലഉൽപ്പാദനശേഷിയുള്ള തെങ്ങിനെ മാതൃ വൃക്ഷമായി തെരഞ്ഞെടുത്ത് അതിൽനിന്നുള്ള തേങ്ങകളായിരിക്കണം വിത്തിനായി തെരഞ്ഞെടുക്കേണ്ടത്.ഇരുപതു വർഷത്തിൽ കുറവ് പ്രായമുള്ള തെങ്ങിൽനിന്നും വിത്തുതേങ്ങയെടുക്കരുത്.ഫെബ്രുവരി,മാർച്ച്,ഏപ്രിൽ മാസങ്ങളിലാണ് വിത്ത് തേങ്ങ ശേഖരിക്കേണ്ടത്.പ്രതിവർഷം 80-85 തേങ്ങയിൽ കുറവ് ലഭിക്കുന്ന തെങ്ങിനെയും വിത്തുസംഭരണത്തിൽനിന്നും ഒഴിവാക്കേണ്ടതാണ്.600 ഗ്രാമിൽ കുറവ് തൂക്കമുള്ള തേങ്ങയും എടുക്കരുത്.നട്ടു മൂന്നുമാസം കഴിഞ്ഞാൽ തേങ്ങാ മുളച്ചുതുടങ്ങും.

നല്ല ലക്ഷണമൊത്ത തെങ്ങിൻ തൈകളായിരിക്കണം നടുന്നതിനുവേണ്ടി തെരഞ്ഞെടുക്കേണ്ടത്.തെങ്ങിൻതോപ്പുകളുടെ കാലം കഴിഞ്ഞെങ്കിലും ഓരോ വീട്ടിലും ലഭ്യമായ സ്ഥലത്ത് തെങ്ങ് നട്ടുപിടിപ്പിച്ചാൽ വീട്ടാവശ്യത്തിനുള്ള നാളികേരം നമുക്ക് സ്വന്തമായി ഉൽപ്പാദിപ്പിക്കാം.നല്ലരീതിയിൽ പരിചരിച്ചാൽ നല്ലവിളനൽകുന്ന കല്പവൃക്ഷമാണ് തെങ്ങ്.



   

2020, മേയ് 12, ചൊവ്വാഴ്ച

ഐ ഓ സി പുതുവൈപ്പ് വിടുവാൻ ഇനിയും വൈകരുത്

പുതുവൈപ്പ് എൽ പി ജി ടെർമിനൽ പദ്ധതിക്കെതിരെ  ആരംഭത്തിൽത്തന്നെ നാട്ടുകാർ സമരം തുടങ്ങിയിരുന്നെങ്കിലും  2017 ജൂൺ മുതലാണ് ഇത് ശക്തിപ്രാപിച്ചത്.പദ്ധതി പ്രദേശത്തുതന്നെയുള്ള stസെബാസ്റ്റ്യൻ പള്ളിപ്പരിസരത്തുനിന്ന് ആരംഭിച്ച  ഐ ഓ സി  മാർച്ചും തുടർന്നുണ്ടായ പോലീസ് ലാത്തിചാർജുമാണ്  സമരത്തിന് വലിയ വാർത്തപ്രാധാന്യം നേടിക്കൊടുത്തത്. സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനക്കൂട്ടത്തെ പോലീസ് നടുറോഡിലിട്ട്  ക്രൂരമായി ലാത്തിച്ചാർജ് ചെയ്തത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയഒരു സംഭവമായിരുന്നു. നിരപരാധികളായ സമരക്കാരെ അറസ്റ് ചെയ്ത പോലീസ്അവർക്കെതിരെ അന്ന് കേസുമെടുത്തിരുന്നു. ഡി സി പി യതീഷ് ചന്ദ്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത ഈ ലാത്തിചാർജിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ   സംസ്ഥാന സർക്കാർ നടപടിയെടുക്കാഞ്ഞതിൽ നാട്ടുകാർക്ക് പരക്കെ അമർഷവുമുണ്ട്.





വൈപ്പിന്കരയിലെ ജനങ്ങൾ നിരവധി ദുരന്തങ്ങൾ കണ്ടവരാണ്  .82 ലെ വൈപ്പിൻ മദ്യദുരന്തം,സർക്കാർ ചാരായ ഷാപ്പിലൂടെ നൽകിയ ചാരായമാണ് അന്ന് എൺപതോളം പേരുടെ ജീവനപഹരിച്ചത്.
83 ലെ മുരിക്കുംപാടം വഞ്ചിയപകടം പതിനെട്ടുപേർ അന്ന് മരിച്ചു.മുരിക്കുംപാടത്തുനിന്നു എറണാകുളത്തേയ്ക് പോകുന്ന ബോട്ടുകൾ പനമ്പുകാട്‌നിന്നാരംഭിച്ചു മുരിക്കുംപാടം വഴി പോകണമെന്ന ആവശ്യം നടപ്പാകുവാൻ 18 പേര് പുഴയിൽ മുങ്ങിമരിക്കേണ്ടിവന്നു. നിരവധി ബസ്സപകടങ്ങളും ഇവിടെ നമ്മൾ കണ്ടതാണ്.2015 ഓഗസ്റ് 26 നു പതിനൊന്നുപേരുടെ ജീവനെടുത്തുകൊണ്ട് ഫോട്കൊച്ചിയിൽ കൊച്ചി നഗരസഭാ ഫെറി ബോട്ടും കായലിൽ മുങ്ങിത്താണു.
ഇതെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിലുള്ള നഗ്നമായ നിയമലംഘനമാണ്.അപകടങ്ങൾ നടന്നുകഴിയുമ്പോൾ   അന്വേഷണകമ്മീഷനുകളേയും മറ്റും നിയമിച്ച് രക്ഷപെടുത്തേണ്ടവരെയൊക്കെ രക്ഷപ്പെടുത്തുന്നു. അത്തരം ഒരവസ്ഥ പുതുവൈപ്പിലുണ്ടാകരുത്.
അത്യാധുനിക സുരക്ഷാക്രമീകരണകളുണ്ടെന്നു പറഞ്ഞാലും ജനവാസ മേഖലയിൽ ഇത്തരം അപകടകരമായ പദ്ധതികൾക്ക് അനുമതികൊടുക്കുവാനുള്ള തീരുമാനമെടുക്കുംമുൻപ്  ബന്ധപ്പെട്ടവർ അല്പംകൂടി  വിവേകത്തോടെ കാര്യങ്ങൾ കാണണമായിരുന്നു.
പുതുവൈപ്പ് എൽ പി ജി ടെർമിനൽ പദ്ധതിക്കെതിരെ  ആരംഭത്തിൽത്തന്നെ നാട്ടുകാർ സമരം തുടങ്ങിയിരുന്നെങ്കിലും  2017 ജൂൺ മുതലാണ് ഇത് ശക്തിപ്രാപിച്ചതും പൊതുജനശ്രദ്ധ നേടിയതും.പദ്ധതി പ്രദേശത്തുതന്നെയുള്ള സെൻറ്.സെബാസ്റ്റ്യൻ പള്ളിപ്പരിസരത്തുനിന്ന് ആരംഭിച്ച  ഐ ഓ സി  മാർച്ചും തുടർന്നുണ്ടായ പോലീസ് ലാത്തിചാർജുമാണ്  സമരത്തിന് വലിയ വാർത്തപ്രാധാന്യം നേടിക്കൊടുത്തത്. സ്ത്രീകളും കുട്ടികളുമടങ്ങിയ വലിയൊരു ജനക്കൂട്ടത്തെ പോലീസ് നടുറോഡിലിട്ട്  ക്രൂരമായി ലാത്തിച്ചാർജ് ചെയ്തത് മനുഷ്യമനസ്സാക്ഷിയെ നടുക്കിയഒരു സംഭവമായിരുന്നു. നിരപരാധികളായ സമരക്കാരെ അറസ്റ് ചെയ്ത പോലീസ് അവർക്കെതിരെ അന്ന് കേസുമെടുത്തിരുന്നു. ഡി സി പി യതീഷ് ചന്ദ്രയ്ക്ക് കുപ്രസിദ്ധി നേടിക്കൊടുത്ത ഈ ലാത്തിചാർജിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ   സംസ്ഥാന സർക്കാർ നടപടിയെടുക്കാഞ്ഞതിൽ നാട്ടുകാർക്ക് പരക്കെ അമർഷവുമുണ്ട്.
പോർട്ട് ട്രസ്റ്റ് പാട്ടത്തിനു നൽകിയ സ്ഥലത്താണ് പുറം കടലിൽ ഐ ഓ സി  ജെട്ടി പണിയുന്നത്.അതിനാൽ പ്രതിവർഷം അൻപതുകോടി അവർക്കു കിട്ടും.പദ്ധതി പ്രാവർത്തികമായാൽ സംസ്ഥാന സർക്കാരിനും നികുതിയിനത്തിൽ കോടികൾ കൈവരും,
ഇത്തരം നേട്ടങ്ങളുള്ള ഒരു പദ്ധതി ഉപേക്ഷിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് താല്പര്യമുണ്ടാവുകയില്ല.അത് സ്വാഭാവികം മാത്രം.

 എന്നാൽ,മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരുമായ ഇവിടത്തുകാർക്ക്  അവരുടെ തൊഴിൽ ചെയ്തു സ്വസ്ഥമായി ജീവിക്കുവാൻ ഈ പദ്ധതിയൊരു തടസ്സമായിക്കൂടാ. ജനങ്ങളുമായി വീണ്ടും ഒരേറ്റുമുട്ടലിനു ഇടവരുത്താതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ  ജനവാസ മേഖലയിൽനിന്ന് ഈ പദ്ധതി ഒഴിവാക്കുവാൻ ഇനിയും അമാന്തിക്കരുത്......





2020, മേയ് 10, ഞായറാഴ്‌ച

ഞങ്ങളെ ചുട്ടുകൊല്ലുവാനുള്ള ഈ പദ്ധതി ഇനിയെങ്കിലും ഉപേക്ഷിക്കരുതോ...... ?-2




Add cപുതുവൈപ്പിലെ നിർദിഷ്ട എൽ പി ജി പ്ലാൻറ് aption

കൊച്ചിക്കായലിലെ ദ്വീപുകളിലേക്ക് പാലങ്ങൾ പണിതതോടുകൂടിയാണ് ഇവിടേക്ക് വികസനങ്ങൾ ഒഴുകിയെത്തുവാൻ തുടങ്ങിയത്.ദ്വീപുകൾ 

നഗരത്തെ തൊട്ടതോടുകൂടി വികസനങ്ങളുടെ ഘോഷയാത്രയാണ് അരങ്ങേറിയത്.
ആദ്യം തന്നെ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ബെർത്തും,തുടർന്ന് എസ്

പി എം പദ്ധതിയും  പിന്നീട് എൽ എൻ ജി പദ്ധതിയും വൈപ്പിനിലേക്ക്‌ വരവായി.ഇതെല്ലാം വൈപ്പിനിൻറെയും വല്ലാര്പാടത്തത്തിന്റെയും തെക്കേ അതിർത്തിയോട് ചേർന്നാനു യാഥാർഥ്യമാക്കിയിരിക്കുന്നത്.എന്നാൽ ഏറ്റവും അപകടകരമായ ഒരു പദ്ധതിയായ എൽ പി ജി പദ്ധതിയാകട്ടെ ജനവാസമേഖലയ്ക്കുള്ളിലും.ചെറിയൊരു തീപ്പൊരിയുണ്ടായാൽ മതി അത് ആളിക്കത്തുവാനുള്ള  ശക്തമായ കടൽക്കാറ്റുമുള്ള ഒരു പ്രദേശം.
ഐ ഒ  സി  ഇവിടെ രണ്ടായിരത്തിയിരുന്നൂറു കോടി രൂപയുടെപദ്ധതിയാണ് ലക്ഷ്യമിടുന്നത്.
ഗ്യാസ് ഇറക്കുമതിചെയുവാനുള്ള ജെട്ടിയും അത് സംഭരിക്കുവാനുള്ള കൂറ്റൻ ടാങ്കുകളും ഗ്യാസ് കൊണ്ടുപോകുവാനുള്ള പൈപ്പലൈനുകളുമാണ് ഇവിടെ പണിയുന്നത് .
പദ്ധതി പ്രാവർത്തികമായാൽ ഇറക്കുമതി ചെയ്യുന്ന എൽ പി ജി  പൈപ്പ് ലൈൻ വഴി വിവിധ സ്ഥലങ്ങളിലേക്ക്  കൊണ്ടുപോകുവാൻ കഴിയും.
സ്റ്റോറേജ് ടെര്മിനലിൻ്റെ 45 ശതമാനത്തോളം  നിർമ്മാണം പൂർത്തീകരിച്ചെന്നും ഇനി പിന്നോട്ടില്ലെന്നുമാണ് കമ്പനി വക്താവ് പറയുന്നത്.
ബുള്ളറ്റ് ടാങ്കറുകളെ ഒഴിവാക്കുവാനുമാകും .
ഇത്തരം അപകടകരമായ ഒരു പദ്ധതിയുടെ പ്ലാനും ലേയൗട്ടും അംഗീകാരത്തിന് സമർപ്പിച്ചപ്പോൾ തൊട്ടുചേർന്ന് ഒരു വലിയ ജനവാസ മേഖലയുണ്ടെന്നത് ബന്ധപ്പെട്ടവർ മറച്ചുവച്ചിട്ടായിരിക്കുംനടപടികൾക്കു വിട്ടതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എന്തൊക്കെ നേട്ടമുണ്ടായാലും ജനവാസമേഖലയിൽ ഇത്തരം ഒരു പദ്ധതി അനുവദനീയമല്ല.








                 

2020, മേയ് 9, ശനിയാഴ്‌ച

ഞങ്ങളെ ചുട്ടുകൊല്ലുവാനുള്ള ഈ പദ്ധതി ഇനിയെങ്കിലും ഉപേക്ഷിക്കരുതോ...... ?

Add caപുതുവൈപ്പ് എൽ പി ജി ടെർമിനൽ വിരുദ്ധ സമരം ption
ഞങ്ങളെ ചുട്ടുകൊല്ലുവാനുള്ള ഈ പദ്ധതി ഇനിയെങ്കിലും ഉപേക്ഷിക്കരുതോ...... ?
വിശാഖപട്ടണത്തെ വിഷവാതക ചോർച്ചയെത്തുടർന്നു 12 പേർ മരണമടഞ്ഞ വാർത്തകൾ കേട്ടുകൊണ്ടിരുന്ന പുതുവൈപ്പിലെ ഒരു വല്യമ്മിച്ചിയുടെ പ്രതികരണമായിരുന്നു ഇത്. 
അതെ,പുതുവൈപ്പ് പ്രദേശത്തെ മാത്രമല്ല,വൈപ്പിൻകരയിലെ മുഴുവൻ ജനങ്ങളും വിശാഖപട്ടണ ദുരന്ത വാർത്ത കേട്ടപ്പോൾ മുതൽ ആശങ്കയിലാണ്.
ജനവാസ മേഖലയിലെ നിർദിഷ്ട ഐ ഓ സി എൽ പി ജി പ്ലാൻറ് പ്രവർത്തനം ആരംഭിച്ചാൽ  ഈ മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണെന്നാണ് വിശാഖപട്ടണം ദുരന്തം ചൂണ്ടിക്കാട്ടുന്നത്. വിശാഖപട്ടണത്ത് ദുരന്തത്തിനിരയായവർ എല്ലാവരുംതന്നെ  സമീപ പ്രദേശവാസികളായിരുന്നു.കാറ്റിൻറെ ഗതിയനുസരിച്ച്  വാതകം പ്രദേശമാകെ പരന്നതോടെ  ദുരന്തത്തിൻറെ  വ്യാപ്തിയും  വർധിച്ചു  
ഭോപ്പാലിൽ യൂണിയൻ കാർബൈഡ് കമ്പനിയിലുണ്ടായ വിഷവാതക ദുരന്തവും കാറ്റിൻറെ  ദിശയിലുള്ളവരെയാണ് കൂടുതലായും ബാധിച്ചത്.
Addവിശാഖപട്ടണ ദുരന്തത്തിനിരയായവർ  caption
   
പുതുവൈപ്പിൻറെ കാര്യത്തിലും കാറ്റ് ഒരു പ്രധാന ഘടകമായിരിക്കും.
അറബിക്കടലിനോട് ചേർന്നാണ് നിർദിഷ്ട പ്ലാൻറ് നിർമ്മിക്കുന്നതിനുള്ള സ്ഥലം.പ്ലാൻറ് കഴിഞ്ഞാൽ എൽ എൻ ജി യിലേക്കുള്ള ഒരു റോഡ്,റോഡിനോട് ചേർന്ന് വലിയൊരു ജനവാസ മേഖല.
ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതകൂടിയ വൈപ്പിൻകരയിലാണ് പുതുവൈപ്പ് നിർദിഷ്ട പദ്ധതി പ്രദേശം. ഇവിടെ ഒരപകടമുണ്ടായാൽ നിമിഷങ്ങൾകൊണ്ട് കിലോമീറ്ററുകളോളം പ്രദേശം അഗ്നിക്കിരയാകും.എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്നതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നതെങ്കിലും ഒരു ചെറിയ പിശക് മതി അപകടം സംഭവിക്കുവാൻ. ഭോപ്പാലിലും വിശാഖപട്ടണത്തും സുരക്ഷാക്രമീകരണകളൊക്കെ ഉണ്ടായിരുന്നതല്ലേ,പിന്നെങ്ങിനെ അവിടെയൊക്കെ അപകടം സംഭവിച്ചു.
അപ്പോൾ ജനവാസമേഖലയിൽ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന ഈ പദ്ധതി ഇവിടെത്തന്നെ സ്ഥാപിക്കണമോയെന്ന് ഒരിക്കൽകൂടി ചിന്തിക്കുന്നതല്ലേ ബുദ്ധി....



എന്താണ് എൽ പി ജി പദ്ധതി ...അതിനെക്കുറിച്ചു അടുത്തതിൽ 


















   



2020, മേയ് 8, വെള്ളിയാഴ്‌ച

വേറിട്ടൊരു കളിമൺ പാത്രനിർമ്മാണ ശൈലി


തത്തപ്പിള്ളിയിലെ അമ്മച്ചിമാരുടെ കളിമൺ പാത്രനിർമ്മാണ രീതി കുറച്ചുകൂടി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് വീണ്ടും ഇതിനെക്കുറിച്ച് എഴുതുന്നത്.
കേരളത്തിലൊരിടത്തും,ഒരുപക്ഷേ,ഇന്ത്യയിൽ തന്നെ, ഇപ്പോൾ നിലവിലില്ലാത്ത ഒരു നിർമ്മാണരീതിയാണ് തത്തപ്പിള്ളിയിലെ വല്യമ്മിച്ചിമാരുടേത് . നിലമ്പുർ മുതൽ ഇങ്ങോട്ട് നിരവധി പാത്രനിർമ്മാണക്കാരെ കണ്ടിരുന്നു.ഡൽഹി ഐ എൻ എ മാർക്കറ്റിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള   കളിമൺ പാത്രം നിർമ്മിക്കുന്നവരുമായും സംസാരിക്കുവാനുള്ള അവസരമുണ്ടായി.

 എല്ലായിടത്തും പാത്രത്തിന് ആകൃതി വരുത്തുന്നത് ചക്രം കറക്കിക്കൊണ്ടായിരുന്നു .
എന്നാൽ ,തത്തപ്പിള്ളിയിലെ നമ്മുടെ അമ്മച്ചിമാരുടെ നിർമ്മാണരീതി മറ്റൊരിടത്തും  കണ്ടില്ല.

നിർമ്മിക്കുവാനുദ്ദേശിക്കുന്ന പാത്രത്തിനെ മേൽഭാഗം കീഴ്‌ഭാഗം എന്ന രണ്ട് ഭാഗങ്ങളായി തിരിച്ചു രണ്ട് മോൾഡുകളുണ്ടാക്കുന്നു.മോൾഡിനു മേലെ നിശ്ചിത കനത്തിൽ നേരത്തെ മിക്സ് ചെയ്തുവച്ച കളിമണ്ണ് തേച്ചു പിടിപ്പിക്കുന്നു.മരം കൊണ്ടുള്ള ഒരു കൊട്ടുവടി ഉപയോഗിച്ച് തല്ലിയുറപ്പിക്കുന്നു ഇങ്ങനെ രണ്ട് ഭാഗവും (ചിത്രം 1 )നന്നായി മിനുക്കിയതിനു ശേഷം രണ്ടും കൂടി യോജിപ്പിക്കുന്നു.(ചിത്രം2 )ജോയിന്റിൽ ചെളി ചേർത്തുവച്ചു വീണ്ടും കൊട്ടുവടികൊണ്ട് തല്ലി യോജിപ്പിക്കുന്നു.പിന്നീട് പത്രത്തിൻറെ വക്കു പിടിപ്പിക്കുന്നു.  വക്കും വേറെ നിർമ്മിച്ചതിനുശേഷമാണ്   കൂട്ടിയോജിപ്പിക്കുന്നത്.(ചിത്രം3 )പത്രത്തിന്റെ ഉള്ളിൽ ഉരുളൻ കല്ലുവച്ച് പുറത്ത് മരം കൊണ്ടുള്ള കൊട്ടുവടി യുപയോഗിച് നല്ലവണ്ണം മിനുക്കുന്നു  
ഓരോ മോൾഡുമുപയോഗിച്ചു ഓരോ ഭാഗവും നിർമ്മിക്കുന്നു.തുടർന്ന് രണ്ടും കൂടി ഒരുമിച്ചു കൂട്ടിയോജിപ്പിക്കുന്നു.പാത്രത്തിൻറെ യുള്ളിൽ ഒരു ചെറിയ കല്ലുവച്ച് പുറം ഭാഗത്ത് ചെറിയ ചുറ്റികകൊണ്ട് അടിച്ചു കൂട്ടുന്നു.(ചിത്രം 5 ). നെറ്റ് ഉപയോഗിച്ച് അലങ്കാരപ്പണിയും .(ചിത്രം 6 )ചെയ്തതിനുശേഷം  വെയിലത്ത് വച്ച് ഉണക്കുന്നു.തുടർന്ന്  ഉയർന്ന താപനിലയിൽ ചൂളയിൽ ചുട്ടെടുക്കുന്നു.ഇപ്പോൾ വില്പനയ്ക്ക് തയ്യാറായ പത്രങ്ങളായി.

.
ഇത്തരത്തിലുള്ള പാത്രം നിർർമ്മാണരീതി അവലംബിക്കുന്നവരിൽ ജീവിച്ചിരിക്കുന്നവരിലെ  അവസാനത്തെ കണ്ണികളാണിവർ. 



പാരമ്പര്യമായി ഇവർക്കുകിട്ടിയ ഈ വരദാനം ഇവരുടെ കാലശേഷം അസ്തമിച്ചുപോകുവാനാണ് ഏറെ സാദ്ധ്യത.
ഈ കലാരീതിയെ സംരക്ഷിക്കുവാൻ നമുക്ക് ബാദ്ധ്യതയില്ലേ ?




































2020, മേയ് 6, ബുധനാഴ്‌ച

കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമ.........






കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമൺ പ്രതിമ.........

അറുപതിലധികം വർഷങ്ങളായി ഈ തൊഴിൽ ചെയ്യുന്ന ഞങ്ങളുടെ അവസ്ഥയും ഏതാണ്ട് ഇതുപോലെയാണ്.ഒരു നിർവ്വികാരാവസ്ഥ.
പതിനഞ്ചു  വയസുമുതലാണ് ഞാൻ ഈ തൊഴിൽ ചെയ്യുന്നത്. ഇനിയെത്രകാലം ഇത് തുടരുമെന്നറിയില്ല. ഞങ്ങളുടെ കാലശേഷം ഈ നിർമ്മാണരീതിതന്നെ ഇല്ലാതാകും.നിർമ്മിച്ചുവച്ചിരിക്കുന്ന മൺപാത്രങ്ങളെ  നോക്കി ഭാനുമതിയമ്മ നെടുവീർപ്പിട്ടു.
ഭാനുമതിയമ്മ (77 ) തങ്കമ്മ(74 )തങ്കമ്മ (64)എന്നിവർ തത്തപ്പിള്ളിയിലെ ബാലകൃഷ്ണന്റെ കളിമൺ പത്രയൂണിറ്റിലെ ജീവനക്കാരാണ്.
ഇവരുടെ പാത്രനിർമ്മാണരീതി സാധാരണയിൽനിന്നും വ്യത്യസ്തമാണ്.


നിർമ്മിക്കുവാനുദ്ദേശിക്കുന്ന പാത്രത്തിനെ മേൽഭാഗം കീഴ്‌ഭാഗം എന്ന രണ്ട് ഭാഗങ്ങളായി തിരിച്ചു രണ്ട് മോൾഡുകളുണ്ടാക്കുന്നു.ഓരോ മോൾഡുമുപയോഗിച്ചു ഓരോ ഭാഗവും നിർമ്മിക്കുന്നു.തുടർന്ന് രണ്ടും കൂടി ഒരുമിച്ചു കൂട്ടിയോജിപ്പിക്കുന്നു.പാത്രത്തിൻറെ യുള്ളിൽ ഒരു ചെറിയ കല്ലുവച്ച് പുറം ഭാഗത്ത് ചെറിയ ചുറ്റികകൊണ്ട് അടിച്ചു കൂട്ടുന്നു.


അതുപോലെതന്നെ വക്കും വേറെ നിർമ്മിച്ചതിനുശേഷം ഇങ്ങനെ കൂട്ടിയോജിപ്പിക്കുന്നു.
പിന്നീട് ഡിസൈൻ മോൾഡുകൊണ്ട് ഡിസൈനും വരുത്തുന്നു.
ഉയർന്ന താപത്തിൽ ചൂളയിൽവച്ച് ചുട്ടെടുത്തുകഴിയുമ്പോൾ  വില്പനയ്ക്ക് തയ്യാർ.


ഇത്തരത്തിലുള്ള പാത്രം നിർർമ്മാണരീതി അവലംബിക്കുന്നവരിൽ ജീവിച്ചിരിക്കുന്നവരിലെ  അവസാനത്തെ കണ്ണികളാണിവർ.




പ്രസാദാണ് തത്തപ്പിള്ളിയിലെ രണ്ടാമത്തെ യൂണിറ്റിൻറെയുടമ.ചക്രം കറക്കിയാണ് ഇദ്ദേഹംപാത്രം നിർമ്മിക്കുന്നത്.പാത്രനിർമ്മാണ ജോലി വൻ പ്രതിസന്ധിയിലാണെന്നാണ് പ്രസാദ് പറയുന്നത്.
ഇവിടെത്തന്നെയുള്ള പാടങ്ങളിൽനിന്നായിരുന്നു നേരത്തെ കളിമണ്ണ് ശേഖരിച്ചിരുന്നത്.മണ്ണ് കുഴിച്ചെടുക്കുന്നതിന് നിയന്ത്രണങ്ങളായപ്പോൾ ഷൊർണ്ണൂരിൽ നിന്നും തമിഴ്‌നാട്ടിൽനിന്നുമാണ് അസംകൃതവസ്തുവായ കളിമണ്ണ് കൊണ്ടുവരുന്നത്.നിർമാണച്ചെലവ് ക്രമാതീതമായി ഉയരുവാനിതിടയാക്കുന്നു.ഉപഭോക്താവിനും  നിർമ്മാതാവിനുമിടയിലെ ഇടനിലക്കാരുടെ ചൂഷണം  മതിയായ വില ലഭിക്കുന്നതിന് തടസ്സമാകുന്നു.


കളിമണ്ണുകൊണ്ടുള്ള പാത്രങ്ങൾക്കു ആവശ്യക്കാരേറെയുണ്ടെങ്കിലും അത്തരം ആളുകളുടെ കയ്യിൽ ഇവയെത്തുന്നതിനുള്ള ക്രമീകരണങ്ങളില്ലാത്തത് ഒരു പ്രശനം തന്നെയാണെന്നാണ് പ്രസാദിൻറെ  കണ്ടെത്തൽ.
 പറവൂർ തത്തപ്പിള്ളിയിൽ മാത്രമാണ് എറണാകുളം ജില്ലയിൽ ഇപ്പോൾ  പ്രവർത്തിക്കുന്നമൺപാത്ര യൂണിറ്റുകളുള്ളത്.പറവൂർ ആലുവ റോഡിൽ വെടിമറ ജംക്ഷനിൽനിന്നു വലത്തോട്ട് രണ്ട് കി മി ചെല്ലുമ്പോഴാണ് തത്തപ്പിള്ളി ഗ്രാമം.
ഒരുകാലത്ത് മണ്പാത്രനിർമ്മാണത്തിനു പേരുകേട്ട ഒരു ഗ്രാമമായിരുന്നു തത്തപ്പിള്ളി.ഏകദേശം നൂറോളം കുടുംബങ്ങൾ ഈ തൊഴിലിൽ അന്ന് ഏർപ്പെട്ടിരുന്നു.
മൺപാത്രനിർമ്മാണത്തിൽ കുശവൻ, കുലവൻ, കൂമ്പാരൻ , ഓടൻ, ആന്തൂർനായർ, ആന്ധ്രാനായർ,ആംഗ്ലോ ഇന്ത്യൻ ഒ ഇ സി തുടങ്ങിയ ഏഴ് വിഭാഗം സമുദായങ്ങളാണ് കേരളത്തിലുണ്ടായിരുന്നത്.

അതിൽ മൂലമ്പിള്ളിയിൽ മാത്രമാണ് ആംഗ്ലോഇന്ത്യൻ സമുദായം ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നത്.വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ ഒരു  കറിച്ചട്ടി നിർമ്മാണ സഹകരണ സംഘമായിരുന്നു അവിടത്തേത്.

യൂണിറ്റാണ് മൂലമ്പിള്ളിയിൽ പ്രവർത്തിച്ചിരുന്നത്.നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന ഒരു സഹകരണ പ്രസ്ഥാനമായിരുന്നു മൂലമ്പിള്ളിയിലേത്. കളിമണ്ണിന്റെ ലഭ്യതക്കുറവ്,പുതുതലമുറയ്ക്കു ഈ തൊഴിലിനോടുള്ള വിമുഖത തുടങ്ങിയവയാൽ സൊസൈറ്റിയുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.

മറ്റൊരു കളിമണ്പാത്രനിർമ്മാണമേഖലയാണ് നിലമ്പുരിലേത്. കെ എസ ആർ ടി സി ബസ് സ്റ്റാൻഡിനു  തൊട്ടടുത്തുതന്നെയാണ്  മൺപാത്ര തൊഴിലാളികളുടെ  സമൂഹമായിട്ടുള്ള താമസസ്ഥലവും തൊഴിലിടവും..കലവും ചട്ടിയും മാത്രമല്ല മറ്റു പല നിത്യോപയോഗ സാധനങ്ങളും ഇവിടെ നിർമ്മിക്കുന്നുണ്ട്.അലുമിനിയ പാത്രങ്ങളും മറ്റുപയോഗിക്കുമ്പോഴുള്ള പാർശ്വഫലങ്ങളൊന്നും മൺപാത്രത്തിനില്ലെന്ന തിരിച്ചറിവ് കുറേപേർക്കെങ്കിലും ഉണ്ടായതുകാരണമായിരിക്കാം വിവിധങ്ങളായ ഓർഡറുകൾ തങ്ങൾക്കു ലഭിക്കുന്നതെന്ന് കുമാരനെന്ന തൊഴിലാളി പറയുന്നു.
വേണ്ടരീതിയിൽ പ്രചാരണവും പ്രോത്സാഹനവും ലഭിക്കുകയാണെങ്കിൽ അന്യം നിന്നുപോകുന്ന ഒരു കുലത്തൊഴിലിനെ നിലനിറുത്തനാകും.കളിമൺ പാത്രനിർമ്മാണം മാന്യമായ തൊഴിലാണെന്നും മാന്യമായ വരുമാനം അതിൽനിന്നു ലഭിക്കുമെന്ന ഉറപ്പും യുവതലമുറയ്ക്കുണ്ടാകണം. .ഒപ്പം യഥാർത്ഥ ഉപഭോക്താവിൻറെ പക്കൽ ഉത്പന്നങ്ങൾ അധികം കൈമറിയാതെ എത്തുവാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണം.









2020, മേയ് 5, ചൊവ്വാഴ്ച

ഫോർട്ടുകൊച്ചിയിലെ തോട്ടിപ്പണിക്കാർ



ആയിരത്തിത്തൊള്ളായിരത്തിയെൻപതുകളുടെ അവസാനംവരെ കൊച്ചിയിലെ ഒരു പ്രഭാത കാഴ്ചയായിരുന്നു മലം നിറച്ച പാട്ടവണ്ടിവലിച്ചുകൊണ്ട് റോഡിലൂടെ ഒരാൾ നടന്നു പോയിരുന്നത്.അക്കാലത്ത് വീടുകളിൽ സെപ്റ്റിക് ടാങ്ക് ആയിട്ടില്ലായിരുന്നു. അന്നത്തെ ശൗചാലയം പാട്ടകക്കൂസുകളായിരുന്നു.എല്ലാദിവസവും രാവിലെ ഓരോ വീട്ടിൽനിന്നും ശേഖരിക്കുന്ന മലം  പാട്ടവണ്ടിയിൽ നിക്ഷേപിക്കുന്നു.പാട്ടവണ്ടി നിറയുമ്പോൾ അതും വലിച്ചുകൊണ്ട് ഫോട്കൊച്ചി വെളിക്ക് തെക്കുവശത്തുള്ള കടലിനോട് ചേർന്നുള്ള പറമ്പിൽ നിക്ഷേപിക്കുന്നു.മനുഷ്യവിസർജ്യം നിക്ഷേപിച്ചിരുന്ന ഈ സ്ഥലത്തിനെ "തീട്ടപ്പറമ്പ്" എന്നാണു വിളിച്ചിരുന്നത്.
തുരുമ്പിച്ച തീട്ടപാട്ട വണ്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോകുമ്പോൾ അതിൻറെ  ദ്വാരത്തിലൂടെ മലം ഇറ്റിറ്റു റോഡിൽ വീഴുമായിരുന്നു.
ആദ്യകാലങ്ങളിൽ പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിച്ചിരുന്നതും അത് വെളിയിലെ തീട്ടപറമ്പിൽ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നതും പ്രാദേശികരായിട്ടുള്ള തൊഴിലാളികളായിരുന്നു.
ഒരു ഞായറാഴ്ച രാവിലെ ഫോട്കൊച്ചി സാന്തക്രൂസ് ദേവാലയത്തിൽ ദിവ്യബലി കഴിഞ്ഞു പുറത്തിറങ്ങിയ ചട്ടക്കാരടക്കം(ഫോർട്ട് കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തെ ചട്ടക്കാർ എന്നാണ് വിളിച്ചിരുന്നത്) ആളുകൾ അസഹ്യമായ മണംകൊണ്ട് ഛർദിക്കുവാൻ തുടങ്ങി. പള്ളിക്കുപുറത്തുള്ള റോഡരികിൽ അന്നുരാവിലെ ശേഖരിച്ച മലം നിറഞ്ഞ തീട്ടപാട്ട വണ്ടികൾ ഓരോന്നായി കൊണ്ടുവന്നിട്ടിരിക്കുകയായിരുന്നു. അതിൽ നിന്നുള്ള ദുർഗന്ധമായിരുന്നു ആളുകളെ അലോസരപ്പെടുത്തിയത്.
ഫോട്കൊച്ചി അന്ന് മുനിസിപ്പാലിറ്റിയായിരുന്നു,ചെയർ മാൻ ശ്രീ കെ ബി ജേക്കബും.പാട്ടകക്കൂസുകളിൽനിന്നും മലം ശേഖരിക്കുന്നതിനുള്ള കൂലിയിൽ വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിൻറെ  ഭാഗമായിട്ടായിരുന്നു തൊഴിലാളികൾ  പാട്ടവണ്ടി റോഡിലുപേക്ഷിച്ചത്‌.

മുനിസിപ്പൽ ചെയർമാൻ കെ ബി ജേക്കബ് അടിയന്തിരമായി വിഷയത്തിലിടപെട്ടുകൊണ്ട്   തമിഴ് നാട്ടിലേക്ക്  ഒരാളെ അയച്ച്‌ ആവശ്യത്തിനുള്ള തമിഴ് തൊഴിലാളികളെ കൊച്ചിയിലേക്ക് കൊണ്ടുവന്നു,കക്കൂസ് വൃത്തിയാക്കുന്ന ജോലി ഇവരെ ഏല്പിച്ചു.ഇങ്ങനെവന്നവരാണ്  കൊച്ചിയിലെ തോട്ടിത്തൊഴിലാളികൾ.ചക്ലിയർ സമുദായത്തിൽപ്പെട്ടവരായിരുന്നു ഇവർ.
ഐ എൻ എസ് ദ്രോണാചാര്യ അന്ന് നേവൽ  കോസ്റ്റ് ബാറ്ററിയെന്നാണ് അറിയപ്പെട്ടിരുന്നത്.വെളി ബീച്ച് റോഡ് ബസ്റ്റോപ്പായിരുന്നു  തെക്കേ അതിർത്തി.  അതിനോട് ചേർന്നുള്ള ഫോട്കൊച്ചി പൊതു ശ്മശാനത്തിലേക്കുള്ള  വഴിയരികിൽ ചക്ലിയർക്ക്  താമസിക്കുവാൻ കെട്ടിടം പണിതു കൊടുത്തു.ചക്ലിയർ കോളനിയുടെ അല്പം കൂടി തെക്കുഭാഗത്തായിരുന്നു   മാലിന്യം നിക്ഷേപിച്ചിരുന്ന തീട്ടപ്പറമ്പ്.എൺപതുകളുടെ അവസാനത്തോടെ എല്ലാവർക്കും സെപ്റ്റിക് ടാങ്കോടുകൂടിയശൗചാലയങ്ങൾ ആയതോടെ തോട്ടിപ്പണിക്കാരെ കോർപറേഷൻ അതിർത്തിയിലെ കാണ ശുചിയാക്കുന്ന തൊഴിലിനും മറ്റുമുപയോഗിച്ചു് അവരുടെ തൊഴിൽ സംരക്ഷിച്ചു.

പിന്നീട് ഐ എൻ എസ് ദ്രോണാചാര്യയുടെ വികസനത്തോടനുബന്ധിച്ചു തെക്കോട്ടുള്ള സ്ഥലം ഏറ്റെടുത്തപ്പോൾ  ചക്ലിയർ കോളനിയും തീട്ടപറമ്പും പൊതു ശ്മശാനവും  നേവിയുടെ അധീനതയിലായി.ചക്ലിയരെ രാമേശ്വരം കോളനിയിലേക്ക് മാറ്റി താമസിപ്പിച്ചു.നൂറിൽ താഴെ ചക്ലിയർ കുടുംബങ്ങളാണ് ഇപ്പോൾ രാമേശ്വരം കോളനിയിലുള്ളത്.































2020, മേയ് 2, ശനിയാഴ്‌ച

കൊറോണക്കാലത്തെ മദ്യവില്പന മുഖ്യമന്ത്രി തടഞ്ഞു

ലോക് ഡൌൺ കാലത്ത് നിർത്തലാക്കിയ മദ്യവില്പന തിങ്കളാഴ്ചമുതൽ ആരംഭിക്കുവാൻ തയ്യാറായ  എക്സൈസ് നടപടി    മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞത് സ്വാഗതാർഹമാണ്.ലോക് ഡൌൺ കഴിഞ്ഞതിനുശേഷമേ ഇനി മദ്യ വില്പന പുനരാരംഭിക്കുകയുള്ളൂവെ  ന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അഭിനന്ദനാർഹനാണ്‌.
മദ്യവില്പന തുടങ്ങുമെന്ന് ഇടയ്ക്കിടയ്ക്കു എക്സൈസ് വകുപ്പിൽനിന്ന് അറിയിപ്പുകൾ പുറത്തുവരാറുണ്ട്.ഇത്ര തിടുക്കത്തിൽ വില്പന ആരംഭിക്കേണ്ട ഒരാവശ്യവസ്തുവാണോ മദ്യം.പ്രേതേകിച്ച് ലോക് ഡൗണിൽ കേരളം മുഴുവനും നിശ്ചലമായിരിക്കുന്ന ഒരവസ്ഥയിൽ.
മദ്യം ലഭിക്കാത്തതിൻറെ പേരിൽ അതുപയോഗിച്ചു ശീലിച്ചവർക്ക് മനസ്സീക ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ടെന്നും അത് ദൂരീകരിക്കുന്നതിനുവേണ്ടി മദ്യവില്പന ഉടനെ ആരംഭിക്കണമെന്നുമാണ്  ബന്ധപ്പെട്ട വകുപ്പിൻറെ അഭിപ്രായം.
മദ്യവില്പന നിറുത്തിവച്ചതിൻറെ അടുത്ത ദിവസങ്ങളിൽ മദ്യം കിട്ടാതെ വന്നതിൻറെ അസ്വസ്ഥതയാൽ  ഒന്നുരണ്ട് പേർ ആത്മഹത്യ ചെയ്തതായി വാർത്തയും വന്നിരുന്നു.എന്നാൽ തുടർന്നിങ്ങോട്ട് അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മദ്യം ലഭ്യമല്ലാതായപ്പോൾ അതില്ലാതേയും ജീവിക്കാൻ മദ്യപന്മാർ പഠിച്ചു.കയ്യെത്തും ദൂരത്ത് ലഭ്യമാകുമ്പോൾ അതുപയോഗിക്കുവാനുള്ള പ്രവണതയും  കൂടും.
സമൂഹവ്യാപനം തടയാൻവേണ്ടിയാണ് ലോക് ഡൌൺ പ്രഖ്യാപിച്ചത്.അപ്പോൾ ലോക് ഡൌൺ പൂർണമായും പിൻവലിച്ചു സാധാരണ ജീവിതം ഉറപ്പുവന്നതിനു ശേഷം പോരെ മദ്യവില്പന.

മദ്യവില്പന നിറുത്തിയതുകൊണ്ടുള്ള സർക്കാരിൻറെ റെവന്യൂ നഷ്‍ടം മനസ്സിലാകും .പക്ഷെ,അത് നികത്തുന്നതിന് തിടുക്കത്തിൽ മദ്യവില്പന പുനരാരംഭിച്ചാൽ വിപരീതഫലമായിരിക്കും ഉണ്ടാവുക.

സമ്പൂർണ്ണ മദ്യനിരോധനം വേണമെന്നൊന്നും പറയുന്നില്ല,അതൊക്കെ തീരുമാനിക്കേണ്ടത് സർക്കാരാണ്.പക്ഷേ,വില്പന ആരംഭിച്ചാൽ മദ്യപന്മാർ അച്ചടക്കം പാലിക്കുമെന്ന് എന്താണുറപ്പ്, ലോക് ഡൌൺ ചട്ടത്തിനുള്ളിൽനിന്നുകൊണ്ട് അതുപയോഗിക്കുമെന്നും പറയുവാൻ വയ്യ.
.സമൂഹ വ്യാപനമായിരിക്കും അന്തിമഫലം.

















2020, മേയ് 1, വെള്ളിയാഴ്‌ച

ഇന്ന് മെയ് ദിനം :സാർവ്വദേശീയ തൊഴിലാളി ദിനം



ആഘോഷങ്ങളില്ലാതെ ഒരു തൊഴിലാളി ദിനം കൂടി  കടന്നുപോയി .എട്ടു മണിക്കൂർ ജോലി  ,എട്ടു മണിക്കൂർ വിനോദം ,എട്ടു മണിക്കൂർ വിശ്രമം എന്ന തൊഴിലാളിയുടെ അവകാശം സ്ഥാപിച്ചെടുത്തതിൻറെ ഓർമ്മദിനം .
കോവിഡ് 19 രോഗത്തിൻറെ പശ്ചാലത്തിൽ ഇന്ന് തൊഴിലാളികൾ  നിർബന്ധപൂർവ്വം ഇരുപത്തിനാലു മണിക്കൂറും ലോക് ഡൌൺ വിശ്രമത്തിലാണ് .അതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ വൈഷമ്യത്തിലാക്കിയിരിക്കുകയാണ്.

അതോടൊപ്പം പ്രവാസികളുടെ കൂട്ടത്തെയോടെയുള്ള വരവും മുന്നിലുണ്ട്. കൊറോണ പ്രതിസന്ധിയിൽ നിന്ന്  കരകയറുമ്പോൾ ഇതിൽ എത്രപേർക്ക്  തിരിച്ചുപോകുവാനുള്ള സാഹചര്യമുണ്ടാകുമെന്നും ചിന്തിക്കേണ്ട വിഷയമാണ്.കൊറോണയെക്കുറിച്ച്  അമിത ഉൽക്കണ്ഠ പ്രവാസികൾക്ക് ഉണ്ടാകുവാനുള്ള സാഹചര്യം നാട്ടിലുള്ളവർ സൃഷ്ടിക്കരുത്.
കേരളത്തിൽ വന്നാലേ നല്ല ചികിത്സ ലഭിക്കുകയുള്ളൂവെന്ന  തെറ്റിദ്ധാരണ സ്വന്തം കുടുംബത്തിൽ നിന്നും ബന്ധുക്കളിൽനിന്നും  ഉണ്ടായിക്കൂടാ. കൂടെക്കൂടെ വിളിച്ചു് ആശ്വാസവാക്കുകൾ പറയുക.ഒറ്റയ്ക്കായതിൻറെ  സങ്കീർണ്ണതകൾ അവരിലുണ്ടാകാം.അതിനെ പെരുപ്പിക്കരുത് . പ്രായമുള്ളവരും രോഗഭീതിയിൽ അമിത ടെൻഷനനുഭവിക്കുന്നവരും മടങ്ങിവരണെങ്കിൽ വന്നോട്ടെ.ആരോഗ്യമുള്ളവർ സ്വന്തം തൊഴിലുപേക്ഷിച്ചു മടങ്ങിപ്പോരരുത്.



ഒട്ടുമിക്ക വിദേശ രാജ്യങ്ങളിലും ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെ  മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവരിൽ ഏറെയും മലയാളികളാണ്.
 എല്ലാവർക്കും നല്ല ചികിത്സയാണ് അവിടെ നല്കുന്നതെന്നാണ്   അവരിൽ നിന്നും  മനസ്സിലാകുന്നത്.അവരുടെ സേവനങ്ങൾക്കു മങ്ങലേൽപ്പിക്കുന്ന രീതിയിലുള്ള പ്രചാരണം നമ്മുടെ നാട്ടിൽനിന്നും ഒരിക്കലും വരരുത്.
യൂ കെ യിലെ ശാസ്ത്രജ്ഞർ  കൊറോണയ്ക്കു വാക്‌സിൻ കണ്ടുപിടിച്ചതിൻറെ  അവസാനഘട്ട പരീക്ഷണത്തിലാണിപ്പോൾ.
ഏതാനും ആഴ്ചകൾക്കുള്ളിൽ വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിക്കുവാൻ ഒരു ഇന്ത്യൻ കമ്പനി തയ്യാറായിട്ടുണ്ടെന്നുമുള്ള  ശുഭവാർത്തയും വന്നിട്ടുണ്ട്.
ഇപ്പോഴത്തെ  ഈ പ്രതിസന്ധി അധികം താമസിയാതെ കടന്നുപോകും.പുതിയൊരു പ്രഭാതം ഉദയം ചെയ്യും.ശുഭപ്രതീക്ഷയോടെ ...

എല്ലാവര്ക്കും മെയ്ദിനാശംസകൾ


































വൈപ്പിന്കരയിലെ ശുദ്ധജലക്ഷാമം :ഓർമ്മ

ദുരിതകാലത്ത്




Addപഴയകാല കിണർ  caption

ദുരിതകാലത്ത്
കുടിവെള്ളക്ഷാമത്തിൻറെപേരിൽ ഒട്ടേറെ സമരങ്ങൾക്ക്‌സാക്ഷ്യം വഹിച്ചിട്ടുള്ള ഒരു പ്രദേശമാണ് നമ്മുടെ വൈപ്പിൻകര.ആലുവയിൽ നിന്നു മാത്രമായിരുന്നു വൈപ്പിന്കരയിൽ ശുദ്ധജലമെത്തിയിരുന്നത്. .വിതരണ ശ്രുംഖലയുടെ അവസാന ഭാഗമായ വൈപ്പിനിലെത്തുമ്പോൾ വെള്ളം  തീർന്നു തീർന്നു ഇല്ലാതെയാവുകയാണ് ചെയ്യുന്നത്.  നമ്മുടെ ലൈനിൽ നിന്ന് K W A യുടെ അറിവോടെതന്നെ മറ്റിടങ്ങളിലേക്കു വെള്ളം ചോർത്തി നൽകുന്നുവെന്നും പരാതിയുയർന്നിരുന്നു.വൈപ്പിന്കരയിലെ സമരം എറണാകുളം ഒരുദിവസം സ്തംഭിക്കുന്നരീതിയിലേക്കു മാറി.എം എൽ എ ഡോ എം എ കുട്ടപ്പനടക്കം എല്ലാരാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തകരും നേതാക്കളും നടുറോഡിൽ കുത്തിയിരുന്നു.ബാർജിലൂടെ വെള്ളം വിവിധ കേന്ദ്രങ്ങളിൽകൊണ്ടുവന്നു പൈപ്പിലൂടെ വിതരണം ചെയ്യാമെന്ന് അന്നത്തെ കളക്ടർ വി പി ജോയി വന്നു ഉറപ്പുനല്കിയതിനുശേഷമാണ് സമരക്കാർ പിരിഞ്ഞുപോയത്.
അവസാനം ചൊവ്വരയിൽനിന്നു വെള്ളം ശുദ്ധീകരിച്ചെത്തുന്ന ഹഡ്‌കോ പദ്ധതിയെന്നറിയപ്പെടുന്ന വിശാലകൊച്ചി ശുദ്ധജലവിതരണ പദ്ധതിയും വന്നു.ഒരുപരിധിവരെ കുടിവെള്ളപ്രശ്നത്തിന് അത് പരിഹാരമായി.
ഓച്ചന്തുരുത്തിലെ പമ്പ്ഹൗസിൽ എത്തുന്ന ഹഡ്‌കോ പദ്ധതിയിലെ വെള്ളം മുരിക്കുംപാടം,മാലിപ്പുറം ഞാറക്കൽ ,നായരമ്പലം എന്നിവടങ്ങളിൽ ഓരോ ഓവർഹെഡ് ടാങ്കുകൾ പണിത് അതുവഴി വിതരണം ചെയ്യുകയാണെങ്കിൽ ശുദ്ധജലക്ഷാമം മുഴുവൻതീരുമെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിൽനാലു സ്ഥലത്തും ടാങ്കുകൾ പണിയാരംഭിച്ചെങ്കിലും ഇതുവരെ കമ്മീഷൻ ചെയ്യാനായിട്ടില്ല.
മാലിപ്പുറത്ത് ടാങ്കിനടിയിൽ വാട്ടർ അതോറിറ്റി ഓഫിസ് വന്നു. കോടികൾ ചെലവാക്കിയതിൻറെ ആകെയുള്ള നേട്ടം.
വൈപ്പിന്കരയുടെ സ്വന്തം ചാമ്പ്  പൈപ്പ്.വൈപ്പിന്കരയിലെ കുടിവെള്ളക്ഷാമം രൂക്ഷമായപ്പോൾ ലളിതമായരീതിയിൽ നിർമ്മിച്ചത്.പിന്നീട് ഇത് സാർവത്രികമായി

ആലുവയിൽനിന്നുള്ള ശുദ്ധജലം എത്തുന്നതിനുമുമ്പും ഇവിടെ ജനവാസമുണ്ടായിരുന്നതല്ലേ.ഇരുപത്തിയാറു കിലോ മീറ്റർ നീളമുള്ള ഈ പ്രദേശത്ത് എവിടെ കുഴിച്ചാലും ഉപ്പുവെള്ളമായിരുന്നില്ല അന്ന് ലഭിച്ചിരുന്നത് .
ധാരാളം കുളങ്ങളും കിണറുകളും അക്കാലത്ത്  വൈപ്പിൻകരയിലുണ്ടായിരുന്നു.അവയിലൊക്കെ മഴക്കാലത്തു ലഭിച്ചിരുന്ന വെള്ളം പാഴാകാതെ ശേഖരിക്കപ്പെട്ടിരുന്നു .വേനല്ക്കാലമാകുമ്പോഴേക്കും ഈ ജലം നമുക്ക് തിരിച്ചുപയോഗിക്കുവാൻ ലഭിക്കുകയും ചെയ്തു.
പഞ്ചായത്തു കിണറുകളും ചാമ്പ് പൈപ്പുകളും അന്ന് ഓരോ പ്രദേശത്തും സ്ഥാപിച്ചിരുന്നു.
ആലുവയിൽനിന്നും ശുദ്ധജലമെത്തിത്തുടങ്ങിയപ്പോൾ കുളങ്ങളും കിണറുകളും സംരക്ഷിക്കാതായി.മഴവെള്ളം ഭൂമിയിലേക്കിറങ്ങാനുള്ള സാഹചര്യമില്ലാതായി.
എല്ലാവീട്ടിലും വൈദ്യുതിയെത്തിയപ്പോൾ അര ഹോഴ്സ് പവർ പമ്പും വ്യാപകമായി.ഓരോ വീട്ടിലും ആയിരക്കണക്കിന് ലിറ്റർ വെള്ളം വലിച്ചെടുക്കുകയുംകൂടി ചെയ്തതോടെ ഭൂഗർഭജലവിതാനം താഴ്ന്നു.വൈപ്പിന്കരയ്ക്കു ആകെ വീതി അരകിലോമീറ്റർ മുതൽ രണ്ടര മൂന്നു കിലോമീറ്ററാണ്.ഭൂഗർഭജലവിതാനം താഴുമ്പോൾ അത് ബാലൻസ് ചെയ്യുവാൻ ദ്വീപിന്റെ ചുറ്റുപാടും കിടക്കുന്ന ഉപ്പുവെള്ളം ശക്തിയോടെ ഊറിവരുന്നു.എവിടെ കുഴിച്ചാലും ഉപ്പുവെള്ളം മാത്രമാകുവാൻ ഇതൊക്കെത്തന്നെയാണ് കാരണങ്ങൾ.
പഴയതുപോലെ കിണറുകളും കുളങ്ങളും സ്ഥാപിക്കുകയെന്നത് ഇപ്പോൾ പ്രായോഗികമല്ല.ഇതിനൊരു പരിഹാരം വേണ്ടേ?
പഴയ കാല ചാമ്പ് പൈപ്പ്
കേരളത്തിൽ ശരാശരി 300 സെ മി മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്കു.100 ച കി മി വിസ്തീർണ്ണമുള്ള വൈപ്പിൻകരയിൽ ഒരാണ്ടിൽ 30000 ദശലക്ഷം ലി വെള്ളമാണ് മഴയിലൂടെ ലഭിക്കുന്നത്.രണ്ട് ലക്ഷം ജനങ്ങൾ താമസിക്കുന്ന ഇവിടെ 20 ദശലക്ഷം ലി വെള്ളമുണ്ടെങ്കിൽ ജലസമൃദ്ധിയായി.അപ്പോൾ പ്രതിവർഷം 7300 ദശലക്ഷം ലി വെള്ളം ശേഖരിക്കുവാൻ ശ്രമിക്കാതെ നമ്മൾ നെട്ടോട്ടമോടുകയാണ്.
ശാസ്ത്രീയമായരീതിയിൽ മഴവെള്ളം  ശേഖരിച്ചാൽ പ്രാഥമികാവശ്യങ്ങൾക്കത്  മതിയാകും.

വീടിൻറെ മേൽക്കൂരയിൽ നിന്നുള്ള വെള്ളം പൈപ്പിലൂടെ ഒരു സ്ഥലത്തേക്ക് എത്താവുന്നരീതിയിൽ ക്രമീകരിക്കുക.

  താഴെ ഭൂമിയിൽ രണ്ട് മീറ്റർ നീളത്തിലും രണ്ട് മീറ്റർ വീതിയിലും ഒന്നര രണ്ട് മീറ്റർ ആഴത്തിലും കുഴിയെടുത്ത് അതിൽ ആറ്റുമണൽ നിറയ്ക്കുക. (വെള്ളം ഊർന്നുപോകുവാൻ പറ്റുന്നരീതിയിലുള്ള മണലാണ് ഉദ്ദേശിച്ചതു )മണൽ നിറയ്ക്കുന്നതിനു മുൻപ് കുഴിയിൽ ബോർവെല്ലിനുള്ള കുഴൽ സ്ഥാപിച്ചിരിക്കണം.മുകളിൽ ഗ്രൗണ്ടിനു നിരപ്പായി വരുന്നരീതിയിൽ കിണറിൻറെ മുകൾ ഭാഗത്ത് വയ്ക്കുന്ന റിങ് കമഴ്ത്തി വയ്ക്കുക.റിങ്ങിനു വെളിയിലുള്ള ഭാഗം ആദ്യം നീക്കം ചെയ്ത മേല്മണ്ണുകൊണ്ട് മൂടുക.മേൽക്കൂരയിൽനിന്നു മഴവെള്ളം ശേഖരിക്കുവാൻതയ്യാറാക്കിയ പൈപ്പ് റിങ്ങിനുമുകളിൽകൊണ്ടുവന്നു വെള്ളം റിങിൽ വീഴുവാൻ പറ്റുന്ന രീതിയിൽ  സ്ഥാപിക്കുക.കുഴിയിൽ സ്ഥാപിച്ച ബോർവെല്ലിൽ നിന്ന് ചാമ്പ് പൈപ്പുകൾ,മോട്ടോർ പമ്പുകൾ എന്നിവയുമായി  ബന്ധിപ്പിച്ചു അതിൽനിന്നുള്ള വെള്ളം ശേഖരിക്കുക..വേനൽക്കാലത്ത് ഇതിലൂടെ ലഭിക്കുന്ന വെള്ളത്തിനു മഞ്ഞകളർ ഉണ്ടാകുകയില്ലെന്നത് വലിയൊരു നേട്ടമാണ്.
വെള്ളത്തിൻറെ  സാന്ദ്രത ഓരോ വർഷവും കുറഞ്ഞു കുറഞ്ഞു മൂന്നുനാലു വർഷങ്ങൾ  കൊണ്ട് നല്ല തെളിഞ്ഞ വെള്ളം ലഭിക്കുകയും ചെയ്യും.

ഇതല്ലെങ്കിൽ മറ്റേതു രീതിയിലായാലും മഴവെള്ളം പരമാവധി മണ്ണിലാഴ്ന്നിറങ്ങുവാനോ ശേഖരിക്കുവാനോ ഈ വരുന്ന മഴക്കാലം ഉപയോഗപ്പെടുത്തുക.

മഴവെള്ളം നേരിട്ട് ശേഖരിച്ചുപയോഗിക്കുന്നതിനുള്ള മഴവെള്ള ടാങ്ക്